പ്രീ-മോഡേൺ കാലഘട്ടത്തിലെ ചിത്രകലകളിൽ ബുറാഖിന്റെ രൂപങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ വരുന്നത് ഇസ്ലാമിക് ആർട്ട് ഹിസ്റ്ററിയിലെ മ്യൂറൽ ചിത്രങ്ങളിലാണ്. ചിത്രകലയുടെ ശൈലിയെക്കാൾ മതപരവും സംസ്കാരികവും സാമൂഹികവുമായ പ്രതിഫലനങ്ങൾ കുറവായതിനാൽ ബുറാഖ് ചിത്രകലകളിൽ ഐക്കണോഗ്രഫി ഉപയോഗിച്ചതും വളരെ കുറവാണ്. എന്തായാലും ഇസ്ലാമിന്റെ ചരിത്രപരത നിർണയിക്കുന്നതിൽ ഇത്തരം സൃഷ്ടികൾക്കു നിസ്തുലമായ പങ്കുള്ളതായി കാണാം.
അങ്കിത ശ്രീവാസ്തവയുടെ Celestial Beings, Worldly Forms: The Buraq in Deccan Courtly Painting എന്ന പഠനത്തിലാണു പതിനേഴ്-പതിനെട്ട് നൂറ്റാണ്ടുകളിലെ ദക്കാണി കൊട്ടാര ചിത്രകലയിൽ ബുറാഖ് എന്ന 'ദിവ്യജീവിയെ' എങ്ങനെയാണ് ആവിഷ്കരിച്ചിരുന്നതെന്നു ഞാൻ അറിയുന്നത്. ആദ്യം കണ്ടപ്പോൾ ദാബ്ബത്തുൽ അർദിനോടു സമാനമായ ഒന്നാണ് ഇസ്ലാമേതര നാടുകളിൽ വരക്കപ്പെട്ട ബുറാഖിനുള്ളതെന്നു ശ്രീവാസ്തവയുടെ പഠനത്തിൽനിന്നു തോന്നി (fig-01). പിന്നീട് ഓറിയന്റലിസ്റ്റ് ആർട്ടുകളുടെ ഭാഗമായിരിക്കുമെന്നും തോന്നി. അതല്ല ആഗോള-പ്രാദേശിക ഇസ്ലാമിന്റെ മാനങ്ങളിൽനിന്നാകാം അത്തരം മ്യൂറൽ ചിത്രങ്ങളുടെ ഉത്ഭവമെന്നും ചിന്തിക്കാനായി. കുതിരയുടെ ശരീരവും പറവയുടെ ചിറകുകളും മനുഷ്യ സമാനമായ മുഖസവിശേഷതകളുമുള്ള ഒരു മിശ്രിത ജീവിയായാണു പൊതുവെ ബുറാഖ് എന്നാണ് സങ്കല്പിക്കപ്പെട്ടിരുന്നത് (fig-02). ബുറാഖിന് ഏതെങ്കിലും ഒരൊറ്റ വരട്ടുരൂപം ഇസ്ലാമിക മതഗ്രന്ഥങ്ങൾ നിഷ്കർഷിച്ചിട്ടില്ലാത്തതിനാൽ ദക്കാണി കലാകാരന്മാർക്കു തങ്ങളുടെ ഭാവനക്കനുസരിച്ചു ബുറാഖിനെ ചിത്രീകരിക്കാനുള്ള വലിയ സ്വാതന്ത്ര്യം ലഭിച്ചിരുന്നതായാണു ശ്രീവാസ്തവ പറയുന്നത് (fig-03).


