മുഹമ്മദ് റിയാസ് ചെങ്ങണക്കാട്ടിൽ ഗെന്റ് സർവകലാശാലയിലെ ഭാഷകളും സംസ്കാരങ്ങളും വകുപ്പിൽ പോസ്റ്റ്ഡോക്ടറൽ ഫെലോ ആണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ഡൽഹിയിലെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിൽനിന്ന് ദക്ഷിണേഷ്യൻ സംസ്കാരത്തിലും ചരിത്രത്തിലും പ്രത്യേക പഠനം നടത്തി 2024ൽ പി.എച്ച്.ഡി നേടി. അറബിക്, മലയാളം, അറബി-മലയാളം, ഉറുദു, പേർഷ്യൻ, ഒട്ടോമൻ തുർക്കിഷ്, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ചരിത്ര രേഖകളും വിവരണങ്ങളും, ദക്ഷിണേഷ്യയിൽനിന്ന്, പ്രത്യേകിച്ച് മലബാർ, മദ്രാസ്, ഹൈദരാബാദ് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് മക്കയിലേക്കുള്ള തീർത്ഥാടനത്തിന്റെ പശ്ചാത്തലത്തിൽ, കുടിയേറ്റത്തിന്റെ ദീർഘകാല പ്രക്രിയകൾ, ആഗോള മുസ്ലിം ശൃംഖലകൾ തുടങ്ങിയ താൽപര്യങ്ങളാണ് അദ്ദേഹത്തിന്റെ ഗവേഷണ മേഖലകൾ. ഹജ്ജ് വിവരണങ്ങളും ഇന്ത്യൻ മഹാസമുദ്ര മുസ്ലിം സാഹിത്യവും; തീർത്ഥാടകരുടെ ഓർമക്കുറിപ്പുകളിലെ 'ഞങ്ങൾ-രൂപീകരണം'; അദൃശ്യമായ വിശുദ്ധ ഇടവും ജിന്ന് പള്ളികളും; ആദ്യകാല ഇസ്ലാമിക കാലഘട്ടത്തിലെ കലാപവും നിർമിത ചുറ്റുപാടുകളുടെ രാഷ്ട്രീയവും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ അദ്ദേഹം പ്രസിദ്ധീകരണങ്ങൾ നടത്തിയിട്ടുണ്ട്. 'സെയിലിംഗ് ടു ദ ഹിജാസ്: നാരറ്റിവൈസേഷൻ ഓഫ് ഹജ്ജ് ഇൻ ദ ലിറ്റററി ഇന്ത്യൻ ഓഷ്യൻ' എന്ന അദ്ദേഹത്തിന്റെ പ്രബന്ധം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിൽ, 'ഹബ്സ് ഓഫ് ഫെയ്ത്ത് ഇൻ ദ ഇന്ത്യൻ ഓഷ്യൻ: മുസ്ലിം മൊബിലിറ്റീസ് ആൻഡ് ട്രാൻസ് റീജിയണൽ സേക്രഡ് ടോപ്പോഗ്രാഫീസ് ഇൻ ആൻഡ് ബിയോണ്ട് മലബാർ' എന്ന തലക്കെട്ടിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു. 'ദ മോസ്ക്വസ് ഓഫ് കേരള: ആർട്ടിസ്റ്റിക് വോക്കാബുലറീസ് ഇൻ ദ ഐഡന്റിറ്റി-ബിൽഡിംഗ് ഓഫ് മുസ്ലിം കമ്മ്യൂണിറ്റീസ്' എന്ന എഫ്.ഡബ്ല്യു.ഒ പദ്ധതിയുടെ ഭാഗമാണ് ഈ ഗവേഷണം.
തിബാഖിലെ ലേഖനത്തിൽ ഹജ്ജ് യാത്രാവിവരണ സാഹിത്യത്തിന്റെ ചരിത്രപരമായ പരിണാമത്തെക്കുറിച്ച് താങ്കൾ വളരെ വിശദമായി സംസാരിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിൽ നിന്നുള്ള ആദ്യകാല ഹജ്ജ് യാത്രാവിവരണങ്ങൾ കേവലം ആത്മീയ അനുഭവങ്ങൾക്കൊപ്പം അക്കാലത്തെ സാമൂഹിക പശ്ചാത്തലത്തെയും കുറിച്ചടയാളപ്പെടുത്തിയിരുന്നു. ഈ രചനകൾ രൂപപ്പെടുത്തിയ ആശയലോകം ആധുനിക ഹജ്ജ് യാത്രകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. വ്യത്യസ്ത കാലഘട്ടങ്ങളിലെ രാഷ്ട്രീയ സാമൂഹിക വ്യവഹാരങ്ങൾ ഈ ഹജ്ജെഴുത്തുകളെ സ്വാധീനിച്ചു എന്ന് എങ്ങനെയാണ് വിശദീകരിക്കുക?
ഞാൻ തിബാഖിൽ ചെയ്തത് ലളിതമായ ഒരു നിരീക്ഷണമാണ്. ഹജ്ജ് യാത്രാവിവരണങ്ങൾ എന്ന ആഖ്യാന ശാഖ തന്നെ നമുക്ക് ഒരു ചരിത്ര പ്രക്രിയ വെളിപ്പെടുത്തുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഈ വിവരണങ്ങൾ കേവലം ആത്മീയത മാത്രം പറഞ്ഞിരുന്നില്ല. അവ യാത്രയുടെ സാമൂഹികവും രാഷ്ട്രീയവുമായ വശങ്ങൾക്ക് വലിയ പ്രാധാന്യം നൽകി. തീർത്ഥാടകർ തങ്ങൾ കണ്ടുമുട്ടിയ ആളുകളെ വിവരിച്ചു. അവർ സന്ദർശിച്ച സ്ഥലങ്ങളുടെ രാഷ്ട്രീയ അവസ്ഥ രേഖപ്പെടുത്തി. ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചകൾ വിശദമാക്കി. അവർ ഹജ്ജിന്റെ മതപരമായ കാര്യങ്ങൾക്ക് പകരം മക്കയിലെ ജനങ്ങളുടെ ജീവിതരീതികളും ഭരണാധികാരികളുമായുള്ള ഇടപെടലുകളുമാണ് രേഖപ്പെടുത്തിയത്. ഇരുപതാം നൂറ്റാണ്ടോടെ ഈ വിവരണങ്ങൾ കൂടുതൽ മാറാൻ തുടങ്ങി. കൊളോണിയൽ വിരുദ്ധ രാഷ്ട്രീയവും പാൻ-ഇസ്ലാമിക ആശയങ്ങളും അവയിൽ ഇടംപിടിച്ചു. ചില എഴുത്തുകാർ ഹജ്ജിനെ ഒരു രാഷ്ട്രീയ വേദിയായി കണ്ടു. ദേശീയതയെ വിമർശിക്കുകയും വിഭാഗീയ രാഷ്ട്രീയത്തിന് അപ്പുറമുള്ള ഒരു സാമുദായിക രാഷ്ട്രീയത്തിന് വേണ്ടി വാദിക്കുകയും ചെയ്ത എഴുത്തുകാരുണ്ട്. മറ്റുചിലർ അതിനെ ന്യൂനപക്ഷ സംരക്ഷണത്തിനുള്ള അവസരമായി വീക്ഷിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം എഴുതപ്പെട്ട ഒരു മലയാള കൃതിയിൽ, ആഗോള മുസ്ലിം സംഗമത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കാനുള്ള ഒരു വേദിയായി കാണുന്നുണ്ട്.
അങ്ങനെ, ഓരോ കാലഘട്ടത്തിന്റെയും രാഷ്ട്രീയ സാമൂഹിക വ്യവഹാരങ്ങൾ ഈ എഴുത്തുകളുടെ രൂപത്തെയും ഉള്ളടക്കത്തെയും നേരിട്ട് സ്വാധീനിച്ചു. മുഗൾ സാമ്രാജ്യത്തിന്റെ തകർച്ച, കൊളോണിയൽ ശക്തികളുടെ ഉയർച്ച, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ, ഇന്ത്യയുടെ വിഭജനം - ഇവയെല്ലാം ഹജ്ജെഴുത്തുകളിൽ പ്രതിഫലിച്ചു. തീർത്ഥാടകർ തങ്ങളുടെ യാത്രയ്ക്കിടെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ രാഷ്ട്രീയ സംഭവങ്ങൾ എഴുതി. അവർ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ രേഖപ്പെടുത്തി. ചിലർ ഭരണാധികാരികളെ വിമർശിച്ചു. മറ്റുചിലർ കൊളോണിയൽ ശക്തികൾക്കെതിരെ പ്രതിഷേധിച്ചു. ഇങ്ങനെ, ഹജ്ജ് വിവരണങ്ങൾ കേവലം യാത്രാവിവരണങ്ങൾ മാത്രമായിരുന്നില്ല.
അവ അവയുടെ കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിന്റെ അമൂല്യ രേഖകളായിരുന്നു. 1946ലെ ഹജ്ജിനെകുറിച്ച് വയനാട്ടിൽ നിന്നുള്ള പള്ളിയാൽ മൊയ്തു ഹാജി മലയാളത്തിൽ എഴുതിയ 'ഞാൻ കണ്ട അറേബ്യ’ വരെ ഈ പാരമ്പര്യം തുടരുന്നു. എന്റെ ഗവേഷണത്തിൽ ഞാൻ ഈ ഹജ്ജ് വിവരണം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്, ഒരു മലബാരി തീർത്ഥാടകന്റെ യാത്രയെ തെക്കുകിഴക്കൻ ഏഷ്യ, കൊളംബോ, അറബ്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം രാഷ്ട്രീയ നേതാക്കളുമായി ഇടപെടലിലും സംവദിക്കലിലും കൊണ്ടുവരിക എന്നതായിരുന്നു എന്റെ ലക്ഷ്യം. അദ്ദേഹം ഒരു ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് യാത്ര ചെയ്തത്. അദ്ദേഹത്തിന്റെ വിവരണത്തിൽ യുദ്ധാനന്തര രാഷ്ട്രീയവും മുസ്ലിം ഐക്യത്തിന്റെ ആവശ്യകതയും ഇടംപിടിച്ചു. അങ്ങനെ നോക്കുമ്പോൾ, ഹജ്ജെഴുത്തുകളുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. തീർത്ഥാടനം ഒരിക്കലും രാഷ്ട്രീയത്തിന് അതീതമായിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടിലെ ആദ്യ വിവരണങ്ങൾ മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെ, ഓരോ ഹജ്ജ് വിവരണവും അതിന്റേതായ രീതിയിൽ ലോകത്തെ രേഖപ്പെടുത്തി. ആ രേഖപ്പെടുത്തലുകൾ ഇന്ന് നമുക്ക് ചരിത്രത്തിന്റെ അമൂല്യ രേഖകളാണ്.
കൊളോണിയൽ കാലഘട്ടത്തിലെ സമുദ്രമാർഗ്ഗമുള്ള തീർത്ഥാടനം തീർത്തും ദുഷ്കരമായ ഒരു അനുഭവമായിരുന്നുവെന്ന് അഭേദ ലേഖനത്തിൽ നിങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ആ കാലത്ത് ബ്രിട്ടീഷ് ഭരണകൂടം ഏർപ്പെടുത്തിയ പാസ്പോർട്ടുകളും മെഡിക്കൽ പരിശോധനകളും യാത്രകളെ വലിയ ഭീതിയിൽ നിയന്ത്രിച്ചിരുന്നു. ഇത്തരം നിയന്ത്രണങ്ങൾ വിശ്വാസികളുടെ യാത്രകളെയും അവരുടെ മാനസികാവസ്ഥയെയും പലവിധത്തിൽ സ്വാധീനിച്ചു. ആധുനിക ഗതാഗത സൗകര്യങ്ങൾക്കുമുമ്പുള്ള ഈ കൊളോണിയൽ നിയന്ത്രണങ്ങൾ ഹജ്ജ് എന്ന ആത്മീയ സംഗമത്തെ ഏതെല്ലാം രീതിയിലാണ് മാറ്റങ്ങൾക്കു വിധേയമാക്കിയത്?
കോളോണിയൽ നിയന്ത്രണങ്ങൾ ഹജ്ജിനെ ഒരു ആത്മീയ യാത്രയിൽ നിന്ന് ഒരു ബ്യൂറോക്രാറ്റിക് പ്രക്രിയയാക്കി മാറ്റി. ഈ മാറ്റം എങ്ങനെയാണ് സംഭവിച്ചത്? വിശദമായി പറയാം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ബ്രിട്ടീഷ് ഭരണകൂടം ഏർപ്പെടുത്തിയ പാസ്പോർട്ടും മെഡിക്കൽ പരിശോധനയും ഇല്ലാതെ ആരും യാത്ര പുറപ്പെടാത്ത അവസ്ഥ വന്നു. ഇതിന് മുമ്പ് കടൽ മാർഗ്ഗമുള്ള ഹജ്ജ് യാത്രകൾ കുടുംബങ്ങളുടെയും വ്യാപാരികളുടെയും കപ്പൽനായകരുടെയും സ്വകാര്യ ക്രമീകരണങ്ങളായിരുന്നു. ഒരു കപ്പൽനായകനുമായി ഇടപാട് നടത്തി, കൂലി നിശ്ചയിച്ചു, യാത്ര പുറപ്പെട്ടു. കൊളോണിയൽ കാലത്ത് അത് സർക്കാർ നിയന്ത്രണത്തിലായി. പാസ്പോർട്ട് വേണം. മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം. കപ്പൽ കയറുന്നതിന് മുമ്പ് പരിശോധനകൾ വേണം. ഇതെല്ലാം തീർത്ഥാടകരിൽ വലിയ മാനസിക സമ്മർദ്ദം സൃഷ്ടിച്ചു. പല വിവരണങ്ങളിലും ഈ ഭീതി വർണ്ണിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ മുൻപിൽ നിൽക്കേണ്ടി വന്നത്, അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നത്, പലപ്പോഴും അപമാനിക്കപ്പെട്ടത് - ഇവയെല്ലാം അവരുടെ മനസ്സിൽ പതിഞ്ഞു.
