ഉത്തരാധുനിക യുഗത്തില്‍ മുസ്ലിം ദാര്‍ശനികരും തത്വചിന്തകരും സൃഷ്ടിപരമായ ഇസ്ലാമിക തത്വചിന്തയെ (creative Islamic theology) വികസിപ്പിക്കാന്‍ ആത്മാര്‍ഥതയോടെയും ആഗ്രഹത്തോടെയും നിര്‍ബന്ധമായും കൈകാര്യം ചെയ്യേണ്ട പ്രധാന പ്രമേയമാണ് ദൈവത്തിന്റെ സര്‍വശക്തിത്വം (divine omnipotence). ദൈവം സര്‍വശക്തനായ ഒരു സര്വാധിപനാണെന്ന് പറയാനാണ് നമ്മള് എപ്പോഴും ശ്രദ്ധിക്കാറുള്ളത്. ദൈവം ചുഴലിക്കാറ്റിനെക്കാളും, ശമനമില്ലാത്ത രോഗാതുരതയെക്കാളും ശക്തനും, മനുഷ്യനെക്കാള്‍ ഉന്നതനുമാണെന്ന് വിശ്വസിക്കാനാണ് നമ്മള് താല്പര്യപ്പെടുന്നത്. ശിക്ഷ പേടിച്ചുള്ള വിശ്വാസമെന്നതിനപ്പുറത്തേക്ക് (not out of fear of punishment), ദൈവത്തിന്റെ നന്മ വൃത്തികളില്‍ സാക്ഷിയാവാന്‍ സാധിച്ചതിലുള്ള സന്തോഷം കൂടിയാണത്. ചെയ്യുന്ന പ്രവൃത്തികളില്‍ (divine deeds) സത്യസന്ധത പുലര്‍ത്തുന്ന ദൈവം ഏറ്റവും സര്‍വശക്തനാണെന്ന യാഥാര്‍ഥ്യം നാം അംഗീകരിക്കുന്നതോടെയാണ് ദൈവം പരമശക്തനാണെന്ന് (maxi-potent) നമ്മള് തിരിച്ചറിയുന്നത്. പൂര്‍ണ സര്വശക്തിത്വമെന്ന പദം ഇതിനെക്കാള്‍ കൂടുതല്‍ ശക്തമാണ്. 'omni' എന്നത് 'സര്‍വം' എന്നര്ഥത്തെ ഉള്‍ക്കൊള്ളുമ്പോള്‍, ദൈവത്തിന് സമസ്ത ശക്തിയുമുള്ളതായി ഗണിക്കാം. എന്നാല്‍, ഇത് വ്യത്യസ്ത അര്‍ഥങ്ങളുള്ള ഒരു അഭിപ്രായമാണ്. ഇവിടെ (omni) എന്ത് സൂചിപ്പിക്കുന്നു എന്നത് ഭാഗികമായി 'ശക്തി'യെന്ന പദം എന്തിനെയാണ് അര്‍ഥമാക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.നമുക്ക് ഏറ്റവും കൂടുതല്‍ തിരിച്ചറിയാന്‍ സാധിക്കുന്ന മനുഷ്യശക്തിയിലൂടെ (human power) ചര്‍ച്ച ആരംഭിക്കുന്നതാണ് ഉചിതം. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട്, 'ശക്തി' എന്ന പദം സാധാരണയായി അപരന്മാരെയും പ്രകൃതിലോകത്തെയും (natural world) സ്വാധീനിക്കാനുള്ള ഒരു മനുഷ്യന്റെ അബിലിറ്റിയെയും, തദ്ഫലമായി അവരുടെ സ്വാധീനശക്തികൊണ്ട് പ്രതികരിക്കാനുള്ള മനുഷ്യന്റെ കഴിവിനെയുമാണ് സൂചിപ്പിക്കുന്നത്. പക്ഷെ, ഖുര്‍ആന്‍ ദൈവത്തെ ഈ രണ്ട് തരത്തിലുള്ള ശക്തിയുമുള്ളവനായിട്ടാണ് ചിത്രീകരിക്കുന്നത്. പരിശുദ്ധനെന്ന് വിളിക്കാവുന്നത്ര ദൈവം പ്രപഞ്ചത്തിലും മനുഷ്യജീവിതത്തിലും ഒരുപോലെ പ്രവര്‍ത്തിക്കുകയും, മനുഷ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. ഇത് മനസ്സിലാക്കുന്നതോടെ നമുക്ക് ദൈവം ലോകത്തെ എങ്ങനെ സ്വാധീനിക്കുന്നു, ദൈവം ലോകത്തില്‍നിന്നുള്ള സ്വാധീനങ്ങള്‍ എങ്ങനെ സ്വീകരിക്കുന്നു, പ്രതിഫലവും ശിക്ഷയും എന്തിനെ അര്‍ഥമാക്കുന്നു തുടങ്ങിയ ചോദ്യങ്ങള്‍ പരിശോധിക്കാം. കാരണം, ഈ ചോദ്യങ്ങള്‍ ദൈവത്തിന്റെ പ്രവര്‍ത്തനവും മനുഷ്യജീവിതവുമായുള്ള ബന്ധവും സംബന്ധിച്ച ഗൗരവമായ ചിന്തകളിലേക്ക് നമ്മെ നയിക്കുന്നുണ്ട്.
