ഫര്‍ഹ എന്ന അറബി വാക്കിനര്‍ഥം സന്തോഷമെന്നാണ്. അറബി പെണ്‍കുട്ടികളില്‍, പ്രത്യേകിച്ചും ഫലസ്തീനികളില്‍ പ്രചാരത്തിലുള്ള പേര് കൂടിയാണത്. അധിനിവേശവും ആക്രമണവും സ്വൈര്യജീവിതത്തന്റെ നിറം കെടുത്തിയൊരു ജനത ഏറെ കൊതിക്കുന്നൊരു അമൂര്ത്തസംജ്ഞയെ മക്കള്‍ക്ക് പേരായി നല്കുന്നതില് അതിശയമൊന്നുമില്ല. ദാരീന്‍ ജെ. സല്ലാം സംവിധാനം ചെയ്ത ഫര്‍ഹ എന്ന ജോര്‍ദാനി സിനിമ കാണുമ്പോള്‍ ഏതൊരാളുടെയും ഉള്ളില്‍ കൊളുത്തുന്നത് ഈ പേരും അതിന്റെ അര്ഥാനര്ഥങ്ങളുമായിരിക്കും.
പോയനൂറ്റാണ്ടിലെ നാല്‍പ്പതുകളില്‍ ജീവിച്ച ഫര്‍ഹ എന്നൊരു പതിനാലുകാരി ഫലസ്തീനിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. പരസഹസ്രം ഫലസ്തീനികളെ ഭൂഭവനരാഹിത്യത്തിലേക്കും അഭയാര്ത്ഥിത്വത്തിലേക്കും തള്ളിവിട്ട് ബ്രിട്ടീഷ് സഹായത്തോടെ ഇസ്രയേല്‍ നടപ്പിലാക്കിയ നക്ബയുടെ നേര്‍ക്കാഴ്ചയാണ് സിനിമ അനാവരണം ചെയ്യുന്നത്.
ഫലസ്തീനിന്റെ പ്രകൃതി സൗന്ദര്യവും തദ്ദേശീയരുടെ സ്വൈര്യജീവിതവും പകര്‍ത്തിയാണ് സിനിമ തുടങ്ങുന്നത്. അത്തിപ്പഴവും വെള്ളവും ശേഖരിക്കുന്ന പെണ്‍കുട്ടികള്‍, നോവല്‍ വായിച്ചിരിക്കുന്ന ഫര്‍ഹ, പള്ളിക്കൂടത്തിലെ കൊച്ചുവികൃതികള്, ആഘോഷംപോലെ കല്യാണരാവ് എന്നിങ്ങനെ സന്തോഷത്തിന്റെ ഷോട്ടുകള്‍ കോര്‍ത്തിണക്കി നീളുന്ന പ്രാരംഭ സീനുകളില്‍ ഫര്‍ഹയുടെ ഉപരിപഠന സ്വപ്നങ്ങള്‍ തെളിഞ്ഞ് നില്ക്കുന്നു. ഉറ്റതോഴിയും പട്ടണത്തില്‍ സ്ഥിരതാമസക്കാരിയും താരതമ്യേന പരിഷ്കാരിയുമായ അമ്മാവന്റെ മകള്‍ ഫരീദയാണ് അവളുടെ പ്രചോദനം. നാട്ടുകാരണവരായ പിതാവിന് കഴിവതും വേഗം ഫര്‍ഹയെ കെട്ടിച്ച് വിടാനാണ് പദ്ധതിയെങ്കിലും നിരന്തരശ്രമങ്ങള്‍ക്കൊടുവില്‍ അവളദ്ദേഹത്തെ തന്റെ വഴിക്ക് നടത്തുന്നുണ്ട്. പട്ടണത്തിലെ സ്കൂളില്‍ അഡ്മിഷനെടുത്തതിന്റെ പിറ്റേന്ന് ഫരീദയോട് സന്തോഷം പറഞ്ഞിരിക്കുമ്പോഴാണ് ഗ്രാമം ആക്രമിക്കപ്പെടുന്നത്.