എന്നാൽ ഇതിലും കടുത്തതായിരുന്നു ശുചിത്വ നിയന്ത്രണങ്ങൾ. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യം മുതൽ, ദക്ഷിണേഷ്യയിൽ നിന്നുള്ള തീർത്ഥാടകർ കോളറയുടെയും പ്ലേഗിന്റെയും വാഹകരായി ആരോപിക്കപ്പെട്ടു. ബ്രിട്ടീഷ് മെഡിക്കൽ ഓഫീസർമാരും ഒട്ടോമൻ അധികാരികളും അവരെ അഴുക്കും ദുർഗന്ധവും പടർത്തുന്നവരായി ചിത്രീകരിച്ചു. 'ഇന്ത്യൻ തീർത്ഥാടകൻ' എന്നത് ഒരു മെഡിക്കൽ ഭീഷണിയുടെ പര്യായമായി മാറി. 1886-ഓടെ ഒട്ടോമൻ, ബ്രിട്ടീഷ് സാമ്രാജ്യങ്ങൾ ഒരു പുതിയ അന്താരാഷ്ട്ര ശുചിത്വ രാഷ്ട്രീയം ഏർപ്പെടുത്തി. ചെങ്കടലിന്റെ തെക്കൻ അറ്റത്തുള്ള ഒരു ദ്വീപ് ക്വാറന്റൈൻ കേന്ദ്രമായി സ്ഥാപിക്കപ്പെട്ടു. 'ആരോഗ്യത്തിന്റെ ദ്വീപ്' എന്ന് വിളിക്കപ്പെട്ട ആ സ്ഥലത്ത്, തീർത്ഥാടകർ കടുത്ത മെഡിക്കൽ നടപടികൾക്ക് വിധേയരായി. ഒരു തീർത്ഥാടകന്റെ വിവരണത്തിൽ നിന്ന് കേൾക്കുക: "We have literally become naked skeleton in the island of health." അവർ അവിടെ ദിവസങ്ങളോളം തടഞ്ഞുവെക്കപ്പെട്ടു. അവരുടെ വസ്ത്രങ്ങൾ അഴിച്ചു. ശരീരം മുഴുവൻ പരിശോധിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ ആളുകളെ വെവ്വേറെ മാറ്റി. കുടിവെള്ളം അപര്യാപ്തമായിരുന്നു. ഭക്ഷണം കിട്ടിയില്ല. ചിലർ ദാഹം കൊണ്ട് വലഞ്ഞു. മറ്റുചിലർ വിശപ്പ് കൊണ്ട് തളർന്നു. പലരും അവിടെ മരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യപ്പെട്ട വിധം പോലും അവരെ ഞെട്ടിച്ചു. ഈ അനുഭവങ്ങൾ ഒരു ഹജ്ജ് യാത്രയുടെ ഭാഗമായിരുന്നു.
ഈ കൊളോണിയൽ നിയന്ത്രണങ്ങൾ മൂന്ന് തരത്തിൽ ഹജ്ജിനെ മാറ്റിമറിച്ചു. ഒന്ന്, യാത്ര കൂടുതൽ ദൈർഘ്യമേറിയതും ചെലവേറിയതുമായി. ക്വാറന്റൈനിൽ കഴിയേണ്ടി വന്നത് യാത്രയുടെ സമയം വർദ്ധിപ്പിച്ചു. ചിലപ്പോൾ ആഴ്ചകൾ, ചിലപ്പോൾ മാസങ്ങൾ. ഇത് ചെലവ് കൂട്ടി. പാവപ്പെട്ട തീർത്ഥാടകർക്ക് ഇത് വലിയ ബാധ്യതയായി. രണ്ട്, തീർത്ഥാടകരുടെ മനസ്സിൽ സ്ഥിരമായ ഭീതി സൃഷ്ടിക്കപ്പെട്ടു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഭയപ്പെട്ടു. പരിശോധനകളെ ഭയപ്പെട്ടു. രോഗത്തെ ഭയപ്പെട്ടു. ക്വാറന്റൈനെ ഭയപ്പെട്ടു. മരണത്തെ പോലും ഭയപ്പെട്ടു. മൂന്ന്, ഹജ്ജിനെക്കുറിച്ചുള്ള തീർത്ഥാടകരുടെ ധാരണ തന്നെ മാറി. ചിലർ ഈ നിയന്ത്രണങ്ങളെ ദൈവത്തിന്റെ പരീക്ഷണമായി കണ്ടു. അവർ ക്വാറന്റൈനിൽ കഴിയുന്നതിനെ ഒരു ആത്മീയ അനുഭവമായി മാറ്റി. കഷ്ടപ്പാടുകൾ സഹിച്ചത് പാപമോചനത്തിനായി. രോഗം വന്നത് ദൈവത്തിന്റെ ഇച്ഛയാൽ. മറ്റുചിലർ ഈ നിയന്ത്രണങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പുതിയ അടിച്ചമർത്തൽ രീതിയായി കണ്ടു. അവർ തങ്ങളുടെ വിവരണങ്ങളിൽ ഇതിനെതിരെ പ്രതിഷേധിച്ചു. ബ്രിട്ടീഷ് ഭരണത്തെ വിമർശിച്ചു. ഒട്ടോമൻ അധികാരികളെ കുറ്റപ്പെടുത്തി. ഇങ്ങനെ, ഹജ്ജ് എന്ന ആത്മീയ സംഗമം ഒരു രാഷ്ട്രീയ-ബ്യൂറോക്രാറ്റിക് അനുഭവം കൂടിയായി മാറി. ക്വാറന്റൈൻ കേന്ദ്രങ്ങളും പാസ്പോർട്ട് നിയമങ്ങളും മെഡിക്കൽ പരിശോധനകളും ഹജ്ജ് യാത്രയുടെ അവിഭാജ്യ ഘടകങ്ങളായി. ഓരോ തീർത്ഥാടകനും ഈ നിയന്ത്രണങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. ഓരോ വിവരണവും ഈ നിയന്ത്രണങ്ങളെ രേഖപ്പെടുത്തി. ചിലർ ഭയപ്പെട്ടു. ചിലർ പ്രതിഷേധിച്ചു. ചിലർ അംഗീകരിച്ചു. ചിലർ ആത്മീയമാക്കി. എങ്ങനെയായാലും, കൊളോണിയലിസം ഹജ്ജിനെ എന്നെന്നേക്കുമായി മാറ്റിമറിച്ചു.
ഹജ്ജ് യാത്രകൾ കേവലം ശാരീരികമായ സഞ്ചാരങ്ങൾക്കപ്പുറം വിശാലമായൊരു അന്തർദേശീയ ബന്ധം രൂപപ്പെടുത്തുന്നുണ്ട് എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. അബ്ദുൽ മജീദ് ദരിയാബാദി പോലുള്ളവരുടെ രചനകളിൽ സാമ്രാജ്യത്വ വിരുദ്ധവും പാൻ-ഇസ്ലാമികവുമായ ആശയങ്ങൾ പ്രകടമായിരുന്നുവല്ലോ. മതക്രിയാ ബിംബങ്ങളെ മുന്നിൽ നിർത്തി പുതിയ സാമൂഹികതകളെയും സ്വത്വങ്ങളെയും നിർമ്മിക്കാൻ ഇത്തരം ആശയവിനിമയങ്ങൾ അവസരമൊരുക്കുന്നു. കൊളോണിയൽ ആധിപത്യത്തിനെതിരായ ഒരു പ്രതിരോധ തന്ത്രമായി ഇത്തരം ഹജ്ജ് വിവരണങ്ങൾ മാറിയതിനെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്?
എന്റെ ഒരു പ്രധാന വാദമാണിത്: ഹജ്ജ് എന്നത് കേവലം ഒരു തീർത്ഥാടനമല്ല, അതൊരു രാഷ്ട്രീയ ഇടപെടൽ കൂടിയാണ്. മുൻ കാലങ്ങളിലെ ഹജ്ജ് ചരിത്രം പരിശോദിച്ചാൽ നമ്മുക്ക് ഈ കാര്യം വ്യകതമാവും. പുതിയ കാലത്ത് നില മെച്ചപ്പെട്ട അവസ്ഥയിൽ ആണ്. അബ്ദുൽ മജീദ് ദരിയാബാദിയുടെ 'സഫർനാമ-ഇ-ഹജ്ജ്' എടുത്തുനോക്കുക. ദേശീയതയെ വിമർശിക്കുകയും വിഭാഗീയ രാഷ്ട്രീയത്തിന് അപ്പുറമുള്ള ഒരു സാമുദായിക രാഷ്ട്രീയത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്നു. "മതപ്രതിബദ്ധതയിലേക്കുള്ള തിരിച്ചുവരവ് ആധുനികതയോടും ആഗോളവൽക്കരണത്തോടും ഏറ്റുമുട്ടൽ സാധ്യമാക്കും" എന്ന് അദ്ദേഹം പറയുന്നു. 1946-ൽ മൊയ്തു ഹാജി മലയാളത്തിൽ എഴുതിയ ‘ഞാൻ കണ്ട അറേബ്യ’യും ഇതുപോലെ. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, മുസ്ലിം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള അവസരമായി അദ്ദേഹം ഹജ്ജിനെ കണ്ടു. അദ്ദേഹം മക്കയിലെയും വിദേശത്തെയും മുസ്ലിം സംഘടനകളുടെ കൊളോണിയൽ വിരുദ്ധ നിലപാടുകളെ പ്രശംസിച്ചു. ഞാൻ ഇതിനെ 'ബദൽ രാഷ്ട്രീയം' എന്ന് വിളിക്കുന്നു. എന്നാൽ ഈ പ്രതിരോധ രാഷ്ട്രീയം ആരുടെ പേരിലായിരുന്നു? ആരുടെ ശബ്ദം കേൾക്കപ്പെടാതെ പോയി? മക്കയുടെ ചരിത്രം പുണ്യഭൂമിയുടെ മാത്രം കേന്ദ്രത്തിലായിരുന്നു. പണ്ഡിതന്മാരും നേതാക്കളും ഉന്നതരും മാത്രം. വേറെ കുറെ ആളുകൾ ഉണ്ട്. അവരുടെ യത്നം ഇല്ലാതെ ഹജ്ജ് ഇത്രയും ചടുലതയിൽ നടക്കുമായിരുന്നില്ല. മതകീയ ആചാര്യന്മാർക്കും നേതാക്കൾക്കും തീർത്ഥാടകർക്കുമപ്പുറം ഹജ്ജ് സാധ്യമാക്കിയത് ആരാണ്? അറവുകാർ, തലമുടി വെട്ടുന്നവർ,. വെള്ളം ചുമന്നവർ. ഒട്ടകത്തെ ഓടിച്ചവർ. പട്ടിണിക്കിട്ട പാവപ്പെട്ട തീർത്ഥാടകർ. ഇവരുടെ അധ്വാനമില്ലായിരുന്നെങ്കിൽ ഹജ്ജ് കൂടുതൽ സൗകര്യപ്രദമായി നടക്കുമായിരുന്നില്ല. എങ്കിലും ചരിത്രരേഖകളിൽ അവർ അദൃശ്യർ. അറവുതൊഴിലാളികളെ കുറിച്ച് ചരിത്രമില്ല. ക്ഷുരകന്മാർക്ക് പേരില്ല. വെള്ളം ചുമന്നവരുടെ ജീവിതം ആർക്കും അറിയില്ല. മദ്ധ്യകാല ഹജ്ജ് വിവരണങ്ങളിൽ ചിലപ്പോൾ ഇവരെക്കുറിച്ചുള്ള പരാമർശങ്ങൾ കടന്നുവരും. അവർ ബലിമൃഗത്തെ എങ്ങനെ അറുത്തു. ഒരു ക്ഷുരകൻ മുടി എങ്ങനെ വെട്ടിക്കൊടുത്തു. ഒരു വെള്ളം ചുമക്കുന്നവൻ എങ്ങനെ കഷ്ടപ്പെട്ട് അത് വിതരണം ചെയ്തു. ഈ ചെറിയ കുറിപ്പുകൾ വിലപ്പെട്ടതാണ്.
കാരണം അവ നമ്മെ ഒരു യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുപോകുന്നു. സേവകരും ക്ഷുരകന്മാരും വെള്ളം ചുമക്കുന്നവരും എല്ലാം സാമൂഹികമായും നിയമപരമായും പാർശ്വവൽക്കരിക്കപ്പെട്ടവരായിരുന്നു. അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസമില്ലായിരുന്നു. അവർ താഴ്ന്ന ജാതിയിലായിരുന്നു. എങ്കിലും അവരില്ലാതെ പുണ്യനഗരത്തിന്റെ ആത്മീയവും ദൈനംദിനവുമായ ജീവിതം തളർന്നുപോകും. അവരാണ് ഹറമിന്റെ മണം വൃത്തിയാക്കിയത്. അവരാണ് ബലിമാംസം വിതരണം ചെയ്തത്. അവരാണ് ദാഹിച്ചവർക്ക് വെള്ളം നൽകിയത്. അവരാണ് യാത്രക്കാരെ ചുമന്നത്. അവരാണ് ആചാരങ്ങൾ പൂർത്തിയാക്കാൻ സഹായിച്ചത്.
ഹജ്ജ് വിവരണങ്ങൾ വായിക്കുമ്പോൾ എന്നെ ഏറ്റവും അസ്വസ്ഥനാക്കുന്ന ഒരു കാര്യമുണ്ട്. പുണ്യനഗരിയുടെ തെരുവോരങ്ങളിൽ കാണപ്പെടുന്ന യാചകരും പാവപ്പെട്ട തീർത്ഥാടകരും. ഹജ്ജിനെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങൾ പലപ്പോഴും മനോഹരമാണ്. വെളുത്ത വസ്ത്രങ്ങൾ. ഏകദേശ സാഹോദര്യം. ഭക്തിയുടെ പരമകാഷ്ഠ. എന്നാൽ പഴയകാല രേഖകൾ നോക്കുമ്പോൾ ഈ ചിത്രത്തിന് പിന്നിൽ മറ്റൊരു യാഥാർത്ഥ്യമുണ്ട്. ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും ഒരു ലോകം.