ബന്ധപരമായ സര്‍വശക്തിത്വം: അനന്തമായ മാര്‍ഗനിര്‍ദേശവും കരുണയുമുള്ള ദൈവം
ലോകത്തിന്റെ ശക്തിക്ക് യാതൊരു പരിഗണനയും നല്‍കാതെത്തന്നെ ലോകത്തെ സ്വാധീനിക്കാന്‍ കഴിവുള്ളവനാണ് ദൈവമെന്ന് ചിലര്‍ വാദിക്കാറുണ്ട്. ലോകത്തിന് ഏതുതരത്തിലും പരിമിതപ്പെടുത്താന്‍ സാധിക്കാത്ത ദൈവം ഏകപക്ഷീയമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന ആശയമാണ് ആ വാദത്തിന്റെ കാതല്‍. സര്‍വശക്തനായ ദൈവത്തെ കുറിച്ച് ഇങ്ങനെയാണ് പല മുസ്ലിം ചിന്തകന്മാരും മനസ്സിലാക്കിയിട്ടുള്ളത്. വിശേഷിച്ച്, വിധിനിര്‍ണയവും (pre-destination) സ്വേച്ഛാശക്തിയും (free will) തമ്മിലുള്ള തര്‍ക്കം റാഷണലിസ്റ്റ് ഇസ്ലാമിക തത്വചിന്തധാരയായ മുഅ്തസിലികളുടെയും (Mutazilite) പരമ്പരാഗത തലത്തില്‍ ആധാരമുള്ള അഷ്അരികളുടെയും (Asharite) ചര്‍ച്ചകളില്‍ പ്രധാന വിഷയമായിരുന്നുവെന്ന് കാണാം. ഈ തര്‍ക്കം ചരിത്രപരമായും ആധ്യാത്മികമായും ഏറെ പ്രാധാന്യമുള്ളതാണ്. ഇന്നും അതിന്റെ പ്രസക്തി നിലനില്‍ക്കുന്നുണ്ട്. പരമ്പരാഗത തത്വചിന്തകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ദൈവം ലോകത്തെ സ്വാധീനിക്കുന്നത് ഏകപക്ഷീയമായല്ല (unilaterally), ബന്ധപരമായിട്ടാണ്/സമീപനപരമായിട്ടാണ് (relationally) എന്ന ആശയമാണ് ഞാന്‍ മുന്നോട്ടുവെക്കുന്നത്. അഥവാ, ദൈവത്തിന്റെ ഉദ്ദേശ്യങ്ങള്‍ ഭൂമിയില്‍ സാക്ഷാത്കരിക്കപ്പെടാന്‍ ദൈവം ലോകത്തിന്റെ സഹകരണം തേടുന്നു എന്നര്‍ഥം. അതിനാല്‍, ഞാന്‍ ഏകപക്ഷീയ സര്‍വശക്തിത്വം എന്ന ആശയത്തിനു പകരം ബന്ധപരമായ/സമീപനപരമായ സര്‍വശക്തിത്വം എന്ന ആശയമാണ് പിന്തുണക്കുന്നത്.
