കള്‍ച്ചറല്‍ ആന്ത്രപ്പോളജിയിലും സോഷ്യോളജിയിലും വസ്ത്രധാരണത്തെ കേവലം ശരീരം മറയ്ക്കാനുള്ള ആവരണമായല്ല അടയാളപ്പെടുത്താറുള്ളത്. അതിനപ്പുറം, മനുഷ്യന് തങ്ങളെത്തന്നെ പ്രകടിപ്പിക്കുന്ന, സംവദിക്കുന്ന സുപ്രധാന ദൃശ്യമാധ്യമമായിക്കൂടിയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ പുരാതന വാണിജ്യ-സാംസ്കാരിക ശൃംഖലയ്ക്കുള്ളില്‍ രൂപപ്പെട്ട മുസ്ലിം സമൂഹങ്ങളിലേക്ക് നോക്കിയാല്‍ വസ്ത്രധാരണ രീതിയിലെ അനല്പമായ വൈവിധ്യങ്ങള്‍ വളരെ വ്യക്തമായി കാണാം. വിശിഷ്യാ, ഇവിടങ്ങളില്‍ ഉപയോഗിക്കപ്പെട്ടിരുന്ന ശിരോവസ്ത്രങ്ങള്‍ മതാചാരമെന്നതിലുപരിയായി വിപുലമായ അര്‍ഥതലങ്ങള്‍ കൈവരിച്ചവയായിരുന്നു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ മുസ്ലിം പുരുഷന്മാര് വ്യാപകമായി ഉപയോഗിച്ചിരുന്ന കോഫിയ, കോപ്പിയ, കുമ്മ, ഫെസ് അഥവാ ടോപ്പി എന്നിവ ഈ ബഹുമുഖ സാംസ്കാരിക പ്രക്രിയയുടെ മികച്ച ഉദാഹരണങ്ങളാണ്. പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം വരെയുള്ള കാലയളവില്‍, ഈ ശിരോവസ്ത്രങ്ങള്‍ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ പ്രതീകങ്ങളായും ഉയിര്ക്കൊണ്ടിരുന്നു. ഇസ്ലാമിക് കോസ്മോപൊളിറ്റാനിസം, ആധുനികത, ദേശീയത, സ്വത്വരാഷ്ട്രീയം എന്നിവയുമായി ഇത്തരം ചെറിയ തൊപ്പികള്‍ സ്ഥാപിച്ച സങ്കീര്‍ണമായ ബന്ധങ്ങള്‍ വളരെ കൗതുകകരമാണ്.
ഇസ്ലാമിക് കോസ്മോപൊളിറ്റാനിസം മുതൽ തുടങ്ങാം. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ വിവിധ തീരദേശ സമൂഹങ്ങളെ പരസ്പരം ബന്ധിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഇസ്ലാം മതം. നൂറ്റാണ്ടുകളായി നടന്ന സമുദ്രവ്യാപാരം, ഹജ്ജ് തീര്‍ത്ഥാടനം, സൂഫി ശൃംഖലകള്‍, അന്തര്‍ദ്ദേശീയ വൈജ്ഞാനിക കൈമാറ്റങ്ങള്‍ എന്നിവയിലൂടെ രൂപപ്പെട്ട ഈ ബന്ധങ്ങള്‍ വിവിധ പ്രദേശങ്ങളിലെ മുസ്ലിം സമൂഹങ്ങള്‍ക്കിടയില്‍ പൊതുവായ ഒരു സാംസ്കാരിക ബോധവും ആത്മീയ ഐക്യവും സൃഷ്ടിച്ചു. ഈ ചരിത്രപരമായ പ്രതിഭാസത്തെയാണ് ഗവേഷകര്‍ 'ഇസ്ലാമിക് കോസ്മോപൊളിറ്റാനിസം' എന്ന് വിശേഷിപ്പിക്കുന്നത്. പ്രധാനമായും സാന്‍സിബാര്‍, ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക എന്നീ പ്രദേശങ്ങളിലെ മുസ്ലിം ശിരോവസ്ത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഇത്തരം പഠനങ്ങൾമുന്നോട്ടുപോവുന്നത്. ഇന്ത്യന്‍ മഹാസമുദ്ര ലോകത്തെ വിവിധ തീരദേശ മുസ്ലിം സമൂഹങ്ങളില്‍ രൂപസാദൃശ്യമുള്ള നിരവധി ശിരോവസ്ത്രങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. പൊതുവെ സിലിണ്ടര്‍ ആകൃതിയിലുള്ള ഈ തൊപ്പികള്‍ മനോഹരമായ എംബ്രോയിഡറി, ക്രോഷെ (crochet) അലങ്കാരങ്ങള്‍ എന്നിവയാല്‍ ഡിസൈന്‍ ചെയ്യപ്പെട്ടവയോ, അല്ലെങ്കില്‍ കറുപ്പ്, ചുവപ്പ് തുടങ്ങിയ ലളിതമായ നിറങ്ങളിലുള്ള വെല്‍വെറ്റ് തുണികളാല്‍ നിര്‍മിക്കപ്പെട്ടവയോ ആയിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ മുസ്ലിംകളുടെ സാംസ്കാരിക അടയാളമാണ് കോപ്പിയ (പെചി അല്ലെങ്കില്‍ സോങ്കോക് എന്നും ഇതിന് പേരുണ്ട്). പതിനാറാം നൂറ്റാണ്ടിന് മുമ്പു തന്നെ അറബ്-മുസ്ലിം വ്യാപാരികളിലൂടെ മലായ് ലോകത്തെത്തിയ (ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണൈ) ഈ വസ്ത്രരൂപം പില്ക്കാലത്ത് വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് സാക്ഷിയായി. കറുത്ത വെല്‍വെറ്റ് തുണിയില്‍ നിര്‍മിച്ച, വശങ്ങളില് ബോര്ഡറുകളില്ലാത്ത ഈ സിലിണ്ടര്‍ തൊപ്പിക്ക് കൊളോണിയല്‍ വിരുദ്ധ ചരിത്രം കൂടിയുണ്ട്. ഇന്ന് അവിടത്തെ ഔദ്യോഗിക ചടങ്ങുകളില്‍ വനിതാ പതാകവാഹകര്‍ പോലും കോപ്പിയ ധരിക്കുന്നത് ഇതിന്റെ ലിംഗാതീതമായ സ്വാധീനത്തെയും സ്വീകാര്യതയെയും വരച്ചു കാട്ടുന്നുണ്ട്. ഇന്തോനേഷ്യയിലെ രാഷ്ട്രീയ നേതാക്കളുള്‍പ്പെടെയുള്ളവരുടെ ആചാരാനുഗത വേഷം എന്ന സവിശേഷതയും കോപ്പിയക്കുണ്ട്.

കിഴക്കന്‍ ആഫ്രിക്കന്‍ തീരങ്ങളായ ടാന്‍സാനിയ, കെനിയ, സാന്‍സിബാര്‍ എന്നിവിടങ്ങളിലെ പുരുഷന്മാരുടെ തലയിലെ പ്രൗഢിയാണ് കോഫിയ. വെളുത്ത കട്ടിത്തുണിയില് മനോഹരമായ പുഷ്പാലംകൃത (floral) പാറ്റേണുകളാല്‍ നെയ്തെടുത്താണ് ഈ തൊപ്പികള്‍ നിര്‍മിക്കുന്നത്. ഈ തുന്നലുകള്‍ക്കിടയില്‍ വായുസഞ്ചാരത്തിനായി ചെറിയ നൂല്ദ്വാരങ്ങള് അവശേഷിപ്പിച്ചിട്ടുണ്ടാകും. ഉഷ്ണമേഖലാ തീരദേശത്തെ ചൂടില്‍നിന്ന് തലയെ തണുപ്പിച്ചു നിര്‍ത്താനുള്ള ഒരു നാടന്‍ സാങ്കേതികവിദ്യ കൂടിയാണിത്. സ്വാഹിലീ തീരത്ത് കോഫിയ സംസ്കാരം രൂപപ്പെടുത്തുന്നതില്‍ അവിടെ താമസിച്ചിരുന്ന ഗുജറാത്തി സമൂഹങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമായി കോഫിയ നിര്‍മാണത്തിനായുള്ള സാമഗ്രികള്‍ സാന്‍സിബാറിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടിട്ടുമുണ്ടായിരുന്നു.