പല വിവരണങ്ങളിലും ഞാൻ ഇത് കണ്ടിട്ടുണ്ട്. തെരുവുകളിൽ നിരവധി യാചകർ. അവർ കൈ നീട്ടുന്നു. അവർ യാചിക്കുന്നു. ചിലർ രോഗികളാണ്. ചിലർ വൃദ്ധരാണ്. ചിലർ ഊനമുള്ളവരാണ്. മറ്റു ചിലർ കുട്ടികളാണ്. അവർക്ക് മക്കയിലേക്ക് വരാൻ കഴിഞ്ഞു. പക്ഷേ തിരികെ പോകാൻ വകയില്ല. അവരുടെ പണം തീർന്നു. അവരുടെ ബന്ധുക്കൾ അവരെ ഉപേക്ഷിച്ചു. അവർക്ക് ഭക്ഷണം വേണം. പാർപ്പിടം വേണം. ഔഷധം വേണം. എന്നാൽ ആർക്കും അവരെക്കുറിച്ച് വിവരമില്ല. അവർ തെരുവിൽ കിടക്കുന്നു. അവർ യാചിക്കുന്നു. അവർ മരിക്കുന്നു. ഇതിലും ദാരുണമായ ഒരു കാഴ്ചയുണ്ട്. ചില പാവപ്പെട്ട തീർത്ഥാടകർ ബലിമൃഗങ്ങളുടെ അവശിഷ്ടങ്ങൾ ശേഖരിക്കുന്നു. ഹജ്ജിന്റെ സമയത്ത് ലക്ഷക്കണക്കിന് മൃഗങ്ങളെ ബലി കഴിക്കുന്നു. അവയുടെ മാംസം വിതരണം ചെയ്യുന്നു. എന്നാൽ അവശേഷിക്കുന്ന തോലും എല്ലും കൊഴുപ്പും. ഈ അവശിഷ്ടങ്ങൾ വലിയ അളവിൽ തെരുവുകളിൽ വീണുകിടക്കും. ഈ അവശിഷ്ടങ്ങൾ ശേഖരിക്കുന്ന ആളുകളുണ്ട്. അവർ അവ വിൽക്കുന്നു. അതിൽ നിന്ന് കുറച്ച് വരുമാനം ഉണ്ടാക്കുന്നു. ഇവരിൽ പലരും പാവപ്പെട്ട തീർത്ഥാടകരാണ്. അവർ മറ്റു വഴികളൊന്നുമില്ലാതെ ഈ ജോലി ചെയ്യുന്നു. ഒരു തീർത്ഥാടകൻ വിവരിക്കുന്നു: "ഞാൻ ഒരു വൃദ്ധനെ കണ്ടു. അദ്ദേഹം ബലിമൃഗത്തിന്റെ തോല് അടുക്കിവെക്കുകയായിരുന്നു. ആകെ കിട്ടിയ പ്രതിഫലം കുറച്ച് നാണയങ്ങൾ. അദ്ദേഹം ദാഹിച്ചു. എന്നാൽ കുടിക്കാൻ വെള്ളം പോലും ഇല്ലായിരുന്നു."
മറ്റൊരു വിവരണത്തിൽ ഞാൻ വായിച്ചു: "ബലിമൃഗങ്ങളുടെ ശവശരീരങ്ങൾ തെരുവോരങ്ങളിൽ കൂനകൂനയായി കിടന്നു. അവയ്ക്ക് ചുറ്റും ഈച്ചകൾ. മണം സഹിക്കാൻ പറ്റാത്ത അവസ്ഥ. എന്നിട്ടും ചില ആളുകൾ ആ ശവങ്ങൾക്കിടയിൽ ഇരുന്നു. അവർ അവയിൽ നിന്ന് തോലും കൊഴുപ്പും വേർതിരിക്കുകയായിരുന്നു. അവർക്ക് മറ്റു ജോലിയൊന്നും ഇല്ലായിരുന്നു." ഇത് ഹജ്ജിന്റെ ഒരു മുഖമാണ്. ആരും സംസാരിക്കാത്ത മുഖം. ചില വിവരണങ്ങളിൽ ഇവരെ 'അവശിഷ്ട ശേഖരണക്കാർ' എന്ന് വിളിക്കുന്നു. മറ്റു ചിലതിൽ 'തെരുവ് തൊഴിലാളികൾ' എന്നും. എന്നാൽ അവർക്ക് പേരില്ല. അവരുടെ കഥകളില്ല. അവർ ആരാണെന്ന് ആർക്കും അറിയില്ല. അവർ എവിടെ നിന്ന് വന്നു? അവർ എങ്ങനെ മക്കയിൽ എത്തി? അവർ എന്തുകൊണ്ട് ഈ ജോലി ചെയ്യുന്നു? അവർക്ക് തിരികെ പോകാൻ കഴിയുമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരമില്ല. കാരണം ആരും അവരെക്കുറിച്ച് എഴുതിയിട്ടില്ല. അവർ തന്നെ എഴുതിയിട്ടില്ല. അവർക്ക് എഴുതാൻ അറിയില്ലായിരിക്കാം. അല്ലെങ്കിൽ എഴുതാൻ സമയമില്ലായിരിക്കാം. അവർക്ക് അതിജീവനമാണ് പ്രധാനം.
ഈ യാഥാർത്ഥ്യം നമ്മെ ഒരു കാര്യം ചിന്തിപ്പിക്കുന്നു. ഹജ്ജ് എല്ലാവർക്കും ഒരുപോലെയല്ല. ധനികന്റെ ഹജ്ജ് വ്യത്യസ്തം. ദരിദ്രന്റെ ഹജ്ജ് വ്യത്യസ്തം. ധനികൻ ഹോട്ടലിൽ താമസിക്കുന്നു. ദരിദ്രൻ തെരുവിൽ. ധനികൻ ഒന്നാം ക്ലാസ്സിൽ യാത്ര ചെയ്യുന്നു. ദരിദ്രൻ കപ്പലിന്റെ അടിത്തട്ടിൽ. ധനികൻ ബലിമൃഗത്തെ സ്വന്തമായി വാങ്ങുന്നു. ദരിദ്രൻ ബലിയുടെ അവശിഷ്ടങ്ങൾ ശേഖരിക്കുന്നു. ധനികൻ മടങ്ങുമ്പോൾ സമ്മാനങ്ങൾ വാങ്ങുന്നു. ദരിദ്രൻ മടങ്ങാനുള്ള വകയില്ലാതെ അവിടെ കുടുങ്ങിപ്പോകുന്നു.
ചില വിവരണങ്ങളിൽ ഞാൻ കണ്ടു: ഈ പാവപ്പെട്ട തീർത്ഥാടകർ പലപ്പോഴും മറ്റുള്ളവരുടെ സഹായത്തെ ആശ്രയിക്കുന്നു. ചിലർ യാചിക്കുന്നു. ചിലർ ചെറിയ ജോലികൾ ചെയ്യുന്നു. ചിലർ കപ്പൽ തുറമുഖങ്ങളിൽ കൂലിപ്പണിക്ക് പോകുന്നു. ചിലർ പള്ളികളിൽ കാവൽക്കാരാകുന്നു. എന്നാൽ ഇവരിൽ ഭൂരിഭാഗവും അദൃശ്യരാണ്. അവരെ ആരും ശ്രദ്ധിക്കുന്നില്ല. അവരെ ആരും രേഖപ്പെടുത്തുന്നില്ല. അവരുടെ കഷ്ടപ്പാടുകൾക്ക് സാക്ഷികളില്ല. ഒരുപക്ഷേ, ഇതാകാം ഹജ്ജിന്റെ ഏറ്റവും വലിയ വിരോധാഭാസം. ലക്ഷക്കണക്കിന് ആളുകൾ വരുന്ന പുണ്യനഗരിയിൽ, ഏറ്റവും പാവപ്പെട്ടവർ ഏറ്റവും അദൃശ്യരാണ്. അവർ അവിടെയുണ്ട്. അവർ കഷ്ടപ്പെടുന്നു. അവർ ജീവിക്കുന്നു. അവർ മരിക്കുന്നു. എന്നാൽ ആരും അവരെക്കുറിച്ച് എഴുതുന്നില്ല. ഈ വിവരണങ്ങളിലൂടെ, എനിക്ക് അവരുടെ മങ്ങിയ നിഴലുകൾ പോലും കാണാൻ കഴിയുന്നത് വലിയ ഭാഗ്യമാണ്. കാരണം മിക്ക ചരിത്രരേഖകളിലും അവർ ഇല്ല. അവർ ഒരിക്കലും ഉണ്ടായിരുന്നില്ല എന്ന മട്ടിൽ.
ഇനി തീർത്ഥാടന പഠനങ്ങൾ കൂടുതൽ ഉൾക്കൊള്ളുന്ന (inclusive) ചരിത്രരചനയിലേക്ക് നീങ്ങണം. അരുകുവൽകരിക്കപ്പെട്ട് ശബ്ദങ്ങളെ കേൾക്കണം. അവരുടെ കഥകൾ പറയണം. അതില്ലാതെ ഹജ്ജ് ചരിത്രം അപൂർണ്ണമാണ്. മുകളിൽ നിന്നുള്ള ചരിത്രം മാത്രം പോരാ. താഴെ നിന്നുള്ള ശബ്ദങ്ങൾ കൂടി വേണം. അറവുകാൻറെ കത്തി, ക്ഷുരകന്റെ കത്രിക, വെള്ളം ചുമക്കുന്നവന്റെ തോൽപ്പാത്രം - ഇവയ്ക്കെല്ലാം കഥകളുണ്ട്. ആ കഥകൾ കണ്ടെത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

താങ്കളുടെ ഒരു പ്രബന്ധത്തിൽ 1946 ലെ അനുഭവത്തെക്കുറിച്ച് ഒരു ഹാജി എഴുതിയ മലയാളത്തിലെ ഹജ്ജ് യാത്രാവിവരണത്തെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള കാലഘട്ടത്തിൽ ന്യുനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഒരു ആശയവിനിമയ മാധ്യമായി അദ്ദേഹം ഹജ്ജിനെ വീക്ഷിച്ചുകണ്ടു. ഈ കാഴ്ചപ്പാട് അന്നത്തെ പ്രാദേശിക മുസ്ലിം രാഷ്ട്രീയത്തിന്റെ ഒരു പ്രതിഫലനം കൂടിയായിരുന്നു. കേരളത്തിൽ നിന്നുള്ള ഇത്തരം ആദ്യകാല ഹജ്ജെഴുത്തുകൾ സമുദായത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിതിയെ എങ്ങനെയെല്ലാമാണ് അടയാളപ്പെടുത്തുന്നത്?
എന്റെ പഠനത്തിൽ ഞാൻ പ്രത്യേകം പരാമർശിച്ച ഒരു കൃതിയുണ്ട്. 1948-ൽ പള്ളിയാലിൽ മൊയ്തു ഹാജി മലയാളത്തിൽ എഴുതിയ ‘ഞാൻ കണ്ട അറേബ്യ. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മുസ്ലിം ന്യൂനപക്ഷ രാജ്യങ്ങളിലെ സമുദായത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവും കണക്കിലെടുത്ത് ഐക്യദാർഢ്യം വേണമെന്ന് അദ്ദേഹം പറഞ്ഞു. മക്കയിലെയും വിദേശത്തെയും മുസ്ലിം സംഘടനകളുടെ കൊളോണിയൽ വിരുദ്ധ നിലപാടുകളെ അദ്ദേഹം പ്രശംസിച്ചു. ഈ കൃതി മലയാളത്തിലെ ആദ്യത്തെ ഹജ്ജ് വിവരണമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. അതുവരെ മലബാറിൽ നിന്നുള്ള ഹജ്ജ് യാത്രകളെക്കുറിച്ചുള്ള രേഖകൾ ഉണ്ടായിരുന്നെങ്കിലും സ്വന്തമായി ഒരു പുസ്തകമായി എഴുതപ്പെട്ടത് ഇതാദ്യം.
എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ഈ കൃതിക്ക് ശേഷം മലയാളത്തിൽ ഒരു പാരമ്പര്യം തന്നെ രൂപപ്പെട്ടു. 1956-ൽ ടി. അബ്ദുൽ അസീസ് 'ഹജ്ജ് യാത്ര' എഴുതി. അദ്ദേഹം ഒരു സാമൂഹിക വിമർശകനായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഹജ്ജ് യാത്രയുടെ അനുഭവമായിരുന്നു അത്. സി.എച്ച് മുഹമ്മദ് കോയ 'എന്റെ ഹജ്ജ് യാത്ര' എഴുതി. അദ്ദേഹം ഒരു മുസ്ലിം രാഷ്ട്രീയ നേതാവും സാംസ്കാരിക പ്രവർത്തകനുമായിരുന്നു. കെ.വി.എം. പന്താവൂർ 'ഹജ്ജ് യാത്ര' എഴുതി.. ടി.പി. കുട്ടിയമ്മു 'ഹജ്ജ് യാത്രയിലെ സാമൂഹിക ചിന്തകൾ' എഴുതി.. ഇങ്ങനെ പലരും. ഓരോരുത്തരും വ്യത്യസ്തമായ കാഴ്ചപ്പാടുകളുമായി. ചിലർ രാഷ്ട്രീയം പറഞ്ഞു. ചിലർ ആത്മീയത പറഞ്ഞു. ചിലർ സാമൂഹിക വിമർശനം നടത്തി. ചിലർ കേവലം യാത്രാവിവരണം മാത്രം എഴുതി.
