1
കാലക്രമേണയുള്ള ലോകത്തിന്റെ വളര്‍ച്ചയില്‍ താടിരോമങ്ങളായി തലയുയര്‍ത്തി നില്ക്കുന്ന കെട്ടിടങ്ങളുടെ താഴ്വാരത്തില്‍, ആരുടെയും ജീവിത ജയപരാജയങ്ങളിലേക്ക് എത്തിനോക്കാതെ ഒരു മൂലയില്‍ കൂനിക്കൂടി ഭിക്ഷ യാചിക്കുന്നൊരു നിരാലംബനായ, കാഴ്ചയില്‍ വൃദ്ധനെന്ന് തോന്നിക്കുന്ന ഒരു നാല്പ്പതുവയസ്സുകാരനാണയാള്. കാലങ്ങളായി പ്രതാപികളുടെ എച്ചിലാണ് അയാളുടെ പ്രാതല്‍. കാറ്റില്ലാതായതില്പ്പിന്നെ എവിടെയും പാറിപ്പറക്കാത്ത അപ്പൂപ്പന്താടികളെയും മുറ്റത്ത് കല്ലില്ലാത്തതിനാല് കല്ലെടുക്കാത്ത തുമ്പികളെയും ഏറുകൊള്ളാതെ മധുരം കുറഞ്ഞുപോയ മാമ്പഴത്തെയും എന്തിന് കൃത്രിമം ഭയന്ന് മരത്തില്‍ തൂങ്ങിയാടാത്ത ഊഞ്ഞാലുകളെപ്പോലും അയാള്‍ ദിവസവും ഒരു നെടുവീര്‍പ്പായി കൊണ്ടുതള്ളും.
അപ്പോഴെല്ലാം മുകളില്‍ കാണുന്ന ചുവന്ന ഹോട്ടല്‍ മുറികളിലേതിലോ ആരാലോ സൃഷ്ടിക്കപ്പെട്ട, അല്ലെങ്കില്‍ തൊട്ടപ്പുറത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നവരില്‍ ആരാലോ ഉപേക്ഷിക്കപ്പെട്ടു പോയ കുഞ്ഞായിരിക്കണം താനെന്നും അയാള്‍ നിശ്വസിക്കും. എന്നാല്‍, തെരുവാണ് അയാളുടെ പോറ്റമ്മ; തീറ്റിച്ചതും തീയിലിട്ടെരിച്ചതും!.
പതിവുപോലെ ചോറ്റുകണക്കില്നിന്നും മാറ്റിവച്ച എട്ടു രൂപയുടെ ചില്ലറത്തുട്ടുകള്‍ വിറ്റ് അയാള്‍ അന്നത്തെ മനോരമ കൈപ്പറ്റി; ചൂടുള്ള വാര്‍ത്തകള്‍ തെല്ലെങ്കിലും അയാളുടെ വിശപ്പാറ്റിയിരുന്നു.
പ്രധാന വാര്‍ത്തകളില്‍നിന്നു തെന്നി ഒരു മൂലയില്‍ ഒരു മിസ്സിംഗ് കേസ്!
സ്കൂള്‍ യൂണിഫോമിലുള്ള ഏഴാം ക്ലാസുകാരിയുടെ മങ്ങിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയിലേക്ക് അയാള്‍ സൂക്ഷച്ചുനോക്കി. ചിരപരിചിതം തോന്നുന്ന പന്ത്രണ്ടുകാരിയുടെ മുഖം അയാളുടെ പിന്നിയ ഓര്‍മകളില്‍ തലതല്ലി മരിക്കുന്നതുപോലെ. അത് വെറും തോന്നല്‍ മാത്രമായിരിക്കണം എന്ന് പലവട്ടം മനസ്സില്‍ ഉരുവിട്ടുകൊണ്ടിരുന്നു. ദിനേന എത്രയോ സ്കൂള്‍ കുട്ടികളെ കാണുന്നു. പലരും തന്നിലേക്ക് കൂര്‍ത്തമുനയുള്ള നോട്ടമെറിഞ്ഞ് മറയുന്നു. എങ്കിലും, അപൂര്‍വമായി പുഞ്ചിരി കൈമാറുന്ന കുരുന്നുകള്‍ അയാളുടെ പൊടിപിടിച്ച മനസ്സില്‍ ഇടംപിടിക്കാറുണ്ട്; അവരിലൊരാളായിരിക്കണം ഇവള്. എന്തോ, മറ്റു വാര്‍ത്തകളില്‍നിന്നെല്ലാം നിഷ്കരുണം ആ ചിത്രമയാളെ തിരികെ കൊത്തിവലിക്കുന്നു.
