കേരളത്തിലെ ആദ്യകാല മസ്ജിദുകളുടെ വാസ്തുവിദ്യ അന്നത്തെ തദ്ദേശീയമായ നിർമാണരീതികളോടു പൂർണമായും ചേർന്നുനിൽക്കുന്നതായിരുന്നു എന്നതിനാൽ പള്ളിയോടു ചേർന്നുള്ള വലിയ കുളങ്ങളായിരുന്നു വുളൂവിനായി വിശ്വാസികൾ പ്രധാനമായും ആശ്രയിച്ചിരുന്നത്. മിക്ക വലിയ പള്ളികൾക്കും സമീപം വിശാലമായ ചതുരക്കുളങ്ങൾ ഉണ്ടായിരുന്നു; പ്രകൃതിദത്തമായ നീരുറവകളെ നിലനിർത്തിക്കൊണ്ട് കരിങ്കല്ലുകളോ വെട്ടുകല്ലുകളോ പാകി അലങ്കരിച്ച കുളങ്ങളിലേക്ക് ഇറങ്ങുന്നതിനായി മനോഹരമായ കൽപ്പടവുകളും അടങ്ങുന്നതായിരുന്നു ഘടന. ശാന്തമായി കെട്ടിക്കിടക്കുന്ന ഇത്തരം ജലാശയങ്ങളിൽനിന്ന് കൈക്കുമ്പിളിൽ വെള്ളമെടുത്തു മുഖവും കൈകാലുകളും കഴുകുക.

വളരെ ലളിതമായിരുന്നു ആദ്യ കാലത്തെ വുളൂ ചെയ്യൽ കർമം. കുളങ്ങളില്ലാത്ത ചെറിയ പള്ളികളിൽ കരിങ്കല്ലു കെട്ടിയ വലിയ കിണറുകളിൽനിന്ന് കയറും ബക്കറ്റും (പഴയകാലത്ത് തുകൽപ്പാത്രങ്ങൾ) ഉപയോഗിച്ചു വെള്ളം കോരിയെടുത്ത്, അതിനടുത്തായി നിർമിച്ച ചെറിയ കല്ലുവെട്ടുകളിലൂടെയോ ചാലുകളിലൂടെയോ ഒഴുക്കിവിട്ടായിരുന്നു വിശ്വാസികൾ ശുദ്ധി വരുത്തിയിരുന്നത്.

തുടർന്നാണ് ഹൗളുകളുടെ വരവ്. പള്ളിക്കുള്ളിലെ ജലസംഭരണികൾ പള്ളികളുടെ നിർമാണത്തിൽ പശ്ചിമേഷ്യൻ സ്വാധീനം വർധിക്കുകയും വലിയ ജനസമൂഹങ്ങൾ ഒരേസമയം പ്രാർഥനയ്ക്കായി ഒത്തുകൂടാൻ തുടങ്ങുകയും ചെയ്തതോടെയാണു കുളങ്ങൾക്കു പകരമായി പള്ളിയുടെ പ്രധാന കെട്ടിടത്തോടു ചേർന്ന് 'ഹൗളുകൾ' രൂപപ്പെടുന്നത്. പള്ളിയുടെ മുൻഭാഗത്തോ ഏന്തെങ്കിലും വശങ്ങളിലോ ആയി ചതുരാകൃതിയിൽ നിർമിക്കപ്പെടുന്ന വലിയ വാട്ടർ ടാങ്കുകളാണ് ഹൗളുകൾ. ഇവക്കു ചുറ്റും വിശ്വാസികൾക്ക് ഇരിക്കാനായി പ്രത്യേക കൽത്തൂണുകളോ തിട്ടകളോ നിർമിച്ചിട്ടുണ്ടാകും.
