ആധുനിക ശാസ്ത്ര സങ്കൽപ്പങ്ങൾക്കെതിരെ ഉയർന്നുവന്ന പ്രധാനപ്പെട്ട സ്വരങ്ങളിലൊന്നാണ് സയ്യിദ് മുഹമ്മദ് നഖീബ് അൽഅത്താസിന്റെത്. മനുഷ്യൻ യാഥാർഥ്യത്തെ എങ്ങനെ മനസ്സിലാക്കണം, ബാഹ്യലോകത്തെക്കുറിച്ചുള്ള ദർശനങ്ങൾ എങ്ങനെ രൂപപ്പെടുത്തണം, അവയെ എങ്ങനെ മനുഷ്യ പ്രവൃത്തിയുടെ ഭാഗമാക്കണം എന്ന വിശാലമായ ചർച്ചയാണ് അത്താസ് നടത്തുന്നത്. അത്താസിന്റെ തത്ത്വശാസ്ത്ര വീക്ഷണങ്ങൾ ഇമാം ഗസാലിയുടെ ജ്ഞാനശാസ്ത്രം, തത്ത്വചിന്ത വിമർശനം, ആത്മീയ മനഃശാസ്ത്രം എന്നിവയുടെയും ഇബ്നു അറബിയുടെ പ്രപഞ്ച വീക്ഷണങ്ങളുടെയും സങ്കേതമാണ്. ലോകത്ത് അടിസ്ഥാനപരമായി നിലനിൽക്കുന്ന വസ്തുക്കൾ, അതിനുപിന്നിലെ അതിഭൗതിക വീക്ഷണങ്ങൾ എന്നിവ മനസ്സിലാക്കുന്നതു വഴി അവ മനുഷ്യന്റെ സ്വഭാവത്തെ സ്വാധീനിക്കുകയും, വ്യക്തികൾ സേവനങ്ങളായി അത് സമൂഹത്തിലേക്കു വ്യാപിപ്പിക്കുകയും ചെയ്യുന്നതിലൂടെ നീതി പ്രാബല്യത്തിൽ വരുന്നുവെന്ന് അദ്ദേഹം വീക്ഷിക്കുന്നു. എന്നാൽ, പലപ്പോഴും യാഥാർഥ്യത്തെ മനസ്സിലാക്കുന്നിടത്തു വന്ന വീഴ്ചകളാണ് ലോകക്രമത്തെ നശിപ്പിക്കുന്നത് (ഇസ്ലാമിൽ നീതി എന്നാൽ ക്രമവുമായി ബന്ധപ്പെട്ടതാണ്, തുല്യത എന്നത് അതിന്റെ പ്രാഥമിക അർഥമല്ല). അറിവ് എന്ന അടിസ്ഥാന ഘടനയെ ബാധിച്ച അസുഖങ്ങളെ ചികിത്സിക്കുകയാണ് അത്താസ്. പടിഞ്ഞാറൻ തത്ത്വശാസ്ത്രം അതിഭൗതിക ശാസ്ത്രത്തെ നിഷേധിക്കുകവഴി വസ്തുക്കളും യാഥാർഥ്യവും പരാശ്രയം ഇല്ലാതെ നിലനിൽക്കുന്ന അസ്തിത്വങ്ങളാണെന്ന് സ്ഥാപിക്കുന്നു. അതിനാൽത്തന്നെ, പടിഞ്ഞാറിൽ അറിവിന്റെ അന്വേഷണങ്ങൾ തുടങ്ങുന്നത് അതിഭൗതിക ബന്ധമില്ലാത്ത വസ്തുക്കളിലും യാഥാർഥ്യങ്ങളിലുംനിന്നാണ്. പാശ്ചാത്യ മതേതരവൽക്കരണംവഴി യാഥാർഥ്യത്തെ മനസ്സിലാക്കുന്നതിൽ അതിഭൗതിക മൂല്യങ്ങൾക്കും വീക്ഷണങ്ങൾക്കും പ്രസക്തി നഷ്ടപ്പെടുന്നു. എന്നാൽ, അതു പിന്നീട് ലോകത്തു വലിയ അനീതികളിലേക്കു നയിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. ഈ ഇടങ്ങളിലേക്കാണ് നഖീബുൽ അത്താസിന്റെ വീക്ഷണങ്ങൾ കടന്നുവരുന്നത്.