2
''സാറന്മാരെന്തൊക്കെയാ ഈ പറയുന്നേ..?
എന്റെ ഭാഗ്യമുടിക്കാവിലെ തേവരാണ് സത്യം. ഞാനാരെയും കൊന്നിട്ടില്ല. ആ കുട്ടിയെ റോഡ് മുറിക്കാന്‍ സഹായിച്ചു എന്നത് സത്യമാണ്, എന്നാല്‍ ഇതൊക്കെ.!?''
പൊടിഞ്ഞു തുടങ്ങിയ തൂണില്‍ മുന്‍കൈകള്‍ തൊലിയുരിഞ്ഞ്, ഇരുണ്ട് മെലിഞ്ഞ മെയ്യിലെ ലാത്തിവെച്ച് വരഞ്ഞെടുത്ത വരികള്‍ക്കിടയിലൂടെ ചുവന്ന മഷി ഉറവ പൊട്ടുന്നു. നിര്‍ജീവമായി വരണ്ടുയര്ന്നു കിടക്കുന്ന ചുമരുകള്‍ക്കു പേരിനുമാത്രം ശ്വാസമെടുക്കാനെന്നോണം, ഒട്ടും വലുതല്ലാത്ത ജനലിന്റെ പൊട്ടിയ ചില്ലിനുള്ളിലൂടെ സൂര്യപ്രകാശം ഇരുട്ടറയിലേക്ക് എത്തിനോക്കുന്നു. അരണ്ട ഒരു നെടുവീര്‍പ്പ് അവിടെ തളംകെട്ടി നില്‍ക്കുന്നുണ്ട്.
'ഒരക്ഷരം മിണ്ടിപ്പോകരുത്, തെളിവുകളെല്ലാം തനിക്കെതിരാണ്!'
മുറിക്കുള്ളില്‍ മുഴങ്ങിയ അതിഭീകര ശബ്ദം നാല് ചുമരുകളും പലകുറി ഏറ്റു ഗര്‍ജിച്ചു.
3
പന്ത്രണ്ട് വയസ്സ് പ്രായം. ഒരു ടെഡ്ഡി ബിയറില്നിന്നും തന്നെ അകറ്റിനിര്‍ത്തുന്നത് കേവലം ഒരു പൊടുവണ്ണിപ്പശയിലൊട്ടിച്ചേരാനുള്ള രണ്ടു വിരലുകളുടെ കൗതുകത്തോളം ഒതുക്കാന്‍ അവള്‍ക്കായില്ല. തന്നിലേറെ രണ്ടു വര്‍ഷം മാത്രം പ്രായം കൂടുതലുള്ള ചേട്ടന്റെ പാച്ചിലിലേക്ക് നോട്ടമെറിയാതെ, പെയ്യാന്‍ വെമ്പുന്ന കണ്മേഘങ്ങളില് ഒളിച്ചിരിക്കാനേ ഇന്ദുമോള്ക്ക് കഴിഞ്ഞുള്ളൂ.
'എന്ത് ഓട്ടമാണെന്നോ ചേട്ടനോടുന്നത്!'
ആറിലേക്ക് ഏന്തിവലിഞ്ഞ് ഉരുളന്‍ കല്ലുകളുടെ മീതെ കണ്ണാടി വെള്ളത്തില്‍ മുഖഭംഗി ആസ്വദിക്കുന്ന തെങ്ങിന്നിരകള്ക്കിടയില് ഓടിമറയുന്ന ഏട്ടനില്‍നിന്ന് അവള് കണ്ണ് തെറ്റിച്ചു.