ഹജ്ജ് വിവരണങ്ങളുടെ വ്യാപ്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോകും. എത്ര ഭാഷകൾ? ഉറുദു, പേർഷ്യൻ, അറബിക്, തുർക്കിഷ്, മലയാളം, ബംഗാളി, ഗുജറാത്തി, സിന്ധി, പഷ്തോ, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്... ഇനിയും എത്രയോ ഭാഷകൾ. ഓരോ ഭാഷയിലും നൂറുകണക്കിന് വിവരണങ്ങൾ. എത്ര വർഷങ്ങൾ? എത്ര വീക്ഷണങ്ങൾ? പണ്ഡിതന്മാർ, സൂഫികൾ, വ്യാപാരികൾ, സ്ത്രീകൾ, ഡോക്ടർമാർ, കവികൾ, അടിമകൾ, ക്ഷുരകന്മാർ, വെള്ളം ചുമന്നവർ, ഒട്ടകമോടിച്ചവർ. ഓരോരുത്തരും തങ്ങളുടെ കണ്ണുകൊണ്ട് കണ്ടത് എഴുതി. ഞാൻ ഇതുവരെ ആയിരക്കണക്കിന് ഹജ്ജ് വിവരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഓരോന്നും വ്യത്യസ്തം. ഓരോ ഭാഷയും വ്യത്യസ്തമായ ലോകം. ഉറുദു വിവരണങ്ങൾക്ക് മുഗൾ പാരമ്പര്യത്തിന്റെ നിറം. പേർഷ്യൻ വിവരണങ്ങൾക്ക് കവിതയുടെ തനി. മലയാളം വിവരണങ്ങൾക്ക് കടൽ കടന്ന മലബാരിയുടെ നിഷ്കളങ്കത. ഓരോ വർഷവും വ്യത്യസ്തമായ ചരിത്രം. 1857-ന് മുമ്പുള്ള വിവരണങ്ങൾക്ക് മുഗൾ രാഷ്ട്രീയത്തിന്റെ നിഴൽ. 1857-ന് ശേഷമുള്ളവയ്ക്ക് ബ്രിട്ടീഷ് ഭീതിയും പ്രതിരോധവും. 1947-ന് ശേഷമുള്ളവയ്ക്ക് പുതിയ അതിർത്തികളും വിസകളും. ഒരേ വർഷം തന്നെ രണ്ട് തീർത്ഥാടകർ എഴുതിയാൽ രണ്ട് വ്യത്യസ്ത കഥകൾ. ഒരേ കപ്പലിൽ യാത്ര ചെയ്തവർക്ക് പോലും വ്യത്യസ്ത അനുഭവങ്ങൾ. ഒരാൾ ഒന്നാം ക്ലാസ്സിൽ യാത്ര ചെയ്തു. മറ്റേയാൾ കപ്പലിന്റെ അടിത്തട്ടിൽ. ഒരാൾ ബ്രിട്ടീഷ് കാപ്റ്റനോട് സംസാരിച്ചു. മറ്റേയാൾ അദ്ദേഹത്തിന്റെ ചവിട്ട് കേട്ടു. ഒരാൾ മെഡിക്കൽ പരിശോധനയെ പേടിച്ചു. മറ്റേയാൾ അതിനെ ആചാരമായി കണ്ടു. ഈ വൈവിധ്യം നമ്മെ ഒരു കാര്യം പഠിപ്പിക്കുന്നു. ഹജ്ജ് എന്ന ഒരു അനുഭവം ഇല്ല. ആയിരക്കണക്കിന് ഹജ്ജുകൾ ഉണ്ട്. ഓരോ തീർത്ഥാടകനും അവന്റെയോ അവളുടെയോ സ്വന്തം ഹജ്ജ്. ഓരോ ഭാഷയും ആ അനുഭവത്തെ വ്യത്യസ്തമായി രൂപപ്പെടുത്തുന്നു. ഇത് ഗവേഷണത്തെ സങ്കീർണ്ണമാക്കുന്നു. പക്ഷേ കൗതുകകരവുമാക്കുന്നു. ഒരു ഗവേഷകൻ എന്ന നിലയിൽ ഞാൻ ഈ വൈവിധ്യത്തെ ആഘോഷിക്കുന്നു. ഓരോ പുതിയ വിവരണവും ഓരോ പുതിയ ലോകമാണ്. ഓരോ പുതിയ ഭാഷയും ഓരോ പുതിയ ചിന്തയാണ്. ഇനിയും എത്രയെത്ര വിവരണങ്ങൾ കണ്ടെത്താനുണ്ട്. ഇനിയും എത്രയെത്ര ഭാഷകൾ. ഇനിയും എത്രയെത്ര കാഴ്ചപ്പാടുകൾ. ആയിരക്കണക്കിന് ഹജ്ജുകൾ ഇനിയും വായിക്കപ്പെടാനായി കാത്തുനിൽക്കുന്നു.
ഹജ്ജ് യാത്രയുടെ ഏറ്റവും രസകരമായ ഒരു ഭാഗമാണ് മുസാഫർഖാനകൾ. ഇവ തീർത്ഥാടകർക്കുള്ള വിശ്രമകേന്ദ്രങ്ങളാണ്. പോർട്ട് നഗരങ്ങളിൽ ഇവ ധാരാളമുണ്ട്. പ്രത്യേകിച്ച് ബോംബെയിൽ. അവിടെ നിന്നാണ് ഭൂരിഭാഗം മലബാർ ഹാജിമാരും കപ്പൽ കയറിയത്. ബോംബെയിലെത്തുന്ന തീർത്ഥാടകർക്ക് കപ്പലിനായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. ഈ കാത്തിരിപ്പിന്റെ സമയത്താണ് അവർ മുസാഫർഖാനകളിൽ താമസിച്ചത്. സാബു സിദ്ദീഖി മുസാഫർഖാന ഒരു പ്രധാന കേന്ദ്രമായിരുന്നു. അവിടെ നൂറുകണക്കിന് തീർത്ഥാടകർക്ക് താമസിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. വലിയ ഹാളുകൾ. ചെറിയ മുറികൾ. പൊതു അടുക്കള. കുളിക്കാനുള്ള സൗകര്യങ്ങൾ. ഇവിടെ എല്ലാവരും ഒരുമിച്ചാണ് താമസിച്ചത്. ധനികനും ദരിദ്രനും. വൃദ്ധനും യുവാവും. പണ്ഡിതനും നിരക്ഷരനും. എല്ലാവരും ഒരേ മുറിയിൽ. ഒരേ നിലത്ത്. കാമു സേത്തിന്റെ മുസാഫർഖാനയും ഇങ്ങനെ തന്നെ. സൈഫി മഹലും. ഓരോ മുസാഫർഖാനയ്ക്കും അതിന്റേതായ ചരിത്രമുണ്ട്. ചിലത് ധനിക വ്യാപാരികൾ നിർമ്മിച്ചതാണ്. ചിലത് സംഘടനകൾ നടത്തിയിരുന്നു. ചിലത് പള്ളികളുമായി ബന്ധപ്പെട്ടിരുന്നു.
ഈ മുസാഫർഖാനകളിലെ സാമൂഹിക ജീവിതം വളരെ സജീവമായിരുന്നു. മിക്കവാറും ഹജ്ജെഴുത്തുകളിൽ നമ്മുക്ക് ഇത് കാണാം. ഒരു തീർത്ഥാടകന്റെ വിവരണത്തിൽ ഞാൻ വായിച്ചു. സബൂ സിദ്ദീഖി മുസാഫർഖാനയിൽ ഒരു രാത്രി. അവിടെ നൂറ്റി അമ്പത് പേർ ഒരുമിച്ച് താമസിക്കുന്നു. അവർ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു. മലയാളം, ഉറുദു, ഹിന്ദി, തമിഴ്, ഗുജറാത്തി, കന്നഡ. എങ്കിലും അവർ പരസ്പരം മനസ്സിലാക്കുന്നു. കൈകൊണ്ട് ആംഗ്യം കാണിച്ച്. ചെറിയ വാക്കുകൾ കൊണ്ട്. ചിലപ്പോൾ ചിരിച്ചു കൊണ്ട്. രാത്രിയിൽ അവർ ഒരുമിച്ച് നമസ്കരിക്കുന്നു. ഒരു ഇമാമിനു പിന്നിൽ. ഒരേ നിരയിൽ. പകൽ അവർ ഭക്ഷണം ഒരുമിച്ച് കഴിക്കുന്നു. ഒരേ പാത്രത്തിൽ നിന്ന്. ചിലർ പരസ്പരം യാത്രാനുഭവങ്ങൾ പങ്കുവെക്കുന്നു. ചിലർ ഗാനങ്ങൾ പാടുന്നു. ചിലർ കഥകൾ പറയുന്നു. ചിലർ കരയുന്നു. ചിലർ ചിരിക്കുന്നു. മുസാഫർഖാനകൾ കേവലം താമസസ്ഥലങ്ങൾ മാത്രമായിരുന്നില്ല. അവ സാമൂഹിക കേന്ദ്രങ്ങളായിരുന്നു. അവിടെ വിവാഹങ്ങൾ നടന്നു. അവിടെ മരണങ്ങൾ സംഭവിച്ചു. അവിടെ കുട്ടികൾ ജനിച്ചു. അവിടെ രോഗികൾ ചികിത്സിക്കപ്പെട്ടു. അവിടെ പണ്ഡിതന്മാർ പ്രഭാഷണങ്ങൾ നടത്തി. അവിടെ കവികൾ കവിതകൾ ചൊല്ലി. അവിടെ വ്യാപാരികൾ കച്ചവടം നടത്തി. അവിടെ തൊഴിലന്വേഷകർ ജോലി തേടി. ഒരു മുസാഫർഖാന ഒരു ചെറിയ ലോകമായിരുന്നു. അതിനുള്ളിൽ എല്ലാം ഉണ്ടായിരുന്നു. സന്തോഷവും ദുഃഖവും. പ്രതീക്ഷയും നിരാശയും. ജീവിതവും മരണവും.
വിവിധ തീർത്ഥാടക സംഘടനകൾ ഈ മുസാഫർഖാനകൾ നടത്തിയിരുന്നു. ചിലത് തെക്കൻ ഇന്ത്യയിൽ നിന്നുള്ള ഹാജിമാരെ കേന്ദ്രീകരിച്ചു. മറ്റുചിലത് ഉത്തരേന്ത്യക്കാർക്കായി. ചിലത് ഗുജറാത്തികൾക്കായി. ചിലത് കൊങ്കണി മുസ്ലിംകൾക്കായി. ഓരോ സംഘടനയും അവരുടെ അംഗങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കി. ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം, കപ്പൽ ടിക്കറ്റ് ഏർപ്പാട്, പാസ്പോർട്ട് സഹായം. ഈ സംഘടനകൾ ഇല്ലായിരുന്നെങ്കിൽ പല തീർത്ഥാടകർക്കും യാത്ര സാധിക്കുമായിരുന്നില്ല. അവർ ബോംബെയിൽ അന്യരായിപ്പോകുമായിരുന്നു. ഒരു തീർത്ഥാടകൻ എഴുതുന്നു: "ഈ മുസാഫർഖാനകൾ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ അനാഥരായിപ്പോകുമായിരുന്നു. അവിടെ ഞങ്ങൾക്ക് ഭക്ഷണം കിട്ടി. അവിടെ ഞങ്ങൾക്ക് തലകുത്താൻ ഇടം കിട്ടി. അവിടെ ഞങ്ങൾക്ക് സഹായം കിട്ടി. അവിടെ ഞങ്ങൾക്ക് കൂട്ട് കിട്ടി."
ഇതാണ് മുസാഫർഖാനകളുടെ ശക്തി. അവ അപരിചിതരെ ബന്ധുക്കളാക്കി. അവ അന്യരെ സ്വന്തക്കാരാക്കി. അവ അനാഥരെ കുടുംബമുള്ളവരാക്കി. കടൽ കടക്കുന്നതിന് മുമ്പുള്ള ഈ കാത്തിരിപ്പ് പലപ്പോഴും തീർത്ഥാടകരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അനുഭവമായി മാറി. കാരണം അവിടെ അവർ പുതിയ ബന്ധങ്ങൾ സൃഷ്ടിച്ചു. അവിടെ അവർ പുതിയ പാഠങ്ങൾ പഠിച്ചു. അവിടെ അവർ പുതിയ ജീവിതം കണ്ടു. ഈ മുസാഫർഖാനകൾ ഹജ്ജ് യാത്രയുടെ അവിഭാജ്യ ഘടകമായിരുന്നു. അവയില്ലാതെ ഹജ്ജ് അപൂർണ്ണമായിരുന്നു. തീർത്ഥാടകരുടെ കപ്പൽ യാത്രാനുഭവങ്ങൾ, പ്രത്യേകിച്ച് അവരുടെ pilgrim ships capes എങ്ങനെയാണ് രൂപപ്പെട്ടത് എന്ന് നിരീക്ഷിക്കുന്നത് വളരെ ശ്രദ്ധേയമാണ്. മിക്ക യാത്രക്കാർക്കും ബോംബെയിൽ എത്തിയാൽ പിന്നെ കാത്തിരിപ്പാണ്. കപ്പലിനായുള്ള കാത്തിരിപ്പ്. ചിലപ്പോൾ ദിവസങ്ങൾ. ചിലപ്പോൾ ആഴ്ചകൾ. എൻ. മരക്കാർ ഹാജിയുടെ വിവരണത്തിൽ ഞാൻ വായിച്ചു. അദ്ദേഹം എങ്ങനെ ബോംബെയിൽ കാത്തുനിന്നു. ചിലപ്പോൾ കപ്പൽ വൈകി. ചിലപ്പോൾ കൊളോണിയൽ ഓഫീസർമാർ തടഞ്ഞു. പിന്നെ കപ്പൽ. ഓരോ കപ്പലും ഒരു ലോകം. സി.എച്ച് മുഹമ്മദ് കോയയുടെ 'എന്റെ ഹജ്ജ് യാത്ര'യിൽ കപ്പലിന്റെ വിശദമായ വർണ്ണനയുണ്ട്. കപ്പലിന്റെ പേര്, കപ്പലിലെ മുറികൾ, കപ്പലിലെ ഭക്ഷണം, കപ്പലിലെ ഡോക്ടർ. എന്നാൽ ഏറ്റവും പ്രധാനപ്പെട്ടത് കപ്പലിലെ പള്ളിയാണ്. അത് ഒരു സമുദ്ര പള്ളി. ഒരു ജല പള്ളി. ഒരു മൊബൈൽ മതസ്ഥലം. കടലിന്റെ നടുവിൽ, അവർ ഒരു പള്ളി സൃഷ്ടിച്ചു. ഒരു താൽക്കാലിക പള്ളി. അവിടെ എല്ലാവരും ഒരുമിച്ചു നിന്നു. ധനികനും ദരിദ്രനും. ഉന്നതനും താഴ്ന്നവനും. എല്ലാവരും ഒരേ നിരയിൽ. കപ്പലിന്റെ അടിയിൽ എഞ്ചിന്റെ ശബ്ദം. മുകളിൽ പ്രാർത്ഥനയുടെ ശബ്ദം. കപ്പലിലെ ഈ സമുദ്ര പള്ളി എല്ലാ തീർത്ഥാടകരെയും ഉൾക്കൊള്ളിച്ചു. എല്ലാ വിഭാഗങ്ങളെയും. അവിടെ ജാതിയില്ല. വർഗ്ഗമില്ല. എല്ലാവരും ഹാജിമാർ മാത്രം.