ലോജിക്കൽ പോസിറ്റിവിസ്റ്റുകൾക്കുശേഷം പടിഞ്ഞാറിൽ അതിഭൗതിക ആശയങ്ങളെക്കുറിച്ചുള്ള ചർച്ചകളോ ആലോചനകളോ അവസാനിപ്പിക്കപ്പെടുകയും നിരുത്സാഹപ്പെടുത്തപ്പെടുകയും ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഹൈഡഗർ, ഹെഗൽ പോലെയുള്ളവരുടെ ചിന്തകൾ പിന്നീട് ഫിക്ഷൻ ആയിട്ടാണ് മനസ്സിലാക്കപ്പെട്ടിരുന്നത്. ഭാഷയുടെ അടിസ്ഥാനത്തിൽ യാഥാർഥ്യത്തെ മനസ്സിലാക്കുകയായിരുന്നു പോസിറ്റിവിസ്റ്റുകൾ. അടിസ്ഥാനപരമായി യാഥാർഥ്യം എന്നാൽ നമുക്ക് നേരിട്ടു കാണാനും അനുഭവിക്കാനും കഴിയുന്ന, വെരിഫൈ ചെയ്യാൻ കഴിയുന്ന വസ്തുക്കൾ മാത്രമാണ്. അതല്ലാത്തവ അർഥശൂന്യമായ വാക്കുകളായി ഗണിക്കപ്പെടുന്നു. ഉദാഹരണത്തിനു പരമ യാഥാർഥ്യം, ദൈവം തുടങ്ങി അതിഭൗതിക സങ്കൽപ്പങ്ങൾ നേരിട്ട് നിരീക്ഷിക്കാൻ കഴിയുന്നതോ വൈരിഫൈ ചെയ്യപ്പെടാൻ കഴിയുന്നതോ അല്ല, അതിനാൽ അവ അർഥശൂന്യമായ വാചകങ്ങൾ മാത്രമാണ്. എന്നിരുന്നാലും, ഈ നിരീക്ഷണം പിന്നീട് ശാസ്ത്രത്തിനുതന്നെ വെല്ലുവിളിയായിരുന്നു. പല ശാസ്ത്ര ധാരണകളും ഇപ്രകാരം നേരിട്ടു നിരീക്ഷിക്കാവുന്നവയായിരുന്നില്ല. ഉദാഹരണത്തിന് ആറ്റം, മോളിക്യൂൾ എന്നിവയെ മനുഷ്യൻ നേരിട്ട് കണ്ടിട്ടില്ല. പക്ഷെ, അവ അർഥശൂന്യമാവുന്നുമില്ല. ഇതിനെത്തുടർന്നു ശാസ്ത്രത്തിൽ റിയലിസ്റ്റ്, ആന്റി റിയലിസ്റ്റ് എന്നീ രണ്ട് വിഭാഗം ഉയർന്നുവന്നിരുന്നു. ഏറ്റവും ചുരുങ്ങിയത് ഇവർ പറയുന്ന വാദമായ യാഥാർഥ്യം പരിശോധന സാധ്യമാവണം എന്ന ആശയംതന്നെ, പരിശോധന സാധ്യമല്ലതാനും. ഈ ചിന്ത പല ശാസ്ത്രീയ വൈജ്ഞാനിക പ്രശ്നങ്ങളിലേക്കും നയിച്ചിട്ടുണ്ട്.