നായയെ വലിയ പേടിയാണ് ഇന്ദുവിന്. മെലിഞ്ഞൊട്ടി കിതച്ചുവരുന്ന ഒരു തെരുവുനായയില്‍ അവളുടെ കണ്ണൊട്ടി. ചുവന്ന് വാടിയ കണ്ണുകളില്‍ ഒളിപ്പിച്ച പുഴയില്‍ മിന്നിമറയുന്ന മീന്കൂറ്റന്മാരെയെണ്ണി വിശപ്പ് പാകം ചെയ്തെടുക്കുകയാണ് നായ. പച്ചിലത്തലപ്പിലൂടെ ഇറങ്ങി വന്ന ഇളംതെന്നലൊന്ന് ഇമ വെട്ടിയതിനുള്ളില്, വളരെ പെട്ടെന്ന് ഒരു മീനിനെ വായിലെടുത്ത് നായ തിരിഞ്ഞു നടക്കുന്നു. ഇന്ദുമോളുടെ ഉള്ളില്‍ അന്നേരം ഒരു പരല്‍മീന്‍ പിടച്ചില്‍! പുഴയും അവളുടെ പരാതികള്‍ ഏറ്റുപറയുന്നതുപോലെ അവള്‍ക്കു തോന്നി. ഓടിയും നടന്നും തളര്‍ന്ന കാലുകള്‍ വീട്ടിലെത്തിയിട്ട് വേണം പൊട്ടിയ ചെരിപ്പുമായി കൂട്ടിത്തുന്നാനെന്ന് അവള് ആശിച്ചു.
4
തട്ടിന്‍പുറത്തുനിന്ന് ഒരു അല്സേഷ്യന് ഇനം നായ ഇറങ്ങി നടന്നു വന്ന് തന്റെ കട്ടിലിനോട് ചേര്ന്നുനില്ക്കുന്നു. മനുഷ്യരെപ്പോലെ ഇരുകാലില്‍ എണീറ്റുനിന്ന് പതിയെ നെറ്റിയില്‍ തലോടുന്നു. നെറ്റിത്തടം വിയര്‍പ്പില്‍ കുതിരുന്നത് അവളറിഞ്ഞു. തൂവല്‍ പോലെ മൃദുലമായ വിരലുകള്‍ ചുണ്ടുകള്‍ കടന്ന് കഴുത്തുവഴി ഉരുണ്ടുകൂടുന്ന മാറിലേക്ക് വഴുതുമ്പോള്‍ അവള്‍ക്ക് ഇക്കിളി തോന്നി. തെന്നിത്തെന്നി ശരീരമാസകലം സഞ്ചരിക്കുന്ന അല്സേഷ്യന് കൈകള്‍ മനുഷ്യന്റെതുപോലെ, ഒരു പുരുഷന്റെതുപോലെ അവളെ പൊള്ളലേല്‍പ്പിക്കുന്നു.
'അമ്മേ...'
അവ്യക്തമായ എന്തോ നിലവിളി തന്നെ തട്ടിവിളിക്കുന്നതുപോലെ അമൃതയ്ക്കു തോന്നി. പീളകെട്ടി മങ്ങിയ കാഴ്ചയില്‍ ഉണര്‍ന്നിരിക്കുന്ന ഇന്ദുമോളുടെ പരാതിയില്‍ ഒട്ടും വിശ്വസിക്കാനാവാതെ, അവള് നര വിഴുങ്ങിത്തുടങ്ങിയ മുടിയറകള്ക്കുള്ളില് ഇന്നലെ വെള്ളിയാഴ്ച ദിവസം വെട്ടി പാകമാക്കാന്‍ മറന്ന വലതുകൈ നഖങ്ങള്‍ കടത്തി ഒരു തള്ളപ്പേനിനെ നുള്ളിയെടുത്ത് നീരസം പ്രകടിപ്പിച്ചു.
''അമ്മേ നമ്മുടെ തട്ടിന്‍പുറത്ത് ഒരു നായ പാര്‍പ്പുണ്ട്!''
കരുതലായി തന്റെ അടുത്ത് കട്ടിലില്‍ കയറിക്കിടക്കും എന്ന പ്രതീക്ഷയില്‍ ഇന്ദുമോള് അമ്മയെ നോക്കി.
''വല്ലതും പ്രാര്‍ഥിച്ചു കിടന്നുറങ്ങ് കുട്ടീ... ഓരോന്ന് ആലോചിച്ചു കിടന്നോണം, മനുഷ്യനെ മെനക്കെടുത്താനായിട്ട്''
അപ്പോഴേക്കും കുഞ്ഞ് ഉറക്കമായി.
പുതുതായി പണികഴിപ്പിച്ച ഫാബ്രിക്കേഷന്‍ സീലിങ്ങില്‍ പറ്റിപ്പിടിച്ച് ഇരയനക്കം നിരീക്ഷിക്കുന്ന പല്ലിയുടെ കണ്ണുകളില്‍ അമൃതയുടെ ചിന്തകള്‍ ചെന്നുടക്കി. 'തട്ടിന്‍പുറത്ത് നായയോ?'