ഇവിടെ ഞാൻ കുട്ടിയമ്മു സാഹിബിനെക്കുറിച്ച് പറയേണ്ടതുണ്ട്. അദ്ദേഹം ഒരു പ്രധാന വ്യക്തിയാണ്. തെക്കൻ ഇന്ത്യയിൽ അണക്കെട്ടുകളും ജലസേചന പദ്ധതികളും നിർമ്മിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലായിരുന്നു. എഞ്ചിനീയറിംഗും വികസനവും അദ്ദേഹത്തിന്റെ മുഖമുദ്ര. അദ്ദേഹത്തിന്റെ ഹജ്ജ് വിവരണം വളരെ വിശദമാണ്. വളരെ ദൈർഘ്യമേറിയതുമാണ്. എന്നാൽ അദ്ദേഹത്തിന്റെ വിവരണത്തിന്റെ പ്രത്യേകത മറ്റൊന്നാണ്. അദ്ദേഹം തന്റെ യാത്രയ്ക്കിടെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളെ നിരീക്ഷിച്ചു. ബോംബെ തുറമുഖം, റെയിൽവേ സ്റ്റേഷനുകൾ, കപ്പൽ കെട്ടിടങ്ങൾ, ആശുപത്രികൾ, റോഡുകൾ, പാലങ്ങൾ. ഇവയെല്ലാം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. ഒരു എഞ്ചിനീയറുടെ കണ്ണുകൾ. എങ്ങനെയാണ് കപ്പൽ നിർമ്മിച്ചത്? എങ്ങനെയാണ് തുറമുഖം പ്രവർത്തിക്കുന്നത്? എങ്ങനെയാണ് റെയിൽവേ ട്രാക്കുകൾ സ്ഥാപിച്ചത്? എങ്ങനെയാണ് അണക്കെട്ടുകൾ നിർമ്മിക്കുന്നത്? ജലസേചന പദ്ധതികൾ എങ്ങനെ പ്രവർത്തിക്കുന്നു? ഇതൊക്കെ അദ്ദേഹം വിശദമായി രേഖപ്പെടുത്തി.
കുട്ടിയമ്മു സാഹിബിന്റെ വിവരണത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഭാഗം ഇതാണ്: ഒരു ഹാജി എന്ന നിലയിൽ അദ്ദേഹം മക്കയിലേക്ക് യാത്ര ചെയ്യുമ്പോഴും തന്റെ പ്രൊഫഷണൽ കണ്ണുകൾ അടച്ചില്ല. അദ്ദേഹം കണ്ടതെല്ലാം രേഖപ്പെടുത്തി. ഒരു എഞ്ചിനീയറുടെ കൃത്യതയോടെ. ഒരു വികസന പ്രവർത്തകന്റെ താത്പര്യത്തോടെ. ഈ വിവരണം ഞാൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ പദ്ധതിയിടുന്നുണ്ട്. കാരണം ഇത് വളരെ പ്രധാനപ്പെട്ട രേഖയാണ്. മലയാളത്തിലെ ആദ്യത്തെ അഞ്ച് ഹജ്ജ് വിവരണങ്ങൾ ഒരുമിച്ച് പഠിക്കുക എന്നതാണ് എന്റെ മറ്റൊരു ആഗ്രഹം. മൊയ്തു ഹാജി (1948), ടി. അബ്ദുൽ അസീസ് (1956), സി.എച്ച് മുഹമ്മദ് കോയ (1960), എൻ. മരക്കാർ ഹാജി, കുട്ടിയമ്മു സാഹിബ്. ഈ അഞ്ച് വിവരണങ്ങളും ഒരുമിച്ച് വായിച്ചാൽ നമുക്ക് മലബാറിൽ നിന്നുള്ള ഹജ്ജ് യാത്രയുടെ സമ്പൂർണ്ണ ചിത്രം ലഭിക്കും. എന്റ്റെ കയ്യിൽ 1950കളിൽ എഴുതപ്പെട്ട പുറം ലോകം കാണാത്ത ഒരു ഹജ്ജ് വിവരണം ഉണ്ട്.. അവരുടെ തീവണ്ടി യാത്രകൾ. അവരുടെ കപ്പൽ യാത്രകൾ. അവരുടെ കാത്തിരിപ്പുകൾ. അവരുടെ സമുദ്ര പള്ളികൾ. അവരുടെ വികസന നിരീക്ഷണങ്ങൾ. ഇതൊക്കെ ഒരുമിച്ച് വെച്ചാൽ മാത്രമേ ആ കാലഘട്ടത്തിലെ ഹജ്ജ് യാത്രയുടെ പൂർണ്ണ ചിത്രം ലഭിക്കൂ...
എന്റെ മറ്റൊരു പ്രധാന ആഗ്രഹം മലബാറിൽ നിന്നുള്ള സ്ത്രീ തീർത്ഥാടകരെക്കുറിച്ച് പഠിക്കലാണ്. ഹജ്ജിന്റെ ചരിത്രം മിക്കവാറും പുരുഷന്മാരുടെ കണ്ണിലൂടെ എഴുതപ്പെട്ടതാണ്. പുരുഷ തീർത്ഥാടകരാണ് കേന്ദ്ര കഥാപാത്രങ്ങൾ. എന്നാൽ സ്ത്രീകളും യാത്ര ചെയ്തു. അവരും എഴുതി. അവരുടെ ശബ്ദം എവിടെ? പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിലെ മലബാർ സ്ത്രീകൾ കടൽ കടന്ന് മക്കയിലേക്ക് പോയി. യമനിലേക്കും പലസ്തീനിലേക്കും പേർഷ്യൻ ഗൾഫിലേക്കും അവർ യാത്ര ചെയ്തു. അവർ ഒറ്റയ്ക്കും കൂട്ടമായും പോയി. ചിലർ ഭർത്താക്കന്മാരോടൊപ്പം. ചിലർ മക്കളോടൊപ്പം. ചിലർ മാതാപിതാക്കളോടൊപ്പം. ചിലർ പൂർണ്ണമായും ഒറ്റയ്ക്ക്. കൊളോണിയൽ രേഖകളിൽ അവരുടെ കാൽപ്പാടുകൾ കാണാം. ബ്രിട്ടീഷ് റസിഡന്റിന്റെ കത്തുകളിൽ. മദ്രാസ് സർക്കാരിന്റെ ഗസറ്റുകളിൽ. ഹജ്ജ് വിവരണങ്ങളിൽ അവരെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്. പുരുഷ തീർത്ഥാടകർ തങ്ങളുടെ വിവരണങ്ങളിൽ സ്ത്രീകളെക്കുറിച്ച് എഴുതി. അവരും കണ്ടു. അവരും കേട്ടു. അവരും രേഖപ്പെടുത്തി.
എന്നാൽ ഏറ്റവും വിലപ്പെട്ടത് സ്ത്രീകൾ തന്നെ എഴുതിയതോ എഴുതാൻ കാരണമായതോ ആയ രേഖകളാണ്. അവർ തന്നെ എഴുതിയ ഹർജികൾ. അവർക്കു വേണ്ടി പുരുഷന്മാർ എഴുതിയ കത്തുകൾ. ഹജ്ജ് യാത്രകളുടെ ഡയറികൾ. അവർ സംഘാടകകളായ സംഭവങ്ങളും. ഒരു സ്ത്രീ എങ്ങനെ പാസ്പോർട്ട് വാങ്ങി. ഒരു സ്ത്രീ എങ്ങനെ വിസക്ക് അപേക്ഷിച്ചു. ഒരു സ്ത്രീ എങ്ങനെ പുരുഷന്മാരോടൊപ്പം കപ്പൽ കയറി. ഒരു സ്ത്രീ എങ്ങനെ രോഗത്തെ നേരിട്ടു. ഒരു സ്ത്രീ എങ്ങനെ പ്രസവിച്ചു. ഒരു സ്ത്രീ എങ്ങനെ മക്കയിൽ എത്തി. ഒരു സ്ത്രീ എങ്ങനെ ആചാരങ്ങൾ ചെയ്തു. ഒരു സ്ത്രീ എങ്ങനെ മടങ്ങിവന്നു. ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് ഞാൻ. ഈ രേഖകൾ ചിതറിക്കിടക്കുന്നു. ബ്രിട്ടീഷ് ആർക്കൈവുകളിൽ. പഴയ മലയാളം പത്രങ്ങളിൽ. കുടുംബ രേഖകളിൽ. പള്ളികളുടെ കണക്കുകളിൽ. സ്വകാര്യ ശേഖരങ്ങളിൽ. ഞാൻ ഇവ ശേഖരിക്കുന്നുണ്ട്. ഓരോ രേഖയും ഒരു കഥ പറയുന്നു. ഈ പഠനം ഹജ്ജ് ചരിത്രത്തിലെ ഒരു വലിയ ശൂന്യത നികത്തും. മറ്റ് ഗവേഷകർ അടുത്തിടെ ഒരു പുതിയ സ്ത്രീ ഹജ്ജ് യാത്രാവിവരണം കണ്ടെത്തിയിട്ടുണ്ട്. 1933-ലെ യാത്രയാണ്. കൂളിപ്പുലാക്കൽ എടത്തോള തീതാച്ചുമ്മ എന്ന സ്ത്രീയുടേത്. വിവരണത്തിന്റെ പേര് എനിക്ക് പ്രധാനമല്ല. ഉള്ളടക്കമാണ് പ്രധാനം. ഈ കൃതിയുടെ ഒരു പകർപ്പ് അതിന്റെ യഥാർത്ഥ സ്ഥലത്ത് നിന്ന് കണ്ടെടുത്താൽ, ആ സ്ത്രീയുടെ നിലയെക്കുറിച്ചും അവരുടെ യാത്രയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കും. അവർ ആരായിരുന്നു? എങ്ങനെ യാത്ര ചെയ്തു? ആരോടൊപ്പം? എന്ത് കണ്ടു? ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടും. മലബാറിൽ നിന്നുള്ള സ്ത്രീ ഹജ്ജ് വിവരണങ്ങളുടെ ചരിത്രത്തിൽ ഇത് ഒരു സുപ്രധാന കണ്ടെത്തലാണ്. ഈ രേഖ ലഭ്യമായാൽ, ആ കാലഘട്ടത്തിലെ സ്ത്രീകളുടെ യാത്രാസ്വാതന്ത്ര്യത്തെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും നമുക്ക് പുതിയ ധാരണകൾ ലഭിക്കും.
സാങ്കേതികവിദ്യയുടെയും യാത്രാസൗകര്യങ്ങളുടെയും വളർച്ച ഹജ്ജ് തീർത്ഥാടനത്തെ ഇന്ന് വളരെ എളുപ്പമുള്ളതാക്കി മാറ്റിയിട്ടുണ്ട്. പഴയകാല യാത്രാവിവരണങ്ങളിലെ ഭയവും കഷ്ടപ്പാടുകളും പുതിയ കാലത്തെ എഴുത്തുകളിൽ കാണാൻ കഴിയില്ല. ഈ സാഹചര്യ മാറ്റങ്ങൾ ഹജ്ജിന്റെ ആഖ്യാനപരമായ പരിസരങ്ങളെ പൂർണമായും തിരുത്തിയെഴുതുന്നു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയിൽ ഹജ്ജ് സാഹിത്യത്തിൻ്റെ ഘടനയിലും പ്രമേയത്തിലും ഉണ്ടായ ഈ മൗലികമായ മാറ്റങ്ങളെ ഒരു ഗവേഷകൻ എന്ന നിലയിൽ എങ്ങനെ നോക്കിക്കാണുന്നു?
ഈ ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഹജ്ജ് ആഖ്യാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിഭജനരേഖ തന്നെ ഇതാണ്. പഴയ വിവരണങ്ങളും പുതിയ വിവരണങ്ങളും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. ഒരു ഗവേഷകൻ എന്ന നിലയിൽ ഞാൻ ഈ മാറ്റത്തെ മൂന്ന് തലങ്ങളിലാണ് നോക്കിക്കാണുന്നത്. ഒന്ന്, യാത്രയുടെ അനുഭവം തന്നെ മാറി. പത്തൊൻപതാം നൂറ്റാണ്ടിൽ ഹജ്ജ് യാത്ര എന്നത് മാസങ്ങൾ നീണ്ടുനിൽക്കുന്ന ഒരു ദുരിതപൂർണ്ണ യാത്രയായിരുന്നു. കടലിന്റെ ക്രൂരത, കൊളോണിയൽ ക്വാറന്റൈനുകളിലെ പീഡനങ്ങൾ, പകർച്ചവ്യാധികളുടെ ഭീഷണി, മരണഭയം. 'We have literally become naked skeleton in the island of health' എന്ന് ഒരു തീർത്ഥാടകൻ രേഖപ്പെടുത്തിയത് വെറും വാക്കുകളല്ല. ഇന്ന് വിമാനയാത്ര കൊണ്ട് മണിക്കൂറുകൾക്കുള്ളിൽ ഒരാൾക്ക് മക്കയിലെത്താം. ഈ എളുപ്പം ഒരു വില നൽകിക്കൊണ്ടാണ് വന്നത്. ആ വില ആ ദുരിതാനുഭവങ്ങളുടെ നഷ്ടമാണ്.