വിജ്ഞാന സ്രോതസ്സുകളിലൊന്നായ യുക്തിയെ പ്രബലപ്പെടുത്തുക എന്നതായിരുന്നു പാശ്ചാത്യ തത്ത്വശാസ്ത്രത്തിന്റെ പ്രഥമ പ്രധാന പദ്ധതി. അസന്ദിഗ്ദ്ധതയിലേക്കുള്ള ഒരു വൈജ്ഞാനിക പദ്ധതിയാണു ദക്കാർത്തുമുതൽ ആധുനിക തത്ത്വശാസ്ത്രംവരെ ചെയ്തുകൊണ്ടിരിക്കുന്നുത്. സോഫിസ്റ്റുകൾക്കുശേഷം പ്ലാറ്റോ ഈ അസന്ദിഗ്ദ്ധത (certainty) പ്രശ്നം പരിഹരിക്കാനെന്നോണം അതിഭൗതിക രൂപങ്ങളെ (forms) രൂപപ്പെടുത്തുന്നുണ്ട്. പക്ഷെ, ആധുനികതയിൽ അവ യുക്തിക്ക് അതീതമായിരുന്നു. മനുഷ്യ യുക്തിക്ക് എങ്ങനെ നിർണയമായ (certain) യാഥാർഥ്യത്തെ മനസ്സിലാക്കാൻ കഴിയും. അതുവഴി യുക്തിക്കു പരമാധികാരം നൽകപ്പെടാം എന്നതാണ് യഥാർഥ ലിബറൽ പദ്ധതിയെന്നു പറയാം. പ്രശ്നങ്ങളുടെ കാതൽ നിൽക്കുന്നത് ഇവിടെയാണ്. പടിഞ്ഞാറ് മനസ്സിലാക്കുന്ന വിജ്ഞാന സ്രോതസ്സുകൾ യുക്തിയും ഇന്ദ്രിയങ്ങളും മാത്രമാണ്. ഈ സ്രോതസ്സുകളിൽനിന്ന് വരുന്ന വിജ്ഞാനങ്ങൾമാത്രമാണ് യഥാർഥ അറിവായി ഗണിക്കപ്പെട്ടിരുന്നത്. അത്താസ് ഇടപെടുന്നതും ഈ ഘട്ടത്തിലാണ്. ഇസ്ലാമിക ദർശനത്തിൽ ഈ സ്രോതസ്സുകൾക്കപ്പുറം ദിവ്യ വെളിപാട്, ആന്തരിക ജ്ഞാനം, ചില നിബന്ധനകളോടുകൂടെമാത്രം, എന്നിവയും പൂർണ ഉറപ്പുള്ള അറിവിന്റെ ഉറവിടങ്ങളാണ്. ആദ്യമായി ശാസ്ത്രം, മാനവിക ശാസ്ത്രം, മതപരം, മതേതര ജ്ഞാനം തുടങ്ങിയുള്ള വിജ്ഞാന വിഭജനങ്ങളെ അത്താസ് എതിർക്കുന്നുണ്ട്. വെരിഫൈ ചെയ്യാൻ ഉതകുന്നത്, ഉതകാത്തത് എന്ന ഗണത്തിലുള്ള വിഭജനങ്ങളാണ് ഇവ. ഇസ്ലാമിക ദർശനത്തിൽ എല്ലാ അറിവും ഒരേ രീതിയിൽ പഠിക്കപ്പെടേണ്ടതാണ്. വെളിപാടിലൂടെ വന്ന വിജ്ഞാനത്തിനു കൂടുതൽ പ്രാധാന്യം കൽപ്പിക്കപ്പെടുകയും അതിനെ സഹായിക്കുന്ന ഭൗതിക ജ്ഞാനങ്ങളെ പരിഗണിക്കുകയും ചെയ്യുന്നുണ്ട്. വിജ്ഞാന ശ്രേണിയിൽ വെളിപാടിനുശേഷമാണ് യുക്തിപരമായ, ഇന്ദ്രീയാനുഭവപരമായ, ആന്തരികജ്ഞാനമടങ്ങുന്ന വിജ്ഞാനങ്ങൾ നിൽക്കുന്നത്. എന്നുവെച്ച് അവയെ അവഗണിക്കണമെന്നല്ല, താഴെ ശ്രേണിയിലുള്ളവ മുകളിലേതിനെ പ്രബലപ്പെടുത്തുന്നു എന്നാണ്.
ഖുർആനിൽ പലയിടങ്ങളിലും അല്ലാഹു സൃഷ്ടികളെയും പ്രപഞ്ച സൃഷ്ടിപ്പിനെക്കുറിച്ചും ചിന്തിക്കാനും ആലോചിക്കാനും കൽപ്പിക്കുന്നുണ്ട്. അവ ഉണ്മയുടെ അടയാളങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്. അല്ലാഹുവിന്റെ ആയാത്തുകൾ എന്നാൽ അടയാളങ്ങൾ എന്നാണർഥം. എന്നുവെച്ചാൽ, പ്രപഞ്ചത്തിലെ യാഥാർഥ്യങ്ങളായ മരങ്ങൾ, മലകൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവയെല്ലാം ഒരു പരമ യാഥാർഥ്യത്തിലേക്കുള്ള അടയാളങ്ങളാണ്. അടയാളങ്ങളെ പഠിക്കുകവഴി പരമ യാഥാർഥ്യമായ ദൈവത്തെക്കുറിച്ച് മനസ്സിലാകും. അത്താസ് ഇബ്നു അറബിയുടെ വഹ്ദതു വുജൂദിന്റെ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ വിശദീകരിക്കുന്നത്. പ്രപഞ്ചത്തിലെ വസ്തുക്കൾ അഥവാ യാഥാർഥ്യങ്ങൾ അല്ലാഹുവിന്റെ അസ്മാഇന്റെ പ്രപഞ്ചത്തിലെ ആവിഷ്കരണങ്ങളാണ് (manifestations). ഭൗതിക യാഥാർഥ്യങ്ങളെ മനസ്സിലാക്കുകവഴി പരമ യാഥാർഥ്യമായി അല്ലാഹുവിനെ മനസ്സിലാക്കാൻ കഴിയും. വഹ്ദതുൽ വുജൂദിനെതിരെയും പ്രത്യേകിച്ചും തജല്ലി (manifestation) ക്കെതിരെയും സംശയങ്ങൾ ഉയർന്നതുകൊണ്ടുതന്നെ അത്താസ് ഈ ആശയത്തെ സർവേശ്വരവാദത്തിലേക്കു കടക്കാതെ സൂക്ഷിക്കുന്നുണ്ട്.
പൂർണാർഥത്തിൽ പ്രപഞ്ചത്തിലെ വസ്തുക്കൾക്കു പിന്നിൽ ഒരു പരമ യാഥാർഥ്യമുണ്ട്. അവ ആ യാഥാർഥ്യത്തിൽ ആശ്രയിക്കുന്ന, അതനുസരിച്ച് പ്രവർത്തിക്കുന്ന അതിന്റെ നിയന്ത്രണങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ സ്വീകരിക്കുന്ന ചില അസ്തിത്വങ്ങളാണ്. അവ സത്തപരമായി ഏകവും അസ്തിത്വപരമായി അനേകവുമാണ്. പരമ യാഥാർഥ്യവുമായി ആശ്രയത്തിലാണെന്നിരിക്കെ അവ രണ്ടും തുല്യമായി ഐക്യപ്പെടുന്നവയല്ല (dependence not Identity). അത്താസ് ഇവിടെ മുന്നോട്ടുവെക്കുന്നത് അശ്അരി കോസ്മോളജിയിലെ ഒക്കേഷണലിസ്റ്റ് പ്രപഞ്ച വീക്ഷണമാണ്. അഥവാ വസ്തുക്കൾ സ്വതവേ കാര്യകാരണ ബന്ധങ്ങൾ സൃഷ്ടിക്കുന്നില്ല, മറിച്ച് അല്ലാഹു ഓരോ മാറ്റങ്ങളെയും ഫലങ്ങളെയും നിയന്ത്രിക്കുന്നു. ഒരു വിശാലമായ ചർച്ചയുടെ രത്നച്ചുരുക്കമാണിത്. ഇത്ര വിശാലമായി തൗഹീദിന്റെ അർഥം മനസ്സിലാക്കുകയാണ് അത്താസ്. ഇതാണ് ചുരുക്കത്തിൽ അത്താസ് വിവരിക്കുന്ന ഇസ്ലാമിന്റെ കോസ്മോളജിയും ഓൺടോളജിയും.