പ്രകാശേട്ടനും മോനും അപ്പുറത്ത് പകലില്‍ രണ്ടു മരങ്ങളുടെ ഇരുട്ടു വീണ വേരുകള്പ്പോലെ പരസ്പരം കെട്ടിപ്പിണഞ്ഞു കിടക്കുന്നു. ഇളംതെന്നലിനൊപ്പം തുറന്നുവെച്ച ജനലിലൂടെ നിലാവ് കടന്നുവന്ന് നിഴല്‍ വരച്ച് നല്ലൊരു കലാകാരനാവുന്നുണ്ട്. ചുമരില്‍ പ്രകാശേട്ടന്റെ നേരെ ഒരു നായച്ചെവി വളര്‍ന്നു വലുതാവുന്നു, വീണ്ടും ചുരുങ്ങുന്നു. ഏട്ടന്റെ കൂര്‍ക്കംവലിയുടെ അതേ താളം.
തെന്നി നീങ്ങിയ അവളുടെ തൊണ്ടയില്‍ ഒരു ഞെരുക്കം അനുഭവപ്പെട്ടു. പതുക്കെ എഴുന്നേറ്റു അടുക്കളയില്‍ എത്തി ഫ്രിഡ്ജില്‍നിന്നു ബോട്ടിലെടുത്ത് കമിഴ്ത്തുന്നതുവരെ അവള് വിയര്‍ത്തുകൊണ്ടേയിരുന്നു. പൊടി വീണ് അലര്‍ജി പിടിച്ച മരഗോവണിയില് നാലു പടികള്‍ മാത്രം കയറി അവള് പുറത്തേക്ക് എത്തി നോക്കി. ഇല്ല, അവിടെ ഒരു ജീവിയുടെ തുടിപ്പും കാണാനില്ല.
ഓരോന്നാലോചിച്ചു ഉറക്കം പിടിച്ചതെപ്പോഴെന്നറിഞ്ഞില്ല. കണ്ണു മിഴിച്ചുണരുമ്പോള് മണി ഏഴടിച്ച തുരുമ്പ് വീണ സൂചികള്‍ക്കു മുന്നില്‍ ആവി പറക്കുന്ന കോഫിയുമായി പ്രകാശന് നില്‍ക്കുന്നതാണ് കാണുന്നത്. ചുണ്ടുകളില്‍ മധുരമൂറുന്ന പുഞ്ചിരിയോടെ നന്ദിയുടെ നോട്ടമെറിഞ്ഞ് അമൃത അടുക്കളയിലേക്ക് പുതപ്പ് മാറ്റി.
ഈയിടെയായിട്ട് അയാള്‍ അങ്ങനെയാണ്. ഒരുപിടി സ്നേഹം അധികം പ്രകടിപ്പിക്കുന്നുണ്ട്. മുറ്റമടിച്ചു കൊണ്ടിരിക്കെ ഉറക്കച്ചടവ് വിട്ടുമാറാത്ത അവളുടെ മുഖത്ത് മനസ്സ് കുളിര്‍ത്തൊരു ചിരി പടര്‍ന്നു.
5
പൊളിഞ്ഞുവീഴാറായ കൂരയില്‍ നാട്ടുകാരെല്ലാം തിങ്ങിക്കൂടിയിട്ടുണ്ട്. ചടങ്ങുകള്‍ എല്ലാം സംഘാടകര്‍ മുറപോലെ ചെയ്യുന്നുണ്ട്. കരഞ്ഞു തളര്‍ന്ന അമൃതയ്ക്ക് ഇനിയെന്തുവേണമെന്ന് അറിയില്ല. തനിക്കിനിയാരുണ്ട്!? അപ്രതീക്ഷിതമായി തന്റെ യുവത്വത്തിലേക്ക് ഒരു താങ്ങായി കടന്നുവന്നവനാണ് പ്രിയപ്പെട്ട കണ്ണേട്ടന്. സ്വന്തം വീട്ടില്‍നിന്ന് കണ്ണേട്ടന്റെ കൂടെ ഇറങ്ങുമ്പോള്‍ അവള്‍ക്ക് മറുത്തൊന്നും ആലോചിക്കാനില്ലായിരുന്നു. മട്ടാഞ്ചേരിയില്‍ വാടകയ്ക്ക് താമസിക്കുമ്പോഴും കണ്ണന്റെ നെഞ്ചില്‍ ചോര്‍ച്ചയില്ലാത്ത സമാധാനം അവള് കണ്ടെത്തിയിരുന്നു.
