ഭാരതീയ ഉപഭൂഖണ്ഡത്തിലെ തെക്കുപടിഞ്ഞാറൻ തീരപ്രദേശമായ മലബാറിൽ 'ചങ്ങാതി' എന്ന വാക്ക് അങ്ങേയറ്റം ആത്മബന്ധത്തോടും സ്നേഹവാത്സല്യങ്ങളോടുംകൂടി ദൈനംദിന സംഭാഷണങ്ങളിൽ ഉപയോഗിച്ചുപോരുന്നുണ്ട്. ചരിത്രപരമായി നോക്കുമ്പോൾ ഈ സൗഹൃദപദം പ്രാചീനകാലത്തെ ഒരു പ്രബലമായ രാഷ്ട്രീയ-സുരക്ഷാ സംവിധാനത്തിന്റെ ഭാഷാപരമായ ശേഷിപ്പാണ്. സമകാലിക മലബാറിൽ 'ചെങ്ങായി' അല്ലെങ്കിൽ 'ഒറ്റച്ചെങ്ങായി' എന്നീ പദങ്ങൾ അത്യന്തം ഗാഢമായ ബന്ധത്തെ സൂചിപ്പിക്കുന്ന ഒരു പദപ്രയോഗമായി ഉപയോഗിക്കുന്നുണ്ടെങ്കിലും മധ്യകാലഘട്ടത്തിൽ വ്യാപാരികളും സന്യാസിമാരും കൊളോണിയൽ ശക്തികളും 'ചങ്ങാത്തം' എന്ന പദം ഉപയോഗിച്ചിരുന്നത് ഒരു സംരക്ഷിതന്റെ സുരക്ഷയ്ക്കായി സംരക്ഷകൻ സ്വന്തം ജീവൻവരെ പണയം വെക്കുന്ന കരാർ അധിഷ്ഠിതമായ ഒരു സുരക്ഷാ ഗിൽഡ് സംവിധാനത്തിനായിരുന്നു.
ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപ്പിള്ള മലബാറിലെ ചാവേർ പടകളുടെ പ്രവർത്തനങ്ങളെക്കുറിച്ചു പ്രതിപാദിക്കുമ്പോൾ, ചങ്ങാത്തം ചാവേർ വ്യവസ്ഥയുടെ ഒരു ഉപവിഭാഗമായിരുന്നുവെന്നു ചൂണ്ടിക്കാണിക്കുകയും പോർച്ചുഗീസ് രേഖകളെ ആസ്പദമാക്കി ആർ.എസ് വൈറ്റ്വേ 'ജാങ്കാഡ' (Jangada) എന്ന് വിശേഷിപ്പിച്ച ഈ പ്രാചീന സ്ഥാപനത്തിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവരികയും ചെയ്തിട്ടുണ്ട്. മലബാറിലെ പോർച്ചുഗീസ് കോട്ടകളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന ജാങ്കാഡകൾ തങ്ങളെ ഏൽപ്പിച്ച ദൗത്യങ്ങൾ സ്വന്തം ജീവൻ കൊടുത്തും സംരക്ഷിക്കാൻ ബാധ്യസ്ഥരായിരുന്നുവെന്നും അത്തരത്തിലൊരു ജാങ്കാഡ കൊല്ലപ്പെട്ടാൽ അത് അയാളുടെ മുഴുവൻ ബന്ധുക്കളുമായുള്ള രക്തപ്പകയായി മാറുന്ന ഗുരുതരമായ സാഹചര്യത്തിലേക്കു വഴിവെച്ചിരുന്നുവെന്നും വൈറ്റ്വേ രേഖപ്പെടുത്തുന്നു.
