കേരളത്തിലെ പരമ്പരാഗത സമൂഹങ്ങളിൽ ഇന്നത്തെക്കാൾ വളരെക്കൂടുതൽ ആവശ്യങ്ങൾക്കായി പായകൾ ഉപയോഗിച്ചിരുന്നു. വിശ്രമിക്കാൻ കിടക്കുന്നതിനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനും യോഗങ്ങൾ ചേരുന്നതിനും തുടങ്ങി പല കാര്യങ്ങൾക്കും പായകൾത്തന്നെയായിരുന്നു ആശ്രയം. മനുഷ്യരെ പരസ്പരം ബന്ധിപ്പിച്ചുനിർത്തിയ ഇത്തരം നെയ്ത്തുപായകളെ അവയുടെ നിർമാണ സാമഗ്രികൾ, വലിപ്പം, നെയ്ത്തുരീതി, ഉപയോഗം എന്നിവയുടെ അടിസ്ഥാനത്തിൽ പൊതുവെ 'പായകൾ' എന്ന് വിളിക്കുമ്പോഴും ഓരോന്നിനും പ്രത്യേക പേരുകളുണ്ടായിരുന്നു. ഉപയോഗിക്കുന്ന വസ്തുക്കളുടെ അടിസ്ഥാനത്തിൽ പായകളെ പ്രധാനമായും ആറ്റുമണൽ തിട്ടകളിൽ വളരുന്ന കൈതച്ചെടിയുടെ ഇലകൾക്കൊണ്ടു നെയ്യുന്ന ഓലപ്പായകളെന്നും കോരപ്പുല്ലുകൊണ്ടു നിർമിക്കുന്ന പുൽപ്പായകളെന്നും രണ്ടായി തിരിക്കാം. ഓലപ്പായകൾ പ്രാദേശികമായി നിർമിച്ച് കൊടുങ്ങല്ലൂരിലെ എടവിലങ്ങ് പോലുള്ള ചന്തകളിൽ വിൽപ്പന നടത്തിയിരുന്നു. പുൽപ്പായകൾ തമിഴ്നാട്ടിലെ കരൂർ, വെട്ടവലം തുടങ്ങിയ പ്രത്യേക നെയ്ത്തുകേന്ദ്രങ്ങളിലാണ് നിർമിച്ചിരുന്നത്. മതപരമായ ജീവിതത്തിൽ ഈ രണ്ടുതരം പായകളും വ്യത്യസ്ത ജനവിഭാഗങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഹിന്ദുക്കൾ അവരുടെ ആചാരങ്ങൾക്ക് ഓലപ്പായകൾ ഉപയോഗിച്ചിരുന്നു. അതേ സമയം മുസ്ലിംകൾ അവയെ ശുദ്ധിയുള്ള പ്രാർഥനാ ഉപരിതലമായി കണക്കാക്കി 'നിസ്കാരപ്പായകൾ' എന്ന പേരിൽ പ്രാർഥനയ്ക്കായി ഉപയോഗിച്ചു.