ഹൃദയാഘാതം ഒരിക്കലും ആര്‍ക്കും പ്രത്യേകമായി എഴുതിവെച്ച ഒരു രോഗമല്ല. പെണ്മക്കളുള്ള, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന, ആരെയും മനസ്സുകൊണ്ടുപോലും വേദനിപ്പിക്കാത്തവര്ക്കെല്ലാം പെട്ടെന്ന് കീഴടങ്ങേണ്ടി വരുന്നു.
രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും എടുത്ത് കിട്ടിയതെല്ലാം പെറുക്കിക്കൂട്ടി വണ്ടി കയറുമ്പോള്‍ അലക്ഷ്യമായ നിര്‍വികാരത അവളെ പിടികൂടിയിരുന്നു. കാണാന്‍ കോമളനായ ഒരു യുവാവ് മുന്നില്‍ വന്നിരുന്നു. ആദ്യമാദ്യമൊക്കെ അവളെ ശ്രദ്ധിക്കുകയും ചെറുപുഞ്ചിരിയിലൂടെ അയാള്‍ നീണ്ട ഒരു സംസാരത്തിന് വിത്തിടാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ക്ഷീണം കാരണം വരിഞ്ഞുമുറുകിയ അവളുടെ നേരെ അയാള്‍ തന്റെ വാട്ടര്‍ ബോട്ടില്‍ നീട്ടി.
മണിക്കൂറുകളോളമായി വിഴുങ്ങിക്കൊണ്ടിരിക്കുന്ന വിശപ്പു കാരണം പിഞ്ചുമോള്‍ അവളുടെ തോളില്‍ ക്ഷീണിച്ചുറങ്ങിയിരുന്നു.
''വാങ്ങിച്ചോളൂ... ദാഹിക്കുന്നുണ്ടെന്ന് തോന്നുന്നു''
ഏറെനേരമായി സമനില തെറ്റി കിടക്കുന്ന ബോധം തിരിച്ചെടുത്ത് വരണ്ടുണങ്ങിയ തൊണ്ടയിലെ മരുഭൂമിയിലേക്ക് ബോട്ടില്‍ കമിഴ്ത്തി. നാലു വയസ്സുകാരന് അടുത്തിരുന്ന് ആര്‍ത്തിയോടെ വെള്ളം വെള്ളമെന്നു മോങ്ങി.
''പ്രകാശന്''
ബോട്ടില്‍ തിരികെ വാങ്ങുമ്പോള്‍ അയാള്‍ തുടക്കമെന്നോണം പറഞ്ഞു. അവള് നിറകണ്ണുകളോടെ പുഞ്ചിരിക്കാന്‍ പാടുപെട്ട് വിളറി.
മറുപടിയൊന്നും ഇല്ലാതെ കണ്ട് അയാള്‍ തുടര്‍ന്നു:
''എന്റെ കൂടെ പോരുന്നോ? അല്ല നിങ്ങള്‍ക്ക് ആരുമില്ലെന്ന് തോന്നി. അതുകൊണ്ട് ചോദിച്ചതാണ്.''
ഈയൊരു അവസ്ഥയില്‍ എന്ത് പറയണമെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. തന്നെ സ്വീകരിക്കാന്‍ സ്വന്തം വീട്ടുകാര്‍പോലും തയ്യാറല്ലെന്ന് അവള് ഉറച്ചു വിശ്വസിച്ചിരുന്നു.
'ഞാന്‍ ആരാണെന്ന് ആലോചിച്ച് വ്യാകുലപ്പെടേണ്ട. ഞാനും തനിച്ചാണ്. എന്നെപ്പോലെത്തന്നെ നിങ്ങള്‍ക്കും ഒരു താങ്ങ് ആവശ്യമുണ്ടെന്ന് തോന്നി. എന്റേതല്ലാത്ത കാരണങ്ങള്‍ക്കൊണ്ട് ഭാര്യയുമായി വേര്‍പിരിഞ്ഞതാണ്'.
അമൃതയ്ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത വികാരങ്ങള്‍ ഉയര്‍ന്നിറങ്ങി.
പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് തല ചായ്ക്കാന്‍ ഒരിടം ദൈവമായിട്ട് നല്‍കിയതില്‍ അവള് അതിയായി സന്തോഷിച്ചു.
6
കണക്ക് മാഷ് ഫസ്റ്റ് പീരിയഡുതന്നെ ലീവാണ്. രണ്ടാമത്തെ ബെഞ്ചിന്റെ അറ്റത്താണ് ഇന്ദുമോള് ഇരിക്കുന്നത്. തീരാറായി മുരടിച്ചു പോയ എന്തോ ചിന്തയിലാണ്.