കിണറ്റിൽനിന്ന് കോരിയൊഴിക്കുന്ന വെള്ളം ഹൗളുകളിൽ സംഭരിക്കപ്പെടുകയും വിശ്വാസികൾ അതിലിരുന്ന് വെള്ളം കോരി ശുദ്ധി വരുത്തുകയും ചെയ്യും. വലിയ പള്ളികളിൽ ഹൗളിലെ വെള്ളം എപ്പോഴും ശുദ്ധമായി നിലനിർത്താൻ പ്രത്യേക ചാലുകളിലൂടെ പുതിയ വെള്ളം എത്തിക്കുകയും മലിനജലം പുറത്തേക്ക് ഒഴുക്കിക്കളയുകയും ചെയ്യുന്ന സംവിധാനങ്ങൾ ഉണ്ടായിരുന്നു. ഹൗളുകളിൽ മീനുകളും കാണാം. കുളങ്ങളിൽനിന്ന് ഹൗളിലേക്കുള്ള പരിണാമത്തിൽ സംഭവിച്ചതാകാം മീനുകളുടെ യാത്രയും

പൈപ്പു ലൈനുകളും ടാപ്പുകളും പിന്നീടു വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ പ്ലംബിംഗ് സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്താൻ തുടങ്ങിയത് പള്ളികളിലെ ശുദ്ധീകരണ ശീലങ്ങളെ പൂർണമായും മാറ്റിമറിച്ചു. പല ആളുകൾ ഒരേ ജലാശയത്തിൽനിന്ന് കൈമുക്കി വെള്ളമെടുക്കുന്ന രീതി ആരോഗ്യപരമായി അത്ര നല്ലതല്ലെന്ന ആധുനിക ചിന്തകളും ശുചിത്വബോധവും പള്ളിക്കമ്മിറ്റികളെ സ്വാധീനിക്കാൻ തുടങ്ങി. തുടർന്നു ജനങ്ങൾക്കിടയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിനു ബദലായി ഒഴുകുന്ന വെള്ളമെന്ന ചിന്ത വന്നു. ഹൗളുകളുടെ വശങ്ങളിൽ ടാപ്പുകൾ പിടിപ്പിക്കുകയും പൈപ്പുകൾവഴി നേരിട്ടു വെള്ളം നൽകുകയും ചെയ്തതോടെ വുളൂ എടുക്കൽ കൂടുതൽ വേഗതയേറിയതും ലളിതവുമായി മാറി. കിണറുകളിൽനിന്ന് വെള്ളം കോരുന്നതിനുപകരം ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിച്ചു മുകളിലെ ടാങ്കുകളിലേക്കു വെള്ളം അടിച്ചുകയറ്റുന്ന രീതി ഇതോടെ സാർവത്രികമായി. പഴയ വലിയ കുളങ്ങൾ സംരക്ഷിക്കാൻ ബുദ്ധിമുട്ടായതിനാലും അവ പള്ളിയുടെ വികസനത്തിനു തടസ്സമാണെന്നു കരുതിയതിനാലും പല പള്ളികളും കുളങ്ങൾ നികത്തുകയും പകരം നീളത്തിലുള്ള കോൺക്രീറ്റ് വുളൂഖാനകൾ പണിയുകയും ചെയ്തു.
