ഇന്ത്യൻ സർക്കസ് ചരിത്രത്തിൽ കുട്ടികളുടെ പങ്കാളിത്തം സാമൂഹികവും സാമ്പത്തികവുമായ നിരവധി ഘടകങ്ങളുമായി ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കേണ്ടത്. ചരിത്രകാരിയായ നിഷ പി. ആർ. തന്റെ Jumbos and Jumping Devils: A Social History of Indian Circus എന്ന പഠനത്തിൽ ഇന്ത്യൻ സർക്കസിലെ കുട്ടികളുടെ തൊഴിൽ, ഉപജീവനം, പരിശീലനരീതികൾ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമ്പോൾ സാമൂഹികവും സാമ്പത്തികവുമായ കുട്ടികളുടെ പ്രാധാന്യം നിസ്തുലമാണെന്ന് നിരീക്ഷിക്കുന്നുണ്ട്. 2011-ൽ ഇന്ത്യയുടെ സുപ്രീം കോടതി പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളെയും കൗമാരക്കാരെയും ഇന്ത്യൻ സർക്കസിൽ പ്രകടനം നടത്തുന്നതിൽ നിന്ന് വിലക്കി നിയമം പാസാക്കിയിരുന്നു. ഈ നിയമനടപടിക്ക് മുമ്പ് സർക്കസ് മേഖലയിലെ കുട്ടികളുടെ തൊഴിൽ സംബന്ധിച്ച് ബാലാവകാശ സംഘടനകൾ നടത്തിയ പഠനങ്ങളും അന്വേഷണങ്ങളും അടക്കമുള്ള അനവധി പരിശ്രമങ്ങൾക്കൊടുവിലാണ് സർക്കാർ അത്തരമൊരു നിയമം ചാലുവാക്കുന്നത്. 2002-ൽ ബാലവേലക്കെതിരെ പ്രവർത്തിച്ച സംഘടനകൾ ഇന്ത്യൻ സർക്കസുകളിലെ കുട്ടികളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് ഗവേഷണം ആരംഭിച്ചതായി സുപ്രീം കോടതി തന്നെ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന വസ്തുത പരിഗണിച്ചാൽ തന്നെ പ്രസ്തുത നിയമത്തിന്റെ സാഹചര്യം മനസിലാക്കാം. Eliminating Child Labour from Indian Circuses എന്ന റിപ്പോർട്ടിൽ ബാലവേലക്കെതിരെ പ്രവർത്തിച്ച സംഘടനകൾ തയാറാക്കിയ ഇത്തരം റിപ്പോർട്ടുകളും കാണാം.ഗവേഷകരുടെ നിരീക്ഷണങ്ങളിൽ കുട്ടികളുടെ താമസസ്ഥലം, വിദ്യാഭ്യാസം, ജോലി സമയം, പരിശീലനരീതി, ശാരീരിക സുരക്ഷ എന്നിവ പ്രധാന വിഷയങ്ങളാണ്.
സുപ്രീം കോടതിയിൽ പരിഗണിച്ച രേഖകളിൽ സർക്കസ് സംഘങ്ങളിൽ നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ താമസസ്ഥലങ്ങളിൽ മതിയായ സൗകര്യങ്ങളുടെ അഭാവം രേഖപ്പെടുത്തിയിട്ടുണ്ട്. നിരന്തരമായി സഞ്ചരിക്കുന്ന സർക്കസ് സംഘങ്ങളോടൊപ്പം കുട്ടികൾ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിനാൽ സ്ഥിരമായ വിദ്യാഭ്യാസം തുടരുന്നത് ബുദ്ധിമുട്ടാകുന്ന സാഹചര്യങ്ങളും പഠനങ്ങളിൽ കാണാം. കേരളവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടിൽ സർക്കസിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളിൽ ചിലർ വളരെ ചെറുപ്പത്തിൽ തന്നെ പ്രകടനങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കുട്ടി ദിവസത്തിൽ അഞ്ച് മുതൽ ഏഴ് മണിക്കൂർ വരെ സർക്കസിൽ ജോലി ചെയ്തിരുന്നുവെന്നും മറ്റുചില കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ലെന്നും പ്രസ്തുത റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.