ദക്കാണി ചിത്രകാരന്മാർ തങ്ങളുടെ പ്രാദേശിക സാംസ്കാരിക പരിസരത്തുനിന്നുള്ള ഘടകങ്ങൾ ബുറാഖിന്റെ ചിത്രീകരണത്തിലേക്കു സമന്വയിപ്പിച്ചു (fig-04). ഭാരതീയ ആഭരണങ്ങൾ, അലങ്കാര വിന്യാസങ്ങൾ, കൊട്ടാര ശൈലികൾ എന്നിവയാൽ സമ്പന്നമായ ഒരു ദൃശ്യ രൂപമായിരുന്നു ദക്കാണി ബുറാഖിന്റേത്. തന്മൂലം, ബുറാഖിന്റെ ഇസ്ലാമിക ആത്മീയ അടിത്തറ നിലനിർത്തുമ്പോൾത്തന്നെ ദക്ഷിണേഷ്യൻ ദക്കാണി സംസ്കാരത്തിന്റെ സവിശേഷമായ അടയാളപ്പെടുത്തലുകൾ അതിൽ പ്രകടമായി. ഈ കലാപരമായ രൂപീകരണമാകട്ടെ ദക്കാണി കൊട്ടാര സംസ്കാരത്തിന്റെ ആഢംബരത്തിനും ഭാവനാസമ്പന്നതക്കും തികച്ചും അനുയോജ്യമായിരുന്നു. മതപരമായ സങ്കൽപ്പങ്ങൾ ഒരു പ്രത്യേക സാംസ്കാരിക-രാഷ്ട്രീയ പശ്ചാത്തലത്തിലേക്ക് എത്തുമ്പോൾ അവയ്ക്ക് പുതിയ അർഥതലങ്ങൾ ലഭിക്കുമെന്നതിനു വ്യക്തമായ ഉദാഹരണമാണു ശ്രീവാസ്തവ മുന്നോട്ടുവെക്കുന്നത്. മിഅ്റാജ് യാത്രയുമായുള്ള ബന്ധം നിലനിർത്തുമ്പോൾത്തന്നെ, ദക്കാണി കൊട്ടാര സംസ്കാരത്തിലും രാഷ്ട്രീയ ആഖ്യാനങ്ങളിലും ബുറാഖ് പങ്കാളിയായി. ബുറാഖിന്റെ ദിവ്യമായ ശക്തിയും ആകാശാരോഹണ ശേഷിയും രാജകീയ അധികാരത്തിന്റെയും പരമാധികാരത്തിന്റെയും പ്രതീകങ്ങളുമായി കൂട്ടിയിണക്കപ്പെട്ടു.

'ബുറാഖ്' എന്ന പദത്തിന്റെ ഉത്ഭവം തിളങ്ങുക, പ്രകാശിക്കുക എന്ന അർത്ഥം വരുന്ന 'ബറഖ' എന്ന അറബിക് മൂലപദത്തിൽനിന്നോ മിന്നൽ എന്ന അർഥമുള്ള 'ബറഖ്' എന്ന പേർഷ്യൻ പദത്തിൽനിന്നോ ആകാമെന്ന രണ്ട് അഭിപ്രായങ്ങളാണ് പണ്ഡിതന്മാർക്കിടയിലുള്ളത്. ആദ്യകാല ഹദീസ് വിവരണങ്ങളിൽ ബുറാഖിനെ മനുഷ്യമുഖമോ ചിറകുകളോ ഇല്ലാത്ത കഴുതയെക്കാൾ വലുതും കോവർകഴുതയെക്കാൾ ചെറുതുമായ ഒരു വെള്ള ജീവിയായിമാത്രമാണു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പതിനാലാം നൂറ്റാണ്ടോടെ ഇസ്ലാമിക ചിത്രകലയിൽ ബുറാഖിന്റെ രൂപത്തിനു വലിയ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങി. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇൽഖാനിദ് ഭരണകാലത്തു നിർമിക്കപ്പെട്ട ചിത്രങ്ങളിലാണു സ്ത്രീയുടെ മുഖവും ചിറകുകളുമുള്ള മിശ്രിത ജീവിയായി ബുറാഖ് ചിത്രീകരിക്കപ്പെടാൻ തുടങ്ങിയത് (fig-05). സ്ത്രീമുഖം ജീവന്റെയും സൗന്ദര്യത്തിന്റെയും പ്രകൃത്യാലുള്ള സർഗാത്മകതയുടെയും പ്രതീകമായി കരുതപ്പെട്ടിരുന്ന സമയമായിരുന്നതിനാൽ ഭൗതികലോകത്തുനിന്ന് അതിഭൗതികമായ ദൈവിക തലത്തിലേക്കു പ്രവാചകനെ നയിക്കുന്ന ദിവ്യവാഹനത്തിനു സ്ത്രീ സവിശേഷതകൾ നൽകുന്നത് ആത്മീയമായ ഒരു തലത്തിലേക്ക് അതിനെ ഉയർത്തുമെന്ന ധാരണയാണ് അന്നുണ്ടായിരുന്നത്. പേർഷ്യൻ ലിഖിതമായ 'മിഅ്റാജ്നാമ'യിൽ ബുറാഖിന്റെ തല മാണിക്യംകൊണ്ടും ചിറകുകൾ മുത്തുകൾക്കൊണ്ടും ചെവികൾ മരതകംകൊണ്ടും നിർമിതമാണെന്ന് അതിശയകരമായി വിവരിക്കുന്നുണ്ട്.