ഈ ഫോട്ടോ കുറിപ്പിൽ ഇസ്ലാമിക പശ്ചാത്തലത്തിൽ കേരളത്തിലെ നിസ്കാരപ്പായകളുടെ പരിണാമത്തെക്കുറിച്ചാണ് പറയുന്നത്. ലളിതവും പ്രകൃതിദത്തവുമായ ഒരു നിത്യോപയോഗ വസ്തു പതിറ്റാണ്ടുകളിലൂടെ കടന്നുപോയപ്പോൾ കൂടുതൽ സങ്കീർണവും അലങ്കാരങ്ങൾ നിറഞ്ഞതുമായി മാറുകയും ചില രീതികളിൽ പരമ്പരാഗത ശൈലിയിൽനിന്ന് ഏറെ അകന്നുപോവുകയും ചെയ്തത് എങ്ങനെയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിലെ മസ്ജിദുകളിൽ വിശ്വാസികൾ ഒരുമിച്ച് അണിനിരന്നു നിൽക്കാനും സാഷ്ടാംഗം പ്രണമിക്കാനുമുള്ള സ്വഫുകൾ വിരിച്ചിരുന്നത് പുൽപ്പായകളായിരുന്നു. പുൽപ്പായകൾക്കു ശാന്തവും ജീവസ്സുറ്റതുമായ ഒരു സ്വഭാവമുണ്ടായിരുന്നു. പുല്ലിന്റെ നേർത്ത സുഗന്ധവും കേരളത്തിലെ ഉഷ്ണാവസ്ഥയിൽ കാലുകൾക്കു നൽകിയിരുന്ന തണുപ്പും അതിന്റെ പ്രത്യേകതയായിരുന്നു. പ്രാർഥനക്കുശേഷം വിശ്വാസികളുടെ കണങ്കാലുകളിലും നെറ്റിത്തടത്തിലും പുൽപ്പായകൾ ചെറിയ അടയാളങ്ങൾ ബാക്കി വെക്കുമായിരുന്നു. ഭക്തിയുടെ ഒരു രസീതുപോലെ താൽക്കാലികമായി പതിയുന്ന ഈ അടയാളങ്ങൾ വിശ്വാസിവീണ്ടും ലൗകിക ജീവിതത്തിലേക്കു മടങ്ങുമ്പോൾ പതുക്കെ മാഞ്ഞുപോവുകയും അടുത്ത പ്രാർഥനാ സമയത്തുവീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുമായിരുന്നു.

എന്നാൽ കേരളത്തിലെ കാലാവസ്ഥയിൽ പുൽപ്പായകൾക്ക് അധികകാലം ആയുസ്സുണ്ടായിരുന്നില്ല. ഇവിടുത്തെ അന്തരീക്ഷത്തിലെ ഈർപ്പം കാരണം ഒന്നോ രണ്ടോ വർഷത്തിനുള്ളിൽത്തന്നെ അവ ജീർണിക്കുകയും നാരുകൾ വേർപ്പെടുകയും ചെയ്യുമായിരുന്നു. പള്ളിക്കമ്മിറ്റികളുടെ സാമ്പത്തിക ശേഷിയനുസരിച്ച് എല്ലാ വർഷവും റമദാനിനു തൊട്ടുമുമ്പോ അല്ലെങ്കിൽ മൂന്നു വർഷത്തിലൊരിക്കലോ പുതിയവ മാറ്റിസ്ഥാപിക്കും. വലിയ മസ്ജിദുകളിൽ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പഴയ പായകൾ മുകളിലത്തെ നിലകളിലേക്കു മാറ്റുകയും വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരത്തിനു കൂടുതൽ ആളുകൾ വരുമ്പോൾ അവ ഉപയോഗിക്കുകയും ചെയ്തു.

തൊണ്ണൂറുകളുടെ അവസാനത്തോടെ ഇന്ത്യയിലെ ഉദാരവൽക്കരണ വിപണി സാധാരണക്കാരുടെ ജീവിതത്തിലേക്കു പുതിയ ഉപഭോക്ത ഉൽപ്പന്നങ്ങൾ എത്തിക്കാൻ തുടങ്ങി. ആഭ്യന്തര പ്ലാസ്റ്റിക് ഉൽപ്പാദന മേഖലയുടെ വളർച്ച വീട്ടുപകരണങ്ങളിലേക്കും ഫർണിച്ചറുകളിലേക്കും ഒടുവിൽ പായകളിലേക്കും വ്യാപിച്ചു. പരിചിതമായ പുൽപ്പായകൾത്തന്നെ മതിയോ അതോ വിലകുറഞ്ഞതും കൂടുതൽ കാലം ഈടുനിൽക്കുന്നതുമായ പ്ലാസ്റ്റിക് പായകളിലേക്കു മാറണമോ എന്ന് കേരളത്തിലെ പള്ളിക്കമ്മിറ്റികൾക്കിടയിൽ വലിയ ചർച്ചകൾ നടന്നു. പ്രകൃതിദത്ത പായകളുടെ ഘടനയെ അനുകരിക്കാൻ ശ്രമിച്ചുകൊണ്ടു യന്ത്രങ്ങളിൽ നെയ്തെടുത്ത തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് പായകളാണ് വിപണിയിൽ വന്നത്. അവ പള്ളികളിൽ കൃത്യമായ സ്വഫുകൾ ഉണ്ടാക്കാൻ സഹായിച്ചെങ്കിലും വേനൽക്കാലത്തെ ഉച്ചസമയങ്ങളിൽ കടുത്ത രീതിയിൽ ചൂടാവുകയും ചെയ്തിരുന്നു. നിർമാതാക്കൾ പല നിറങ്ങളും ഡിസൈനുകളും പരീക്ഷിച്ചെങ്കിലും ഒടുവിൽ മഞ്ഞ നിറത്തിൽത്തന്നെ സ്ഥിരപ്പെടുകയും കൃത്യതയുള്ള കൃത്രിമ പായയായി ഡിസൈൻ ചെയ്യപ്പെടുകയുമുണ്ടായി.