കുട്ടികളുടെ സർക്കസ് പങ്കാളിത്തത്തെക്കുറിച്ചുള്ള പുതിയ ഗവേഷണങ്ങൾ ഈ വിഷയത്തെ ബാലവേല എന്ന സാമൂഹിക വിഭാഗത്തിൽ മാത്രം ഒതുക്കാതെ സാംസ്കാരിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് പരിശോധിക്കുന്നത്. കൾച്ചറൽ സ്റ്റഡീസിന്റെ പരിധിയിലാണ് ഉപരിസൂചിത മാറ്റം തുടങ്ങുന്നത്. മോക്ഷ സിംഗ്, എം. മോഷബ്ബിർ ആലം എന്നിവർ നടത്തിയ പഠനം കുട്ടികളുടെ അക്രോബാറ്റിക് പ്രവർത്തനങ്ങളെ കുടുംബത്തിന്റെ ഉപജീവനരീതിയുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്നതാണ്. സാമ്പത്തികമെന്നതിനപ്പുറത്തേക്ക് സാമൂഹികമായ വ്യവഹാരങ്ങളാണ് ഈ പഠനത്തിലുള്ളത്. പ്രധാനമായും ഇന്ത്യയിലെ നാടോടി സമൂഹത്തെ കേന്ദ്രീകരിച്ചുള്ള ഈ പഠനം കുട്ടികളുടെ തൊഴിൽ തീരുമാനങ്ങളിൽ സാംസ്കാരിക ഘടകങ്ങൾക്കും പ്രധാന സ്ഥാനമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാൽ കുട്ടികളെ തൊഴിൽ സാഹചര്യങ്ങളിൽ നിന്ന് മാറ്റുന്നതിനുള്ള നയങ്ങൾ രൂപപ്പെടുത്തുമ്പോൾ അവരുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉപജീവനരീതികളും പരിഗണിക്കേണ്ടതുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
ആസ്താ ഗാന്ധിയും ബിഷ്ണുപ്രിയ ദത്തും ഇന്ത്യൻ സർക്കസിലെ പ്രകടനശരീരങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിൽ ബാലവേല നിയമം, മനുഷ്യക്കടത്ത്, സർക്കസ് വ്യവസായം എന്നിവ തമ്മിലുള്ള ബന്ധം പരിശോധിക്കുന്നുണ്ട്. ഗവേഷകർ സർക്കസ് ഉടമകൾ, ഇടനിലക്കാർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയ വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളെയും ഇത്തരം പഠനങ്ങളിൽ മുഖവിലക്കെടുക്കുന്നുണ്ട്. അതേസമയം, നിഷ പി. ആറിന്റെ പഠനം 2011-ലെ സുപ്രീം കോടതി നിരോധനത്തിന് ശേഷമുള്ള സർക്കസ് സമൂഹത്തിന്റെ അവസ്ഥയും കുട്ടികൾക്കായുള്ള പരിശീലനകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ശ്രമങ്ങളും പരിശോധിക്കുന്നതായി കാണാം.
വ്യത്യസ്ത തലമുറകൾക്കിടയിലുള്ള ബന്ധങ്ങളെ സമൂഹം എങ്ങനെ നിയന്ത്രിക്കുന്നു എന്നതിലുള്ള താൽപ്പര്യത്താലാണ് ഇന്ത്യയിലെ സർക്കസിനെക്കുറിച്ച് എലിയോനോർ റിംബോൾട്ട് പഠിക്കാൻ ആഗ്രഹിക്കുന്നത്. ബാലവേലയുടെ ശക്തമായ നിയന്ത്രണങ്ങൾ വന്ന ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണു സർക്കസ് പ്രധാന വിഷയമായി വരുന്നത്. എങ്ങനെയാണ് ഒരു അഭ്യാസകല പഠിക്കുന്ന കുട്ടിയെയും ഒരഭ്യാസിയായി തൊഴിൽ ചെയ്യുന്ന കുട്ടിയെയും വേർത്തിരിക്കുക? എന്താണ് സർക്കസിലുള്ള വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും രീതികൾ? എങ്ങനെയാണ് സർക്കസിലുള്ള കുട്ടികൾക്ക് ഇതനുഭവപ്പെടുന്നത്? ശിക്ഷണത്തിനായും തൊഴിലിനായും സർക്കസ് ഗോധയിലേക്ക് ആനയിക്കപ്പെട്ടിരുന്ന നിശ്ചിത പ്രായപരിതി എത്താത്ത കലാകാരന്മാർ ഇന്ത്യൻ സർക്കസിൽനിന്ന് അപ്രസക്തമായിട്ടു മൂന്നു പതിറ്റാണ്ടിലധികമായി.
