
മലബാർ പള്ളികളിലെ മിമ്പറുകളിലുണ്ടായിരുന്ന സാമൂഹികവും വാണിജ്യപരവുമായ എലമെന്റുകളെ ചിത്രീകരിക്കലാണ് ഈ ഫോട്ടോകുറിപ്പിന്റെ ലക്ഷ്യം. കൊണ്ടോട്ടിയിലെ പ്രശസ്തമായ ഖുബ്ബക്കടുത്തുള്ള തക്കിയക്കൽ ജുമാ മസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാ മസ്ജിദ് എന്നിവിടങ്ങളിലെ മിമ്പറുകളെ പറ്റിയാണ് ഈ എഴുത്ത്. മനോഹരമായ നിറങ്ങളും അലങ്കാരപ്പണികളും സംയോജിപ്പിച്ച് ഒരുക്കിയതാണ് ഇരു മിമ്പറുകളും. കൂടാതെ, ആത്മിക, കാർഷിക, വാണിജ്യ രൂപകങ്ങളും രണ്ടിലും ദർശിക്കാവുന്നതാണ്.
ഇസ്ലാമിക സൗന്ദര്യ ശാസ്ത്രം, മലബാർ മുസ്ലിം കലാപാരമ്പര്യത്തിന്റെ ദീർഘമായ ചരിത്രം, പ്രാദേശിക ശില്പവിദ്യ, പ്രതീകങ്ങളുടെ ബഹുവ്യാഖ്യാനങ്ങൾ എന്നിവയെല്ലാം ഒത്തുകൂടിയ മിമ്പറിന്റെ ഒരു ഭാഗമാണ് ഇത്. മരംകൊണ്ടുള്ള ഘടനയുടെമേൽ പച്ച, മഞ്ഞ, നീല, ചുവപ്പ്, കറുപ്പ് എന്നീ വർണങ്ങളുടെ ക്രമീകരണം കേരളീയ കരകൗശല പാരമ്പര്യത്തിന്റെ തുടർച്ചയെ ഓർമിപ്പിക്കുന്നുണ്ട്. പുതുതായി പെയ്ൻ്റിംഗ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, മിമ്പറിൻ്റെ യഥാർഥ ചാരുതയും പ്രൗഢിയും മാഞ്ഞുപോയിട്ടില്ലെന്നത് വ്യക്തമാണ്. ജ്യാമിതീയ സന്തുലിതാവസ്ഥയും നിറങ്ങളും മറ്റും കൊണ്ട് പരമ്പരാഗത മലബാരി മിമ്പറുകളോട് അത് സാമ്യത പുലർത്തുന്നു.

ചിത്രത്തിന്റെ കേന്ദ്രഭാഗത്തു ശ്രദ്ധ ആകർഷിക്കുന്നത് ചന്ദ്രക്കലക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന അഞ്ചുമുന നക്ഷത്രമാണ്. സമകാലിക രാഷ്ട്രീയ-സാംസ്കാരിക സാഹചര്യങ്ങളിൽ ഈ ചിഹ്നത്തിനു പലവിധ അർഥങ്ങളുണ്ടെങ്കിലും, ഇസ്ലാമിക കലാചരിത്രത്തിൽ പഞ്ചകോണം നൂറ്റാണ്ടുകളായി അലങ്കാര ഘടകമായും ജ്യാമിതീയ പ്രതീകമായും കൈയെഴുത്തുപ്രതികളിലും മരപ്പണികളിലും വാസ്തുശില്പങ്ങളിലും ഉപയോഗിക്കപ്പെട്ടിരുന്നതിന്റെ തെളിവുകൾ ഒട്ടേറെ ലഭ്യമാണ്. അതിനാൽ, ഈ ചിഹ്നത്തിന് ഇന്നുള്ള രാഷ്ട്രീയ അർഥങ്ങളെക്കാൾ കൂടുതൽ ചരിത്രപരമായ കാര്യങ്ങളും കാരണങ്ങളുമായിരിക്കും. നക്ഷത്രത്തെ ചുറ്റിപ്പറ്റിയ അർദ്ധവൃത്താകൃതിയിലുള്ള വളവിൽ അറബിക് കാലിഗ്രാഫി സൂക്ഷ്മമായി ആലേഖനം ചെയ്തിരിക്കുന്നു. ഈ അലങ്കാരരീതിയിൽ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു ഘടകം കേരളീയ മരപ്പണിയുടെ സ്വാധീനമാണ്. വളവുകളിലും പുഷ്പലതാ രൂപങ്ങളിലുമുള്ള ശില്പഭംഗി, നിറങ്ങളുടെ ഉപയോഗം, മിനുക്കിയ ഉപരിതലം എന്നിവ മലബാറിലെ പള്ളികൾ പ്രാദേശിക കരകൗശല സമൂഹങ്ങളുമായി എത്രത്തോളം സജീവമായ ബന്ധം പുലർത്തിയിരുന്നുവെന്നതിന്റെ സാക്ഷ്യമാണ്. ഇസ്ലാമിക ആരാധനാലയത്തിന്റെ ഘടനയ്ക്കുള്ളിൽ കേരളത്തിന്റെ തനത് ശില്പപാരമ്പര്യം സ്വാഭാവികമായി ലയിച്ചിരിക്കുന്നതിന്റെ സുന്ദരമായ ഉദാഹരണമാണിത്.