പ്ലാസ്റ്റിക് പായകൾ പുൽപ്പായകളെക്കാൾ കൂടുതൽ കാലം ഈടുനിന്നെങ്കിലും അവയുടെ ദൈർഘ്യം വളരെ കുറവായിരുന്നു. കാലപ്പഴക്കവും വെളിച്ചവും കാരണം പ്ലാസ്റ്റിക് പൊട്ടാൻ തുടങ്ങുകയും സുജൂദ് ചെയ്യുന്ന വിശ്വാസികളുടെ നെറ്റിയിൽ മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് പൊടി പറ്റിപ്പിടിക്കുകയും ചെയ്തു. ഇത് പുൽപ്പായകൾ നൽകിയിരുന്ന പ്രകൃതിദത്തമായ അടയാളങ്ങൾക്കു വിപരീതമായ ഒരു അനുഭവമായിരുന്നു. ഇതേസമയംതന്നെ പള്ളികളുടെ ഘടനയിലും മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. പഴയ കെട്ടിടങ്ങൾക്കുപകരം വെള്ള പെയിന്റടിച്ച കോൺക്രീറ്റ് സൗധങ്ങളും ഉയർന്ന മിനാരങ്ങളും നിലവിൽവരികയും ഗ്ലാസും സ്റ്റീലും ഉപയോഗിച്ചുള്ള നിർമാണം കാരണം ഉൾവശത്തെ ചൂടു കൂടിയപ്പോൾ എയർ കണ്ടീഷണറുകൾ ആഡംബരമല്ലാതായിമാറുകയും ചെയ്തു. തുടർന്നാണ് കേരളത്തിലെ മസ്ജിദുകളിൽ 'പേർഷ്യൻ പരവതാനി' സംസ്കാരം കടന്നുവരുന്നത്. ഗൾഫ് രാജ്യങ്ങളിൽ യാത്ര ചെയ്യുകയോ ജോലി ചെയ്യുകയോ ചെയ്ത വിശ്വാസികളും കമ്മിറ്റി അംഗങ്ങളും അവിടുത്തെ വലിയ പള്ളികളിലെ മനോഹരമായ പരവതാനികൾ കാണുകയും അതേ സുഖസൗകര്യങ്ങളും ഭംഗിയും സ്വന്തം നാട്ടിലും വേണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. തുർക്കി, ഇറാൻ അല്ലെങ്കിൽ ചൈന എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത, പേർഷ്യൻ ഡിസൈനുകളിലുള്ള പോളിപ്രൊഫൈലിൻ പരവതാനികൾ കേരളത്തിലെ പള്ളികളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത് അങ്ങനെയാണ്. എന്നാൽ പായകളിൽനിന്ന് പരവതാനികളിലേക്കു മാറിയപ്പോൾ പള്ളികളിലെ അന്തരീക്ഷത്തിലും വലിയൊരു മാറ്റമുണ്ടായി. മുൻകാലങ്ങളിൽ പുൽപ്പായകളിൽ വിശ്വാസികൾ പ്രാർഥനക്കുശേഷം പ്രകൃതിദത്തമായി കിടന്നുറങ്ങാറുണ്ടായിരുന്ന ശീലത്തെ പള്ളിക്കമ്മിറ്റികൾ വിലക്കാൻ തുടങ്ങി. പരവതാനികൾ അത്തരം ലളിതമായ ശീലങ്ങൾക്കു പറ്റിയതായിരുന്നില്ല. ഒരു കിടക്കയായി ഉപയോഗിക്കാൻ കഴിയാത്തവിധം വിലകൂടിയതായിരുന്നു