അങ്ങനെയാണ് ആധുനിക വുളുഖാനകളുടെ വരവ്. തീർത്തും അത്ഭുതാവഹം. എൺപതുകളിലും തൊണ്ണൂറുകളിലും മലബാറിൽ ഉണ്ടായ സാമ്പത്തിക ഉണർവ് പള്ളികളുടെ വാസ്തുവിദ്യയെ പൂർണമായും ആഡംബരപൂർണമാക്കി മാറ്റിയപ്പോൾ വുളൂ ഇടങ്ങളും അതിനനുസരിച്ചു നവീകരിക്കപ്പെട്ടു. കോൺക്രീറ്റ് തറകൾക്കുപകരം തിളങ്ങുന്ന വിദേശ ടൈലുകളും ആന്റി-സ്കിഡ് (വഴുതാത്ത) മാർബിളുകളും വുളൂഖാനകളിൽ വന്നുതുടങ്ങിയ സമയം. വിശ്വാസികൾക്കു സുഖകരമായി ഇരിക്കാൻ പാകത്തിൽ സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടോ ഫൈബർ കൊണ്ടോ ഉള്ള പ്രത്യേക സീറ്റുകൾ ടാപ്പുകൾക്കുമുന്നിൽ സ്ഥാപിക്കപ്പെട്ടു. സൗകര്യങ്ങളുടെ വർധനവ് പിന്നീടും കൂടിവന്നു. ചൂടുകാലത്തു തണുത്ത വെള്ളവും തണുപ്പുകാലത്ത് ചെറുചൂടുവെള്ളവും നൽകുന്ന വാട്ടർ ഹീറ്ററുകൾ, കൈകാലുകൾ തുടയ്ക്കാനുള്ള ഡ്രയറുകൾ, വലിയ കണ്ണാടികൾ എന്നിവ പുതിയ വുളൂഖാനകളുടെ ഭാഗമായി മാറി. വെള്ളം പാഴായിപ്പോകുന്നതു തടയാൻ സെൻസർ ഘടിപ്പിച്ച ഓട്ടോമാറ്റിക് ടാപ്പുകൾപ്പോലും വലിയ നഗരങ്ങളിലെ പള്ളികളിൽ സ്ഥാപിക്കപ്പെട്ടു.

ആധുനികവൽക്കരണം ശുചിത്വവും സൗകര്യവും വർധിപ്പിച്ചുവെങ്കിലും പഴയകാല കുളക്കരകളും ഹൗളുകളും നൽകിയിരുന്ന പ്രകൃതിദത്തമായ തണുപ്പും ആത്മീയമായ ശാന്തതയും നഷ്ടപ്പെടുത്തുകയും വുളൂ ചെയ്യലിനെ കേവലം യാന്ത്രികമായ ഒരു പ്രക്രിയയായി മാറ്റുകയും ചെയ്തു. കോവിഡ് മഹാമാരിയുടെ വരവ് നിസ്കാരപ്പായകളുടെ ചരിത്രത്തെപോലെ വുളൂ ഇടങ്ങളുടെ ഉപയോഗത്തെയും സാരമായി ബാധിക്കുകയുണ്ടായി. അതിന്റെ സാമൂഹികത നഷ്ടപ്പെട്ടു തുടങ്ങി. വിശ്വാസികളുടെ ദൈനംദിന സാഹചര്യത്തിൽ അപ്പാടെ പറിച്ചു മാറ്റപ്പെട്ടപോലെയായിരുന്നു കാര്യങ്ങൾ. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പള്ളികളിലെ പൊതുവായ വുളൂ സംവിധാനങ്ങൾ ഉപയോഗിക്കുന്നതു സർക്കാർ പൂർണമായും വിലക്കിയിരുന്നു. വിശ്വാസികൾ സ്വന്തം വീടുകളിൽനിന്നുതന്നെ വുളു എടുത്തുകൊണ്ടുവേണം പള്ളികളിലേക്കു വരാൻ. പള്ളികളിൽ വുളൂ എടുക്കേണ്ടിവരുന്ന അടിയന്തിര സാഹചര്യങ്ങളിൽ കൈകൾ തൊടാതെ കാൽകൊണ്ടു ചവിട്ടി പ്രവർത്തിപ്പിക്കാവുന്ന 'പെഡൽ ടാപ്പുകളും' സെൻസർ ടാപ്പുകളും വ്യാപകമായി സ്ഥാപിക്കപ്പെട്ട സമയം കൂടിയായിരുന്നു അത്. ഇന്ന് മഹാമാരി ഒഴിഞ്ഞുപോയെങ്കിലും വീടുകളിൽനിന്ന് വുളൂ എടുത്തു പള്ളിയിലേക്കു വരുന്ന ശീലം (ഞാനടക്കമുള്ള) പല വിശ്വാസികളും ഇപ്പോഴും തുടരുന്നുണ്ട്.