സാന്‍സിബാറിലെ 'ഉസ്താരാബു' (അറബ് ജീവിതശൈലി സ്വീകരിക്കല്‍) എന്ന സാംസ്കാരിക പ്രക്രിയയുടെ ഭാഗമായാണ് കോഫിയ വളര്‍ന്നത്. അടിമകള്‍ക്ക് അന്നവിടെ തൊപ്പി ധരിക്കാന്‍ പാടില്ലായിരുന്നു. അത് സ്വതന്ത്രരുടെ അടയാളമായിരുന്നു. അതിനാല്‍ത്തന്നെ, മോചനം കിട്ടിയ അടിമകള്‍ പെട്ടെന്ന് തൊപ്പിധാരികളായി മാറും. 'കാന്‍സു' എന്ന വെള്ളക്കുപ്പായത്തോടൊപ്പം കോഫിയയണിയുന്നത് താന്‍ അടിമയല്ല, സ്വതന്ത്രനാണ് എന്നതിന്റെ ദൃശ്യപ്രഖ്യാപനമായിരുന്നു. ഇനി കുമ്മയിലേക്ക് വരാം. അറേബ്യന്‍ ഉപദ്വീപിലെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ദേശീയ വസ്ത്രധാരണത്തിലെ ഏറ്റവും സുപ്രധാനമായ ഘടകമാണ് കുമ്മ. പതിനെട്ടാം നൂറ്റാണ്ടില്‍ ഒമാനി സാമ്രാജ്യവും സാന്‍സിബാറും തമ്മിലുണ്ടായിരുന്ന സമുദ്ര-രാഷ്ട്രീയ ബന്ധങ്ങളിലൂടെയാണ് കിഴക്കന്‍ ആഫ്രിക്കന്‍ കോഫിയയും ഒമാനി കുമ്മയും പരസ്പരം സ്വാധീനിക്കുന്നത്. കാലിക്കോത്തുണിയില് അതീവ സങ്കീര്‍ണമായ പുഷ്പലതാലങ്കാരങ്ങളും (arabesques) നക്ഷത്രങ്ങളും ജ്യാമിതീയ രൂപങ്ങളും പല നിറങ്ങളിലുള്ള നൂലുകളാല്‍ തുന്നിപ്പിടിപ്പിച്ചാണ് കുമ്മ തയ്യാറാക്കുന്നത്.