അവ. വിശ്വാസികൾക്ക് ആശ്വാസവും അടുപ്പവും നൽകേണ്ട ഒരു വസ്തു പള്ളികളിലെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന ഒന്നായി മാറി. പള്ളികളിൽ കൂടുതൽ സമയം ചിലവഴിക്കുന്നവരെ മുകളിലത്തെ നിലകളിലേക്കു തിരിച്ചുവിട്ടു. പഴയ പായകൾ അവരെയും കാത്തു മുകളിൽ കിടപ്പുണ്ടായിരുന്നു. കമ്മിറ്റികൾക്ക് ഇതിന് പ്രായോഗികമായ കാരണങ്ങളുമുണ്ടായിരുന്നു. പരവതാനികൾ വെറുതെ അടിച്ചുവാരി വൃത്തിയാക്കാൻ കഴിയില്ല എന്നതിനാലും അവയിലെ പൊടിയും മുടിയും നീക്കം ചെയ്യാൻ വലിയ വാക്വം ക്ലീനറുകൾ ആവശ്യമായി വന്നതിനാലും പുൽപ്പായകൾക്ക് ഇല്ലാത്ത വലിയൊരു പരിപാലനച്ചെലവ് പള്ളികൾക്കു വന്നുചേർന്നു.

ഈ കാലയളവിലത്രയും മുസല്ലകൾ തികച്ചും വ്യത്യസ്തമായ മറ്റൊരു വഴിയിലൂടെ കേരളത്തിലെ മുസ്ലിം വീടുകളിലേക്കു നിശബ്ദമായി കടന്നുവരുന്നുണ്ടായിരുന്നു. 1970കളിലും 80കളിലും ഉണ്ടായ ഗൾഫ് ഉണർവ് കേരളവും ജി.സി.സി രാജ്യങ്ങളുംതമ്മിൽ നിരന്തരമായ ഒരു സമ്പർക്കത്തിന് വഴിതുറന്നു. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കു ജോലിക്ക് പോയ യുവാക്കൾ തിരികെവരുമ്പോൾ വിശാലമായ ഒരു ഇസ്ലാമിക ലോകത്തുനിന്ന് അവർ ഉൾക്കൊണ്ട ജീവിതരീതികളും സൗന്ദര്യബോധവും പലതരം വസ്തുക്കളും ഒപ്പം കൊണ്ടുവന്നു. അവയിലൊന്നായിരുന്നു മുസല്ല അഥവാ വ്യക്തിഗത പ്രാർഥനാ പരവതാനികൾ. ഇവ പലപ്പോഴും മനോഹരമായ ഡിസൈനുകളോടുകൂടിയതോ കഅബയുടെയോ മസ്ജിദുന്നബവിയുടെയോ ചിത്രങ്ങൾ പതിപ്പിച്ചതോ ആയിരുന്നു. ഹജ്ജ് കഴിഞ്ഞു മടങ്ങിവരുന്നവർ മുസല്ലകൾ സമ്മാനമായി കൊണ്ടുവന്നിരുന്നു. പുണ്യഭൂമിയിൽനിന്നുള്ള മുസല്ലകൾക്ക് ഒരു പ്രത്യേക പവിത്രത കൽപ്പിക്കപ്പെട്ടിരുന്നതിനാൽ അവ ഒരേസമയം അപൂർവവും മനോഹരവും വിശുദ്ധവുമായിരുന്നു. ചുവരുകളിൽ തൂക്കിയിട്ടോ അലമാരകളിൽ ശ്രദ്ധയോടെ മടക്കിവെച്ചോ സൂക്ഷിച്ചിരുന്ന മുസല്ലകൾ കേവലം ഒരു ഉപയോഗസാധനം എന്നതിലുപരി ബഹുമാനത്തോടെ കാണേണ്ട ഒന്നായി മാറുകയും പൊതുവായ നിസ്കാരപ്പായകൾക്ക് ആവശ്യമില്ലാത്ത ഒരു പ്രത്യേക കരുതൽ ഇവക്കു