എൻ.ജി.ഒ യുടെ മാധ്യമ പ്രവർത്തനങ്ങൾമൂലം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകൾമുതൽ സർക്കസ് കുട്ടികൾ അപ്രത്യക്ഷമായിത്തുടങ്ങിയാതായി റിപ്പോർട്ടുകളുണ്ട്. ബാലവേലക്കെതിരെയുള്ള ശക്തമായ നിയമങ്ങളും സന്നദ്ധ സംഘടനകളും ഇതിനു സഹായകമായി. ഉദാഹരണത്തിന്, രണ്ടായിരത്തി പതിനെഞ്ചിൽ റിംബോൾട്ട് ഗവേഷണം തുടങ്ങുന്ന സമയത്ത് തന്നെ 'സർക്കസ് കുട്ടികൾ' പൂർണമായി അപ്രത്യക്ഷമായിരുന്നു. കുട്ടികളുടെ ജീവിതങ്ങളും കാഴ്ച്ചപ്പാടുകളും ശീലങ്ങളും പഠിക്കാൻ ശ്രമിക്കുന്ന ഒരു നരവംശ ശാസ്ത്രജ്ഞൻ എന്ന നിലക്കു ഗവേഷണം തുടങ്ങുന്നതിനുമുമ്പ് ഒരുപാടു തടസ്സങ്ങൾ നേരിട്ടതായി റിംബോൾട്ട് പറയുന്നുണ്ട്.
പാശ്ചാത്യ പണ്ഡിതരും നിയമവിദഗ്ധരും വ്യക്തമാക്കിയതുപ്രകാരം നമുക്കു പരിചിതമായ ആനന്ദപൂർണവും കളങ്കമറ്റതുമായ ബാല്യകാലത്തിന്റെ പ്രാതിനിധ്യം പതിനെട്ട്-പത്തൊമ്പതു നൂറ്റാണ്ടുകൾക്കിടയിലാണു വരുന്നത്. എന്തുതന്നെയായാലും കുട്ടികളെ പഠിക്കാനായി നാം നിർമിച്ച അതിർവരമ്പുകളെ മറികടക്കുന്ന സംവാദങ്ങൾ നിരവധിയാണ്. റിംബോൾട്ടിന്റെ ഗവേഷണത്തിൽത്തന്നെ നാഷണൽ ജിയോഗ്രാഫിക് എക്സ്പ്ലോറർ സീരീസിനായി മാർട്ടിൻ ബെൽ തയ്യാറാക്കിയ ‘ദി അമൈസിങ് പ്ലാസ്റ്റിക് ലേഡി’ എന്ന ഡോക്യുമെന്ററിയിൽ ഈയൊരു യാഥാർഥ്യം വ്യക്തമാണ്. ഒരു സർക്കസ് പരിശീലകനും പിങ്കി എന്നു പേരുള്ള ഒരു ശിഷ്യയുമാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ. പ്രസ്തുത ഡോക്യുമെന്ററിയിൽ സർക്കസിൽ ചേരാനുള്ള പിങ്കിയുടെ തീരുമാനത്തെക്കുറിച്ച് അവളുടെ അമ്മ പ്രതികരിക്കുന്നത് ഇങ്ങനെയാണ്: “ഭർത്താവിന്റെ മരണശേഷം കാര്യങ്ങൾ സങ്കീർണമായി. സർക്കസിൽ കുട്ടികളെ എടുത്ത് അവർക്കു പണവും ആവശ്യ വസ്തുക്കളും നൽകുമെന്നറിഞ്ഞപ്പോൾ എന്തുകൊണ്ട് നമുക്കത് ചെയ്തുകൂടാ എന്ന ചിന്ത എന്നിൽ കടന്നുകൂടി. ഒരു മാതാവിന്റെ സ്നേഹത്തിനപ്പുറം ഒന്നും എനിക്കു നൽകാനില്ല. എല്ലാ മാസവും അവർ പണമയക്കാറുണ്ട്. പിങ്കി ഒരു മുതലയെപ്പോലെ ശക്തയാണ്. അവളെ സർക്കസിലേക്കയച്ചത് ഒരിക്കലും ഒരു തെറ്റായിരുന്നില്ല. അവളുടെ വിധിയാണെന്നാ ഞാൻ കരുതുന്നത്.”
