ദീര്‍ഘകാലമായി തങ്ങളനുഭവിക്കുന്ന അധിനിവേശത്തിന്റെയും മനുഷ്യത്വ ശൂന്യതയുടെയും കാര്‍മേഘങ്ങളെ ഇല്ലാതാക്കാന്‍ ഫലസ്തീന് ജനത പോരാടിക്കൊണ്ടിരിക്കുമ്പോള്‍, ആ നാടിന്റെ രക്ത നനവുണങ്ങാത്ത മണ്ണിനു നിത്യോര്ജമായി നിലകൊള്ളുന്ന ധീര നാമധേയമാണ് ഇസ്സുദ്ദീന്‍ ഖസ്സാം. ഫലസ്തീന്റെ പോരാട്ട ചരിത്രത്തിലെ നിത്യ ദീപ്തനായ വ്യക്തിത്വം. സ്വാതന്ത്ര്യം ദാഹിക്കുന്ന ആ നാടിന്റെ അന്തരീക്ഷങ്ങളില്‍ ഖസ്സാമിന്റെ വീരോചിതമായ സംഭാവനകള്‍ സദാ മുഴങ്ങിക്കേള്‍ക്കുന്നതാണ്. പ്രതീക്ഷകള്‍ അകന്നു പോകാനിരുന്ന ഒരു സമൂഹ വൃന്ദത്തിനകത്തു പ്രതീക്ഷയുടെ അനന്തമായ പര്‍വങ്ങളെ കുടിയിരുത്തിയെന്നതാണ് ഖസ്സാം നിര്‍വഹിച്ച ഏറ്റവും വലിയ സമാനതകളില്ലാത്ത ദൗത്യം. ആയുധധാരിയായ ഖസ്സാമിനെയല്ല, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെതന്നെയാണു ശത്രുമുഖങ്ങള്‍ ഭയപ്പെട്ടിരുന്നത്. ഹമാസിന്റെ സൈനിക വിഭാഗത്തിനു 'ഖസ്സാം ബ്രിഗേഡ്' എന്നു നാമകരണം ചെയ്തതിന്റെ കാരണവും ഇതൊക്കെതന്നെയാണ്.
ഖസ്സാമിനെക്കുറിച്ചു ലോകമറിയുന്നത് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിനുശേഷമാണ്. അദ്ദേഹത്തെ വെളിപ്പെടുത്താന്‍ കുറേ കാലത്തിന് അദ്ദേഹത്തിന്റെ അനുയായികള്‍ ഒരുക്കമായിരുന്നില്ല. 1936-1939 വര്‍ഷങ്ങളില്‍ നടന്ന ഫലസ്തീന് വിപ്ലവങ്ങളില്പ്പോലും ഖസ്സാമിന്റെ നാമം ഉയർന്നുകേട്ടില്ല. തങ്ങളുടെ സൈനിക ഘടനയെയും സംവിധാനത്തെയും ബ്രിട്ടന്റെ വിവരാന്വേഷണ ഏജന്‍സികള്‍ തിരിച്ചറിയരുതെന്ന മുന്‍കരുതലിന്റെ ഭാഗമായിരുന്നിതെല്ലാം.
ജനനം
1883ല്‍ സിറിയയിലെ ജബലയിലാണു ഖസ്സാം ജന്മംകൊള്ളുന്നത്. സര്ഖലിയുടെ അഅ്ലാം എന്ന ഗ്രന്ഥത്തില്‍ പറയും പ്രകാരം മുഹമ്മദ് ഇസ്സുദ്ദീന്‍ എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണനാമം. അബ്ദുല്‍ ഖാദിര്‍ ബിന്‍ മുസ്ഥഫാ ബിന്‍ യൂസുഫ് ബിന്‍ മുഹമ്മദ് അല്‍ഖസ്സാം ആണ് പിതാവ്. ഖാദിരീ ത്വരീഖതുമായി ബന്ധമുണ്ടായിരുന്നു. ഏറെ മതനിഷ്ഠ പുലര്‍ത്തിയിരുന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്.