അധിനിവേശം തുടങ്ങിയതോടെ ഫര്‍ഹയെ അമ്മാവനോടൊപ്പം പട്ടണത്തിലേക്ക് രക്ഷപ്പെടുത്താന്‍ പിതാവ് ശ്രമിക്കുന്നുണ്ടെങ്കിലും അവളദ്ദേഹത്തെ വിട്ടുപോകാന്‍ കൂട്ടാക്കുന്നില്ല. ഗത്യന്തരമില്ലാതെ അവളെ വീട്ടിലെ ധാന്യപുരയില് ഒളിപ്പിച്ചിരുത്തി ഗ്രാമത്തെ അധിനിവേശത്തില്‍നിന്ന് രക്ഷിക്കാന്‍ പോവുകയാണ് പിതാവ്. ഇനിയുള്ള രംഗങ്ങളില്‍, ആ ധാന്യപുരയിലെ വാതില്‍പ്പഴുതിലൂടെ ഫര്‍ഹ കാണുന്ന കാഴ്ചയും അവള് കേള്‍ക്കുന്ന ശബ്ദങ്ങളും മാത്രമെ നമുക്ക് സംവിധായിക അനുവദിക്കുന്നുള്ളൂ. ഉള്ളലിയിക്കാന് അതുതന്നെ ധാരാളം.
പുറത്തുനിന്ന് പൂട്ടിയ മുറിക്കകത്തിരുന്ന് അസ്വസ്ഥതയാകുന്ന ഫര്‍ഹ ഓരോ നിമിഷത്തിലും പിതാവിന്റെ തിരിച്ചുവരവിന് കാതോര്‍ത്തിരിക്കുന്നു. എന്നാല്‍, അപരിചതരായൊരു അഭയാര്‍ഥി കുടുംബം വീട്ടിലേക്ക് വരുന്നതാണ് അവള് കാണുന്നത്. പൂര്‍ണ ഗര്ഭിണിയായൊരു സ്ത്രീയും അവരുടെ ഭര്‍ത്താവും രണ്ട് പെണ്മക്കളും. അവിടെവെച്ച് അവര്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്കുന്നു. പേറെടുക്കുകയും പേരിടുകയും ചെയ്യുന്ന ആ പിതാവിനു പക്ഷെ തന്റെ കുടുംബത്തെ നിമിഷനേരത്തേക്ക് മാത്രമെ കാണാന്‍ കഴിയുന്നുള്ളൂ. അടച്ചിട്ട മുറിയില്‍നിന്ന് പുറത്തുകടക്കാന്‍ അദ്ദേഹത്തോട് ഫര്‍ഹ സഹായമഭ്യര്ഥിക്കുമ്പോഴേക്ക് പുറത്ത് ഇസ്രയേല്‍ സൈന്യം പരിശോധനക്കെത്തുന്നു. ആ കുടുംബം പിടിക്കപ്പെടുകയും ഒന്നടങ്കം വധിക്കപ്പെടുകയും നവജാതശിശു മുറ്റത്ത് ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏകാന്തതയുടെയും കണ്ട് കരളലിഞ്ഞ കാഴ്ചയുടെയും മരവിപ്പില്‍ ഫര്‍ഹ വീണ്ടും തനിച്ചാകുന്നു, ആ വേദനയൊടൊപ്പം അവള് ഋതുമതിയാകുന്നു. ധാന്യപുരയിലാകെ പരതുമ്പോള്‍ അവള്‍ക്കൊരു റൈഫിള്‍ കിട്ടുന്നു. അതുപയോഗിച്ച് വാതില്‍ തകര്‍ത്ത് അവള് പുറത്തുവരുമ്പോള്‍ അവളെ സ്വീകരിക്കാന്‍ വിശന്ന് മരിച്ച മുഹമ്മദെന്ന കുഞ്ഞുപൈതലിന്റെ ഏകാന്ത ജഡവും വിചനമായ ഗ്രാമവും മാത്രമെയുള്ളൂ. ഫരീദയോടൊപ്പം തമാശ പറഞ്ഞിരിക്കാറുണ്ടായിരുന്ന ഊഞ്ഞാലും അത്തിപ്പഴ മരങ്ങളും അരുവിയും അവള്‍ക്ക് അപരിചതമാകുന്നു. നോവ് പടരുന്ന പാദങ്ങളുമായ് അവള് നടന്നകലുന്നിടത്ത് സിനിമ അവസാനിക്കുന്നു.