കുട്ടികൾ എന്തിനെല്ലാം കടപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയാനുള്ള ഒരു സാഹചര്യം വീട്ടിൽ ഇല്ലായിരുന്നു എന്ന് അമ്മ വ്യക്തമായി മനസ്സിലാക്കിയിരുന്നു. എങ്കിലും പിങ്കിയോ അവളുടെ അമ്മയോ ഇതിനാൽ ജാഗ്രത പാലിക്കുന്നുമില്ല. ഡോക്യുമെന്ററിയുടെ മറ്റൊരു ഭാഗത്ത് ഒരു പത്തു വയസ്സുകാരി എന്ന നിലക്കു സർക്കസിലുള്ള തന്റെ തൃപ്തി പിങ്കി വിവരിക്കുന്നുണ്ട്: “ശരീരാഭ്യാസങ്ങൾ കാണിക്കുന്നതിൽ ഞാൻ അത്യധികം സന്തോഷവതിയാണ്. ക്ഷീണം അനുഭവപ്പെടാറില്ല. ഞാനിങ്ങോട്ടു വന്നിട്ടില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. ഇവിടെ ആരും എന്നെ ഉപദ്രവിക്കുന്നുമില്ല. വലുതാകുമ്പോൾ ഞാനൊരു സർക്കസ് താരമായി മാറും, ലോകം മുഴുവൻ ഞാൻ സഞ്ചരിക്കും.”
ഒരു പ്രഭാതത്തിൽ സുഹൃത്ത് ശ്രുതിയോടൊപ്പം ഞാൻ പ്രിയയുടെ വീട്ടിലെത്തി. അറുപതുകളിലുള്ള കൂലിപ്പണിക്കാരായ പ്രിയയും ചന്ദിനിയും അവരുടെ തിരിച്ചുകിട്ടാത്ത ഓർമകൾ പങ്കുവെക്കാൻ മാറ്റിവെച്ച സമയം. വടക്കു കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഒരു പാടത്തുവെച്ചാണു ഞാൻ അവരെ കണ്ടുമുട്ടിയത്. അമ്പതു വർഷങ്ങൾക്കുമുമ്പുള്ള അവരുടെ ജീവിതത്തിലെ ചില സംഭവങ്ങൾ വിവരിക്കുന്ന ഒരു മലയാള പുസ്തകം വായിച്ചതുമുതൽ ഞാൻ അവർക്കുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബത്തിന് ആശ്വാസമേകാൻ ചെറുപ്രായത്തിൽത്തന്നെ അവർ സർക്കസിൽ ചേർന്നു. വ്യത്യസ്ത സർക്കസ് കമ്പനികളിൽ പരിശീലനവും അലഞ്ഞുതിരിയുന്ന ജീവിതവും ഒറ്റപ്പെടലും ജീവിത കാഠിന്യതവും അവരനുഭവിച്ചു.
അയൽക്കാരിയായ രജനിവഴിയാണു പ്രിയയും ചന്ദിനിയും സർക്കസിൽ പ്രവേശിക്കുന്നത്. ജീവിതത്തിലെ കഴിഞ്ഞുപോയ കാലത്തെ സ്മരിക്കാൻ കൂടിയതിലുള്ള ആവേശത്താൽ അവർ തൊഴിൽ ചെയ്ത സർക്കസ് കമ്പനികളിലെ രസകരമായ സംഭവങ്ങൾ വിവരിച്ചു. മുത്തച്ഛനോടൊപ്പം സർക്കസ് കാണാൻ പോകുന്ന അനുഭവത്തിൽ ഒമ്പതാം വയസ്സിൽത്തന്നെ പ്രിയ സർക്കസിൽ ചേർന്നു. വിവാഹംവരെ അവൾ ജോലി തുടർന്നു. അഞ്ചാം വയസ്സിലാണു ചന്ദിനി സർക്കസിൽ ചേരുന്നത്. ഒരുപാട് ഓർമകൾ അവൾക്കും വിവരിക്കാനുണ്ട്. രജനിയാണു കൂട്ടത്തിൽ ഏറ്റവും ശാന്ത. സർക്കസിൽ ചേരുമ്പോൾ മൂന്നാം ക്ലാസുവരെ (എട്ടോ ഒമ്പതോ വയസ്സ്) പഠിച്ചിരുന്നു. വിവാഹത്തിനുശേഷവും ഒരു സർക്കസു ക്യാമ്പിലാണ് അവൾ ജീവിതം കഴിച്ചുകൂട്ടിയത്.