മെഷീനുകളെ ആശ്രയിക്കാതെ പൂര്‍ണമായും കൈകൊണ്ട് തുന്നിയെടുക്കുന്ന കുമ്മകള്‍ ഒമാനില്‍ ഇന്നും പതിനായിരങ്ങള്‍ വിലമതിക്കുന്നവയാണ്. മറ്റു അറബികളില്‍നിന്ന് ഒമാനികളെ വ്യത്യസ്തമാക്കുന്നതും കുമ്മ തന്നെ. പലപ്പോഴും ഔദ്യോഗിക ചടങ്ങുകളില്‍ ഇതിനു മുകളിലായി 'മസാര്‍' എന്ന തലപ്പാവ് ചുറ്റുന്നത് അവിടത്തെ ഒരു രീതിയാണ്. എന്നാല്‍, രസകരമായ ഒരു കാര്യമുണ്ട്. അധിക ഒമാനികളും കുമ്മയെക്കാള് കൂടുതല്‍ ഗുണനിലവാരവും കമനീയതയും കല്പിക്കുന്നത് സാന്‍സിബാരി കോഫിയക്കാണ്. നേര്‍വിപരീതമായി, കൂടുതല്‍ ആകര്‍ഷണീയത ഒമാനി കോഫിയക്കാണെന്നാണ് (കുമ്മ) സാന്‍സിബാരികളുടെ പക്ഷം. തൊപ്പികളിൽ ആധുനികതയുടെ ആഗോള രൂപമാണ് ഫെസ്. എംബ്രോയിഡറി തൊപ്പികളില്നിന്ന് തികച്ചും വ്യത്യസ്തമായി വെല്‍വെറ്റ് തുണിയില്‍ നിര്‍മിച്ച, മുകള്ഭാഗം പരന്നതും കോണാകൃതിയിലുള്ളതുമായ ലളിതമായ രൂപകല്‍പ്പനയാണ് 'ഫെസ്' അഥവാ തുര്‍ക്കി തൊപ്പിയുടേത്. സാധാരണയായി കറുപ്പ് അല്ലെങ്കില്‍ ചുവപ്പ് നിറങ്ങളില്‍ കാണപ്പെടുന്ന ഫെസ്, പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ പരിഷ്കരണങ്ങളിലൂടെയാണ് ആഗോള ശ്രദ്ധ നേടുന്നത്. പാശ്ചാത്യ വസ്ത്രധാരണത്തെ അന്ധമായി അനുകരിക്കാതെ, സ്വന്തം മത-സാംസ്കാരിക സ്വത്വം നിലനിര്‍ത്തിക്കൊണ്ട് ആധുനികതയെ പ്രകടിപ്പിക്കാനുള്ള ഒരു പുതിയ മാര്‍ഗമായാണ് ലോകമെമ്പാടുമുള്ള മുസ്ലിംകള് ഫെസിനെ വരവേറ്റത്. ശ്രീലങ്കയില്‍ സുരട്ട് ടോപ്പി എന്ന പേരിലാണ് ഇവ അറിയപ്പെട്ടത്. സുരട്ട് എന്നത് പടിഞ്ഞാറന്‍ ഇന്ത്യയിലെ പ്രശസ്തമായ പട്ടുനിര്മാണ കേന്ദ്രമായ സൂറത്ത് നഗരത്തെയാണ് സൂചിപ്പിക്കുന്നത്. പിന്നീട് ശ്രീലങ്കന്‍ മുസ്ലിംകള്ക്ക് ഒട്ടോമന്‍ ഖിലാഫത്തുമായുണ്ടായിരുന്ന ആത്മീയ ഐക്യത്തിന്റെ പ്രതീകമായി ഫെസ് മാറി. ഇന്ത്യന്‍ ചരിത്രത്തിലും പ്രധാന ശ്രദ്ധാകേന്ദ്രമാണ് ഫെസ്.
കേരളത്തിലേക്ക് വരുമ്പോൾ തളങ്കര തൊപ്പിയെക്കാൾ സ്വാധീനം കിട്ടിയ മറ്റൊരു തൊപ്പിയും ഉണ്ടാവില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഈ വസ്ത്രധാരണാ സംസ്കാരത്തില്‍ കേരളത്തിലെ മലബാര്‍ തീരത്തിനും സവിശേഷമായ ഒരു പങ്കുണ്ട്. കാസര്‍കോട് ജില്ലയിലെ തളങ്കരയില്‍ പരമ്പരാഗതമായി നിര്മിച്ചുപോരുന്ന തളങ്കര തൊപ്പി ഇതിന്റെ മികച്ച ഉദാഹരണമാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് അറബ് വ്യാപാരികളിലൂടെ മലബാര്‍ തീരത്തെത്തിയ കോഫിനൈന് ശൈലികളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇവ രൂപപ്പെട്ടത്. പൂര്‍ണമായും കൈകൊണ്ട് തുന്നിയെടുക്കുന്ന ഈ തൊപ്പികള്‍ക്ക് നൂറു ശതമാനം പരുത്തി നൂല് ഉപയോഗിച്ച്, കട്ടിയുള്ള കോട്ടണ്‍ തുണിക്ക് മുകളില്‍ അതീവ സൂക്ഷ്മതയോടെയുള്ള ജ്യാമിതീയ (Geometric) പാറ്റേണുകളാണ് നല്‍കിയിരുന്നത്. ചൂടുള്ള തീരദേശ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ വായുസഞ്ചാരം സാധ്യമാക്കുന്ന തുളകളോട് കൂടിയ ഡിസൈനാണ് ഇതിന്റേത്. ഒരുകാലത്ത് മാലിദ്വീപ്, ലക്ഷദ്വീപ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് മലബാറില്‍നിന്ന് വന്‍തോതില്‍ കയറ്റി അയച്ചിരുന്ന തളങ്കര തൊപ്പികള്‍, കേവലമൊരു വസ്ത്രത്തിനപ്പുറം മലബാറിന്റെ സാംസ്കാരിക-വാണിജ്യ ബന്ധങ്ങളുടെയും ഇസ്ലാമിക തനിമയുടെയും മായ്ക്കാനാവാത്ത മുദ്രയാണ്. എന്നാല്‍, ഇന്ന് നെയ്ത്തുകാരില്ലാതെ പതിയെ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ് തളങ്കര തൊപ്പികള്‍.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയുടെ മറുവശത്തുള്ള ദക്ഷിണ-തെക്കുകിഴക്കന്‍ ഏഷ്യന്‍ മുസ്ലിം സമൂഹങ്ങളില്‍ കോപിയയും ടോപ്പിയും പരമ്പരാഗത രൂപങ്ങളില്‍നിന്ന് മാറി 'ഫെസ്' എന്ന പുതിയ രൂപത്തിലേക്ക് പരിണമിച്ചത് 'ഇസ്ലാമിക ആധുനികത' എന്ന ആശയവുമായി ബന്ധപ്പെട്ടാണ്. മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക ശക്തി വീണ്ടെടുക്കാനും, ആധുനികതയെ സ്വന്തം തനിമയോടെ സ്വീകരിക്കാനും ഉമ്മത്ത് (muslim community) തയ്യാറാകണമെന്ന ചിന്തയായിരുന്നു ഇതിനു പിന്നിൽ. കൊളോണിയല്‍ കാലത്ത് ഒരു വലിയ പ്രതിസന്ധിയുണ്ടായിരുന്നു. യൂറോപ്യന്‍ വസ്ത്രങ്ങള്‍ സ്വീകരിക്കുന്നത് പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കുന്നതാണെന്ന് ഒരു വിഭാഗം കരുതി. എന്നാല്‍, പരമ്പരാഗത ശിരോവസ്ത്രങ്ങളായ സുരട്ട് (surattu) ടോപ്പിയും കോപിയയും ധരിക്കുന്നത് കൊളോണിയല്‍ ഭരണാധികാരികളുടെ കാഴ്ചപ്പാടില്‍ 'പിന്നോക്കത്തിന്റെ' പ്രതീകമായാണ് വിലയിരുത്തപ്പെട്ടത്. ഈ സാഹചര്യത്തിലാണ് സ്വന്തം മത-സാംസ്കാരിക സ്വത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ ആധുനികതയെ പ്രകടിപ്പിക്കാനുള്ള ഒരു പുതിയ മാര്‍ഗമായി 'ഫെസ്' ഉയര്‍ന്നുവരുന്നത്.