ഇതിനു വ്യതിരിക്തമായ ലോകവീക്ഷണത്തിൽനിന്നാണ് നിലവിലെ വിജ്ഞാനങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലാ അറിവും പാശ്ചാത്യ ലോക വീക്ഷണംകൊണ്ട് മലിനമാക്കപ്പെട്ടിരിക്കുന്നു എന്ന് അത്താസ് പറയുന്നുണ്ട്. ആത്യന്തികമായി മനുഷ്യർ രൂപപ്പെടുത്തുന്ന ഓരോ ധാരണയും തന്റെ ലോക വീക്ഷണത്തിൽ അടിസ്ഥാനപ്പെടുത്തിയാണു മനസ്സിലാക്കപ്പെടുന്നത്.
നാം ജീവിക്കുന്ന പ്രപഞ്ചത്തിലെ വസ്തുക്കൾ മറ്റൊന്നിനെയും ആശ്രയിക്കാതെ സ്വയം നിലനിൽക്കുന്ന അസ്തിത്വങ്ങളായാണു പടിഞ്ഞാറൻ ശാസ്ത്രത്തിൽ മനസ്സിലാക്കപ്പെടുന്നത്. മനുഷ്യ യുക്തിക്കു പരിശോധനകളിലൂടെയും അനുഭവത്തിലൂടെയും യാഥാർഥ്യത്തെ പൂർണമായും മനസ്സിലാക്കാൻ കഴിയും എന്നതാണ് ഇവരുടെ വാദം. യാഥാർഥ്യം എന്നാൽ ഈ ലോകത്ത് അന്തർലീനമായി കടക്കുന്നതാണ് (immanent). ഈ പ്രപഞ്ചത്തിനതീതമായി (transcendent) യാഥാർഥ്യത്തെ മനസ്സിലാക്കപ്പെടേണ്ടതില്ല. ഈ ആശയം മൂന്ന് രീതിയിലുള്ള മതേതരവൽക്കരണ പ്രക്രിയകളുടെ അടിസ്ഥാനമായി മാറി. സെക്കുലറൈസേഷൻ മനുഷ്യന്റെ ചിന്തയിൽനിന്നും ജീവിതത്തിൽനിന്നും ആത്മീയമായ അടിത്തറയെ പൂർണമായും നീക്കംചെയ്യുന്ന ഒരു പ്രക്രിയയായിരുന്നു. പ്രകൃതിയിലെ ദിവ്യ സങ്കൽപ്പത്തോടുള്ള വിമുക്തി, രാഷ്ട്രീയത്തിന്റെ പവിത്രത നഷ്ടപ്പെടുത്തൽ, മൂല്യങ്ങളുടെ ആത്മീയ സത്ത നിരാകരിക്കൽ തുടങ്ങിയ മൂന്ന് ഇടങ്ങളിൽ ഈ സെക്കുലറൈസേഷൻ കൂടുതൽ ഇടപെട്ടു. ഇത് പിന്നീടു ലോകത്തെ വലിയ പ്രതിസന്ധിയിലേക്കു കൊണ്ടിടുന്നുണ്ട് എന്ന് ശ്രദ്ധിക്കണം. പ്രകൃതിയെ പൂർണമായും അറിയാൻ കഴിയും എന്ന ശാസ്ത്രത്തിന്റെ അഹങ്കാരത്തിൽനിന്നും പ്രകൃതിയെ കേവലം വിഭവമായിമാത്രം കാണുകയും, അവയെ കീഴടക്കാൻ തുടങ്ങുകയും ചെയ്യുന്നു. രാഷ്ട്രീയ മൂല്യങ്ങൾ കേവലം സാമൂഹ്യ നിർമിതിയെന്ന് കൽപ്പിക്കപ്പെടുന്നതോടെ അതിലെ ധാർമിക ആത്മീയ നിയന്ത്രണങ്ങൾ ഒഴിവാക്കപ്പെടുന്നു. നന്മ, നീതി തുടങ്ങിയ മൂല്യങ്ങളെ അചഞ്ചലമായ സത്യങ്ങളായി കാണുന്നതിനു പകരം അവയെ കേവലം ആപേക്ഷികമായി സൃഷ്ടിക്കപ്പെട്ട സാമൂഹിക കരാറായിമാത്രം കാണപ്പെടുന്നു.