ബന്ധപരമായ/സമീപനപരമായ സര്‍വശക്തിത്വം എന്നത് ദൈവത്തിനാണ് ''എല്ലാ'' ബന്ധപരമായ ശക്തിയുമെന്ന് പറയുന്നില്ല. മറിച്ച്, നമ്മള് മനുഷ്യര്‍ക്കും ആ ബന്ധപരമായ ശക്തിയുണ്ട്. പക്ഷെ, ദൈവത്തിന്റെ ബന്ധപരമായ ശക്തി നമ്മുടെ ഭൂതകാല, വര്‍ത്തമാന ജീവിതങ്ങളുടെ മുഖ്യസംഘടനാസൂത്രമായിരിക്കണം എന്നതാണ് എന്റെ ഉദ്ദേശ്യം. ഇതിലൂടെ നോക്കുമ്പോള്‍, നാം ദൈവത്തിന്റെ ശക്തിമൂലം ജീവിക്കുന്നവരാകുന്നു. കാരണം, നമ്മുടെ താത്കാലിക അഭിലാഷങ്ങളോ (ഹവാ/freewill) വ്യക്തിപരമായ സ്വേച്ഛകളോ നിര്‍ദേശിക്കുന്ന വഴികളില്‍നിന്ന് മാറി ജീവിക്കാന്‍ നമുക്ക് സാധിക്കുന്നില്ല. ഇസ്ലാം എന്നത് ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പില്‍നിന്നുള്ള സമര്പ്പണമാണെങ്കില് (submission), ദൈവത്തിന്റെ ബന്ധപരമായ ശക്തിക്ക് ''സമര്‍പ്പണം'' നല്കുകവഴി നാം ഒരു ബന്ധാത്മക ലോകമെന്ന വ്യവസ്ഥയില്‍ മാറിക്കൊണ്ടിരിക്കുന്ന പ്രക്രിയയില്‍ (process of becoming) ശക്തരാവുകയാണ്.എന്റെ അഭിപ്രായത്തില്‍, ദൈവം ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നു (അല്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവനാണെന്ന) എന്നൊരു അനുമാനം നമുക്ക് മുന്നില്‍ വെക്കുമ്പോള്‍, മനുഷ്യരാലോ അല്ലെങ്കില്‍ പ്രകൃതിദത്ത സംഭവങ്ങളാലോ ഉണ്ടായ ലോകത്തിലെ എല്ലാ ദു:ഖങ്ങളെയും ദുരന്തങ്ങളെയും ദൈവത്തിന് തന്റെ ഏകപക്ഷീയ ശക്തിയിലൂടെ തടയാനാകുമായിരുന്നു എന്ന് നമുക്ക് സമ്മതിക്കേണ്ടി വരും. അപ്പോള്‍ ദൈവത്തിന് വംശഹത്യയും (holocaust) കൂട്ടക്കൊലകളും ഭീകരരോഗങ്ങളാലുള്ള കുട്ടികളുടെ കഷ്ടപ്പാടുകളും, സ്ത്രീകള്‍ക്കെതിരെയുള്ള പുരുഷന്മാരുടെ ഹിംസയും സുനാമികളും മഹാമാരികളും തടയാനാകുമായിരുന്നു.അതിനെല്ലാം പുറമെ, ദുരന്തങ്ങള്‍ കുറവായി അനുഭവപ്പെടുന്ന ഒരു പ്രപഞ്ചം (universe) സൃഷ്ടിക്കാനും ദൈവത്തിന് കഴിയുമായിരുന്നില്ലേ? എന്നാല്‍, ദൈവം അങ്ങനെയൊരു പ്രപഞ്ചം സൃഷ്ടിക്കാതെ പോയതിന്റെ വാസ്തവം, വലിയൊരു പ്രശ്നമായി, ദൈവത്തിന് കരുണയില്ലെന്നൊരു സൂചന നല്‍കുന്നുവെന്ന് തോന്നിയേക്കാം. ''ദൈവം കരുണയില്ലാത്ത രാജാവാണ്'', ഒരുപക്ഷെ നമ്മള് ചിന്തിച്ചേക്കാം.
അതേസമയം, ദൈവം ബന്ധാത്മകമായി പ്രവര്‍ത്തിക്കുന്നു എന്നും, കൂടാതെ ലോകത്തിന്റെ ശക്തി പരിഗണിക്കുമ്പോള്‍ ദൈവത്തിന് ഈ രീതിയില്‍ മാത്രം പ്രവര്‍ത്തിക്കാനാകൂ എന്നും നാം അനുമാനിക്കുമ്പോള്‍, ലോകത്തിലെ അന്യായങ്ങളും ദുരന്തങ്ങളും ദൈവത്തിന്റെ ഇഷ്ടാനുസൃതമോ ഉദ്ദേശ്യപ്രകാരമോ സംഭവിക്കുന്നതല്ലെന്ന് പറയേണ്ടി വരും. എന്നാല്‍, ദൈവം ദീര്‍ഘവും ദിവ്യവുമായ രീതിയില്‍ അവ സഹിക്കുന്നുവെന്നു നമുക്ക് തിരിച്ചറിയാം. ദൈവം അനവധിയായ ദുഷ്കാര്യങ്ങളില്നിന്ന് നന്മയെ ഉരുത്തിരിക്കാനും, ദുരന്തങ്ങളില്‍നിന്ന് സമഗ്രതയിലേക്കു (wholeness) നയിക്കാനും, വെറുപ്പിനെ സ്നേഹത്തിലേക്കു പരിവര്ത്തിച്ചെടുക്കാനും നിരന്തരമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെന്നും നമുക്ക് പറയാം. ഇവിടെ ദൈവം സത്യമായും ലോകത്തിന് ഒരു രക്ഷിതാവിനെപ്പോലെയാണ് (parent-like). ശാരീരികവും മാനസികവുമായി കഷ്ടപ്പെടുന്ന എല്ലാം വ്യക്തികള്‍ക്കും, കൂട്ടായ്മകള്‍ക്കുമുള്ള ഒരു സര്‍വശക്തനായ രക്ഷിതാവ്.ഈ അഭിപ്രായങ്ങളില്‍ ഏതാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്? ഇസ്ലാമിന്റെ തത്വചിന്താ ചരിത്രം പരിശോധിക്കുമ്പോള്‍, പണ്ഡിതന്മാര്ക്ക് രണ്ടും വാദിക്കാന്‍ സാധിക്കുമെങ്കിലും ഞാന്‍ രണ്ടാം സമീപനത്തെയാണ് അനുകൂലിക്കുന്നതെന്ന് ഉറപ്പിച്ചു തന്നെയാണ് പറയുന്നത്. അതായത്, എന്നെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ ശക്തി പ്രേമത്തിന്റെയും ശക്തിപ്പെടുത്തലിന്റെയും കരുണയുടെയും ശക്തിയാണ്. ഈ ശക്തിയുടെ ഒരു പ്രധാന ഭാഗം ലോകത്തില്‍നിന്നുള്ള സ്വാധീനങ്ങള്‍ ദൈവം പ്രണയപൂര്വവും അനുബന്ധവുമായ രീതിയില്‍ സ്വീകരിക്കാനുള്ള ശേഷിയിലാണ് നിലകൊള്ളുന്നത്. ദൈവത്തിന്റെ ബന്ധപരമായ ശക്തി ലോകത്തെ സജീവമായി 'പ്രലോഭിപ്പിക്കുന്നതോ' അല്ലെങ്കില്‍ 'മാര്ഗംനിര്ദേശിക്കുന്നതോ' ('luring' or 'guiding') ആയിമാറുന്നു. അത് പോലെത്തന്നെ, മനുഷ്യമാരുടെ ആനന്ദങ്ങളുടെയും ദു:ഖങ്ങളുടെയും അനുഭവത്തില്‍ കരുണയോടെ പങ്കുചേരുന്നതുമാണ് ഈ ദൈവിക ശക്തി.അതുകൊണ്ട്, മനുഷ്യര്‍ ദൈവത്തോടു നന്ദി അറിയിക്കുകയും ദൈവസാന്നിധ്യത്തില്‍ ഭയഭക്തിയുള്ളവരാവുകയും വേണം. ഈ ഭയം ശിക്ഷയുണ്ടാകുമെന്ന പരലോക ഭയമല്ലെന്നും നമ്മുടെ അനുഭവത്തില്‍ കാണാത്ത ശക്തിയാല്‍ വിസ്മയപ്പെടുന്ന വിനീതമായ മാനസികാവസ്ഥയാണെന്നുമുള്ള തിരിച്ചറിവ് കൂടിയുണ്ടാവണം. കാരണം, ദൈവം ചുഴലിക്കാറ്റുകളെക്കാളും രോഗങ്ങളെക്കാളും ശക്തിയുള്ളവനും മനുഷ്യസ്നേഹത്തിന്റെ സങ്കുചിതമായ ശ്രമങ്ങളെക്കാള്‍ ഉന്നതനുമാണ്. ദൈവം നമ്മെ ശിക്ഷിക്കുന്നുവെങ്കില്‍, ഈ ജീവിതത്തില്‍ ആകട്ടെ മറ്റൊരു ജീവിതത്തില്‍ ആകട്ടെ, ആ ശിക്ഷ പ്രതികാരപരമായൊരു ദണ്ഡനമല്ല (revengeful archaic God), മറിച്ച് നവീകരണവും രൂപാന്തരവും സൃഷ്ടിക്കുന്ന ഒന്നാണ്. അതിന്റെ ലക്ഷ്യം നമ്മെ നീതിയുടെയും കരുണയുടെയും ഭാഗമായി, സൃഷ്ടിപരമായ ഗൗരവത്തിന്റെ മാന്യമായ പ്രതിനിധികളായി വളരാന്‍ സഹായിക്കുകയാണെന്ന് വിശ്വസിക്കാം.