1
സർക്കസിനെ സാധ്യമാക്കുന്ന ഭൗതിക ഘടന വളരെ പ്രധാനമാണ്. ടെന്റുകളെന്നു വേണമെങ്കിൽ വിളിക്കാവുന്ന ഈ ഭൗതിക ഘടന നിരന്തരമായ മൊബിലിറ്റിയിലൂടെ 'ഇട'ങ്ങൾ നിർമിച്ചാണു പ്രവർത്തിക്കുന്നത്. സർക്കസ് എന്ന കലാരൂപത്തോടൊപ്പം രൂപവും സാങ്കേതികവിദ്യയും മാറിക്കൊണ്ടിരുന്ന ഒരു ചരിത്രപരമായ സാങ്കേതിക സംവിധാനമാണു ടെന്റ്. സർക്കസിന്റെ സുവർണകാലം മുതൽ സമകാലിക സർക്കസിലേക്കുള്ള മാറ്റത്തിനിടെ കൂടാരത്തിന്റെ രൂപത്തിലും ഘടനയിലും ഉണ്ടായ പരിണാമവും വ്യക്തമാണ്. സർക്കസിന്റെ വലുപ്പം, പ്രേക്ഷകരുടെ സ്വഭാവം, പ്രകടനരീതികൾ, സഞ്ചാരശേഷി തുടങ്ങിയവയെക്കുറിച്ചുള്ള ധാരണകളിലുണ്ടായ മാറ്റങ്ങൾ കൂടാരത്തിന്റെ രൂപവികാസത്തിലും പ്രതിഫലിക്കുന്നതായി കാണാം. പുറത്തുനിന്നു നോക്കുമ്പോൾ എളുപ്പത്തിൽ തിരിച്ചറിയാവുന്ന ഒരൊറ്റ ഘടനയായി തോന്നുന്ന ടെന്റുകൾ യഥാർഥത്തിൽ വർഷങ്ങളായി സർക്കസുകാർ അവരുടെ അനുഭവങ്ങളിലൂടെ ശേഖരിച്ച സാങ്കേതിക അറിവിന്റെയും പ്രായോഗിക അനുഭവങ്ങളുടെയും ഫലമാണ്. രൂപകൽപ്പന, നിർമാണരീതി, ഉപയോഗിക്കുന്ന വസ്തുക്കൾ, ഘടന ആവർത്തിച്ച് അഴിച്ചുമാറ്റി മറ്റിടങ്ങളിലേക്കു കൊണ്ടുപോകേണ്ട സാഹചര്യം തുടങ്ങിയ നിരവധി കാര്യങ്ങൾ അതിന്റെ രൂപീകരണത്തെ നിർണയിക്കുന്നതായി മനസ്സിലാക്കാവുന്നതാണ്. ഉദാഹരണത്തിന്, റിങ്ലിങ് സർക്കസുകളുടെ ഘടന നോക്കിയാൽ മതി ഇത്തരം ടെന്റുകൾക്കു പിറകിൽ പ്രവർത്തിക്കുന്നവരുടെ ഒത്തൊരുമയും ഐക്യവും മനസ്സിലാക്കാൻ.