നൽകുകയും ചെയ്തു. വളരെ നേർത്തതും ചെറിയൊരു പൗച്ചിൽ മടക്കി സൂക്ഷിക്കാൻ കഴിയുന്നതുമായ പോക്കറ്റ് മുസല്ലകൾ (പോളിസ്റ്റർ ഷീറ്റുകൾ) വർഷങ്ങളായി പായ സംസ്കാരത്തിന്റെ ഒരു വശത്തു നിലനിന്നിരുന്നു. പള്ളികളിൽനിന്ന് അകലെയായിരിക്കുമ്പോൾ ശുദ്ധിയുള്ളതും എളുപ്പത്തിൽ കൊണ്ടുനടക്കാവുന്നതുമായ ഒരു സംവിധാനം ആവശ്യമുള്ള യാത്രക്കാരായിരുന്നു ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്. സാധാരണ മുസല്ലകളുടെ അത്ര പ്രൗഢിയില്ലാത്ത കേവലം പ്രായോഗികമായ ഒരു വസ്തു മാത്രമായിരുന്നു അക്കാലത്ത് അവ.
ഇതേസമയം തന്നെ, മസ്ജിദുകൾക്ക് വലിയ രീതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. പഴയകാല നിർമിതികൾക്കുപകരം വെള്ളച്ചായം പൂശിയ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നുവരികയും മിനാരങ്ങളുടെ ഉയരം കൂടുകയും ഉള്ളിലെ താപനില വർധിപ്പിക്കുന്ന തരത്തിൽ ഗ്ലാസും സ്റ്റീലും വ്യാപകമായി ഉപയോഗിക്കപ്പെട്ടുതുടങ്ങുകയും ചെയ്തു. ഇതോടെ എയർ കണ്ടീഷണർ ഒരു ആഡംബരമെന്നതിനപ്പുറം അത്യന്താപേക്ഷിതമായ ഒന്നായി മാറുകയും ചെയ്തു. എന്നിരുന്നാലും പായകൾക്കു മസ്ജിദിന്റെ കാര്യത്തിൽ അതിന്റെതായ സ്ഥാനമുണ്ടായിരുന്നു. പല പ്രദേശങ്ങളിലും റമദാനിന്റെ വരവറിയിച്ചുകൊണ്ട് സവിശേഷമായ ചില ഒരുക്കങ്ങൾ നടക്കാറുണ്ടായിരുന്നു. സുബ്ഹി നമസ്കാരത്തിനുശേഷം നിസ്കാരപ്പായകളെല്ലാം ഒരു മിനി ട്രക്കിലേക്കു കയറ്റി നാട്ടിലെ ചെറുപ്പക്കാർ അടക്കമുള്ള ഒരു കൂട്ടം അടുത്തുള്ള പുഴ ലക്ഷ്യമാക്കി യാത്ര തിരിക്കും. പുഴക്കരയിൽ പായകൾ അഴിച്ചിട്ട് അവയുടെ നെയ്ത്തിനിടയിൽ അടിഞ്ഞുകൂടിയ അഴുക്കുകൾ ഇളക്കിമാറ്റാനായി ചെറിയ വടികൾക്കൊണ്ടു തല്ലി വൃത്തിയാക്കും. ചിലർ പുഴയിൽ നീന്തുകയും മറ്റു ചിലർ ഉച്ചഭക്ഷണം പാകം ചെയ്യുകയുംതുടങ്ങി പുഴ വക്കിൽ തിരക്കിലായിരിക്കും. വേറെ ചിലരാകട്ടെ വടികൾ കൈമാറി പായകൾ വൃത്തിയാക്കുന്ന ജോലിയിൽ പങ്കുചേരും. വൈകുന്നേരമാകുമ്പോഴേക്കും തികച്ചും പുത്തൻ എന്ന് തോന്നിക്കുന്ന രീതിയിൽ പായകളുമായി തിരിച്ചെത്തും. പിന്നീട് സാധാരണ എന്നെങ്കിലും ഒരു വാരാന്ത്യത്തിൽ കൂടുതൽ ആളുകൾ ഈ കൂട്ടായ്മയുടെ ഭാഗമാവുകയും മസ്ജിദിന്റെ തറമുതൽ മേൽക്കൂരവരെയുള്ള ഓരോ മുക്കും മൂലയും കഴുകി തുടച്ചു വൃത്തിയാക്കി വിശുദ്ധ മാസത്തെ സ്വീകരിക്കാൻ പാകത്തിൽ പ്രാർഥനാഹാളിനെ സജ്ജമാക്കുകയും ചെയ്യും. പുഴക്കരയിലെ പായ കഴുകൽ റമദാനെന്ന വലിയ പുണ്യമാസത്തിനു മുന്നോടിയായി സമൂഹം ഒത്തൊരുമിക്കുന്നതിന്റെയും തങ്ങളുടെ പൊതുവായ ഇടത്തെ സ്വന്തം കൈകൾക്കൊണ്ട് പരിപാലിക്കുന്നതിന്റെയും ആദ്യപടിയായിരുന്നു. പിൽക്കാലത്ത് ഈ പായകൾക്കു പകരമായിവന്ന പരവതാനികൾ മനോഹരവും ഏറെ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്നതുമായിരുന്നുവെങ്കിലും അവയുടെ വൃത്തിയാക്കൽ വലിയ ചെലവുള്ള യന്ത്രങ്ങളെ ആശ്രയിച്ചായി മാറിയാതായി മനസ്സിലാക്കാം. തുടർന്നാണു കേരളത്തിലെ മസ്ജിദുകളിലേക്കു 'പേർഷ്യൻ കാർപ്പെറ്റുകളുടെ' കടന്നുകയറ്റം എന്ന് വിശേഷിപ്പിക്കാവുന്ന മാറ്റത്തിന്റെ കാലഘട്ടം ആരംഭിക്കുന്നത്.

അങ്ങനെയിരിക്കെയാണ് കോവിഡ് മഹാമാരി ഉണ്ടാകുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം കേരളത്തിലുടനീളമുള്ള മസ്ജിദുകൾ ഏകദേശം ഒരു വർഷത്തോളം അടച്ചിടേണ്ടിവന്നു. ഈ അടച്ചുപൂട്ടൽ കുടുംബങ്ങൾ എങ്ങനെ ഒരുമിച്ചു പ്രാർഥിച്ചുവെന്നും വീടുകൾ എങ്ങനെ ഒത്തുചേരലിന്റെ വേദികളായി മാറിയെന്നും കാണിച്ചു ഗാർഹിക ജീവിതത്തെ വലിയ രീതിയിൽ മാറ്റിമറിച്ചു. പള്ളികളിൽ സ്ഥിരമായി പോയിക്കൊണ്ടിരുന്ന പുരുഷന്മാർക്ക് ഇപ്പോൾ വീട്ടിൽ പ്രാർഥിക്കാൻ എന്തെങ്കിലും ആവശ്യമായിവന്നു എന്ന ലളിതമായ കാര്യമാണ് നമ്മൾ ഇവിടെ മനസ്സിലാക്കേണ്ടത്. പലരും അതിനായി മുസല്ലകളെ ആശ്രയിച്ചു. സമ്മാനമായി ലഭിച്ചവർ അവ അലമാരകളിൽനിന്ന് പുറത്തെടുക്കുകയും ഇല്ലാത്തവർ പുതിയവ വാങ്ങാൻ തുടങ്ങുകയും ചെയ്തതോടെ, ഏതാനും മാസങ്ങൾക്കുള്ളിൽ സാമ്പത്തിക ശേഷിയുള്ള മിക്ക വീടുകളിലും ഓരോരുത്തർക്കും വ്യക്തിഗതമായി മുസല്ലകൾ ഉണ്ടായി മാറുന്ന അവസ്ഥ വന്നു.