ഇവിടെ, പ്രാതിനിധ്യമെന്ന (Vicegerency) എന്റെ പരാമര്‍ശം മനുഷ്യരായ നമുക്കും സ്വയം തീരുമാനമെടുക്കാനുള്ള ശക്തിയുണ്ടെന്ന് ഉത്തേജിപ്പിക്കാനാണ്. അതിന്റെ പ്രാബല്യം/ശക്തി (effectual range) പരിമിതമായിരിക്കാന്‍ സാധ്യതയുണ്ടെങ്കിലും അത്തരമൊരു ശക്തി നമ്മള് മനുഷ്യര്‍ ഉള്‍വഹിക്കുന്നുണ്ട്. ഈ ബന്ധപരമായ സമീപനത്തില്‍നിന്ന് മനുഷ്യര്‍ ആര്‍ജിച്ചെടുക്കുന്ന ശക്തിയോട് ദൈവം അസൂയപ്പെടുന്നില്ല. മാത്രമല്ല, നമ്മുടെ ശക്തിയെ സൃഷ്ടിപരമായ രീതിയില്‍ ഉപയോഗിക്കുമ്പോള്‍ ദൈവംതന്നെ സന്തുഷ്ടനാകുന്നുവെന്ന് വേണം പറയാന്‍.ഇതാണ് മുസ്ലിം തത്ത്വചിന്തകനായ അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ നിലപാട്. അദ്ദേഹം മതത്തിന്റെ കഠിനാചാര പ്രാധാന്യത്തോടും (religious dogmatism), മനുഷ്യന്റെ തീരുമാന ശക്തിയെയും സ്വാതന്ത്ര്യത്തെയും നിരാകരിക്കുന്ന മതരീതികളോടും വിരക്തി കാണിച്ചിരുന്നു. തന്റെ അസ്തിത്വപരമായ അനുഭവങ്ങളും (existential experience), അറിവുകളും, ഇസ്ലാമികവും ഇസ്ലാമികേതരവുമായ തത്ത്വചിന്താസാഹിത്യങ്ങളുടെ വിശാലമായ പഠനങ്ങളും പിന്തുടര്ന്ന്, അദ്ദേഹം പരമ്പരാഗത ദൈവവിശകലനങ്ങളെ (traditional understandings) പുനര്‍വിചിന്തനം നടത്തി. സോക്രട്ടീസ് മാതൃകയില്‍ (socratic spirit) ഇഖ്ബാല്‍ മതവ്യാഖ്യാനങ്ങളുടെ താത്കാലികതയെ മുഖ്യമായ പ്രാമാണികതയാക്കി. ജൈവശാസ്ത്രവും ഭൗതികശാസ്ത്രവും വിവരിക്കുന്ന വിശ്വത്തിന്റെ മനസ്സിലാക്കലുമായി പൊരുത്തപ്പെടുന്ന ദൈവദര്‍ശനത്തിന്റെ ആവശ്യം ഇഖ്ബാല്‍ കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്തു.ഇഖ്ബാലിനെ സംബന്ധിച്ചിടത്തോളം, ദൈവം മനുഷ്യന്റെ സൃഷ്ടിപരത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അവസാന ഉറവിടമാണ്. അതുകൊണ്ടാണ് ഇഖ്ബാല്‍, ദൈവത്തിന്റെ ശക്തിയെ ഒരുവിധത്തില്‍ നിര്‍വചിക്കുന്ന പരമ്പരാഗത 'അപാരശക്തി' സിദ്ധാന്തത്തെ (doctrine of omnipotence) നിരാകരിച്ച്, അത് മനുഷ്യന്റെ സ്വയം നിര്ണയശേഷിയെ (human self-determination) പിന്തുണയ്ക്കുന്നതും ശക്തിപ്പെടുത്തുന്നതും എന്നതുപോലെ പുനര്‍നിര്‍വചിക്കുന്നത്. ഇഖ്ബാലിന്റെ ഭാഷയില്‍ ദൈവം ശക്തിയുള്ളവനാണ്. പക്ഷെ, ദൈവശക്തിയുടെ സ്വഭാവം ബലാല്‍ക്കാരമായി നടക്കുന്ന (coercive) രൂപകമല്ല. പ്രബോധനപരമോ (directive) ദിശാനിര്ദേശപരമോ (persuasive power) ആയിട്ടാണ് ഇഖ്ബാല്‍ അതിനെ മനസ്സിലാക്കുന്നത്. ഈ പ്രബോധനപരമായ ശക്തി പൂര്‍ണമായും മാറിമറിയാവുന്ന ഒരു തീരുമാനമല്ല. അതിനാല്‍, മനുഷ്യാതിക്രമങ്ങള് നടക്കുന്നതിനു മുമ്പോ നടക്കുന്നതിനിടയിലോ ദൈവം