എത്നോഗ്രാഫിക് കാഴ്ചപ്പാടിൽ കൂടുതൽ പ്രാധാന്യമുള്ളത് ടെന്റും സ്ഥലത്തിന്റെ നിർമാണവും ്തമ്മിലുള്ള ബന്ധമാണ്. ഒരു സർക്കസ് എത്തുന്ന സ്ഥലത്തു സർക്കസിനായി നേരത്തെത്തന്നെ സജ്ജീകരിച്ച ഒരു പ്രത്യേക ഇടം ഉണ്ടായിരിക്കണമെന്നില്ല. പകരം, കൂടാരത്തിന്റെ നിർമാണത്തിലൂടെയാണു സാധാരണമായ ഒരു ഭൂവിഭാഗം താൽക്കാലികമായ ഒരു സാംസ്കാരിക-സാമൂഹിക ഇടമായി മാറുന്നത്. ടെന്റ് ഉയർത്തുന്നതോടെ സ്ഥലത്തിന്റെ അർഥവും ക്രമീകരണവും മാറുന്നു. സാധാരണയായി തുറന്നുകിടക്കുന്ന ഒരു മൈതാനം പ്രകടനവേദിയായും തൊഴിൽസ്ഥലമായും ആളുകൾ ഒത്തുചേരുന്ന കേന്ദ്രമായും തിരിച്ചറിയാവുന്ന ഒരു സർക്കസ് പരിസരമായും മാറുന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ലെ ഓൾഡൻബർഗ് പറഞ്ഞ 'മൂന്നാമത്തെ ഇട'മാണ് ഇവിടെ രൂപപ്പെടുന്നത്. അതുകൊണ്ടു സർക്കസ് റൂട്ടുകളെ നഗരങ്ങളിൽനിന്നു നഗരങ്ങളിലേക്കുള്ള യാത്രകളായിമാത്രം മനസ്സിലാക്കാനാവില്ല. ഓരോ യാത്രക്കൊപ്പവും മറ്റൊരു സ്ഥലത്ത് സർക്കസ് പ്രവർത്തിക്കാനുള്ള ഭൗതിക സാഹചര്യങ്ങൾ പുനഃസൃഷ്ടിക്കേണ്ട ആവശ്യം നിലനിൽക്കുന്നുണ്ട്. ഇവിടെ സഞ്ചാരശേഷി അടിസ്ഥാനസൗകര്യങ്ങളിൽനിന്നു വേർപ്പെട്ട ഒന്നല്ലെന്നു വ്യക്തമാണ്. ആവശ്യമായ അറിവും തൊഴിൽശക്തിയും വസ്തുക്കളും ഗതാഗത സംവിധാനങ്ങളും സംഘടനാപരമായ കഴിവുകളും കൈവശമുള്ളതിനാലാണു സർക്കസിന് ഒരു സ്ഥലത്ത് പ്രകടനവേദി സൃഷ്ടിക്കാനും അതിനുശേഷം അത് അഴിച്ചുമാറ്റി മറ്റൊരു സ്ഥലത്ത് വീണ്ടും പുനർനിർമിക്കാനും കഴിയുന്നത്.
പ്രേക്ഷകർ കൂടാരത്തിനുള്ളിൽ പ്രവേശിക്കുന്നതിനുമുമ്പും അവർ പുറത്തുപോയതിനുശേഷവും നടക്കുന്ന പ്രവർത്തനങ്ങളിലാണു ടെന്റുകളിലെ പ്രവർത്തനങ്ങൾ ക്രമീകരിക്കാറുള്ളത്. ഒരു ടെന്റു സ്ഥാപിക്കുന്നതിനു വലിയതോതിലുള്ള ഏകോപിതമായ മനുഷ്യശ്രമം ആവശ്യമാണ്. പൂർത്തിയായ ടെന്റാവട്ടെ പുറത്തുനിന്നു നോക്കുമ്പോൾ ഒരു ലളിതമായ ഘടന. പക്ഷെ, മൊബിലിറ്റിയിലൂടെ പ്രവർത്തിക്കുന്ന ഇത്തരം ടെന്റുകൾക്കു പിന്നിൽ നിരവധി ശാരീരിക ജോലികളും ക്രമീകരണങ്ങളും ഉൾപ്പെടുന്ന സങ്കീർണമായ ഒരു പ്രക്രിയതന്നെയുണ്ട്. സർക്കസ് എത്തുന്ന സ്ഥലത്ത് അനുയോജ്യമായ മൈതാനം കണ്ടെത്തണം. ടെന്റുകളുടെ വിവിധ ഭാഗങ്ങൾ ക്രമീകരിക്കണം. തുടർന്നു മുഴുവൻ ഘടനയും ഉയർത്തി സുരക്ഷിതമായി ഉറപ്പിക്കണം. പ്രകടനത്തിന് ആവശ്യമായ അന്തരീക്ഷവും സൗകര്യങ്ങളും സജ്ജമാക്കണം. പ്രകടനങ്ങൾ അവസാനിക്കുമ്പോൾ നിർമാണത്തിൽ പുലർത്തിയ മുഴുവൻ പ്രക്രിയയും വിപരീതക്രമത്തിൽ നടക്കണം. ടെന്റുകൾ അഴിച്ചുമാറ്റണം, ഓരോ ഘടനകളും ശ്രദ്ധയോടെ കൈകാര്യം ചെയ്തു ഗതാഗതത്തിനായി ക്രമീകരിക്കണം, അടുത്ത സ്ഥലത്തേക്കുള്ള യാത്രക്കായി മുഴുവൻ സർക്കസിനെയും വീണ്ടും തയ്യാറാക്കണം. അതിനാൽ ടെന്റു സ്ഥാപിക്കുന്നതും അഴിച്ചുമാറ്റുന്നതും പ്രേക്ഷകരുടെ കാഴ്ച്ചയിൽനിന്നു മറഞ്ഞുനിൽക്കുന്ന പിന്നണിപ്രവർത്തനങ്ങൾ എന്ന നിലയിൽമാത്രം കാണാനാവില്ല. സർക്കസ് തൊഴിൽ സംസ്കാരത്തിന്റെ പ്രധാന ഘടകങ്ങളാണ് അവ. പ്രേക്ഷകർ ഏതാനും മണിക്കൂറുകൾ കാണുന്ന പ്രകടനം, അതിനെക്കാൾ ദൈർഘ്യമേറിയ ഒരു ഭൗതിക-തൊഴിൽചക്രത്തിലെ ഒരു ഘട്ടം മാത്രമാണ്. സ്ഥാപിക്കൽ, ഉപയോഗിക്കൽ, അഴിച്ചുമാറ്റൽ, വീണ്ടും സഞ്ചരിക്കൽ എന്നിങ്ങനെ തുടർച്ചയായി നടക്കുന്ന പ്രക്രിയയിലൂടെയാണു ടെന്റുകൾ നിലനിൽക്കുന്നത്. ഓരോ സ്ഥലത്തും സർക്കസിനെവീണ്ടും സൃഷ്ടിക്കുന്നത് ഇത്തരം ജോലികൾ നിർവഹിക്കുന്ന തൊഴിലാളികളാണ്. ചുരുക്കത്തിൽ, നിരന്തരമായ മൊബിലിറ്റിയിലൂടെ രൂപപ്പെടുന്ന 'ഇട'ങ്ങളാണ് സർക്കസ് ടെന്റുകൾ.
2
മർട്ടിൽ കോർബിന്റെ കഥ പ്രധാനപ്പെട്ടതായി തോന്നുന്നത്, സർക്കസിനെ ശരീരം, വ്യാപാരം, സഞ്ചാരം എന്നിവ തമ്മിലുള്ള ബന്ധത്തിലൂടെ മനസ്സിലാക്കാൻ സഹായിക്കുന്നതിനാലാണ്. മർട്ടിലിന്റെ ശരീരംതന്നെയായിരുന്നു അവളുടെ തൊഴിൽപരമായ വ്യക്തിത്വം രൂപപ്പെടുന്നതിനുള്ള പ്രധാന ഘടകം. എന്നാൽ ആ വ്യക്തിത്വം നിലനിർത്തിയതാവട്ടെ പരസ്യം, യാത്ര, പ്രദർശനം, വൈദ്യശാസ്ത്രപരമായ താൽപ്പര്യം, പ്രേക്ഷകരുടെ കൗതുകം, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ നിരവധി കാര്യങ്ങളായിരുന്നു. അസാധാരണമായ ഉയരമുണ്ടായതിനാൽ അവൾക്കു വലിയതോതിൽ സാമ്പത്തിക മൂല്യം ലഭിച്ചിരുന്നത്രെ. മർട്ടിലിന്റെ കഥയിൽ എനിക്ക് ഏറ്റവും പ്രധാനപ്പെട്ടതായി തോന്നുന്നതും അവൾ പറയുന്ന സ്വയംനിർണയവും വസ്തുവൽക്കരണവും തമ്മിലുള്ള സംഘർഷമാണ്. മർട്ടിലിനെ ആളുകൾ നോക്കുകയും അവളുടെ ശരീരത്തെക്കുറിച്ചു വിവിധ രീതിയിൽ വിവരിക്കുകയും വിഭാഗീകരിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് അവൾ പറയുന്നുണ്ട്. അതേസമയം, അവൾ വരുമാനം നേടുന്നതിനായി തന്റെ ശരീരത്തെ ഉപയോഗിച്ചിരുന്ന ഒരു തൊഴിലാളിയുമായിരുന്നു (അതും അവൾത്തന്നെയാണ് പറയുന്നത്). മർട്ടിൽ പറയുന്ന മറ്റൊരു കാര്യം ഒരു സർക്കസ് തൊഴിലാളി യാത്രക്കാരനാകുമെന്നാണ്.