വിവിധ സംസ്കാരങ്ങളുടെ സംയോജനമാണ് ബുറാഖിന്റെ കലാപരമായ ചിത്രീകരണത്തെ സമ്പന്നമാക്കിയത്. ഗ്രീക്ക്, പേർഷ്യൻ, അസീറിയൻ സംസ്കാരങ്ങളിലെ ചിറകുള്ള കുതിരയായ 'പെഗാസസ്', സ്ത്രീയുടെ തലയുള്ള 'ഹാർപ്പി', 'സ്ഫിങ്ക്സ്' തുടങ്ങിയ പൗരാണിക ജീവി സങ്കൽപ്പങ്ങളുടെ ആകൃതികൾ ഇസ്ലാമിക കലാകാരന്മാർ തങ്ങളുടെ ഭാവനയിൽ സ്വീകരിച്ചതായി കാണാം (fig-06).

പ്രത്യേകിച്ച് പത്താം നൂറ്റാണ്ടിനുശേഷം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ രൂപപ്പെട്ട ഇസ്ലാമിക-ഹിന്ദു സാംസ്കാരിക വിനിമയങ്ങൾ ബുറാഖിന്റെ ചിത്രീകരണത്തെ വൻതോതിൽ സ്വാധീനിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ തമിഴ്നാട് കേന്ദ്രീകരിച്ചു പ്രചരിച്ചിരുന്ന സാങ്കൽപ്പിക പശുവായ 'കാരമ്പശു' അഥവാ 'കാമധേനു'വിന്റെ രൂപ സവിശേഷതകളും ബുറാഖിന്റെ ചിത്രീകരണവുംതമ്മിൽ പരസ്പരം ആശയങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. സ്ത്രീയുടെ മുഖവും പറവയുടെ ചിറകുകളുമുള്ള കാമധേനു ദൈവിക ശക്തികളുടെ വാഹനമായി അറിയപ്പെട്ടതുപോലെ ബുറാഖും ആകാശലോകത്തേക്കുള്ള ദൈവിക വാഹനമായി ചിത്രീകരിക്കപ്പെട്ടു. പീലി നിവർത്തിയ മയിലിന്റെ വാലോടെ ബുറാഖിനെ ചിത്രീകരിക്കുന്ന രീതിയൊക്കെ ഇത്തരം ഭാരതീയ കലാസ്വാധീനത്തിൽനിന്ന് ഉടലെടുത്തതാണ് (fig-07).
തീമൂറിദ്, സഫാവിദ്, ഒട്ടോമൻ, മുഗൾ രാജവംശങ്ങളുടെ കാലഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ബുറാഖിന്റെയും പ്രവാചകന്റെയും ചിത്രീകരണങ്ങളിൽ വലിയ വൈരുദ്ധ്യങ്ങൾ പ്രകടമാകുന്നുണ്ട്. തീമൂറിദ് ചിത്രങ്ങളിൽ ചൈനീസ് കലാരീതിയുടെ സ്വാധീനത്താൽ ദിവ്യമായ സ്വർണ്ജ്വാലകളാൽ ചുറ്റപ്പെട്ട രൂപത്തിലാണു പ്രവാചകനെ കാണിച്ചിരുന്നത് (fig-08). എന്നാൽ സഫാവിദ് കാലഘട്ടത്തിലേക്ക് എത്തുമ്പോൾ പ്രവാചകന്റെ മുഖം ഒരു വെളുത്ത മുഖപടത്താൽ മൂടപ്പെട്ട നിലയിലായി (fig-09).