ഇടപെട്ടില്ലെന്ന് ആരാഞ്ഞ് ആശയക്കുഴപ്പത്തിലാകേണ്ടതില്ല. ചുരുക്കത്തില്‍, ഇഖ്ബാല്‍ ദൈവത്തിന്റെ ശക്തിയെ മനുഷ്യനെ ശക്തിപ്പെടുത്തുന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നുവെന്ന് പറയാം. സത്യത്തിലും നന്മയിലും സൗന്ദര്യത്തിലുമുള്ള സ്വതന്ത്രമായ തിരഞ്ഞെടുപ്പുകളില്‍ നമ്മെ ദൈവം പിന്തുണക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. തകര്‍ന്ന ആത്മാക്കളിലും രോഗബാധിതമായ സ്ഥാപനങ്ങളിലും (pathological institutions) ഘടനകളിലും പുതിയ ജീവനുണ്ടാക്കാന്‍ ദൈവത്തിന്റെ സഹയാത്രികരായി നില്ക്കാന് നമ്മെ പ്രേരിപ്പിക്കുന്നതാണ് ഈ ദൈവിക ശക്തിയുടെ സ്വഭാവമെന്നും ഇഖ്ബാല്‍ പറയുന്നു. ചുരുക്കത്തില്‍, അദ്ദേഹം കണ്ടെത്തിയത് ഭൗതികശാസ്ത്രവും ജീവശാസ്ത്രവും വിവരിക്കുന്ന, മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ച യാഥാര്‍ഥ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ദൈവദര്‍ശനം അനിവാര്യമാണെന്നാണ്.
ഇഖ്ബാലിനെ സംബന്ധിച്ചിടത്തോളം, ദൈവം ഈ സഹജമായ ശക്തിയെ (innate power) എല്ലാ ജീവികളുടെയും നല്ലതിനായി ഉപയോഗിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, ഇഖ്ബാല്‍ ഓര്‍മിപ്പിക്കുന്നതുപോലെ, നാം പലപ്പോഴും ഈ പ്രാരംഭ ലക്ഷ്യങ്ങളെത്തന്നെ പ്രതിരോധിക്കുന്നു. ബൈബിള്‍ ഭാഷയില്‍ പറഞ്ഞാല്‍, നമുക്ക് പലപ്പോഴും 'ലക്ഷ്യം മാറുന്നു' (miss the mark). മനുഷ്യരുടെ തീരുമാനങ്ങളും അവരുടെ ഉടനടിയുള്ള അന്തരീക്ഷവും വ്യാപകമായി സ്വാധീനിച്ചിരിക്കുന്നതിനാല്ത്തന്നെ ദൈവത്തിന് ശക്തി പ്രയോഗിക്കാന്‍ കഴിയുന്നത് ലോകത്തിലെ സാക്ഷാത്കാരമായ സാഹചര്യങ്ങളില്‍ മാത്രമാണ്. മനുഷ്യര്‍ തുറന്നു സ്വീകരിച്ചാല്‍ മാത്രമെ ദൈവത്തിന് ചില പൊരുത്തപ്പെടുത്തലുകള്‍, പുതുമ, രൂപാന്തരം എന്നിവ സൃഷ്ടിക്കാന്‍ കഴിയൂ. കാരണം, ഇഖ്ബാലിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 'എനിക്ക് നിരവധി പ്രവര്‍ത്തനമാര്‍ഗങ്ങള്‍ തുറന്നിരിക്കുമ്പോള്‍ ദൈവത്തിന് എന്റെ പക്കല്‍നിന്ന് ഒന്ന് തിരഞ്ഞെടുക്കാന്‍ കഴിയില്ല'. മനുഷ്യര്‍ വിനാശകരമായ പ്രവൃത്തികള്‍ ചെയ്യുന്നത് മറുഭാഗത്തുനിന്ന് നോക്കി, മനുഷ്യലോകത്ത് ദൈവം നിഷ്ക്രിയനാണെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നാണ് പറഞ്ഞുവരുന്നത്. ദൈവം എപ്പോഴും വ്യത്യസ്തമായ പ്രവര്ത്തനരീതിക്കായുള്ള ക്ഷണമാണ് നല്‍കുന്നത്. പക്ഷെ, മനുഷ്യപ്രതിനിധികള് പലപ്പോഴും തങ്ങളുടെ ചുരുങ്ങിയതും നാശകരവുമായ ആകാംക്ഷകളാല്‍ അന്ധരായിരിക്കുന്നു. പ്രവാചകന് മുഹമ്മദ്(സ്വ) വ്യക്തമാക്കിയതുപോലെ, ദൈവം മനുഷ്യന്റെ മാനവിക