പള്ളികൾവീണ്ടും തുറക്കാൻ തുടങ്ങിയപ്പോൾ നിലവിലുണ്ടായിരുന്ന സാഹചര്യങ്ങൾ നിസ്കാരപ്പായകളെ- അവ ഏതുതരത്തിലുള്ളതായാലും- പൂർണമായും അസാധ്യമാക്കുന്നതായിരുന്നു. എല്ലാ പായകളും ചുരുട്ടി പള്ളികളുടെ ഇരുണ്ട കോണുകളിലേക്തു മാറ്റിസ്ഥാപിക്കപ്പെട്ടു. ഒരു വർഷം മുമ്പുവരെ ചിന്തിക്കാൻപോലും കഴിയാത്ത ഒരു പ്രശ്നമാണ് പായകൾ നേരിട്ടത്. പായകൾ എല്ലാവരെയും ഒരേ ഉപരിതലത്തിൽ പരസ്പരം ബന്ധിപ്പിക്കുന്നു എന്നതായിരുന്നു മഹാമാരി കാലത്തെ പ്രശ്നം. അതാകട്ടെ പുതിയ സാഹചര്യത്തിൽ ഒട്ടും അനുവദിക്കാൻ കഴിയാത്ത ഒന്നുമായിരുന്നു. വിശ്വാസികൾ ടേപ്പ് ഒട്ടിച്ച് അടയാളപ്പെടുത്തിയ ഇടങ്ങളിൽ ഏകദേശം ഒരു മീറ്റർ അകലത്തിൽ തണുത്ത വെറും നിലത്താണ് നിസ്കരിക്കാൻ നിന്നത്. തോളുകൾ തൊട്ടും കാൽപ്പാദങ്ങൾ ചേർത്തുവെച്ചും നിന്നിരുന്ന ആ മുറിയാത്ത സ്വഫുകൾ ഇല്ലാതായി മാറി. വളരെ വിചിത്രമായ ഒരു ഒത്തുചേരലായിരുന്നു അന്നുണ്ടായിരുന്നത്. ആളുകൾ ഒരുമിച്ച് പ്രാർഥിച്ചുവെങ്കിലും അവർക്കു പരസ്പരം ഒന്നിച്ചിരിക്കാൻ കഴിഞ്ഞില്ല. മുമ്പു പരവതാനികളിൽ തുടർച്ചയായി കണ്ടിരുന്ന മിഹ്റാബിന്റെ ഡിസൈനുകൾ വേർപ്പെട്ടു കിടക്കുന്നതായി തോന്നിയ സമയം. ഓരോ പ്രാർഥനാ സ്ഥലവും സ്വന്തമായി അടച്ചുപൂട്ടിയ ഓരോ വാതിലുകൾപ്പോലെയായി മാറുകയും ഓരോ വിശ്വാസിയും നിലത്തെ സ്വന്തം അതിരുകൾക്കുള്ളിൽ ഒതുങ്ങുകയും ചെയ്തു. പ്രാർഥനക്കുശേഷം വിശ്വാസികൾ പള്ളികളിൽ സമയം ചെലവഴിക്കാതെയായ കാലം. 'കൂട്ടം കൂടൽ' എന്ന് നിയമം വിശേഷിപ്പിക്കാൻ തുടങ്ങിയ അവസ്ഥയെ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ പിരിച്ചുവിടാനുമായി ആരോഗ്യവകുപ്പിന്റെയോ പൊലീസിന്റെയോ വണ്ടികൾ എത്തുന്നതിനുമുമ്പുതന്നെ വിശ്വാസികൾ വേഗത്തിൽ വീടുകളിലേക്കു മടങ്ങിപ്പോയ ദിവസങ്ങൾ. ഒരുകാലത്തു വിശുദ്ധമായ ഒന്നിനെ സൂചിപ്പിച്ചിരുന്ന വാക്ക് ഇപ്പോൾ ഒരു ഭീഷണിയുടെ സ്വഭാവം കൈവരിച്ചിരുന്നു. അതേസമയം, പോക്കറ്റ് മുസല്ലകൾക്ക് ഈ കാലയളവിൽ ഒരു പുത്തൻ ജീവൻ ലഭിച്ചിരുന്നു. ചെറുതും വ്യക്തിഗതവും ശുചിത്വമുള്ളതുമായതിനാൽ പൊതുവായ ഉപരിതലങ്ങളെ സംശയത്തോടെ കണ്ടിരുന്ന ഒരു ലോകത്തിന് ഏറ്റവും അനുയോജ്യമായ ഒന്നായി പോക്കറ്റ് മുസല്ലകൾ മാറി. മുമ്പ് യാത്രക്കാരുടെ ഒരു സൗകര്യം മാത്രമായിരുന്ന വസ്തു പള്ളികളിൽ അനുവദനീയമായ ഒരേയൊരു പ്രാർഥനാ പായയായി ചുരുങ്ങിയ കാലത്തേക്ക് മാറി.