പോർച്ചുഗീസുകാർ അമ്പലങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ച സന്ദർഭങ്ങളിൽ ക്ഷേത്രസംരക്ഷണം ഏൽപ്പിക്കപ്പെട്ടിരുന്ന 'ഗംഗാതുകൾ' അവരുമായി നേരിട്ട് ഏറ്റുമുട്ടിയതായി ഇളംകുളം നിരീക്ഷിക്കുന്നുണ്ട്. വ്യാപാരികളെയും സഞ്ചാരികളെയും സുരക്ഷിതമായി യാത്ര ചെയ്യാൻ സഹായിക്കുക വെറുമൊരു സേവനമെന്നതിലുപരി ജാങ്കാഡകളുടെ പ്രമുഖ ധർമമായിരുന്നുവെന്നും അതിനായി അവർ പ്രതിഫലമൊന്നും പറ്റിയിരുന്നില്ല എന്നും ഇളംകുളം വാദിക്കുന്നു. സൗജന്യ സേവന സ്വഭാവത്തെ അടിവരയിടുന്ന ഇളംകുളത്തിന്റെ വാദത്തിനോട് അൽഫോൻസോ ഡി അൽബുക്കർക്കിന്റെ സെക്രട്ടറിയായിരുന്ന ഗാസ്പർ കൊറീയയെപ്പോലുള്ള പോർച്ചുഗീസ് ചരിത്രകാരന്മാർ വിയോജിച്ചുകൊണ്ട് രാജാക്കന്മാരിൽനിന്നും തറവാടുകളിൽനിന്നും കൃത്യമായ ജീവിതച്ചെലവ് കൈപ്പറ്റിയാണ് ഇക്കൂട്ടർ നിലനിന്നിരുന്നതത്രെ. ഫ്രാൻസ്വ പിരാർദ് എന്ന സഞ്ചാരിയും തനിക്ക് പ്രതിഫലം നൽകിയതിന്റെ അടിസ്ഥാനത്തിൽ ജാങ്കാഡകളുടെ സംരക്ഷണം ലഭിച്ചിരുന്നതായി സാക്ഷ്യപ്പെടുത്തുകയും പ്രാദേശിക പ്രഭുക്കന്മാരും രാജാക്കന്മാരും വേതനം നൽകിയാണ് ഇത്തരം സുരക്ഷാഭടന്മാരെ നിലനിർത്തിയിരുന്നതെന്ന് അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്.
പോർച്ചുഗീസ് ആഗമനത്തിനുമുമ്പ്, അഥവാ പതിമൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടുവെന്നു കരുതപ്പെടുന്ന 'പയ്യന്നൂർ പാട്ടോല' എന്ന പ്രാചീന മലയാള കാവ്യത്തിലും ചങ്ങാത്തത്തെക്കുറിച്ചുള്ള വ്യക്തമായ പരാമർശങ്ങൾ കാണാം. തമിഴ് ചെട്ടിയാരുടെ മലയാളി ഭാര്യയായ നീലകേശി തന്റെ സഹോദരന്മാരെ വധിച്ചവരോടു പ്രതികാരം ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുന്നതും തുടർന്നുണ്ടാകുന്ന രക്തപ്പകയും (കുടിപ്പക) ഇതിവൃത്തമാക്കിയ ഈ കാവ്യത്തിൽ "ചാവളരെപ്പൊലെ നീയകലപൊവും, ചങ്ങാതം ബെണം പെരികെയിപ്പോള്" എന്ന് പിതാവ് മകനോട് ഉപദേശിക്കുന്നതു മധ്യകാല മലബാറിലെ കടൽ വാണിജ്യ പാതകളിൽ സഞ്ചരിക്കുമ്പോൾ സുരക്ഷാ സജ്ജീകരണമെന്ന നിലയിൽ ചങ്ങാത്തം എത്രത്തോളം പ്രബലമായിരുന്നുവെന്നു മനസ്സിലാക്കാം.