പ്രവണതകളുടെ (human tendencies) വ്യാപനത്തിലേക്കും ആ വ്യാപനത്തെ പ്രകടിപ്പിക്കുന്ന ഫലപ്രദമായ രൂപങ്ങളിലേക്കും പ്രചോദിപ്പിക്കുന്നുണ്ട്. പരസ്പര ബന്ധിതമായ ഇന്നത്തെ ലോകത്ത്, ദൈവീകമായ ആ സര്‍ഗാത്മക പരിവര്‍ത്തനത്തോട് നാം വിമുഖത കാണിക്കുന്നത് തുടര്‍ന്നാല്‍, നമ്മുടെ ബോധപൂര്‍വമായ ഈ അന്ധതയും കഠിനമനസ്സും വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. അല്ലാഹുവിന്റെ 'ബന്ധപരമായ സ്വഭാവം' (relationality) എന്നത് പല പരമ്പരാഗത മുസ്ലിം വിശ്വാസികളെയും അമ്പരപ്പിച്ചേക്കാം. കാരണം, ദൈവത്തെ ഒരു സര്‍വാധിപതിയായി മാത്രം കാണുന്ന രീതിയിലാണ് പലരും വളര്‍ന്നുവന്നത്. ഖുര്‍ആനിക ദര്‍ശനത്തിന്റെ കേന്ദ്രബിന്ദു ദൈവത്തിന്റെ ഏകപക്ഷീയമായ നിയന്ത്രണമാണെന്ന് അവര്‍ തെറ്റായി ധരിക്കുന്നു. വാസ്തവത്തില്‍, ഖുര്‍ആന്‍ ഒട്ടേറെ വ്യാഖ്യാനങ്ങള്‍ക്ക് പഴുതുള്ള ഒരു ഗ്രന്ഥമാണ്. അതിന് ഒരൊറ്റ നിശ്ചിത വ്യാഖ്യാനമില്ല. വ്യാഖ്യാതാവിന്റെ മുന്‍ധാരണകളും അനുഭവങ്ങളും കാലഘട്ടവും ഖുര്‍ആന്‍ വായനയെ സ്വാധീനിക്കുന്നു എന്ന യാഥാര്‍ഥ്യം നാം വിസ്മരിക്കരുത്. ദൈവം ഏകപക്ഷീയമായി അധികാരം പ്രയോഗിക്കുന്നവനാണെന്ന ചിന്താഗതി രൂപപ്പെട്ടത് പ്രധാനമായും പുരാതന രാജഭരണ കാലത്താണ്. അന്നത്തെ ഭരണാധികാരികളുടെ സ്വേച്ഛാധിപത്യത്തെ ന്യായീകരിക്കാന്‍ ഇത്തരം ദൈവ സങ്കല്‍പ്പങ്ങള്‍ സഹായിച്ചിരുന്നു. എന്നാല്‍ ഖുര്‍ആനിലെ പ്രയോഗങ്ങളെയും അതിന്റെ ആന്തരിക ലോകത്തെയും ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ അത്തരമൊരു കാര്‍ക്കശ്യത്തിന് വലിയ അടിസ്ഥാനമില്ലെന്ന് കാണാം.
ഇഖ്ബാലിന്റെ സ്വാധീനമുള്ള ചിന്തകര്‍ വിശ്വസിക്കുന്നത്, അദ്ദേഹം ദൈവത്തിന്റെ ശക്തിയെ ഖുര്‍ആനിക ജ്ഞാനത്തിന് അനുസൃതമായാണ് മനസ്സിലാക്കിയത് എന്നാണ്. ഓരോ മനുഷ്യന്റെയും വ്യക്തിത്വത്തിനും അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള കഴിവിനും (free personal causality) ഖുര്‍ആന്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ, ദൈവം എല്ലാം നിയന്ത്രിക്കുന്ന ഒരു സര്വാധിപതിയാണെന്ന സങ്കല്‍പ്പം മനുഷ്യന്റെ ഈ സ്വാതന്ത്ര്യത്തിന് വിരുദ്ധമാണ്. ദൈവത്തിന്റെ ശക്തി എന്നത് മനുഷ്യരെ അടിച്ചമര്‍ത്തുന്ന ഒന്നല്ലെന്നും പകരം അവരെ ശാക്തീകരിക്കുന്ന ഒന്നാണെന്നുമുള്ള വിശ്വാസമാണ് ഇവിടെ ഉടലെടുക്കുന്നത്. ബലം പ്രയോഗിച്ച് നിയന്ത്രിക്കുന്നതിനെക്കാള്‍ വലിയ ശക്തിയാണ് സ്നേഹത്തിലൂടെയും പ്രേരണയിലൂടെയും മനുഷ്യര്‍ക്ക് പുതിയ സാധ്യതകള്‍ തുറന്നുകൊടുക്കുക എന്നത്. ഈ 'പ്രബോധനപരമായ ശക്തി' (persuasive power) വഴി ദൈവം മനുഷ്യരെ തന്റെ സര്‍ഗാത്മക പ്രക്രിയയില്‍ പങ്കാളികളാക്കുന്നു. പ്രപഞ്ചത്തിന്റെ സൗഖ്യത്തിനും നന്മയ്ക്കുമായി ദൈവത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഒരു ക്ഷണമാണിത്. ഈ യാത്ര ദൈവത്തിനും നമുക്കും ഒരുപോലെ നിതാന്തമായ ഒരു പരിണാമമാണ്.