രണ്ട്, ആഖ്യാനങ്ങളുടെ ഉള്ളടക്കം മാറി. പഴയ വിവരണങ്ങളിൽ കപ്പലുകളും ക്വാറന്റൈനുകളും കൊളോണിയൽ ഉദ്യോഗസ്ഥരും രോഗങ്ങളും മരണങ്ങളും ധാരാളം ഇടം പിടിച്ചിരുന്നു. യാത്രാനുഭവത്തിന്റെ കടുപ്പമായിരുന്നു പ്രധാനം. ഇന്നത്തെ വിവരണങ്ങളിൽ ആചാരങ്ങളുടെ വിവരണത്തിനാണ് കൂടുതൽ പ്രാധാന്യം. ഹോട്ടലുകൾ, ഗതാഗത സൗകര്യങ്ങൾ, ടൂർ പാക്കേജുകൾ, ഭക്ഷണശാലകൾ. ഇവയൊക്കെ വന്നതോടെ യാത്രാദുരിതങ്ങളുടെ വിവരണങ്ങൾ അപ്രത്യക്ഷമായി. എന്നാൽ ഇതോടെ മറ്റൊരു നഷ്ടവും സംഭവിച്ചു. പഴയ വിവരണങ്ങളിലെ രാഷ്ട്രീയ പ്രതിരോധവും കൊളോണിയൽ വിമർശനവും ഇന്നത്തെ വിവരണങ്ങളിൽ ഇല്ല. മൂന്ന്, ഹജ്ജ് സാഹിത്യത്തിന്റെ ഘടന പൂർണമായും മാറി. പഴയ കൃതികൾ പലതും യാത്രയുടെ ഓരോ ഘട്ടവും വിശദമായി രേഖപ്പെടുത്തിയിരുന്നു. തീവണ്ടി യാത്ര, ബോംബെയിലെ കാത്തിരിപ്പ്, മുസാഫർഖാനകളിലെ സാമൂഹിക ജീവിതം, കപ്പൽ യാത്ര, സമുദ്ര പള്ളികൾ, ക്വാറന്റൈൻ ദ്വീപുകൾ, യാത്രാമദ്ധ്യേയുള്ള രാഷ്ട്രീയ നിരീക്ഷണങ്ങൾ - ഇങ്ങനെ ഒരു വലിയ ലോകം. ഇന്നത്തെ വിവരണങ്ങളിൽ യാത്ര എന്നത് വിമാനത്താവളത്തിൽ തുടങ്ങി വിമാനത്താവളത്തിൽ അവസാനിക്കുന്ന ഒരു സംഭവമായി ചുരുങ്ങി.
ഞാൻ ഈ മാറ്റത്തെ ഒരു നഷ്ടമായാണ് കാണുന്നത്. അതെ, യാത്ര എളുപ്പമായി. ആളുകൾക്ക് കൂടുതൽ സുരക്ഷിതമായി ഹജ്ജ് ചെയ്യാൻ കഴിയുന്നു. ഇത് നല്ലതു തന്നെ. എന്നാൽ ഈ എളുപ്പത്തിനൊപ്പം പഴയ വിവരണങ്ങളിലെ ആ അപൂർവമായ അനുഭവലോകം നമുക്ക് നഷ്ടപ്പെട്ടു. ആ കഷ്ടപ്പാടുകൾ, ആ ഭീതികൾ, ആ രാഷ്ട്രീയ പ്രതിരോധങ്ങൾ, ആ സാമ്രാജ്യത്വ വിമർശനങ്ങൾ - ഇവയെല്ലാം ഇന്നത്തെ ഹജ്ജ് സാഹിത്യത്തിൽ നിന്ന് അപ്രത്യക്ഷമായി. അതുകൊണ്ടാണ് പഴയ വിവരണങ്ങൾ ഇപ്പോഴും വിലപ്പെട്ടതായി തുടരുന്നത്. അവ ഒരു കാലഘട്ടത്തിന്റെ ജീവിച്ച അനുഭവങ്ങളുടെ രേഖകളാണ്. വിമാനയുഗത്തിന് മുമ്പുള്ള ആ കടൽകടന്ന ഹജ്ജിന്റെ അവസാന സാക്ഷ്യങ്ങൾ.
ഹജ്ജ് യാത്രയിലെ കഷ്ടപ്പാടുകളെയും പ്രയാസങ്ങളെയുംകുറിച്ചുള്ള പതിവ് ആഖ്യാനങ്ങളിൽ നിന്ന് മാറി തീർത്ഥാടകരുടെ 'ഭക്ഷണ ഭാവനകളെ' (Alimentary Imaginations) കുറിച്ച് താങ്കൾ സംസാരിക്കുന്നുണ്ടല്ലോ. ഭക്ഷണത്തിന്റെ അഭാവത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതിനുപകരം വ്യത്യസ്ത സംസ്കാരങ്ങൾക്കിടയിലെ ഭക്ഷണ വിനിമയങ്ങളെ ഒരു ഗവേഷണ വിഷയമായി തിരഞ്ഞെടുത്തത് ഹജ്ജ് സാഹിത്യ പഠനങ്ങളിൽ എന്ത് തരം മാറ്റമാണ് കൊണ്ടുവരുന്നത്?
'തെളിച്ചം' മാസികയ്ക്കായി ഞാൻ എഴുതിയ ലേഖനത്തിൽ, ഹജ്ജ് യാത്രാവിവരണങ്ങളെ വായിക്കുന്നതിനുള്ള ഒരു പുതിയ വഴിയാണ് മുന്നോട്ടുവെച്ചത്. പരമ്പരാഗത പഠനങ്ങൾ ഭക്ഷണത്തിന്റെ അഭാവത്തെയും പട്ടിണിയെയും കേന്ദ്രീകരിക്കുമ്പോൾ, ഞാൻ തീർത്ഥാടകരുടെ 'ഭക്ഷണ ഭാവനകളെ' (alimentary imaginations) കുറിച്ച് ചർച്ച ചെയ്തു. ഈ രീതിശാസ്ത്രപരമായ മാറ്റം മൂന്ന് തരത്തിൽ ഹജ്ജ് സാഹിത്യ പഠനങ്ങളെ മാറ്റുന്നു. ഒന്ന്, ദാരിദ്ര്യത്തിന്റെ ആഖ്യാനത്തിനപ്പുറം തീർത്ഥാടകരുടെ ബഹുമുഖ അനുഭവങ്ങൾ മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. ഹജ്ജ് യാത്ര വെറും കഷ്ടപ്പാടുകളുടെ കഥ മാത്രമല്ല. അത് സാംസ്കാരിക വിനിമയങ്ങളുടെയും പാചക വൈവിധ്യങ്ങളുടെയും ഒരു ഇടം കൂടിയാണ്. ഇന്ത്യ, കിഴക്കൻ ആഫ്രിക്ക, അറേബ്യൻ ഉപദ്വീപ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം തീർത്ഥാടകർ അവരുടെ സവിശേഷമായ പാചക പൈതൃകം വിശുദ്ധ യാത്രയിലേക്ക് കൊണ്ടുവരുന്നു. ഈ വൈവിധ്യത്തെ പഠിക്കുന്നതിലൂടെ, ഇന്ത്യൻ മഹാസമുദ്ര ലോകത്തിന്റെ സാംസ്കാരിക സമ്പന്നത നമുക്ക് കാണാൻ കഴിയും.
രണ്ട്, ഭക്ഷണ വിനിമയങ്ങൾ പഠിക്കുന്നത് തീർത്ഥാടകർ തമ്മിലുള്ള സാമൂഹിക ബന്ധങ്ങളെയും വിഭജനങ്ങളെയും വെളിപ്പെടുത്തുന്നു. 1860-കളിൽ നവാബ് സികന്ദർ ബീഗം മക്കയിലെ ഭക്ഷണരീതികളെ വിമർശിച്ചത് ഒരു ഉദാഹരണമാണ്. 'അറേബ്യക്കാർക്ക് പാചകം അറിയില്ല, അവർ തേനും ഈന്തപ്പഴവും നെയ്യും മാത്രം കഴിക്കുന്നു' എന്നായിരുന്നു അവരുടെ നിരീക്ഷണം. 1934-ൽ ഫാത്തിമ ബീഗം കപ്പലിൽ നടത്തിയ 'നെയ്യ് സമരം' മറ്റൊരു ഉദാഹരണം. നെയ്യിന് പകരം സസ്യ എണ്ണ നൽകിയതിൽ പ്രതിഷേധിച്ച് അവർ ഒരു നിവേദനം സമർപ്പിച്ചു. ഇവ രണ്ടും കാണിക്കുന്നത് ഭക്ഷണം എങ്ങനെ സ്വത്വത്തിന്റെയും അതിർവരമ്പുകളുടെയും ചിഹ്നമാകുന്നു എന്നാണ്.
മൂന്ന്, ഈ സമീപനം ഹജ്ജ് സാഹിത്യത്തിലെ പുതിയ വിഷയങ്ങളെ ഗവേഷണത്തിന് തുറന്നിടുന്നു. തീർത്ഥാടക കൈപ്പുസ്തകങ്ങളിലെ ഭക്ഷണ നിർദ്ദേശങ്ങൾ, കപ്പലിലെ ചലിക്കുന്ന അടുക്കളകൾ, സ്ത്രീകളുടെ പാചക പങ്കാളിത്തം, തീർത്ഥാടന ഹോസ്റ്റലുകളിലെ ഭക്ഷണ വ്യവസ്ഥകൾ, ഹജ്ജ് ഹോട്ടലുകളുടെ പരസ്യങ്ങൾ, മടക്കവിരുന്നുകളിലെ ഭക്ഷണ ചടങ്ങുകൾ - ഇങ്ങനെ ഏറെ. 1911-ൽ മദ്രാസിൽ നിന്നുള്ള ഒരു ഹാജി ഖുസ്റു എന്ന കപ്പലിലെ അടുക്കള ലോകം വിവരിച്ചത് എത്ര രസകരമാണ്. ഒരു തീർത്ഥാടകൻ തന്റെ മുറി മുഴുവൻ അടുക്കളയാക്കി മാറ്റിയ കഥ. ഇത്തരം വിവരണങ്ങൾ ഹജ്ജ് സാഹിത്യത്തെ ജീവനുള്ളതാക്കുന്നു. ഈ മാറ്റത്തിലൂടെ, ഹജ്ജ് ഗവേഷണം ഇനി ആത്മീയ യാത്രയുടെ മാത്രം പഠനമല്ല. അത് ഒരു ഗ്യാസ്ട്രോണമിക് സംഗമത്തിന്റെ കൂടി പഠനമാകുന്നു. വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള ഭക്ഷണ വിനിമയങ്ങൾ, പാചക പാരമ്പര്യങ്ങളുടെ കൂടിച്ചേരലുകൾ, രുചികളുടെ ചരിത്രം - ഇവയെല്ലാം പുതിയ ഗവേഷണ വിഷയങ്ങളാകുന്നു. 'തെളിച്ചം' ലേഖനത്തിൽ ഞാൻ ചൂണ്ടിക്കാണിച്ചതുപോലെ, ഭക്ഷണം ഒരു സാർവത്രിക മനുഷ്യാനുഭവമാണ്, പക്ഷേ അത് ചരിത്രത്തെ ആശ്രയിച്ചിരിക്കുന്ന സ്വയം വേർതിരിച്ചറിയാനുള്ള ഒരു മാർഗം കൂടിയാണ്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വൈവിധ്യമാർന്ന പാചക രീതികൾ ഹജ്ജ് യാത്രയിൽ എങ്ങനെയാണ് ഒരു 'Culinary Cosmopolitanism' അല്ലെങ്കിൽ ഒരു ആഗോള പാചക സംസ്കാരം രൂപപ്പെടുത്തിയത്? ബിരിയാണിയും കറികളും ഇറച്ചിയും ഒരേ ഇടത്തിൽ പങ്കുവെക്കപ്പെടുന്നതു വിശ്വാസികൾക്കിടയിൽ പുതിയൊരു സ്വത്വബോധം വളർത്താൻ സഹായിച്ചതിനെക്കുറിച്ചു വിശദീകരിക്കാമോ?
'തെളിച്ചം' ലേഖനത്തിൽ ഞാൻ ചർച്ച ചെയ്ത ഒരു പ്രധാന കാര്യം, ഹജ്ജ് യാത്ര എങ്ങനെ വ്യത്യസ്ത പാചക പാരമ്പര്യങ്ങളുടെ ഒത്തുചേരലിന്റെ ഇടമായി മാറി എന്നതാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിവിധ തീരങ്ങളിൽ നിന്നുള്ള തീർത്ഥാടകർ അവരുടെ രുചികളും പാചകരീതികളും ഭക്ഷണ സംസ്കാരങ്ങളും കൊണ്ടുവന്നു. ഒരേ കപ്പലിൽ, ഒരേ മുസാഫർഖാനയിൽ, ഒരേ തെരുവിൽ, ഈ വ്യത്യസ്ത ഭക്ഷണ സമ്പ്രദായങ്ങൾ പരസ്പരം കണ്ടുമുട്ടി. അവ ഒന്നിച്ചു. അവ പങ്കുവെക്കപ്പെട്ടു. അവ വിമർശിക്കപ്പെട്ടു. ചിലപ്പോൾ അവ തമ്മിൽ ഏറ്റുമുട്ടി. ഈ സംവാദമാണ് ഒരു 'കുലിനറി കോസ്മോപൊളിറ്റനിസ'ത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്.
