ശബ്ദങ്ങൾക്കു നടുവിൽ
പുളിച്ച വിയർപ്പു തട്ടി
തികട്ടിവന്ന
ഛർദി പോലൊരു
ചിരി,
കണ്ണിൽ തട്ടുംവിധം
വിസ്തരിച്ചു വരച്ച്,
ആഴം നന്നേ കുറഞ്ഞ്
അന്നനാളം കാണുന്ന
പൂർണതയോടെ.
അതും മതിയായിരുന്നില്ല
ഉള്ളുകലങ്ങുന്നതത്രയും
ഊറ്റിത്തെളിക്കാൻ.
ഉള്ളം കാലിൽ
ഒറ്റവവരി പാലത്തിന്റെ
നൂൽ ചുരുൾ തഴമ്പ്,
ചോരവറ്റിയെ ഞരമ്പ് പോലെ
വഴിതെറ്റിയ ഭൂപടം.
ജീവിതരേഖ മായ്ച്ചു കളഞ്ഞവ..
കണ്ണിൽ മരണകിണറിന്റെ
മുഴക്കം,
അവ
വാഹനത്തിന്റെ കുഴ'ലോള'മല്ല
അതിൽ പറ്റിപ്പിടിച്ച
മനുഷ്യന്റെ ഉടൽ ഞെരുക്കം.
ഉറക്കംതെറ്റിയ
കിറുക്കുപോലെ
ആളുകൾക്കുനേരെ
കോക്രി കാട്ടി
അതല്ലാതെ
വേറെ ഭാഷയില്ലായിരുന്നു
അയാളുടെ സമരങ്ങൾക്ക്.
ചുറ്റും ചിരിപടർത്തി,
ചിരിനിർത്താനാവാതെ ഡോക്ടറെ
കാണുമ്പോൾ
അരങ്ങഴിച്ചന്നാദ്യമായി
അയാൾ ഉള്ളുതൊട്ടൊന്നു
ചിരിക്കാൻ ശ്രമിച്ചു
പറ്റണില്ല,
മുഖത്ത് കല്ലച്ച
കോമാളിച്ചിരി,
പൂരത്തിന് വാങ്ങാൻ കിട്ടുന്ന
പ്ലാസ്റ്റിക് ചിരി,
മായ്ച്ചിട്ടും പോവാത്ത
മേക്കപ്പ്.
രണ്ടറ്റം വിണ്ടുകീറിയ
ചുണ്ടിന്റെ മുറിവുകളെ
ആരാണു ചിരിയെന്നു
ചാപ്പ കുത്തിയത്.