തീരദേശ കോറമണ്ഡലിനെയും മലബാറിനെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പ്രമുഖ വർത്തക സമൂഹമായ ചെട്ടി എന്ന കഥാപാത്രത്തിലൂടെതന്നെ ഈ സുരക്ഷാ മുന്നറിയിപ്പ് നൽകപ്പെടുന്നതു പ്രാചീന ഇന്ത്യൻ മഹാസമുദ്ര വ്യാപാര ശൃംഖലയിൽ ചങ്ങാത്തത്തിനുള്ള സ്വാധീനം വിളിച്ചോതുന്നുണ്ട്. കൊളോണിയൽ ശക്തികളുടെ ആഗമനത്തിനുശേഷവും ഈ സ്ഥാപനം ഏതൊക്കെ രീതിയിൽ രൂപാന്തരപ്പെട്ടു എന്നതിനെക്കുറിച്ചോ, ആധുനിക പൊലിസ് സംവിധാനം നിലവിൽ വരുന്നതുവരെ ഇത് തുടർന്നുപോന്നു എന്ന ഇളംകുളത്തിന്റെ പ്രസ്താവനയെ സാധൂകരിക്കുന്ന തെളിവുകളെക്കുറിച്ചോ ചരിത്രരേഖകളിൽ വ്യക്തമായ തെളിവുകൾ കാണുന്നില്ല. പ്രാരംഭകാല ചരിത്രകാരന്മാർ പലരും ഈ സുരക്ഷാ സംവിധാനത്തെ പ്രാദേശിക വ്യാപാര സമ്പദ്വ്യവസ്ഥയ്ക്കു വെളിയിൽനിന്നുമാത്രം സഹായം നൽകിയിരുന്ന ഒരു ബാഹ്യഘടകമായിട്ടാണ് വിലയിരുത്തിയത്.
ഈ വിഷയത്തിലുള്ള ഭൂരിഭാഗം പഠനങ്ങളും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ആഗമനത്തോടെ ചങ്ങാത്ത വ്യവസ്ഥയ്ക്കു സംഭവിച്ച ക്രമാനുഗതമായ തകർച്ചയെ കാര്യമായി പരിഗണിക്കാതെ ലളിതമാക്കി തള്ളിക്കളയുകയാണു ചെയ്യുന്നത്. എന്നാൽ, ചങ്ങാത്തത്തിന്റെ സൂക്ഷ്മമായ വിശകലനം വെളിപ്പെടുത്തുന്നത് ഈ വ്യവസ്ഥയുടെ വിഘടനമെന്നതു കേവലം അപ്രസക്തമായ ഒരു ബാഹ്യസംഭവമായിരുന്നില്ലെന്നും അത് ആ പ്രദേശത്തിന്റെ രാഷ്ട്രീയ സമ്പദ്വ്യവസ്ഥയുടെതന്നെ തകർച്ചയുടെ പ്രതീകമായിരുന്നുവെന്നുമാണ്. തികച്ചും ഖണ്ഡിതമായ ഒരു രാഷ്ട്രീയ വ്യവസ്ഥയ്ക്കുള്ളിൽ വ്യാപാരം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമായ ഘടനാപരമായ സംരക്ഷണം നൽകിയിരുന്നതിനാൽ 'ചങ്ങാത്തം' അഥവാ കാവൽ നായന്മാർ മലബാറിന്റെ സാമ്പത്തിക മേഖലയുടെ കേന്ദ്രബിന്ദുവായിരുന്നു. വിദേശ അധിനിവേശങ്ങളും തുടർന്നുണ്ടായ ബ്രിട്ടീഷ് കേന്ദ്രീകരണവുംമൂലമുണ്ടായ ഇവരുടെ തകർച്ച മലബാറിന്റെ പരമ്പരാഗത സാമ്പത്തിക ക്രമത്തിന്റെ അന്ത്യത്തെയാണു കുറിച്ചത്.