എങ്ങനെയാണ് ഇത് സാധ്യമായത്? ഒന്നാമത്, തീർത്ഥാടകർ അവരുടെ കൂടെ ഭക്ഷണ സാധനങ്ങൾ കൊണ്ടുപോയി. സുഗന്ധവ്യഞ്ജനങ്ങൾ, അരി, ഉണക്കിയ മാംസം, പപ്പടം, അച്ചാർ. ഇവ അവരുടെ സ്വന്തം നാട്ടിലെ രുചികളെ ഓർമ്മിപ്പിച്ചു. എന്നാൽ യാത്രാവഴിയിൽ അവർ പുതിയ ചേരുവകളും കണ്ടെത്തി. പുതിയ പഴങ്ങൾ. പുതിയ തരം മസാലകൾ. പുതിയ പാചകരീതികൾ. ഈ പുതിയ ചേരുവകൾ അവരുടെ സ്വന്തം പാചകത്തിൽ ഉൾപ്പെടുത്താൻ ചിലർ ശ്രമിച്ചു. മറ്റുചിലർ അവയെ അകറ്റി നിർത്തി. രണ്ടും ഒരു സാംസ്കാരിക പ്രതിഭാസമാണ്. രണ്ടാമത്, വ്യത്യസ്ത സമുദായങ്ങൾ തമ്മിൽ ഭക്ഷണം പങ്കുവെക്കുന്ന ശീലമുണ്ടായിരുന്നു. ഒരാൾ പാകം ചെയ്ത ബിരിയാണി മറ്റൊരാൾ ആസ്വദിച്ചു. ഒരു പ്രദേശത്തിന്റെ കറി മറ്റൊരു പ്രദേശത്തുകാരൻ രുചിച്ചുനോക്കി. ചിലപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടു. ചിലപ്പോൾ ഇഷ്ടപ്പെട്ടില്ല. എന്നാൽ ഈ കൈമാറ്റം തന്നെ പ്രധാനമാണ്. ഇതിലൂടെ അവർ പരസ്പരം മനസ്സിലാക്കി. 'അവർ എങ്ങനെ ഭക്ഷണം കഴിക്കുന്നു' എന്നറിഞ്ഞു. 'അവർ എന്താണ് കഴിക്കുന്നത്' എന്ന് മനസ്സിലാക്കി. ഈ അറിവ് ചിലപ്പോൾ ആദരവ് സൃഷ്ടിച്ചു. ചിലപ്പോൾ അവജ്ഞയും. രണ്ടും ഒരു ആഗോള പാചക സംസ്കാരത്തിന്റെ ഭാഗമാണ്. മൂന്നാമത്, തീർത്ഥാടകർ തങ്ങളുടെ വിവരണങ്ങളിൽ ഈ ഭക്ഷണ അനുഭവങ്ങളെ രേഖപ്പെടുത്തി. ഒരു കപ്പലിലെ അടുക്കളയെക്കുറിച്ച്, ഒരു ഹോട്ടലിലെ ഭക്ഷണത്തെക്കുറിച്ച്, ഒരു പുതിയ വിഭവത്തിന്റെ രുചിയെക്കുറിച്ച്. ഈ രേഖപ്പെടുത്തലുകൾ പിൽക്കാല തീർത്ഥാടകർക്ക് വഴികാട്ടികളായി. ഏതൊക്കെ ഭക്ഷണം കഴിക്കാം, ഏതൊക്കെ ഒഴിവാക്കണം, എങ്ങനെ പുതിയ രുചികളുമായി പൊരുത്തപ്പെടാം എന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളായി. ഇങ്ങനെ, ഒരു സാംസ്കാരിക പാരമ്പര്യം തന്നെ രൂപപ്പെട്ടു.
ഈ പാചക വൈവിധ്യം വിശ്വാസികൾക്കിടയിൽ പുതിയൊരു സ്വത്വബോധം വളർത്തി. 'ഞാൻ ഒരു മലബാരിയാണ്, ഞാൻ ബിരിയാണി കഴിക്കുന്നു' എന്നതിൽ നിന്ന് 'ഞാൻ ഒരു മുസ്ലിമാണ്, ഞാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണം ആസ്വദിക്കുന്നു' എന്ന ബോധത്തിലേക്ക്. ഇത് 'ഉമ്മ' എന്ന ആശയത്തിന്റെ ഒരു ഭൗതിക അനുഭവമായിരുന്നു. ഒരേ പ്ലേറ്റിൽ നിന്ന് കഴിക്കുന്നതിലൂടെ, അവർ അക്ഷരാർത്ഥത്തിൽ ഒരുമിച്ചു. അവരുടെ വ്യത്യാസങ്ങൾ മറഞ്ഞില്ല, പക്ഷേ ആ വ്യത്യാസങ്ങൾക്ക് മുകളിൽ ഒരു പൊതു സ്വത്വം കെട്ടിപ്പടുക്കപ്പെട്ടു.
ഹജ്ജ് കപ്പലുകളിലെ അടുക്കളകൾ പലപ്പോഴും സാംസ്കാരികമായ മേൽക്കോയ്മയുടെയോ അല്ലെങ്കിൽ അന്യവൽക്കരണത്തിന്റെയോ ഇടങ്ങളായി മാറാറുണ്ട്. നവാബ് സിക്കന്ദർ ബീഗത്തെപ്പോലുള്ളവരുടെ വിവരണങ്ങളിൽ അറേബ്യൻ പാചകരീതിയോടുള്ള വിയോജിപ്പുകൾ കാണാം. ഭക്ഷണശീലങ്ങൾ എങ്ങനെയാണ് തീർഥാടകർക്കിടയിൽ വിഭാഗീയതയ്ക്കോ പ്രാദേശിക സ്വത്വ നിർമ്മാണത്തിനോ കാരണമായിരുന്നത്?
ഹജ്ജ് കപ്പലുകളിലെ അടുക്കളകൾ വെറും ഭക്ഷണം പാകം ചെയ്യുന്ന ഇടങ്ങൾ മാത്രമായിരുന്നില്ല. അവ സാംസ്കാരിക മേൽക്കോയ്മയുടെയും അന്യവൽക്കരണത്തിന്റെയും വേദികൾ കൂടിയായിരുന്നു. ഒരു തീർത്ഥാടകൻ തന്റെ സ്വന്തം ഭക്ഷണരീതിയെ 'ശരിയായത്' എന്നും മറ്റുള്ളവരുടെതിനെ 'വിചിത്രമായത്' എന്നും കാണുമ്പോൾ, അവിടെ ഒരു അസമത്വം രൂപപ്പെടുന്നു. ഈ അസമത്വമാണ് പ്രാദേശിക സ്വത്വങ്ങളെ ശക്തിപ്പെടുത്തിയത്. നവാബ് സികന്ദർ ബീഗത്തിന്റെ വിവരണം ഇതിന് ഉത്തമ ഉദാഹരണമാണ്. അവർ അറേബ്യൻ ഭക്ഷണരീതികളെ വിമർശിച്ചത് ഒരു 'സംസ്കാരിക ശ്രേഷ്ഠതയുടെ' നിലപാടിൽ നിന്നായിരുന്നു. 'അവർക്ക് പാചകം അറിയില്ല', 'അവർ അസംസ്കൃതം കഴിക്കുന്നു', 'നല്ലതും ചീത്തയും തിരിച്ചറിയാൻ അവർക്ക് കഴിയില്ല' എന്നീ പരാമർശങ്ങൾ കേവലം ഭക്ഷണത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളല്ല. അവ ഒരു സാംസ്കാരിക മേൽക്കോയ്മയുടെ പ്രകടനമാണ്. 'ഞങ്ങൾക്ക് അറിയാം, അവർക്ക് അറിയില്ല' എന്ന ഭാവം. ഇത് തീർത്ഥാടകർക്കിടയിൽ പ്രാദേശിക സ്വത്വത്തെ ശക്തിപ്പെടുത്തി. 'ഞാൻ ഇന്ത്യക്കാരനാണ്, ഞാൻ നല്ല ഭക്ഷണം കഴിക്കുന്നു' എന്നൊരു ബോധം. അറേബ്യക്കാർ 'മറ്റുള്ളവരായി' അടയാളപ്പെടുത്തപ്പെട്ടു.
എന്നാൽ ഈ വിഭാഗീയത ഇന്ത്യക്കാർക്കും അറേബ്യക്കാർക്കും ഇടയിൽ മാത്രമായിരുന്നില്ല. ഇന്ത്യക്കാർക്കിടയിൽ തന്നെ വ്യത്യസ്ത പ്രാദേശിക സ്വത്വങ്ങൾ രൂപപ്പെട്ടു. ഫാത്തിമ ബീഗത്തിന്റെ വിവരണം ഇത് വ്യക്തമാക്കുന്നു. കപ്പലിലെ 'നെയ്യ് സമരം' എന്നത് ഒരു ലളിതമായ ഭക്ഷണ പരാതി മാത്രമായിരുന്നില്ല. അത് 'ഞങ്ങളുടെ ഭക്ഷണരീതി' എന്നതിന്റെ പ്രഖ്യാപനമായിരുന്നു. നെയ്യിന് പകരം സസ്യ എണ്ണ നൽകിയത് 'ഞങ്ങളുടെ പാചകത്തിലെ അവശ്യ ഘടകത്തെ നിങ്ങൾ അപമാനിച്ചു' എന്നായിരുന്നു അവരുടെ പ്രതികരണം. ഇവിടെ 'ഞങ്ങൾ' എന്നത് ദക്ഷിണേഷ്യൻ മുസ്ലിംകളെ മൊത്തത്തിൽ പ്രതിനിധീകരിച്ചിരിക്കാം, എന്നാൽ ആ 'ഞങ്ങൾ'ക്കുള്ളിൽ തന്നെ കൂടുതൽ വിഭജനങ്ങളുണ്ടായിരുന്നു.
ബംഗാളി, മലബാറി സ്ത്രീകളുടെ പാചക ശീലങ്ങളിലെ വ്യത്യാസങ്ങളെക്കുറിച്ചു സി.എച്ച് മുഹമ്മദ് കോയയെപ്പോലുള്ളവർ നിരീക്ഷിക്കുന്നുണ്ട്. ഹജ്ജ് കപ്പലുകളിലെ 'ചലിക്കുന്ന അടുക്കളകൾ' സ്ത്രീകളുടെ സാമൂഹിക ഇടപെടലുകളെയും അവരുടെ അധ്വാനത്തെയും അടയാളപ്പെടുത്തുന്നത് എങ്ങനെയാണ്? അതുപോലെ, ഇന്ന് മുൻകാലങ്ങളിൽ തീർഥാടകർ സ്വന്തമായി ആഹാരം പാകം ചെയ്തിരുന്ന സ്ഥാനത്തു റെസ്റ്റോറൻ്റുകളും ഗവൺമെന്റ് നിയന്ത്രിത ഭക്ഷണ സംവിധാനങ്ങളും നിലവിൽ വന്നു. ഹജ്ജ് യാത്രയിലെ ഈ 'ഭക്ഷണ വാണിജ്യവൽക്കരണവും' സർക്കാർ ഇടപെടലുകളും തീർഥാടനത്തിന്റെ ആത്മീയ പരിസരത്തെയും വ്യക്തിപരമായ അനുഭവങ്ങളെയും എങ്ങനെയൊക്കെയാണ് മാറ്റിമറിച്ചത്?
സി.എച്ച് മുഹമ്മദ് കോയയും അബ്ദുൽ അസീസും വിവരിച്ചതുപോലെ, ബംഗാളികൾ, മദ്രാസികൾ, മലബാറികൾ, ഉത്തർപ്രദേശിൽ നിന്നുള്ളവർ, പഞ്ചാബികൾ, സിന്ധികൾ, ബുഖാരികൾ - എല്ലാവർക്കും വ്യത്യസ്ത ഭക്ഷണരീതികളുണ്ടായിരുന്നു. ഈ വ്യത്യാസങ്ങൾ ചിലപ്പോൾ സൗഹൃദത്തിന് കാരണമായി. ചിലപ്പോൾ അകൽച്ചയ്ക്കും. ഒരു മലബാറി തീർത്ഥാടകൻ ബംഗാളി ഭക്ഷണത്തെ 'അമിതമായി മസാലയുള്ളത്' എന്ന് വിമർശിച്ചു. ഒരു ഉത്തർപ്രദേശക്കാരൻ ദക്ഷിണേന്ത്യൻ ഭക്ഷണത്തെ 'അസഹനീയം' എന്ന് കണ്ടു. ഈ വിമർശനങ്ങൾ 'ഞങ്ങളും അവരും' എന്ന അതിർവരമ്പുകൾ കെട്ടിപ്പടുത്തു. ഇത് പ്രാദേശിക സ്വത്വത്തെ കൂടുതൽ ദൃഢമാക്കി. 'ഞാൻ ഒരു മലബാരിയാണ്', 'ഞാൻ ഒരു ബംഗാളിയാണ്', 'ഞാൻ ഇങ്ങനെയാണ് കഴിക്കുന്നത്, അവർ അങ്ങനെയും' - ഈ വിഭജനങ്ങൾ ഹജ്ജ് യാത്രയുടെ സാർവത്രിക സാഹോദര്യത്തിനുള്ളിൽ പോലും നിലനിന്നു.
അതുകൊണ്ടാണ് ഞാൻ പറയുന്നത്, ഭക്ഷണം ഒരു ഏകീകരണ ശക്തി മാത്രമല്ല, ഒരു വിഭജന ശക്തി കൂടിയാണ് എന്ന്. ഹജ്ജ് തീർത്ഥാടകർ ഒരുമിച്ച് പ്രാർത്ഥിച്ചു, ഒരുമിച്ച് ആചാരങ്ങൾ ചെയ്തു, എന്നാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ അവർ പലപ്പോഴും വേർപിരിഞ്ഞു. അവരവരുടെ സ്വന്തം പാചകരീതികളിൽ ഉറച്ചുനിന്നു. അവരുടെ പ്രാദേശിക സ്വത്വങ്ങൾ അവർ ഉപേക്ഷിച്ചില്ല. ഈ പ്രതിഭാസം ഹജ്ജിനെക്കുറിച്ചുള്ള നമ്മുടെ ധാരണയെ സങ്കീർണ്ണമാക്കുന്നു. അത് ഒരു 'സാർവത്രിക സാഹോദര്യ'ത്തിന്റെ മാത്രം കഥയല്ല. അത് വൈവിധ്യത്തിന്റെയും സംഘർഷത്തിന്റെയും സ്വത്വ നിർമ്മാണത്തിന്റെയും കൂടി കഥയാണ്.