“സർക്കസ് എന്നാൽ വസ്ത്രങ്ങളും ആഭരണങ്ങളുമായിരുന്നു ഞങ്ങൾക്ക്. അതിനാൽ ഞങ്ങൾ തൃപ്തരായിരുന്നു” എന്നാണ് ചന്ദിനിക്ക് പറയാനുള്ളത്. ആ സമയം എല്ലാവരും കേരളത്തിൽനിന്നുള്ളവരായുന്നു എന്നും അവൾ സ്മരിക്കുന്നു. പരേഡുകളെക്കുറിച്ചു പറയുമ്പോൾ അവൾക്ക് ഒരു പ്രത്യേക ഊർജമാണ്. രണ്ടു നിലയിലാണു പരേഡുകൾ സംഘടിപ്പിക്കപ്പെടുക. ഒരു സ്ഥലത്തു പുതുതായി ആരംഭിക്കുമ്പോൾ കലാകാരന്മാരെയും മൃഗങ്ങളെയും പ്രദർശിപ്പിച്ചു സർക്കസുകൾ പാര്യമ്പര്യമായി ചെയ്തുപോരുന്നതാണ് ഒന്നാമത്തേത്. മറ്റൊന്ന് ഏതൊരു സർക്കസിന്റെയും തുടക്കത്തിൽ കൊടികൾ വീശിയും പ്രത്യേക വസ്ത്രങ്ങൾ അണിഞ്ഞും കലാകാരന്മാരും മൃഗങ്ങളും നൃത്തസംവിധാനത്തിൽ വേദിയിലേക്കു വരുന്നത്.
അവർ സർക്കസ് കുട്ടികളായിരുന്ന കാലത്തു നീണ്ടു വെളുത്ത കാലുറകൾ ധരിച്ചിരുന്നു. “ഇന്നത്തെപ്പോലെയല്ല, അന്നു സർക്കസിൽ പത്തു പതിനഞ്ച് ഒട്ടകങ്ങൾ, ആനകൾ, കോമാളികൾ, അമ്പതോളം കലാകാരന്മാർ എന്നിവയൊക്കെ ഉണ്ടാവും”. പ്രിയയും രജനിയും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. അത്യധികം കഠിനമായിരുന്നു ആ ദിവസങ്ങളെന്ന് അവർ ഓർമിക്കുന്നുണ്ട്. പരിശീനത്തിനിടെ ഏറ്റ പരിക്കുകളും മുറിവുകളും അവൾ എന്നെ കാണിച്ചു. ഒരിക്കൽ ഒരു യന്ത്രത്തിൽനിന്നു വീണ പ്രിയ തലനാരിഴക്കാണു രക്ഷപ്പെട്ടത്.