സ്വയം ഭരണാധികാരമുള്ള ജന്മികൾ, പരമാധികാരികളായ രാജാക്കന്മാർ, മാപ്പിളമാരും വിദേശ വ്യാപാരികളും അടങ്ങുന്ന വാണിജ്യ ശൃംഖലകൾ എന്നിവ ഉൾപ്പെടുന്ന ത്രികോണ ശക്തികേന്ദ്രങ്ങളായിരുന്നു പ്രാചീന മലബാറിലെ രാഷ്ട്രീയ സാമ്പത്തികാവസ്ഥയെ പ്രധാനമായും നിർണയിച്ചിരുന്നത്. ഈ വിവിധ ശക്തികേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണികളായി പ്രവർത്തിച്ച ചങ്ങാത്തം നായന്മാർ, നിയമപരമായ അതിർത്തികളുള്ള സംഭരണശാലകളുടെ വിശ്വസ്തരായ കാവലാളായും വിദേശ വ്യാപാരികളുടെ സുരക്ഷാഭടന്മാരായും മാറുകയുണ്ടായി. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലഘട്ടത്തിൽ മലബാറിന്റെ ഉൾനാടുകളെ വിശാലമായ ഇന്ത്യൻ മഹാസമുദ്ര വാണിജ്യലോകവുമായി ബന്ധിപ്പിക്കുന്ന വ്യാപാര ശൃംഖല നിലനിർത്തുന്നതിനും ചുങ്ക പിരിവുകൾ സുഗമമാക്കുന്നതിനും കച്ചവടക്കാർ അധികാരികളോട് അനാദരവ് കാണിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനും ഈ കൂട്ടം അത്യാവശ്യമായി തീർന്നു. കുരുമുളക്, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ ഉൾനാടൻ വ്യാപാരകേന്ദ്രങ്ങളിൽ സാന്നിധ്യമായിരുന്ന ചങ്ങാത്തങ്ങൾ നായർ പ്രഭുക്കന്മാർക്കു യൂറോപ്യന്മാരുമായി നേരിട്ടുള്ള വ്യാപാരം ഉപേക്ഷിച്ചു പ്രാദേശിക ഏജന്റുമാർക്കും കച്ചവടക്കാർക്കും മുൻഗണന നൽകാനുള്ള കരുത്തു പകരുകയും കൃത്യമായ ചുങ്കപ്പിരിവിലൂടെയും സുരക്ഷിതമായ പാതകളിലൂടെയും ജന്മികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയും ചെയ്തു.
ഭൂബന്ധങ്ങളിലും റവന്യൂ ഘടനയിലും വൻ വിപ്ലവം സൃഷ്ടിച്ച മൈസൂർ അധിനിവേശവും തുടർന്നുവന്ന ബ്രിട്ടീഷ് ഇടപെടലുകളും സാമ്പത്തിക അടിത്തറയെ താങ്ങിനിർത്തിയിരുന്ന പരസ്പര നിയന്ത്രണ സംവിധാനങ്ങളെ പൂർണമായി തകർത്തെറിഞ്ഞു. അധിനിവേശങ്ങളുടെയും ബ്രിട്ടീഷ് സമ്മർദങ്ങളുടെയും ഫലമായി രാജാക്കന്മാർ ചങ്ങാത്ത കരാറുകൾ ലംഘിച്ചു ചരക്കുകൾ പിടിച്ചെടുക്കുകയും സംരക്ഷിതരായ വ്യാപാരികളെ ഉപദ്രവിക്കാൻ അനുവദിക്കുകയും