ഹജ്ജ് കപ്പലുകളിലെ 'ചലിക്കുന്ന അടുക്കളകൾ' സ്ത്രീകളുടെ ജീവിതത്തിന്റെ സുപ്രധാന രേഖകളാണ്. മുഹമ്മദ് കോയയുടെ നിരീക്ഷണങ്ങൾ കാണിക്കുന്നത്, ബംഗാളി സ്ത്രീകളും മലബാറി സ്ത്രീകളും വ്യത്യസ്ത രീതികളിലാണ് പാചകത്തിൽ ഏർപ്പെട്ടിരുന്നത് എന്നാണ്. ബംഗാളി സ്ത്രീകൾ പാചകത്തിൽ സജീവമായി പങ്കെടുത്തപ്പോൾ, മലബാറി സ്ത്രീകൾ കൂടുതൽ സംയമനം പാലിച്ചു. ഈ വ്യത്യാസങ്ങൾ ആകസ്മികമല്ല. അവ സാമൂഹിക നിയന്ത്രണങ്ങളുടെയും സാംസ്കാരിക പാരമ്പര്യങ്ങളുടെയും പ്രതിഫലനമാണ്.
'ചലിക്കുന്ന അടുക്കള' എന്നത് കപ്പലിലെ ഒരു സ്ഥലം മാത്രമല്ല, സ്ത്രീകൾക്ക് സ്വന്തമായി പ്രവർത്തിക്കാനും ഇടപെടാനും കഴിയുന്ന ഒരു സാമൂഹിക ഇടം കൂടിയാണ്. അവിടെ അവർ ഭക്ഷണം പാകം ചെയ്യുക മാത്രമല്ല, കഥകൾ പങ്കുവെക്കുന്നു. അവർ അവരുടെ ദുഖങ്ങൾ പറയുന്നു. അവർ അവരുടെ സ്വപ്നങ്ങൾ പങ്കിടുന്നു. അവർ പരസ്പരം പഠിക്കുന്നു. ഈ അടുക്കളകൾ അവരുടെ അധ്വാനത്തിന്റെയും സർഗ്ഗാത്മകതയുടെയും രേഖകളാണ്. എന്നാൽ അതേസമയം, ഈ അടുക്കളകൾ അവരുടെ പരിമിതികളെയും അടയാളപ്പെടുത്തുന്നു. ചില സ്ത്രീകൾക്ക് പാചകത്തിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു, മറ്റുചിലർക്ക് അത് നിഷേധിക്കപ്പെട്ടു. ഈ വ്യത്യാസം തന്നെ പഠനാർഹമാണ്. ഇപ്പോൾ നമുക്ക് സമകാലിക സാഹചര്യത്തിലേക്ക് വരാം. മുൻകാലങ്ങളിൽ തീർത്ഥാടകർ സ്വന്തമായി ഭക്ഷണം പാകം ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് റെസ്റ്റോറന്റുകളും ഗവൺമെന്റ് നിയന്ത്രിത ഭക്ഷണ സംവിധാനങ്ങളും നിലവിൽ വന്നു. ഈ മാറ്റം ഹജ്ജ് യാത്രയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ചു. ഞാൻ മുമ്പ് ചില വിശദാംശങ്ങൾ പറഞ്ഞിട്ടുണ്ട്.
ഭക്ഷണ വാണിജ്യവൽക്കരണം തീർത്ഥാടനത്തെ ഒരു 'സേവനമേഖല'യാക്കി മാറ്റി. മുമ്പ് തീർത്ഥാടകർ സ്വന്തം ഭക്ഷണം സ്വയം കൈകാര്യം ചെയ്യേണ്ടിയിരുന്നു. അത് അവരുടെ യാത്രയുടെ ഭാഗവും അനുഭവവും ആയിരുന്നു. ഇന്ന് റെസ്റ്റോറന്റുകൾ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇത് സൗകര്യം വർദ്ധിപ്പിച്ചു, എന്നാൽ വ്യക്തിപരമായ അനുഭവത്തിന്റെ ഒരു മാനം നഷ്ടപ്പെടുത്തി. തീർത്ഥാടകർ ഇനി 'ഭക്ഷണം ഉണ്ടാക്കുന്നവർ' അല്ല, 'ഭക്ഷണം വാങ്ങുന്നവർ' മാത്രമാണ്. ഈ മാറ്റം അവരുടെ യാത്രയോടുള്ള ബന്ധത്തെ ബാധിക്കുന്നു. ഗവൺമെന്റ് ഇടപെടലുകൾ ഭക്ഷണത്തെ ഏകീകൃതമാക്കി. മുമ്പ് വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകർ അവരവരുടെ പ്രാദേശിക ഭക്ഷണരീതികൾ പിന്തുടർന്നു. ഇന്ന് സർക്കാർ നിശ്ചയിക്കുന്ന ഭക്ഷണ പട്ടികകൾ, കരാറുകാർ, ലേലങ്ങൾ. ഇത് കാര്യക്ഷമത വർദ്ധിപ്പിച്ചു, എന്നാൽ വൈവിധ്യം കുറച്ചു. തീർത്ഥാടകർക്ക് അവരുടെ സ്വന്തം രുചികൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. ഒരു 'ദേശീയ ഭക്ഷണം' അവർക്ക് വിളമ്പപ്പെടുന്നു. ഇത് എത്രമാത്രം അവരുടെ വ്യക്തിപരമായ അനുഭവത്തെ ബാധിക്കുന്നു? ഈ മാറ്റങ്ങൾ ആത്മീയ പരിസരത്തെത്തന്നെ മാറ്റിമറിച്ചു. മുമ്പ്, ഭക്ഷണം പാകം ചെയ്യുന്ന പ്രവൃത്തി തന്നെ ഒരു ഭക്ത്യാചാരമായിരുന്നു. മറ്റുള്ളവർക്കായി ഭക്ഷണം ഉണ്ടാക്കുക, പങ്കുവെക്കുക, ഒരുമിച്ച് കഴിക്കുക - ഇതെല്ലാം ഹജ്ജ് അനുഭവത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നു. ഇന്ന്, ഭക്ഷണം ഒരു ചരക്കായി മാറി. ആത്മീയതയും ഭക്ഷണവും തമ്മിലുള്ള ബന്ധം ദുർബലമായി. തീർത്ഥാടകർ ഇനി 'ഭക്ഷണത്തിലൂടെ' ദൈവത്തോട് അടുക്കുന്നില്ല. പകരം, അവർ 'റെസ്റ്റോറന്റിലൂടെ' വിശപ്പടക്കുന്നു. ഇതൊരു വലിയ മാറ്റമാണ്. ഈ മാറ്റത്തിന്റെ ആത്മീയവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ ഗവേഷകർ ഇനിയും പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ല.
മറ്റൊരു വീക്ഷണം കൂടി ഞാൻ ഇവിടെ ചേർക്കുന്നു. പതിറ്റാണ്ടുകളായി ഹജ്ജ് പഠനങ്ങൾ മനുഷ്യനെ മാത്രം കേന്ദ്രീകരിച്ചു. എന്നാൽ 20-ാം നൂറ്റാണ്ടിന്റെ മധ്യം വരെ നിലനിന്ന വണ്ടിപ്പടവ്യവസ്ഥയായിരുന്നു ഹജ്ജിന്റെ നട്ടെല്ല്. ഒട്ടകങ്ങളും കുതിരകളും മറ്റു മൃഗങ്ങളും ഗതാഗതമാർഗ്ഗങ്ങളും ആചാരങ്ങളും ആയിരുന്നു. ഈ മൃഗങ്ങൾ ഹജ്ജ് യാത്രയുടെ ഭാഗമായിരുന്നു. അവയ്ക്ക് ഭക്ഷണം കൊടുത്തു. അവയെ ചികിത്സിച്ചു. അവ ക്ഷീണിച്ചു വീണു. അവ ചത്തു. അവയുടെ മൃതദേഹങ്ങൾ മരുഭൂമിയിൽ അവശേഷിച്ചു. ഹജ്ജ് മനുഷ്യന്റെ മാത്രം യാത്രയായിരുന്നില്ല. അതൊരു പാരിസ്ഥിതിക സംഭവം കൂടിയായിരുന്നു. ഈ വീക്ഷണം മനുഷ്യകേന്ദ്രിത ചരിത്രരചനയ്ക്ക് അപ്പുറമുള്ള വായനയാണ്. ഹജ്ജ് ഗവേഷണം ഇനി മൃഗങ്ങളെക്കൂടി ഉൾപ്പെടുത്തണം. കാരണം അവയില്ലാതെ ഹജ്ജ് നടന്നിരുന്നില്ല. അവയുടെ കാൽപ്പാടുകൾ ചരിത്രത്തിൽ അവശേഷിച്ചിട്ടുണ്ട്. അവ കണ്ടെത്തേണ്ടത് നമ്മുടെ ജോലിയാണ്.
പുതിയ ഹജ്ജ് പഠനങ്ങൾ പുതിയ വഴികൾ തുറക്കുന്നു. ഇനിയും ചെയ്യേണ്ട പലതുണ്ട്. ഒന്ന്, ഹജ്ജ് വിവരണങ്ങളും വൈദ്യചരിത്രവും. കോളറ, പ്ലേഗ് തുടങ്ങിയ പകർച്ചവ്യാധികളെ തീർത്ഥാടകർ എങ്ങനെ നേരിട്ടു? ക്വാറന്റൈൻ കേന്ദ്രങ്ങളിലെ അനുഭവങ്ങൾ എന്ത്? ഒരു ഡോക്ടറുടെ കണ്ണിലൂടെ ഹജ്ജ് എങ്ങനെ കാണപ്പെടുന്നു? ഒരു സഹപ്രവർത്തകയ്ക്കൊപ്പം ഞാൻ ഒട്ടോമൻ തുർക്കിഷിലെ ഒരു ഡോക്ടറുടെ ഹജ്ജ് വിവരണം പഠിക്കുന്നുണ്ട്. അദ്ദേഹം കോളറയെ നേരിട്ട അനുഭവം രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട്, യാത്രാ ഡോക്ടർമാരും ശാസ്ത്രജ്ഞരും. ഹജ്ജ് യാത്ര ചെയ്ത വൈദ്യന്മാരുടെ ജീവചരിത്രങ്ങൾ പഠിക്കേണ്ടതുണ്ട്. അവർ എവിടെ പഠിച്ചു? എന്ത് ചികിത്സിച്ചു? അവരുടെ രേഖകൾ മെഡിക്കൽ ചരിത്രത്തിന് വിലപ്പെട്ടതാണ്. മൂന്ന്, വനിതകളും ലിംഗവും വൈദ്യവും. സ്ത്രീകൾ എഴുതിയ ഹജ്ജ് വിവരണങ്ങൾ (സികന്ദർ ബീഗം പോലുള്ളവ) പ്രത്യേകം പഠിക്കേണ്ടതുണ്ട്. പ്രസവം, ആർത്തവം, കുട്ടികളുടെ രോഗങ്ങൾ - ഇവ യാത്രയിൽ എങ്ങനെ അനുഭവിക്കപ്പെട്ടു? പുരുഷന്മാരുടെ വിവരണങ്ങളിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഇവ തരും.
നാല്, പകർച്ചവ്യാധികളും തദ്ദേശീയ സമൂഹങ്ങളും. ഹജ്ജ് വഴി പടർന്ന രോഗങ്ങൾ തദ്ദേശീയ ജനവിഭാഗങ്ങളെ എങ്ങനെ ബാധിച്ചു? അവരുടെ പ്രതിരോധ മാർഗ്ഗങ്ങൾ എന്തായിരുന്നു? ഈ ചോദ്യങ്ങൾ ഇതുവരെ കേന്ദ്രീകരിക്കപ്പെട്ടിട്ടില്ല. അഞ്ച്, അടിമക്കഥകളും കറുത്തവർഗ്ഗ വിവരണങ്ങളും. ഹജ്ജ് ചെയ്ത അടിമകളുടെ അനുഭവങ്ങൾ എന്തായിരുന്നു? ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ സ്വന്തം എഴുത്തുകൾ ഏതൊക്കെയുണ്ട്? ഈ ശബ്ദങ്ങൾ ഗവേഷണത്തിൽ ഏറെ അവഗണിക്കപ്പെട്ടിട്ടുണ്ട്.
ഈ ദിശകളിലെല്ലാം, ഹജ്ജ് ഗവേഷണം വികസിക്കേണ്ടതുണ്ട്. ചരിത്രം, വൈദ്യം, പരിസ്ഥിതി, ലിംഗം, വംശം, തൊഴിൽ, ഉപേക്ഷിക്കപ്പെട്ട ശബ്ദങ്ങൾ - ഇവയെല്ലാം ഒന്നിച്ച് ചേർക്കേണ്ട മേഖലകളാണ്. കൂടുതൽ ബദൽ വീക്ഷണങ്ങൾ വരേണ്ടതുണ്ട് സബാൾട്ടേൺ ഹജ്ജ് എന്നത് ഇനിയും ശ്രദ്ധിക്കപ്പെടാത്ത ഒരു ചരിത്രമാണ്. യാചകർ, ക്ഷുരകന്മാർ, വെള്ളം ചുമന്നവർ, അവശിഷ്ട ശേഖരണക്കാർ, ഒട്ടകമോടിച്ചവർ - ഇവരുടെ കഥകളില്ലാതെ ഹജ്ജ് ചരിത്രം അപൂർണ്ണമാണ്. ഉന്നതരുടെയും പണ്ഡിതന്മാരുടെയും മാത്രം വിവരണങ്ങൾ നമുക്ക് ധാരാളമുണ്ട്. എന്നാൽ താഴെ നിന്നുള്ളവരുടെ ശബ്ദം എവിടെ? അവർ എങ്ങനെ യാത്ര ചെയ്തു? എങ്ങനെ അതിജീവിച്ചു? എങ്ങനെ മരിച്ചു? കൂടുതൽ ഗവേഷണം ഈ ദിശയിലേക്ക് വരണം. അതില്ലാതെ ഹജ്ജിനെക്കുറിച്ചുള്ള നമ്മുടെ ധാരണ പൂർണ്ണമാകില്ല. ഓരോ പുതിയ വീക്ഷണവും ഹജ്ജിനെക്കുറിച്ചുള്ള നമ്മുടെ ധാരണയെ സമ്പന്നമാക്കും. ഓരോ പുതിയ രേഖയും ഒരു പുതിയ കഥ പറയും. ആ കഥകൾ കേൾക്കാൻ നാം തയ്യാറാകണം.