ജബലയില്നിന്നാണ് ഖസ്സാം തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പരിശുദ്ധ ഖുര്‍ആന്‍ പഠിച്ചതും അവിടന്നുതന്നെ. ചെറുപ്പത്തില്‍ത്തന്നെ എഴുത്തും വായനയും ഗണിതശാസ്ത്രവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. അടിസ്ഥാനപരമായ മതകീയ വിജ്ഞാനങ്ങളില്‍ പിതാവുതന്നെയായിരുന്നു ഗുരുനാഥന്. ജബലയിലെ പ്രമുഖ പണ്ഡിതരായിരുന്ന ശൈഖ് സലീം ത്വയ്യാറ, ശൈഖ് അഹ്മദ് അര്വദി എന്നിവരില്‍നിന്നാണു ഭാഷ, തഫ്സീര്‍, ഹദീസ്, ഫിഖ്ഹ് എന്നീ വിജ്ഞാനീയങ്ങള്‍ പഠിച്ചത്. പ്രാഥമിക പഠനങ്ങള്‍ക്കുശേഷം പിതാവ് അദ്ദേഹത്തെ ഈജിപ്തിലെ അസ്ഹറിലേക്കയച്ചു. 14 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. അങ്ങനെ 8 വര്‍ഷത്തെ അസ്ഹര്‍ ജീവിതത്തിനുശേഷം ജബലയിലേക്കുതന്നെ തിരിച്ചു.
ജബലയില്‍ തിരിച്ചെത്തിയ ഖസ്സാം അവിടത്തെ ജാമിഉ ഇബ്റാഹീം ബിന്‍ അദ്ഹമില് ദര്‍സ് ആരംഭിച്ചു. അവിടെ അദ്ദേഹത്തിന്റെ ജുമുഅ ഖുത്വുബകള്‍ ശ്രവിക്കാന്‍ വിദൂര ദിക്കുകളില്നിന്നുവരെ ആളുകള്‍ ഒഴുകിയെത്താറുണ്ടായിരുന്നു. സാമൂഹ്യ പരിഷ്കരണത്തിനും ഉന്നമനത്തിനുമുള്ള ആശയങ്ങള്‍ അദ്ദേഹം കൈമാറിയിരുന്നതു ഖുത്വുബുകളിലൂടെയായിരുന്നു. ജനങ്ങളില്‍ ഇച്ഛാശക്തിയും ആത്മാഭിമാനവും വളര്‍ത്തിയെടുക്കാന്‍വേണ്ടി അദ്ദേഹം പരിശ്രമിച്ചു. അല്ലാഹുവിനു മാത്രമേ കീഴ്പ്പെടേണ്ടതുള്ളൂ എന്നദ്ദേഹം നിരന്തരം അവരെ ഓര്‍മപ്പെടുത്തി. എന്നാല്‍, തികഞ്ഞ സൂഫീ ജീവിതം നയിച്ചിരുന്ന ഖസ്സാം അധികമായും ജനമധ്യേ പ്രത്യക്ഷപ്പെടുമായിരുന്നില്ല.
ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരുമായി സഖ്യം ചേര്‍ന്നുകൊണ്ട് ഉഥ്മാനിയ്യ ഖിലാഫതിനെതിരെ ചില അറബികള്‍ നടത്തിയ വിപ്ലവങ്ങളില്‍ ഖസ്സാമിനു പങ്കുണ്ടായിരുന്നോ എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല എന്നതാണു പ്രബലപക്ഷം. കാരണം, മുസ്ലിംകള്ക്കെതിരെ ആയുധമെടുക്കല്‍ അനുവദനീയമല്ലായെന്നു വിശ്വസിക്കുന്ന, തെമ്മാടികള്‍ക്കും സത്യനിഷേധികള്ക്കുമെതിരെ മാത്രമേ യുദ്ധം ചെയ്യാവൂ എന്നും മനസ്സിലാക്കിയ കര്‍മശാസ്ത്ര പണ്ഡിതനായിരുന്നു അദ്ദേഹം. മാത്രമല്ല, ഉഥ്മാനീ ഖലീഫയുടെ നേതൃത്വത്തെയും സാധുതയെയും അംഗീകരിച്ചുകൊണ്ടു ലിബിയയിലെ ഇറ്റാലിയന്‍ അധിനിവേശത്തെ ചെറുക്കാന്‍വേണ്ടി അദ്ദേഹം ഉഥ്മാനികള്ക്കൊപ്പം യുദ്ധത്തിനിറങ്ങിയെന്നത് ഈ വീക്ഷണത്തെ ശക്തിപ്പെടുത്തുന്നതാണ്.