പ്രപഞ്ചം എങ്ങനെ തുടങ്ങി, എവിടെ അവസാനിക്കും എന്ന ചോദ്യം എല്ലാ ദൈവശാസ്ത്രജ്ഞര്‍ക്കും പ്രധാനമാണ്. പ്രപഞ്ചത്തിന് മുന്‍പ് ദൈവം മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നും ശൂന്യതയില്‍നിന്നാണ് (creatio ex nihilo) ദൈവം ലോകത്തെ സൃഷ്ടിച്ചതെന്നും ഇസ്ലാമിക തത്വചിന്തയില്‍ പൊതുവായ ഒരഭിപ്രായമുണ്ട്. ഇഖ്ബാലും ഈ കാഴ്ചപ്പാടിനോട് യോജിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, സൃഷ്ടിക്കുശേഷം ദൈവം സ്വയം പരിമിതപ്പെടുത്തിക്കൊണ്ട് മനുഷ്യരുമായി ഒരു ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇതിനെ 'സ്നേഹത്തിന്റെ സര്‍വശക്തിത്വം' എന്ന് വിളിക്കാം. എന്നാല്‍, മറ്റൊരു വിഭാഗം ചിന്തകര്‍ വിശ്വസിക്കുന്നത്, പ്രപഞ്ചം ഉണ്ടായ കാലം മുതല്‍ക്കെ ദൈവത്തിന്റെ ശക്തി ഏകപക്ഷീയമല്ല, മറിച്ച് ബന്ധപരമായിരുന്നു എന്നാണ്. അവരുടെ നോട്ടത്തില്‍ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചത് സ്നേഹത്തിലൂടെയും പ്രചോദനത്തിലൂടെയുമാണ്. ഇതൊരു പുതിയ ചിന്താഗതിയാണെങ്കിലും ഇസ്ലാമിക ചരിത്രത്തിന് തീര്‍ത്തും അന്യമല്ല. തുടക്കത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ എന്തുതന്നെയായാലും, നിലവില്‍ പ്രപഞ്ചത്തില്‍ ദൈവത്തിന്റെ ഇടപെടല്‍ സ്നേഹനിര്‍ഭരവും ബന്ധപരവുമാണെന്ന കാര്യത്തില്‍ ഇവര്‍ക്ക് തര്‍ക്കമില്ല.അന്ത്യത്തെക്കുറിച്ച് പറയുമ്പോള്‍, പ്രപഞ്ചത്തിന്റെ ഭാവി ദൈവത്തിന്റെ കരങ്ങളിലാണെന്ന് മുസ്ലിംകള് വിശ്വസിക്കുന്നു. അത് പുനരുത്ഥാനമാണോ അതോ പുതിയൊരു സൃഷ്ടിയാണോ എന്നതിലുപരി, ആ അന്ത്യം ദൈവിക സ്നേഹത്തില്‍ അധിഷ്ഠിതമായിരിക്കും എന്ന് നമുക്ക് വിശ്വസിക്കാം. ഇഖ്ബാലിനെ സംബന്ധിച്ചിടത്തോളം ഭാവി എന്നത് ദൈവത്തിനുപോലും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നല്ല. സാധ്യതകളെ സാധ്യതകളായിത്തന്നെ ദൈവം അറിയുന്നു. അതുകൊണ്ടാണ് ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധികളായി (vicegerents) കരുണയോടും അന്തസ്സോടുംകൂടി പ്രവര്‍ത്തിക്കുക എന്നത് നമ്മുടെ കടമയായി മാറുന്നത്. നാം ചെയ്യുന്ന നന്മകളിലൂടെയാണ് ദൈവ ഹിതം ഭൂമിയില്‍ നടപ്പിലാകുന്നത്. അത് ഈ ലോകത്തിനും ദൈവത്തിനും ഒരുപോലെ പ്രധാനമാണ്.
വിവര്‍ത്തനം: നാസിം വേങ്ങര