തക്കിയക്കൽ മസ്ജിദിനെക്കാൾ ഏറെക്കാലം പഴക്കമുള്ള മറ്റൊരു കൊണ്ടോട്ടി പള്ളിയാണ് പഴയങ്ങാടി ജുമുഅത്തു പള്ളി. ഹിജ്റ വർഷം 1064 (സി.ഇ 1654) ലാണ് പള്ളിയുടെ നിർമാണം. സൈനുദ്ദീൻ മഖ്ദൂം നാലാമൻ, മറ്റത്തൂർ ഖാളി എന്നീ ചരിത്രപുരുഷന്മാരുടെയും ഓമാനൂർ ശുഹദാക്കളുടെയും മഖ്ബറകൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ളതായതുകൊണ്ടുതന്നെ അന്നത്തെ സാമൂഹ്യാന്തരീക്ഷം വ്യക്തമായി തന്നെ അവിടത്തെ മിമ്പറിലും കാണാം. പരമ്പരാഗത കേരളീയ വാസ്തുവിദ്യയുടെയും ഇസ്ലാമിക് ആർക്കിടെക്ചറിൻ്റെയും സമ്മിശ്ര നിർമിതിയാണ് ഈ മിമ്പർ. 
അടിഭാഗത്തുള്ള തുമ്പിക്കൈ സമാനമായ ആകൃതി വിശ്വാസികൾ മിമ്പറിനു നൽകുന്ന സവിശേഷ സ്ഥാനത്തെയും ആദരവിനെയുമാണ് ചൂണ്ടിക്കാട്ടുന്നത്. 'ശക്തരായ രണ്ട് ആനകൾ തോളിലേറ്റിയിരിക്കുന്ന മിമ്പർ' എന്ന അർഥം ധ്വനിപ്പിക്കുന്നതാണ് ഈ ഡിസൈൻ. കേരളീയ വാസ്തുവിദ്യയിൽ തുമ്പിക്കൈ ആകൃതി ഇന്നും വളരെ വ്യാപകമാണ്. ഗോൾഡ് കളറിൽ നടുവിലുള്ളത് ചില സസ്യലതാദികളും സങ്കല്പരൂപങ്ങളും മറ്റും ഉൾകൊള്ളുന്ന കൊത്തുപണിയാണ്. സിംഹാസനസമാനമായി, പുഷ്പലതാരേഖകളാലും കായ്കനികളാലും മറ്റു പ്രാദേശിക കൊത്തുപണികളാലും സമൃദ്ധസമ്പന്നമാണ് കേരളത്തിലെ വിശിഷ്യാ മലബാറിലെ മിമ്പറുകൾ. ആത്മീയ പരിസരത്തോടൊപ്പം, വ്യാപാരത്തിലും കൃഷിയിലും വ്യാപൃതരായ കേരള ജനതയുടെ സാമൂഹ്യ വ്യവഹാരങ്ങളാണ് മിമ്പറുകളിൽ തെളിഞ്ഞു നിൽക്കുന്നത്.