അതിനാല്‍ത്തന്നെ 1911ല്‍ ഉഥ്മാനികളുമായി ചേര്‍ന്നു പോരാട്ടത്തിനിറങ്ങിയ ഒരാള്‍ 1916ല്‍ അവര്‍ക്കെതിരെ ബ്രിട്ടീഷുകാരുമായി സഹകരിച്ചു രംഗത്തിറങ്ങിയിട്ടുണ്ടായിരിക്കില്ല എന്നതിനാണ് സാംഗത്യം. സുല്‍ത്താനുമായി അദ്ദേഹത്തിനു യാതൊരുവിധ ഉടക്കുമുണ്ടായിരുന്നില്ല എന്നതിവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. എന്നാല്‍, സാമ്രാജ്യവുമായി അദ്ദേഹത്തിനുണ്ടായിരുന്ന അഭിപ്രായ ഭിന്നതകള്‍ അന്നത്തെ ചില സാഹചര്യങ്ങള്‍ പരിഗണിച്ചായിരുന്നു. ഉദാഹരണത്തിനു സി.യു.പി.യുടെ ഭരണ രീതികളുമായി അദ്ദേഹത്തിനു യോജിപ്പുണ്ടായിരുന്നില്ല. ഇസ്ലാമിനോടുതന്നെ വിരുദ്ധമാവുന്ന പല രീതികളും അവരില്‍നിന്നു വെളിവാകുന്നുവെന്നാണ് അദ്ദേഹം മനസ്സിലാക്കിയത്.
പോരാട്ട വീഥിയില്‍
അധിനിവേശ ശക്തികള്‍ക്കുമുമ്പില്‍ ഒരിക്കലും സന്ധി ചെയ്യാന്‍ ഒരുക്കമായിരുന്നില്ല ഖസ്സാം. ലിബിയയിലെ ഇറ്റാലിയന്‍ അധിനിവേശം, സിറിയയിലെ ഫ്രഞ്ച് അധിനിവേശം, അവസാനമായി ഫലസ്തീനിലെ സാമ്രാജ്യത്വ അധിനിവേശം എന്നിവക്കെതിരെയെല്ലാം ശക്തമായ പോരാട്ടങ്ങള്‍ അദ്ദേഹം നടത്തി. അധിനിവേശ വിരുദ്ധ മുന്നേറ്റങ്ങളില്‍ സ്ഥിര സജ്ജരായി അനേകം അനുയായികളും അദ്ദേഹത്തിനുണ്ടായിരുന്നു.
അറബികള്‍ ഉഥ്മാനികള്ക്കെതിരെ എയ്തുവിട്ട വിപ്ലവ സ്വരങ്ങള്‍ സിറിയയിലെ ഫ്രഞ്ച് അധിനിവേശത്തിനും ഫലസ്തീനിലെ ബ്രിട്ടീഷ് അധിനിവേശത്തിനും ഏറെ അനുകൂലമായ സാഹചര്യങ്ങളെ സൃഷ്ടിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ യുദ്ധാവസാനം ചതിപ്രയോഗം നടത്തുമെന്ന മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടുപോലും തങ്ങളുടെ ബ്രിട്ടീഷ് ബന്ധത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ അറബു വിപ്ലവകാരികള്‍ തയ്യാറായിരുന്നില്ല.
''വിജയമല്ല, വരും തലമുറക്കു നമ്മള് എന്തു പാഠം നല്‍കുന്നുവെന്നതാണു പ്രധാനം'', ഖസ്സാം തന്റെ ജീവിതത്തിലുടനീളം ഉയര്‍ത്തിപ്പിടിച്ച തത്ത്വമായിരുന്നു ഇത്. ഇസ്ലാമിന്റെ നല്ലകാലം ആദ്യ നൂറ്റാണ്ടുകളോടെ അവസാനിച്ചെന്നു ധരിച്ചു നിഷ്ക്രിയരായിരിക്കുന്നവര്ക്കുള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സമൂഹത്തെ പ്രവര്ത്തനക്ഷമമല്ലാതാക്കുന്ന സങ്കുചിത ചിന്തകള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടരുതെന്ന് അദ്ദേഹത്തിനു നിശ്ചയമുണ്ടായിരുന്നു. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ശക്തവും സംഘടിതവുമായ പോരാട്ടത്തിനിറങ്ങിയ ഫലസ്തീന് ജനതയുടെ ഹൃദയാന്തരങ്ങളില്‍ ഈ ആശയങ്ങളൊക്കെയും ഇന്നും രൂഢമൂലമാണ്.