പാല്‍ക്ക് കടലിടുക്കിന്റെ മറുവശത്തുള്ള ഇന്ത്യയിലേക്ക് വരുമ്പോള്‍ ഈ തൊപ്പികള്‍ മറ്റൊരു അര്ഥതലത്തേക്ക് പരിണമിക്കുന്നതായി കാണാം. 1920-കളുടെ മധ്യത്തില്‍ മഹാത്മാ ഗാന്ധി, കോപിയയോട് സാമ്യമുള്ള വെള്ളനിറത്തിലുള്ള ഒരു തൊപ്പി ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രചരിപ്പിച്ചു. തുടക്കത്തില്‍ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന 'ഗാന്ധി തൊപ്പി' വളരെ വേഗത്തില്‍ ബ്രിട്ടീഷ് ഭരണത്തില്‍നിന്നുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ ദേശീയ ചിഹ്നമായി മാറി.1921-ലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ ഈ ശിരോവസ്ത്രം മുസ്ലിം-ഹിന്ദു ഐക്യത്തിന്റെ പ്രതീകമായും ഉപയോഗിക്കപ്പെട്ടു. ഒട്ടോമന്‍ ഖിലാഫത്തിനെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയില്‍ രൂപംകൊണ്ട ഖിലാഫത്ത് പ്രസ്ഥാനം, മുസ്ലിം വികാരത്തെ ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധിപ്പിച്ചു. എന്നാല്‍, ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്വാധീനം കുറഞ്ഞതോടെ ഗാന്ധി തൊപ്പി ക്രമേണ ഹിന്ദു ദേശീയതയുടെ പ്രതീകമായി ചില കോണുകളില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഇതോടെ സ്വന്തം മുസ്ലിം സ്വത്വം നഷ്ടപ്പെടാതിരിക്കാന്‍ ചിലര്‍ ചന്ദ്രക്കലയുടെ ചിഹ്നം പതിപ്പിച്ച ഫെസ് (തുര്‍ക്കി തൊപ്പി) ധരിക്കാന്‍ തുടങ്ങി.
നരവംശശാസ്ത്രജ്ഞനായ സുല്‍ഫിക്കര്‍ ഹിര്‍ജി കോഫിയ തൊപ്പി നിര്‍മാതാക്കളെക്കുറിച്ച് നടത്തിയ ഫീല്‍ഡ് പഠനത്തില്‍ ഒരു സുപ്രധാന കാര്യം നിരീക്ഷിക്കുന്നുണ്ട്. ഈ തൊപ്പികള്‍ മുസ്ലിംകള് മാത്രമല്ല, ക്രിസ്ത്യാനികളും മറ്റിതര വിഭാഗങ്ങളും ധരിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ടാന്‍സാനിയയുടെ ആദ്യ പ്രസിഡന്റും റോമന്‍ കത്തോലിക്കാ വിശ്വാസിയുമായിരുന്ന ജൂലിയസ് ന്യെരേരെ (Julius Nyerere) പൊതുപരിപാടികളില്‍ പതിവായി കോഫിയ ധരിക്കാറുണ്ടായിരുന്നു. തീരപ്രദേശങ്ങളിലെ സ്വാഹിലി സമൂഹവുമായി രാഷ്ട്രീയമായി ഐക്യപ്പെടുന്നതിനും പൊതുസ്വീകാര്യതയ്ക്കും വേണ്ടിയാണ് അദ്ദേഹം അങ്ങനെ ചെയ്തത്. സ്വാതന്ത്ര്യാനന്തര ഇന്തോനേഷ്യയില്‍ കോപ്പിയ ദേശീയ ശിരോവസ്ത്രമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.ചുരുക്കത്തില്‍, ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുടനീളം രൂപംകൊണ്ട ഈ ശിരോവസ്ത്രങ്ങള്‍ കോളനിവാഴ്ചയുടെ കാലത്ത് മനുഷ്യരുണ്ടാക്കിയ ആത്മാഭിമാനത്തിന്റെയും മതകീയ-ദേശീയ ഐക്യബോധത്തിന്റെയും പ്രകടനങ്ങളായിരുന്നു. ആധുനികത, ദേശീയത, മതകീയ സ്വത്വം എന്നിവയ്ക്കൊപ്പം മാന്യതയുടെയും സാമൂഹ്യ ഐക്യത്തിന്റെയും പ്രതീകങ്ങളായി ഇത്തരം തൊപ്പികളുടെ സർക്കുലേഷൻ ഇന്നും ലോകത്തുണ്ട്.