ഒട്ടോമൻ ചിത്രീകരണങ്ങളിൽ പ്രവാചകന്റെ ഭൗതിക രൂപം കൂടുതൽ ചെറുതാവുകയും ബുറാഖിന്റെ ജീനിയുടെ മുകളിൽ ഒരു ചെറിയ കറുത്ത വരയോടെയുള്ള അഗ്നിജ്വാലയായിമാത്രം ഒതുങ്ങുകയും ചെയ്തു. പിന്നീട് മുഗൾ ഭരണകാലത്തെയോ പതിനേഴാം നൂറ്റാണ്ടിനുശേഷമുള്ള ഉപഭൂഖണ്ഡത്തിലെ കലയിലോ പ്രവാചകന്റെ രൂപം ചിത്രങ്ങളിൽനിന്നു പൂർണമായും ഒഴിവാക്കപ്പെട്ടതായി മനസ്സിലാക്കാം. രൂപങ്ങൾ ചിത്രീകരിക്കുന്നതിലുള്ള ഇസ്ലാമിക വിലക്കുകളുടെയും (Bilderverbot) ആദരവിന്റെയും ഭാഗമായാണു കലാകാരന്മാർ പ്രവാചക രൂപത്തെ ഒഴിവാക്കിയത്.
പിന്നീട് വരക്കപ്പെട്ട ചിത്രങ്ങളിൽ പ്രവാചകന്റെ സ്ഥാനപതിയായി അഥവാ പ്രതിനിധിയായി (Proxy) ബുറാഖ് ചിത്രങ്ങളിൽ സ്വയം പ്രതിഷ്ഠിക്കപ്പെട്ടു. 'മിഅ്റാജ്നാമ'യിലെ വിവരണപ്രകാരം പ്രവാചകൻ ബുറാഖിന്റെ ശരീരത്തിൽ തലോടിയപ്പോൾ അവിടുത്തെ തിരുനാമം അതിൽ പതിഞ്ഞുവെന്നും ബുറാഖ് അതിൽ അഭിമാനംകൊണ്ടുവെന്നും പറയുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ ദക്കാണി (ഗോൽക്കൊണ്ട) ചിത്രങ്ങളിൽ ബുറാഖിന്റെ ശരീരം മുഴുവൻ ആന, മാൻ, മുയൽ, മീനുകൾ തുടങ്ങിയ പ്രകൃതിയിലെ ഒട്ടനവധി ജീവികളുടെ സംയോജനമായി ചിത്രീകരിച്ചിരിക്കുന്നു. പ്രവാചകന്റെ അഭാവത്തിൽ പ്രകൃതിയുടെ മുഴുവൻ സൗന്ദര്യവും സമന്വയിച്ച ആത്യന്തിക ജീവിയായി ബുറാഖ് മാറണമെന്ന ചിന്തയാണ് ഈ മിശ്രമൃഗങ്ങളിൽ വന്ന ബുറാഖ് ചിത്രങ്ങൾക്കു പിന്നിലുണ്ടായിരുന്ന താല്പര്യം.
ഷിയാ-സുന്നി വിഭാഗ വ്യത്യാസമില്ലാതെ ഭക്തിപൂർവം ആഘോഷിക്കപ്പെടുന്ന സംഭവമാണ് മിഅറാജ്. ഹൈദരാബാദിലും ലഖ്നൗവിലും നടത്തിയ ഫിസാ ഇശാഇഖിന്റെ ഗവേഷണ സന്ദർശനവേളകളിൽ ബുറാഖിന്റെ ചിത്രങ്ങളും പോസ്റ്ററുകളും ലഖ്നൗവിനെക്കാൾ കൂടുതൽ ഹൈദരാബാദിൽ പ്രചാരത്തിലുണ്ടെന്നു കാണാൻ സാധിച്ചതായി ഗവേഷക പറയുന്നുണ്ട്. പതിനാറാം നൂറ്റാണ്ടിൽ (1539-43) ഇറാൻ ഭരിച്ചിരുന്ന ഷാ തഹ്മാസ്പ് ഒന്നാമനുവേണ്ടി നിർമിക്കപ്പെട്ട നിസാമിയുടെ 'ഖംസ' എന്ന വിശുദ്ധ ഗ്രന്ഥത്തിൽ മിഅ്റാജിന്റെ മനോഹരമായ ഒരു മിനിയേച്ചർ ചിത്രീകരണം കാണാം (fig-10). ഇതിന്റെ കേന്ദ്രഭാഗത്തു മുഖം വസ്ത്രത്താൽ മറച്ച നിലയിൽ പ്രവാചകൻ ബുറാഖിന്റെ മുകളിൽ ഉപവിഷ്ടനായിരിക്കുന്നുണ്ട്. നബിയുടെ രൂപത്തിനു പിന്നിലായി പ്രവാചകത്വത്തിന്റെ വിശുദ്ധ ജ്വാല ദൃശ്യമാണ്. സ്ത്രീയുടെ മുഖഭാവത്തോടും തലയിൽ സ്വർണ കിരീടത്തോടും കമ്മലുകളോടുംകൂടെ രത്നങ്ങൾ പതിച്ച ആഭരണങ്ങൾ അണിഞ്ഞ നിലയിലാണ് ഈ ദിവ്യവാഹനം ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.

