സബാൾട്ടേൺ ഹജ്ജ്: കൂടുതൽ പഠിക്കപ്പെടേണ്ട ഒരു ചരിത്രം
ഹജ്ജ് എഴുത്തിലെ രാഷ്ട്രീയം, കൊളോണിയൽ നിയന്ത്രണങ്ങളും പീഡനങ്ങളും, അറവുകാർ, ക്ഷുരകന്മാർ, വെള്ളം ചുമപ്പുകാർ, യാചകർ, ദരിദ്രരായ തീർത്ഥാടകർ തുടങ്ങി ചരിത്രത്തിൽ കാണാതെപോയ സാധാരണക്കാർ, മലബാറിലെ ഹജ്ജ് പാരമ്പര്യവും സ്ത്രീകളും, ഭക്ഷണ ഭാവനകൾ, ക്യുലിനറി കോസ്മോപൊളിറ്റാനിസം തുടങ്ങിയ വ്യവഹാരങ്ങളെക്കുറിച്ചാണ് റിയാസ് ഈ അഭിമുഖത്തിൽ സംസാരിക്കുന്നത്. ഗവേഷകൻ എന്ന നിലയിൽ ഈ മേഖലയിൽ അദ്ദേഹം അനുഭവിക്കുന്ന പ്രധാന വിഷമം ഹജ്ജ് ചരിത്രത്തിൽ സാധാരണക്കാരായ മനുഷ്യരുടെ പങ്കും അധ്വാനവും പൂർണമായും വിസ്മരിക്കപ്പെട്ടു എന്നതാണ്. പുണ്യനഗരത്തിന്റെ ദൈനംദിന ജീവിതം സാധ്യമാക്കിയ അറവുകാരും വെള്ളം ചുമപ്പുകാരും യാചകരും ചരിത്രരേഖകളിൽ അദൃശ്യരായി തുടരുന്നത് അദ്ദേഹത്തെ ഏറെ അസ്വസ്ഥനാക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ വളർച്ചയോടെ ഹജ്ജ് യാത്രകൾ ഇന്ന് വളരെ എളുപ്പമായെങ്കിലും പഴയകാല എഴുത്തുകളിലെ ആഴമേറിയ അനുഭവലോകം നഷ്ടപ്പെട്ടതായി അദ്ദേഹം കരുതുന്നു. പഴയ വിവരണങ്ങളിൽ പ്രകടമായിരുന്ന ശക്തമായ രാഷ്ട്രീയ പ്രതിരോധങ്ങളും സാമ്രാജ്യത്വ വിമർശനങ്ങളും ഇന്നത്തെ ആധുനിക ഹജ്ജ് സാഹിത്യത്തിൽനിന്ന് പൂർണമായി അപ്രത്യക്ഷമായത് ഒരു വലിയ നഷ്ടമായാണ് അദ്ദേഹം കാണുന്നത്.
മുഹമ്മദ് റിയാസ് ചെങ്ങണക്കാട്ടിൽ|09 JUN 2026