മഹാമാരിയുടെ കാലത്തെ നിയന്ത്രണങ്ങൾ ഘട്ടങ്ങളായി നീക്കം ചെയ്യപ്പെട്ടുവെങ്കിലും പള്ളികളിലെ പഴയകാല ശീലങ്ങളും ചലനങ്ങളും അത്ര പെട്ടെന്നൊന്നും സാധാരണ നിലയിലായില്ല. പൊതുസമൂഹത്തിന്റെ സൂക്ഷ്മനിരീക്ഷണങ്ങൾക്കുകീഴിൽ ജീവിക്കുന്നതിനും ഭരണകൂടത്തിന്റെ ആവർത്തിച്ചുള്ള സംശയദൃഷ്ടികളുടെ ഭാരങ്ങൾ പേറുന്നതിനും പണ്ടേ ശീലിച്ചുപോയ കേരളത്തിലെ മുസ്ലി സമൂഹം പഴയ 'സാധാരണ ജീവിതത്തിലേക്കുള്ള' മടക്കം എങ്ങനെയുള്ളതായിരിക്കുമെന്നതിനെക്കുറിച്ചും അത് എന്തെല്ലാം പുതിയ പ്രതിസന്ധികളെ ക്ഷണിച്ചുവരുത്തുമെന്നതിനെക്കുറിച്ചും കടുത്ത ജാഗ്രത പുലർത്തിയിരുന്നു. പള്ളി കമ്മിറ്റികൾ ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തി. നിയമപരമായ ആവശ്യകതകൾ അവസാനിച്ചതിനുശേഷവും പല പള്ളികളും സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ വളരെ ദീർഘകാലം തുടരുകയാണുണ്ടായത്.
അതുകൊണ്ടുതന്നെ പ്രാർഥനാ പായകൾ അവയുടെ കോണുകളിൽത്തന്നെ ചുരുട്ടിവെക്കപ്പെട്ട നിലയിലായിരുന്നു. അങ്ങനെ പതുക്കെപ്പതുക്കെ, നമസ്കാരത്തിനായുള്ള സ്വഫുകൾ വീണ്ടും രൂപപ്പെട്ടു തുടങ്ങി. എങ്കിലും, മനസ്സ് മറക്കാൻ തീരുമാനിച്ച പല കാര്യങ്ങളും ശരീരത്തിന്റെ പേശികളും പ്രതികരണങ്ങളും ഇപ്പോഴും ഓർത്തുവെച്ചിട്ടുണ്ടായിരുന്നു. യാതൊരുവിധ മടിയുമില്ലാതെ തോളോടു തോൾ ചേർന്നു നിൽക്കുന്നത് എങ്ങനെയെന്നോ, അല്ലെങ്കിൽ അപകടസാധ്യതകളെക്കുറിച്ചുള്ള ചെറിയൊരു കണക്കുകൂട്ടലുകൾപ്പോലുമില്ലാതെ പരസ്പരം കെട്ടിപ്പിടിക്കുന്നത് എങ്ങനെയെന്നോ ഉള്ള വികാരം ആളുകൾക്കു വിശദീകരിക്കാൻ പ്രയാസമുള്ള ഒരു രീതിയിൽ അന്യമായിക്കഴിഞ്ഞിരുന്നു. അതുവരെ പോക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന ചെറിയ മുസല്ലകൾ ബാഗുകളിലേക്കും വണ്ടികളുടെ ഗ്ലൗ ബോക്സുകളിലേക്കും സ്ഥാനം വീണ്ടും മാറി.
Photos by Aflah Habeeb.