ചെയ്തതോടെ, ഗതാഗത വ്യവസ്ഥയുടെ അടിത്തറയായ പരസ്പര വിശ്വാസം അപ്രത്യക്ഷമായി. ഫ്യൂഡൽ പിരിവുകളും സംരക്ഷണപ്പണവും ബ്രിട്ടീഷുകാർ നിരോധിച്ചതോടെ ചങ്ങാത്തങ്ങൾക്കു തങ്ങളുടെ പ്രധാന ജീവിതോപാധി നഷ്ടപ്പെടുകയും പരമ്പരാഗത ചുമതലകൾ അപ്രത്യക്ഷമായതോടെ അവരിൽ പലരും മോഷണം, വനവിഭവങ്ങളുടെ കള്ളക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിലേക്കു തിരിഞ്ഞു. സ്ഥിരമായ വാർഷിക വേതനം വാഗ്ദാനം ചെയ്തുകൊണ്ടു ബ്രിട്ടീഷുകാർ സാധാരണക്കാരായ നായന്മാരെ പരമ്പരാഗത പ്രഭുക്കന്മാരിൽനിന്ന് വിജയകരമായി അകറ്റുകയും മുൻകാല ചങ്ങാത്തങ്ങളെ ബ്രിട്ടീഷ് കോൽക്കാരന്മാരും പൊലിസുകാരുമായി രൂപാന്തരപ്പെടുത്തുകയും ചെയ്തതിലൂടെ നായന്മാർ നിയന്ത്രിച്ചിരുന്ന വികേന്ദ്രീകൃത ഗതാഗത സംവിധാനത്തിനുപകരം തങ്ങളുടെ കുത്തക ആധിപത്യമുള്ള കേന്ദ്രീകൃത ഏജൻസിയെ പ്രതിഷ്ഠിക്കാൻ ബ്രിട്ടീഷുകാർക്കു സാധിച്ചു.
ദീർഘകാലം നിലനിന്ന ഒരു സുരക്ഷാ സ്ഥാപനത്തിന്റെ തകർച്ച എന്നതിനോടൊപ്പം മാപ്പിള വാണിജ്യ ശൃംഖലയുടെ സ്വതന്ത്ര വ്യാപാരത്തിന്റെ അന്ത്യം കൂടിയായിരുന്നു അത്. അതോടൊപ്പം ജന്മികളും ചെറുകിട കർഷകരും രാവരി നായന്മാർ ഉൾപ്പെടെയുള്ള ഉൾനാടൻ വ്യാപാരികളും അടങ്ങുന്ന പ്രാദേശിക സാമ്പത്തിക സർക്ക്യൂട്ടിന്റെ സ്വയംഭരണാവകാശം നഷ്ടപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് ഭരണത്തിന്റെ ഉദ്യോഗസ്ഥ വൃന്ദത്തിലേക്കു ചങ്ങാത്തം എന്ന സംവിധാനം ലയിച്ചുചേർന്നത് അതിശയകരമായ ചടുലതയും സ്വാതന്ത്ര്യവും പുലർത്തിയിരുന്ന ഒരു പ്രാദേശിക വ്യാപാര ശൃംഖലയുടെ ദീർഘകാലത്തെ പ്രയാണത്തിനാണു തിരശ്ശീലയിട്ടത്. ആ അർഥത്തിൽ, പ്രാദേശിക രാഷ്ട്രീയ സമ്പദ്വ്യവസ്ഥയുടെ പ്രകടമായ രൂപീകരണമായിരുന്നു ചങ്ങാത്തം. അങ്ങനെ നോക്കുമ്പോൾ അതിന്റെ വിഘടനത്തിലൂടെ മേൽപ്പറഞ്ഞ ത്രികോണ ശക്തിബന്ധങ്ങൾ തകരുകയും പ്രാദേശിക സമ്പദ്വ്യവസ്ഥ ബ്രിട്ടീഷ് കുത്തക താല്പര്യങ്ങൾക്കു പൂർണമായും കീഴടങ്ങുകയും ചെയ്തുവെന്നു വ്യക്തമാകുന്നുണ്ട്.