അതുപോലെ, പതിനെട്ടാം നൂറ്റാണ്ടിലെ ഔധിൽ (ഇന്നത്തെ ലഖ്നൗ) രചിക്കപ്പെട്ട കവിതാസമാഹാരമായ 'ദിവാൻ' എന്ന ഗ്രന്ഥത്തിലെ മറ്റൊരു ചിത്രത്തിൽ വെള്ള തലപ്പാവ് ധരിച്ചു ബുറാഖിലിരിക്കുന്ന പ്രവാചകന്റെ ശിരസ്സിനുചുറ്റും സ്വർണപ്രഭാവലയം നൽകിയിരിക്കുന്നതു കാണാം (fig-11). ഇവിടുത്തെ ബുറാഖിന്റെ രൂപത്തിൽ മുഗൾ ശൈലിയിലുള്ള കിരീടവും ഇന്ത്യൻ ആഭരണങ്ങളും നെറ്റിയിൽ ചുവന്ന തിലകവും നൽകിക്കൊണ്ടു ഭാരതീയ സംസ്കാരത്തിന്റെ സ്വാധീനം പ്രകടമായി കാണാം. പീലി വിടർത്തിയ മയിലിന്റെ വാൽഭാഗവും നെഞ്ചിൽനിന്ന് ഉയർന്നുവരുന്ന മനോഹരമായ ചിറകുകളും സൂഫി ദർഗകളിലെ ആത്മീയ ചിഹ്നങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണു വരക്കപ്പെട്ടിട്ടുള്ളത്. ഇസ്ലാമിന്റെ പച്ചക്കൊടിയേന്തിയ മലക്കിനു പിന്നിലായി ഒരു തുർക്കി തൊപ്പി ധരിച്ച സ്ത്രീരൂപവും ഗബ്രിയേൽ മാലാഖയും നബിയെ അനുഗമിക്കുന്നതാണു ചിത്രം. വിദൂരതയിൽ കാണുന്ന വെളുത്ത താഴികക്കുടങ്ങളും മിനാരങ്ങളും താജ്മഹലിനെയോ ഇന്ത്യൻ പള്ളികളെയോ ഓർമിപ്പിക്കുന്ന വിധത്തിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിൽ കാശ്മീരിൽ നിർമിക്കപ്പെട്ട ഫിർദൗസിയുടെ 'ഷാ നാമ' എന്ന ഗ്രന്ഥത്തിൽ മിഅ്റാജ് ചിത്രീകരണത്തിന്റെ മറ്റൊരു മ്യൂറൽ കണ്ടെത്തിയിട്ടുണ്ട്. മുൻകാല ചിത്രങ്ങളിൽ പ്രവാചകന്റെ രൂപം കാണിച്ചിരുന്നുവെങ്കിൽ ഈ ചിത്രത്തിൽ പ്രവാചകനില്ലാതെ വിരിച്ചിട്ട ചമയങ്ങളോടെയുള്ള ബുറാഖിനെ മാത്രമാണു ചിത്രീകരിച്ചിട്ടുള്ളത്. മുമ്പു സൂചിപ്പിച്ചതുപോലെ പിന്നീടു വന്ന അഭിപ്രായ വിത്യാസങ്ങളാലാകാം നബി ചിത്രങ്ങൾ ഒഴിവാക്കിയത്. ഉന്നത വ്യക്തിത്വങ്ങളുടെ ഭൗതിക രൂപങ്ങൾ ചിത്രീകരിക്കുന്നത് ഇസ്ലാമിക പ്രമാണങ്ങൾക്കു വിരുദ്ധമായതിനാൽ ആചാരപരമായ വിലക്കുകളെ മാനിച്ചുകൊണ്ടു കലാകാരൻ ബോധപൂർവം ചെയ്ത മാറ്റമാണിതെന്നാണു ഫർസാ പറയുന്നത്.