ഒരിക്കല്‍ മസ്ജിദില്വെച്ചു ജിഹാദിന്റെ പ്രാധാന്യത്തെ വിവരിച്ചുകൊണ്ടിരുന്ന ഖസ്സാമിനോട് ഒരാള്‍ ചോദിച്ചു: ''ആയുധങ്ങളില്ലാതെ നമ്മളെങ്ങനെ യുദ്ധത്തിനിറങ്ങും?'' ''ശത്രുവിനെ വകവരുത്തി അവന്റെ ആയുധം കൈവശത്താക്കുക'' എന്നായിരുന്നു ആ ചോദ്യത്തിനോട് അദ്ദേഹം പ്രതികരിച്ചത്. ശിഷ്യന്മാര്ക്കു നിരന്തരമായി സാരോപദേശങ്ങളും ജിഹാദിനുവേണ്ടിയുള്ള പ്രചോദനങ്ങളും അദ്ദേഹം നല്കാറുണ്ടായിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ അധിനിവേശങ്ങളെ കുരിശുയുദ്ധങ്ങളുടെ 'ആധുനിക' രൂപമായാണു ഖസ്സാം കണ്ടത്. പ്രത്യക്ഷത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണത്തിനെന്നപേരില് രംഗപ്രവേശം നടത്തിയ അവ യഥാര്‍ഥത്തില്‍ കുരിശുയുദ്ധങ്ങളോടു സമാനത പുലര്‍ത്തുന്നവയായിരുന്നു. ബ്രിട്ടന്റെ ബാള്‍ഫര്‍ പ്രഖ്യാപനത്തോടെ യാഥാര്‍ഥ്യങ്ങള്‍ കൂടുതല്‍ തെളിഞ്ഞുവരികയും ചെയ്തു.
ഫലസ്തീനില്‍
ഫലസ്തീനിന്റെ ഭാഗങ്ങള്‍ മുഴുവന്‍ ബ്രിട്ടീഷ് ആധിപത്യത്തിനു കീഴിലായിരുന്ന കാലത്താണു ഖസ്സാം അവിടേക്കെത്തുന്നത്. ഹൈഫയിലേക്കായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വരവ്. ബ്രിട്ടീഷ് സൈനിക വ്യൂഹങ്ങളും രഹസ്യ സംഘങ്ങളും അവിടെ സജീവമായിരുന്നു അക്കാലത്ത്. ബ്രിട്ടീഷ് സഹകരണത്തോടെ സയണിസ്റ്റ് രഹസ്യ സംഘടനകളും അവിടെ പ്രവര്‍ത്തിച്ചിരുന്നു. ഈ സങ്കീര്‍ണമായ സാഹചര്യത്തിലാണു ഖസ്സാം വ്യവസ്ഥാപിതമായ ഒരു പോരാട്ട സംഘത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. വളരെ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കുശേഷമാണു സംഘടനയിലേക്ക് അംഗങ്ങളെ സ്വീകരിച്ചിരുന്നത്. അവരുടെ സ്വഭാവ സവിശേഷതകളും പെരുമാറ്റ രീതികളുമൊക്കെ പരിഗണനയിലെടുത്തിരുന്നു. വെറും പോരാട്ട വീര്യംമാത്രം ഗുണം ചെയ്യില്ലെന്നു ഖസ്സാമിന് അറിയാമായിരുന്നു.
പാവങ്ങളും നിരാലംബരുമായ ആളുകള്‍ക്കുള്ള സഹായങ്ങളും സംഘത്തിനു കീഴില്‍ ഏര്‍പ്പാടാക്കിയിരുന്നു. സമൂഹത്തില്‍ അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളാണ് ഈ സംഘത്തില്‍ ചേരാന്‍ വന്നിരുന്നത്. ഭരണതലങ്ങളില്‍ സ്വാധീനമുള്ളവര്‍ അവരില്‍നിന്നു മാറിനില്‍ക്കുകയായിരുന്നു. പുറത്തുനിന്നുള്ള സഹായങ്ങളൊന്നും സംഘത്തിനു ലഭ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ ഓരോ അംഗങ്ങളും അവരവരുടെ പണവും സമ്പത്തും വിനിയോഗിച്ച് സംഘത്തെ വളര്‍ത്തിയെടുത്തു. അങ്ങനെ കുറേകാലം കഴിഞ്ഞാണ് 'അസബതുല് ഖസ്സാമിയ്യ' വ്യവസ്ഥാപിതമായ സായുധ സംഘടനയായി മാറിയത്.