യൂറോപ്യൻ കേന്ദ്രീകൃത ചരിത്ര മാതൃകകൾ ഇത്തരം പ്രീ-മോഡേൺ ഗിൽഡ് വ്യവസ്ഥകളെ ആധുനിക ഭരണകൂട രൂപീകരണത്തിനു മുന്നോടിയായുള്ള പ്രാകൃത രൂപങ്ങളായാണ് നോക്കിക്കാണുന്നത്. എന്നാൽ, ചങ്ങാത്തത്തെക്കുറിച്ചുള്ള സാഹിത്യപരമായ ഇടപെടലുകൾ ഈ വാദത്തിനു വിപരീതമായി ദൈനംദിന വ്യവഹാരങ്ങളിൽ ഉറഞ്ഞുപോയ ഓർമകൾ ആഴത്തിലുള്ള വൈകാരിക വിശ്വാസത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും പോർച്ചുഗീസുകാരുടെയും പിന്നീടു ബ്രിട്ടീഷുകാരുടെയും കൊളോണിയൽ വികാസ ശ്രമങ്ങളെ ചെറുക്കാൻ പര്യാപ്തമായ കരുത്ത് ഈ വ്യവസ്ഥയ്ക്കുണ്ടായിരുന്നുവെന്നും സാക്ഷ്യപ്പെടുത്തുന്നു. പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ കുത്തക സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ പരാജയപ്പെട്ടതു ചങ്ങാത്തത്തിന്റെ ഉള്ളടക്കവും വ്യാകരണവും ഗ്രഹിക്കാൻ സാധിക്കാത്തതുകൊണ്ടാണ്. പ്രാചീന മലബാറിലെ കച്ചവട സർക്ക്യൂട്ടുകളെ കൊളോണിയൽ ശക്തികൾക്ക് എളുപ്പത്തിൽ തകർക്കാൻ കഴിയാത്തവിധം സ്വയംഭരണാധികാരമുള്ളതാക്കി മാറ്റുന്നതിൽ ചെങ്ങായിമാർ വഹിച്ച പങ്ക് നിസ്തുലമാണ്. നിർഭാഗ്യവശാൽ, ഒരു രാഷ്ട്രീയ-സാമ്പത്തിക ക്രമത്തിന്റെ ഇത്രയും സങ്കീർണവും പ്രധാനപ്പെട്ടതുമായ ചരിത്രം പ്രാദേശിക യോദ്ധാ പാരമ്പര്യത്തിന്റെ ഉപോൽപ്പന്നമായോ സാംസ്കാരിക ശേഷിപ്പായോ മാത്രം ചുരുങ്ങിപ്പോവുകയാണ് ഉണ്ടായത്.
Citations
Pillai, Elamkulam P. N. Kunjan. “The Suicide Squads of Kerala (11th–18th Century).” Proceedings of the Indian History Congress 10 (1947): 318–24. http://www.jstor.org/stable/44137155.
Whiteway, Richard Stephen. The Rise of Portuguese Power in India. New Delhi: Asian Educational Services, 1995.
Corrêa, Gaspar. Three Voyages of Vasco da Gama, and His Viceroyalty: From the Lendas da India of Gaspar Correa; Accompanied by Original Documents. No. 42. Cambridge: Cambridge University Press, 2010.
Pyrard, François. The Voyage of François Pyrard of Laval to the East Indies, the Maldives, the Moluccas, and Brazil. Vol. 1. Edited by Harry Charles Purvis Bell and Albert Gray. Hakluyt Society. 2017.
Sakkaṟiya, Skaṟiyā, and Pi. Ānṟaṇi, eds. Payyannūrppāṭṭ˘: Pāṭhavum Pāṭhanaṅṅaḷum [Text with Critical Studies]. Kottayam, 1994. https://doi.org/10.20345/digitue.12646.
Tellicherry Records Vol. XII / Talaśśērirekhakaḷ: Miscellaneous Correspondence. Kerala, India, 1796–1859. Shelfmark Ma I 765-12. Herman Gundert Portal. https://doi.org/10.20345/digitue.14812.