തന്റെ മാതാവിന്റെ സുഹൃത്തായിരുന്ന റളിയ്യയുടെ കഥയാണ് ഫര്‍ഹയിലൂടെ അവതരിപ്പിച്ചതെന്നാണ് സംവിധായികയും തിരക്കഥാകൃത്തുമായ ദാരീന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. തൊണ്ണൂറ്റിരണ്ട് മിനുട്ട് നീണ്ടുനില്‍ക്കുന്ന സിനിമയുടെ സിംഹഭാഗവും ധാന്യപുരയും അതിന്റെ വാതില്‍ പ്പഴുതിലൂടെ ഫര്‍ഹ കാണുന്ന കാഴ്ചകളുമാണ്. യുദ്ധത്തിനുമുമ്പും ശേഷവുമുള്ള ഗ്രാമീണ കാഴ്ചയുടെ വൈരുധ്യങ്ങള്‍, യുദ്ധം അതിന്റെ തീവ്രതയോടെ പതിക്കുന്നത് സമൂഹത്തിലെ പെണ്ണുടലിലും ഉയിരിലുമാണെന്ന സാമാന്യ തത്വം, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളില്‍ എല്ലാ സമൂഹത്തിലുമുണ്ടായിരുന്ന നേരത്തെയുള്ള വിവാഹവും സ്ത്രീ വിദ്യാഭ്യാസത്തിന്റെ പരിമിതികളും, എല്ലാ പരിമിതികള്‍ക്കും മേലെ സ്വപ്നങ്ങള്‍ നെയ്തിരുന്ന അല്‍പ്പം സ്ത്രീകളും അവര്‍ക്കതിന് വഴിയൊരുക്കിയിരുന്ന ഗൃഹനാഥരും എന്നിങ്ങനെ ഫര്‍ഹയുടെ ലെന്‍സില്‍ പതിയുന്ന ചിത്രങ്ങള്‍ പകര്‍ന്നുതരുന്നത് കാഴ്ചയുടെ വൈവിധ്യങ്ങളാണ്.
1948ലെ നക്ബയില്‍ കയ്യില്‍ കിട്ടിയ സാമഗ്രികളുമെടുത്ത് വീടുവിട്ടിറങ്ങേണ്ടിവന്നവര് അവരുടെ വീടിന്റെ ചാവി ഇപ്പോഴും കയ്യില്‍ സൂക്ഷിക്കുന്നുണ്ടത്രെ. ബലപ്രയോഗത്തിലൂടെയും കുടിയിറക്കലിലൂടെയും ജൂതര്‍ കൈവശപ്പെടുത്തിയ ആ വീടുകളിലേക്ക് എന്നെങ്കിലുമൊരു മടക്കം അവര്‍ സ്വപ്നം കാണുന്നുണ്ടാകും. സിനിമയില്‍ ഫര്‍ഹയുടെ വീട്ടില്‍ അഭയം തേടുന്ന കുടുംബത്തിലെ സ്ത്രീയെ പിടികൂടുമ്പോള്‍ അവരുടെ മുലക്കച്ചയില്നിന്നും ഒരു ചാവി കണ്ടെടുക്കുന്നതും അതുകണ്ട് സൈനികര്‍ പരിഹസിക്കുന്നതും പ്രസ്തുത ചാവിചരിതത്തിലേക്കുള്ള ചൂണ്ടുപലകകൂടിയാണ്.
നക്ബക്ക് സാക്ഷിയായ തലമുറ മണ്മറഞ്ഞ് പോയിരിക്കുന്നു. പുതിയ തലമുറ അതിശയോക്തി എന്ന് കരുതാന്‍ പോന്ന ഇസ്രയേലി നരനായാട്ടിന്റെയും ബ്രിട്ടീഷ് രാഷ്ട്രീയ വഞ്ചനയുടെയും ചരിത്രം രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സാധ്യമായ കലാസംവിധാനങ്ങളുപയോഗപ്പെടുത്തി ചരിത്രത്തെ അപനിര്‍മാണം നടത്തുന്ന ഇസ്രയേലി സാംസ്കാരികാധിനിവേശത്തെ പ്രതിരോധിക്കുന്നതില്‍ ഫര്ഹപോലെയുള്ള ശ്രമങ്ങള്‍ വിജയം കണ്ടെത്തുന്നുണ്ട്. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലുകളിലും നെറ്റ്ഫ്ലിക്സ് പോലൊരു പൊതു പ്ലാറ്റ്ഫോമിലും പ്രദര്ശിപ്പിക്കപ്പെടുകവഴി ആഗോളതലത്തില്‍ പ്രേക്ഷകവൃന്ദം രൂപപ്പെടുത്താന്‍ ഫര്‍ഹക്ക് കഴിഞ്ഞത് അതിന്റെ സാക്ഷ്യമാണ്.