''അനു, ഞാനൊരു രഹസ്യം പറയട്ടെ? ആരോടും പറയരുത്. ഞാന്‍ ആള്‍വലുപ്പത്തിലുള്ള രാജകുമാരന്റെ കൂടെ അവന്റെ ലോകത്തേക്ക് പോവുകയാ... എന്തു രസാണവിടെ... ഞാന്‍ പറഞ്ഞിട്ടില്ലേ ഞാന്‍ ഉറങ്ങുമ്പോള്‍ എന്റെ അടുക്കല്‍ വന്ന് രണ്ടുകാലില്‍ നില്ക്കുന്ന നായയെപ്പറ്റി, അവന് നല്ലവനാണ്. നിനക്കറിയാമോ അവന്റെ ലോകം സ്വര്ണംകൊണ്ടുള്ളതാണ്.''
കുട്ടികളെല്ലാവരും ഉറുമ്പിന് കൂടിളക്കിയപോലെ അവരവരുടെ കൂടുകള്‍ തേടിയുള്ള ഓട്ടത്തിലാണ്. തിരക്കുപിടിച്ച വഴിയിലൂടെ ഇന്ദു പറഞ്ഞതും ചിന്തിച്ച് അനുമോള്‍ പതിയെ നടന്നു നീങ്ങുമ്പോള്‍ അമൃതച്ചേച്ചിയെ വഴിയില്‍ കാണാനായി.
''അമൃതേച്ചി അമൃതേച്ചി, ഇന്ദു വീട്ടില്‍ വരില്ലാത്രെ. അവള് എന്നോട് പരമരഹസ്യമായി പറഞ്ഞതാണ്. രാത്രി വരാറുള്ള ആള്‍വലുപ്പമുള്ള നായയുടെ കൂടെ അവന്റെ അത്ഭുതലോകത്തേക്ക് പോവുകയാണെന്ന് പറഞ്ഞു.''
അമൃത ഇതുകേട്ട് തരിച്ചുനില്ക്കുമ്പോഴും അനുമോള്‍ അല്സേഷ്യന് രാജകുമാരന്റെ ലോകത്തെ ആവേശത്തോടെ വര്‍ണിക്കുന്ന തിരക്കിലാണ്.
ധൃതിയില്‍ വീട്ടിലേക്കണയുമ്പോള് പെയ്യാന്‍ വെമ്പുന്ന മേഘങ്ങളെപ്പോലെ തുളുമ്പിനില്ക്കുന്ന കണ്ണില്‍ മങ്ങിയ കാഴ്ചയില്‍, മതിലിനരികെ പൂന്തോട്ടത്തില്‍ ഹോസുവെച്ച് ചെടി നനയ്ക്കുകയാണ് പ്രകാശേട്ടന്.
പെട്ടെന്ന് അമൃത അയാളുടെ കൈകളിലേക്ക് സൂക്ഷിച്ചുനോക്കി. താനിതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത തരത്തില്‍ അയാളുടെ കൈപ്പത്തികളിലടക്കം രോമം പടര്ന്നുപിടിച്ചിരിക്കുന്നുണ്ട്. മൂക്ക് നീണ്ടുരുണ്ട് വരുന്നതുപോലെ തോന്നുന്നു. അയാള്‍ അവളിലേക്ക് ചുവന്നു തുടുത്ത കണ്ണുകളോടെ ഒരു പുഞ്ചിരി എറിഞ്ഞു. അത് അമൃതയുടെ നെഞ്ചിലേക്ക് കൂടുതല്‍ ക്രൂരമായി വന്നു തറച്ചു. പിടിച്ചുനില്ക്കാന് ആവാതെ അവള് ഓടിച്ചെന്ന് തന്റെ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു.
''മ്... എന്തുപറ്റി? നീ കാര്യം പറ, കരയാതെ...''
രോമാവൃതമായ നെഞ്ചില്‍ തേങ്ങലടിച്ച് അവള് പതിയെ അയാളുടെ ചെവിയില്‍ ഒന്ന് തലോടി.
''നമുക്കൊരു വളര്‍ത്തുനായയെ വാങ്ങിക്കണം. ഉള്ളില്‍ ക്രൂരത മറച്ച്, പിണക്കം നടിച്ച്, ഇരുട്ടില്‍ തക്കംപാര്‍ത്ത് കടിച്ചു കീറാത്തൊരു നായയെ... കാവലിന്!''