ഇരുപതാം നൂറ്റാണ്ടിൽ രാജാ രവിവർമ പ്രസ്സ്, എസ്.എസ്. ബ്രിജ്ബാസി എന്നിവർ അച്ചടിച്ച ക്രോമോലിത്തോഗ്രാഫുകൾ "മുസ്ലിം പോസ്റ്ററുകൾ" എന്ന വിഭാഗത്തിൽ ഇന്ത്യൻ മുസ്ലിംകളുടെ ആത്മീയ അഭിരുചികൾക്ക് അനുസൃതമായി പ്രചാരത്തിൽ കൊണ്ടുവന്നു (fig-12). ചന്ദ്രക്കല, താജ്മഹൽ, മുഗൾ വാസ്തുവിദ്യ എന്നിവയുടെ സാന്നിധ്യം ഭാരതീയ ഇസ്ലാമിക സംസ്കാരത്തിന്റെ തനിമ വിളിച്ചോതുന്ന വിധത്തിലായിരുന്നു. ഭാരതീയ മുസ്ലിംകൾ തങ്ങളുടെ പ്രാദേശിക ദേശീയതയും ആഗോള ഇസ്ലാമിക പ്രസ്ഥാനങ്ങളുമായുള്ള ബന്ധവും ഒരുപോലെ സൂക്ഷിക്കുന്നവരാണെന്ന കാരണവും ഈ വിഷയത്തിൽ അന്തർലീനമായി കിടക്കുന്നുണ്ട്. അതോടൊപ്പം ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ ഷിയാ സമൂഹങ്ങൾ തങ്ങളുടെ തനതായ അനുഷ്ഠാനങ്ങളിലൂടെയും മജ്ലിസുകളിലൂടെയും ഭാരതീയ സാംസ്കാരിക പശ്ചാത്തലത്തിൽ തങ്ങളുടെ അനന്യമായ വ്യക്തിത്വം നിലനിർത്തുന്നുണ്ട്.
References:
1- Celestial Beings, Worldly Forms: The Buraq in Deccan Courtly Painting, ankita srivastava
2-Muhammad’s Night Journey: Figural Representations of the Prophet Muhammad and His Trusty Steed Burāq, Nell Roberts
3-Entangled Images and the Corporeal Sensorium: Shia religious iconography and ritual practice in the Deccan, Fiza Ishaq
Images:
1. “Al-Buraq,” watercolour on paper, attributed to Hyderabad, c. 1770-90 CE
Courtesy: Oriental Art Auctions
2. “Al-Buraq,” opaque watercolour and gold on paper, attributed to Hyderabad, c. 1770-75 CE Courtesy: National Museum, New Delhi
3. “The Mi’raj or The Night Flight of Muhammad on his Steed Buraq,” folio from a “Bustan” of Sa’di, ink, gold and colours on paper, probably from Bukhara and Herat, ca. 1525-35 CE
4. “The Fabulous Creature Buraq,” opaque watercolour and gold on paper, probably from
Golconda, c. 1660-80 CE, Courtesy: The Metropolitan Museum of Art, New York
5. The Prophet Muhammad riding Burāq toward two angels, from Rashīd al-Dīn’s, Jāmi’ al-Tawārīkh (Compendium of Chronicles), Tabriz, Ilkhanid, 1306-7. (Edinburgh University Library, Or. Ms. 20, folio 55r.
6. Plaque depicting the Sphinx, Nimrud, Mesopotamia (today Iraq), 9th – 8th centuries BC.
7. Kamadhenu with a rishi and the parijata tree, painting, 1820.
8. Muhammad's mystical journey to heaven and hell. Miraj-nama of Shah Rukh, 1430 (1436), Chaghatai Turkish Timurid. The Prophet’s face is unveiled
9. Ascension painting depicting the Prophet Muhammad riding Burāq toward ‘Ali as a leonine angel, al-Nīshāpūrī, Qisas al-Anbiyā (“Stories of the Prophets”), possibly Shiraz, Safavid, 1550-1600. Topkapi Palace Library, Istanbul, H. 1228, folio 152v.
10. "Miraj" (Muhammad's ascent) painted by Sultan Muhammad, British Library Ms Or. 2265, folio 195r. From a Khamsa of Nizami of 1539–43 in Tabriz.
11. The Prophet's ascension: cross-cultural encounters with the Islamic Miʿraj tales (Plate 29)
Christiane J. Gruber, Frederick Stephen Colby
12. Art, Resources and Teaching Trust (A.R.T.)