സെക്കുലറൈസേഷൻ എല്ലാ ലോക വീക്ഷണങ്ങളെയും ആപേക്ഷികമായി കാണാൻ കൽപ്പിക്കുമ്പോഴും തങ്ങളുടെ സെക്കുലർ ലോക വീക്ഷണത്തെ പരമമായും കാണുന്നു എന്ന വൈരുദ്ധ്യം അത്താസ് Islam and Secularism എന്ന ഗ്രന്ഥത്തിൽ ഉയർത്തുന്നുണ്ട്. ഇത്തരം തിരിച്ചറിവുകളിൽനിന്നാണ് അറിവിന്റെ ഇസ്ലാമികവൽക്കരണം ഉയർന്നു വരുന്നത്. ഇസ്ലാമിക ലോക വീക്ഷണത്തിൽ അറിവിന്റെ സ്വഭാവം, ലക്ഷ്യം, ഉത്ഭവം, സാങ്കേതികത എന്നിവയെക്കുറിച്ച് അത്താസ് വിവരിക്കുന്നുണ്ട്. ദിവ്യ വെളിപാട്, യുക്തി, അനുഭവം, ആന്തരിക ജ്ഞാനം എന്നിവയാണ് ഇസ്ലാമിക ജ്ഞാനശാസ്ത്രത്തിൽ അറിവിന്റെ ഉറവിടങ്ങളായി ഗണിക്കപ്പെടുന്നത്. ഇതിൽ മനുഷ്യൻ്റെ ശരീരവും ബുദ്ധിയും ആത്മാവും ഒരുപോലെ പങ്കുചേരുന്ന ഒരു പ്രക്രിയയാണ്. ആത്മാവിനെ പരിപാലിക്കുകവഴി ആത്മീയ ജ്ഞാനം ലഭിക്കുമെന്ന സൂഫി ദർശനത്തിൽനിന്നാണ് അത്താസ് സംസാരിക്കുന്നത്. ഈ ശ്രേണിയിലെ ഓരോന്നും മുന്നിലെ സോഴ്സുമായി ആശ്രിതവുമാണ്.
ഇസ്ലാമിൽ അറിവിന്റെ ലക്ഷ്യം മനുഷ്യനിൽ നൈതികമായ സ്വഭാവങ്ങൾ വളർത്തലും അഭിവൃദ്ധിപ്പെടുത്തലുമാണ്. നീതി, ന്യായം എന്ന ആശയങ്ങളെ അത്താസ് കാണുന്നത് വസ്തുക്കളെ അവയുടെ യഥാർഥ സ്വഭാവത്തിനും സ്ഥാനത്തിനും അനുസൃതമായി ശരിയായ സ്ഥാനത്തു സ്ഥാപിക്കുന്നതും അതനുസരിച്ച് സൃഷ്ടിക്കപ്പെടുന്ന ക്രമ സമന്വിതാവസ്ഥയുമാണ്. അഥവാ അറിവിന്റെ ലക്ഷ്യം ക്രമം സ്ഥാപിക്കലാണ്, അതാണ് അദബിലൂടെ യാഥാർഥ്യമാകുന്നത്. പാശ്ചാത്യ വീക്ഷണങ്ങളിൽ അറിവ് അധികാരത്തിനോ, പണത്തിനോ മാത്രമുള്ള ഉപാധിയായി കാണപ്പെടാറുണ്ട്. അറിവ് കേവലം ഉപകരണമായിട്ടാണ് അവർ കാണുന്നത്. അതിനപ്പുറം അറിവിന്റെ മഹത്വത്തെയും ശേഷിയെയും ഉയർത്തിക്കാട്ടുകയാണ് അത്താസ്. ചുരുക്കത്തിൽ, അത്താസ് വിവരിക്കുന്ന ഇസ്ലാമിക ലോക വീക്ഷണം അറിവിനെ അടിസ്ഥാനമായി കണ്ട് അതിലൂടെ ഒരു ഉന്നത നാഗരികത കെട്ടിപ്പടുക്കേണ്ട ആവശ്യകതയാണ് ഉയർത്തുന്നത്.