മർട്ടിൽ പറയുന്നതു നോക്കൂ: അപൂർവമായ ഒരു ശാരീരിക വളർച്ചാ വ്യത്യാസത്തോടെയാണു ഞാൻ ജനിക്കുന്നത്. ശരീരത്തിന്റെ താഴ്ഭാഗത്തു രണ്ട് ഇടുപ്പുകളും സാധാരണയായി കാണുന്ന രണ്ടു കാലുകൾക്കുപുറമെ രണ്ടു ചെറിയ കാലുകളും എനിക്കുണ്ടായിരുന്നു. ചലിപ്പിക്കാൻ പറ്റില്ലെങ്കിലും അവ ഉപയോഗിച്ചു ശരീരഭാരം താങ്ങി നടക്കാൻ കഴിഞ്ഞിരുന്നില്ലെന്ന സങ്കടംമാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.
പതിമൂന്നാം വയസ്സിൽത്തന്നെ മർട്ടിൽ പൊതുപ്രദർശനങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. പരസ്യങ്ങളിൽ മർട്ടിലിനെ “നാലു കാലുകളുള്ള ടെക്സസിലെ പെൺകുട്ടി” എന്ന പേരിലാണ് അവതരിപ്പിച്ചിരുന്നത്. അവളുടെ പിതാവ് വില്യം കോർബിൻ ആദ്യം ആളുകളിൽനിന്നു പണം വാങ്ങി മകളെ സർക്കസിനയച്ചിരുന്നു. അങ്ങനെ ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ മർട്ടിലിന്റെ ശരീരത്തിലെ പ്രത്യേകത കുടുംബത്തിനു വരുമാനം നേടാനുള്ള ഒരു മാർഗമായി മാറി. മർട്ടിലിന്റെ ശരീരത്തിലെ പ്രത്യേകത ആളുകളിൽ വലിയ കൗതുകം ഉണ്ടാക്കിയതായി അവൾ പറയുന്നുണ്ട്. മർട്ടിൽ പ്രശസ്തയായതോടെ അന്നത്തെ പ്രശസ്ത പ്രദർശന സംഘാടകനായ പി.ടി ബാർണം അവളെ തന്റെ പ്രദർശന സംഘത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. ഏകദേശം പതിമൂന്നോ പതിനാലോ വയസ്സായിരുന്നു അന്നു മർട്ടിലിനുണ്ടായിരുന്നത്. അസാധാരണമായ ശരീര പ്രകൃതിയുണ്ടായിരുന്നിട്ടും പത്തൊമ്പതാം വയസ്സിൽ ജെയിംസ് ക്ലിന്റൺ ബിക്നെൽ എന്ന ഡോക്ടർ അവളെ വിവാഹം കഴിച്ചു. അവർക്ക് അഞ്ച് മക്കളുണ്ടായി. എന്തായാലും തീർത്തും അത്ഭുതമായിരുന്നു മർട്ടിലിന്റെ ജീവിതം.