എതിരാളികളെ പോലെയുള്ള ആയുധ ശേഖരങ്ങളും സൈനിക സജ്ജീകരണങ്ങളുമില്ലാത്തതിനാല് 'അസബതുല് ഖസ്സാമിയ്യ'ക്കു പലഘട്ടങ്ങളിലും ശക്തമായ പ്രഹരങ്ങളും നഷ്ടങ്ങളുമേല്ക്കേണ്ടിവന്നിട്ടുണ്ട്. ഒരിക്കലും ക്ഷയിച്ചുപോകാനനുവദിക്കാതെ അവര്‍ കാത്തുസൂക്ഷിച്ച സമാനതകളില്ലാത്ത നിശ്ചയദാര്‍ഢ്യവും വിശ്വാസവുമാണവര്ക്കു സ്ഥൈര്യവും ഊര്‍ജവും പകര്‍ന്നത്. അധിനിവേശത്തിന്റെ വിധ്വംസകമായ പ്രത്യയശാസ്ത്രങ്ങള്‍ സാമൂഹികാന്തരീക്ഷത്തില്‍ സാമാന്യവത്കരിക്കപ്പെടാന് തുടങ്ങിയപ്പോഴും അവയുടെ നിശ്ചയമായ അപകടങ്ങളെ സംബന്ധിച്ചു സമൂഹത്തെ ബോധവാന്മാരാക്കിയെന്നതാണു ഖസ്സാമും അനുയായികളും ചെയ്ത ഏറ്റവും വലിയ നന്മ.
ഖസ്സാമിനെ ജീവനോടെ പിടികൂടി ആദ്യം അദ്ദേഹത്തിന്റെ ഖ്യാതിയും പ്രശസ്തിയും നഷ്ടപ്പെടുത്തിക്കളയാനാണ് ബ്രിട്ടന് ലക്ഷ്യംവെച്ചിരുന്നത്. അല്ലാത്തപക്ഷം, ഖസ്സാമിനെ നേരെ കൊലപ്പെടുത്തുന്നതു തങ്ങള്‍ക്കെതിരെ തന്നെ ജനവികാരത്തെ ഇളക്കിവിടാനും അദ്ദേഹത്തിന്റെ അനുയായികളെ കൂടുതല്‍ ശക്തിയുക്തരാക്കാനും മാത്രമേ സഹായിക്കൂ എന്ന കൃത്യമായ ബോധ്യം ബ്രിട്ടനുണ്ടായിരുന്നു. പക്ഷെ, വിധി ബ്രിട്ടന്റെ ഇംഗിതം പോലെയായിരുന്നില്ല.
1935ല്‍ ബ്രിട്ടനുമായുള്ള ഒരു യുദ്ധത്തില്‍വെച്ച് ഇസ്സുദ്ദീന്‍ ഖസ്സാം രക്തസാക്ഷിത്വം വഹിച്ചു. ഉര്ഗു എന്ന നാമധേയത്തിലുള്ള സയണിസ്റ്റ് ഭീകര സംഘത്തിന്റെ വെടിയേറ്റായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അനവധിയാളുകളാണ് അദ്ദേഹത്തിന്റെ ജനാസ കണാനെത്തിയിരുന്നത്. ദുഃഖഭാരത്തിലപ്പുറം മനുഷ്യത്വത്തെ കാര്‍ന്നുതിന്ന് അനീതിക്കും അക്രമത്തിനുമെതിരെ വീര്യം ചോരാത്ത മനഃക്കരുത്തുമായിട്ടായിരുന്നേക്കാം അവരവിടെ എത്തിയിട്ടുണ്ടാവുക. അധൈര്യപ്പെടുത്തുന്ന മുന്‍വിധികളെയും ഭീഷണിസ്വരങ്ങളെയും വകവെക്കാതെ ജന്മംകൊണ്ട മണ്ണിന്റെ സ്വതന്ത്ര്യത്തിനായി തീവ്ര പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഫലസ്തീനികള്ക്കുള്ളില് ഖസ്സാം കൊളുത്തിവെച്ച ഉഗ്രമായ ആശയങ്ങള്‍ നിത്യം ജ്വലിച്ചുകൊണ്ടേയിരിക്കും; തീര്‍ച്ച.