ആളുകളുടെ ഓർമയിൽനിന്നു ബാല്യകാല അനുഭവങ്ങൾ എടുക്കുക എന്നത് ദീർഘവും ബുദ്ധിമുട്ടുള്ളതുമായ ഒന്നാണ്. അതിനാൽ ഒരേ കാര്യങ്ങൾ അനുഭവിച്ച ഒരുപാടു പേരിൽനിന്നു വിവരണങ്ങൾ ശേഖരിക്കൽ തീർത്തും സഹായകമാകും. വ്യത്യസ്ത മനുഷ്യരുടെ അനുഭവങ്ങൾ കോർത്തിണക്കി അതിലെ സാമ്യതകൾ തിട്ടപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് സർക്കസ്. പ്രിയയുടെയും ചന്ദിനിയുടെയും അനുഭവങ്ങളിൽനിന്നു വ്യക്തമായതുപോലെ ഒരു സർക്കസു കമ്പനിയിൽ ജീവിക്കുക എന്നിതിനു പല കാഴ്ച്ചപ്പാടുകളുമാണ് ഉണ്ടാവുക. ഓർമകൾ വ്യത്യസ്ത രീതികളിൽ അർഥവത്താകും. അത് ഓർക്കുന്നവർക്ക് എതു തരത്തിലാണു പ്രധാനമായിരിക്കുന്നത് എന്നു കണ്ടെത്തൽ ബുദ്ധിമുട്ടാണ്. ഒരു അനുഭവം പങ്കുവെക്കുക എന്നത് കേവലം ഒരു ഓർമയുടെ സാരത്തിനപ്പുറം ഉൾക്കൊള്ളുന്നതാണ്. ഒരാളുടെ വിവരണം ചില ആളുകളുടെ സാന്നിധ്യവും അഭാവവും ശ്രോതാവിന്റെ വ്യക്തിത്വവുമെല്ലാം അടിസ്ഥാനപ്പെടുത്തിയായിരിക്കും.
ചുരുക്കത്തിൽ, 'സർക്കസ് കുട്ടികളു'ടെ ചരിത്രം പരിശോധിക്കുമ്പോൾ അവരുടെ അനുഭവങ്ങളെ തൊഴിൽ എന്ന ഒറ്റ വിഭാഗത്തിൽ ഉൾപ്പെടുത്തി വായിക്കുന്നത് അപര്യാപ്തമാണ്. പരിശീലനം, ശരീരശിക്ഷണം, യാത്ര, കുടുംബബന്ധങ്ങൾ, സൗഹൃദങ്ങൾ, വേദിയിലെ പ്രകടനം, പരിക്ക്, വരുമാനം തുടങ്ങിയവ ചേർന്നാണ് അവരുടെ ബാല്യകാലം രൂപപ്പെടുന്നത്. അതിനാൽ സർക്കസ് കുട്ടികളുടെ ഓർമകൾ വ്യക്തിപരമായ അനുഭവങ്ങളുടെ രേഖകളായി മാത്രം കാണാതെ ഒരു പ്രത്യേക തൊഴിൽസംസ്കാരത്തിന്റെ ചരിത്രസ്രോതസ്സുകളായും വായിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സ്ത്രീകളായ മുൻ സർക്കസ് കലാകാരികളുടെ ഓർമകൾ ശരീരം, തൊഴിൽ, കുടുംബം, വിവാഹം, സാമൂഹിക ചലനശേഷി എന്നിവ തമ്മിലുള്ള ബന്ധങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്നുണ്ടെന്ന് ആസ്താ ഗാന്ധി പറയുന്നുണ്ട്. നിയമപരമായ മാറ്റങ്ങൾക്കുശേഷം കുട്ടികൾ സർക്കസിൽനിന്ന് അപ്രത്യക്ഷമായതോടെ ഇത്തരം അനുഭവങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള പ്രാധാന്യവും വർധിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. അതിനാൽ വാചികചരിത്രം (oral history) സർക്കസിന്റെ നഷ്ടപ്പെട്ട തലമുറകളെ പഠിക്കാനുള്ള പ്രധാന രീതിശാസ്ത്രപരമായ സാധ്യതയാണ്.
References:
1. Jumbos and Jumping Devils: A Social History of Indian Circus, Nisha P. R.
2. Child Acrobats as a Family Labor Force: An Exploratory Study on the Involvement of Children in Traditional Economic Activities, Moksha Singh & Md. Moshabbir Alam.
3. Laws and Marginalised Bodies: Sex Trafficking, Child Labour and Circus as a Site of Negotiations, Aastha Gandhi & Bishnupriya Dutt.
4. Childhood Memories of Circus Children, Éléonore Rimbault.
5. Disappearance in the Ring: The Perpetual Unmaking of India’s Big Top Circus, Éléonore Rimbault.
6. Circus Routes: Representing India from the Perspective of an Itinerant Profession, Éléonore Rimbault.
7. The Amazing Plastic Lady, Martin Bell.