3
ബില്ലിക്ക് ചെറുപ്പം മുതലേ സർക്കസുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. കുട്ടിക്കാലത്തു വനങ്ങൾ സന്ദർശിച്ച അനുഭവങ്ങളാണു പിൽക്കാലത്ത് അവളെ സർക്കസിലേക്കു നയിച്ചത്. വ്യക്തിപരമായ അനുഭവ സമ്പത്താണു 'സർക്കസ് വർഗാസുമായുള്ള' ബന്ധം ദൃഢമാക്കിയതും. സർക്കസു വർഗാസിനൊപ്പമുള്ള യാത്രകളും ജീവിതവും ബില്ലിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. സ്ഥിരമായ ഒരു വേദിയെക്കാൾ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘാടന രീതിയാണു സർക്കസുകൾ പ്രതിനിധീകരിക്കുന്നതെന്നാണു ബില്ലി പറയുന്നത്. ഇത്തരം യാത്രകളാകട്ടെ വ്യക്തികൾക്കു വലിയ ജീവിതപരിജ്ഞാനവും നൽകുന്നു. ഓരോ സർക്കസ് കൂടാരവും അടുത്ത വേദിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ബില്ലിക്കു യാത്രകൾ പ്രധാനമായിരുന്നു. ബില്ലി പറയുന്നതു നോക്കൂ: 'സർക്കസ് വർഗാസ് സഞ്ചരിക്കുന്നുണ്ട്.'
സർക്കസ് ജീവനക്കാർക്കിടയിലെ സാമൂഹിക സഹകരണവും പരസ്പര പിന്തുണയും വ്യക്തമാക്കുന്ന പ്രയോഗമാണ് 'ഹേ റൂബ്' (Hey Rube). ആത്മസംഘർഷങ്ങളെ സ്വയം നിയന്ത്രിക്കാനും സാമൂഹിക ഉത്തരവാദിത്തം പ്രകടിപ്പിക്കാനുമാണ് 'ഹേ റൂബ്' ഉപയോഗിക്കുന്നത്. ബില്ലിയുടെ ഓർമകളിൽ സർക്കസു ജീവിതം ഒരു വലിയ കൂട്ടായ്മയാണ്. ബില്ലി ഒരിക്കൽ ഞങ്ങൾ 'ഹേ റൂബി'ലാണു ജീവിക്കുന്നതെന്ന് പറയുന്നുണ്ട്. ജീവനക്കാർക്കിടയിലെ പരസ്പര ധാരണ ശക്തമായ ആത്മബന്ധം സൃഷ്ടിക്കുന്നവിധത്തിലാണു ബില്ലി ഓർക്കുന്നത്. അതിനാൽത്തന്നെ സർക്കസു സവിശേഷമായ ഒരു സാമൂഹിക ലോകംകൂടിയാണ്. അരങ്ങിനു മുന്നിലെ പ്രകടനങ്ങൾക്കു പിന്നിൽ വിസിബിൾ അല്ലാത്ത ഭീമമായ മനുഷ്യ അധ്വാനവും പരസ്പര വിശ്വാസവും നിലനിൽക്കുന്ന ഒരു സാമൂഹിക ലോകം. അതിനൊരു ഉദാഹരണം പാറയുന്നുണ്ട് ബില്ലി. സഞ്ചരിക്കുന്ന സർക്കസുകൾക്കു കൊടുങ്കാറ്റ് പ്രതികൂല കാലാവസ്ഥ സൃഷ്ടിക്കാറുണ്ട്. അവ സർക്കസിന്റെ ഘടനയെത്തന്നെ തകർത്തേക്കാം. ചുറ്റുമുള്ള പാരിസ്ഥിതിക സാഹചര്യങ്ങളോട് സർക്കസ് പെട്ടെന്നു പ്രതികരിക്കുന്നത് ('ബ്ലോ-ഡൗൺ'പോലുള്ള അടിയന്തര സാഹചര്യങ്ങളിൽപ്പോലും) ഒത്തൊരുമയോടെ നേരിടാൻ കഴിവുള്ള ചലനാത്മകമായ 'കമ്മ്യൂണിറ്റി' ഉള്ളതുകൊണ്ടാണ്.
NOTES:
1- Circus Tents - A Deep Dive, Callie Biggerstaff & Mark Renaudin, Circus Stories: A Circus History Podcast.
2- Myrtle Corbin: "The Four Legged Girl" w/ Special Guest, Callie Biggerstaff & Mark Renaudin, Circus Stories: A Circus History Podcast.
3- 1970's Circus Vargas with Billy B, Callie Biggerstaff & Bill Biggerstaff, Circus Stories: A Circus History Podcast.
