സർവ നാഗരികതയുടെയും അടിസ്ഥാന ധാരയായും പ്രായോഗിക തലത്തിൽ അവയുടെ സാമൂഹികതയിലും സാംസ്കാരികതയിലും രൂഢമൂലമായി സ്പർശിക്കുന്നതുമായ ഒന്നാണ് ജ്ഞാനധാര. എന്ത് പഠിപ്പിക്കുന്നു എന്നതിലുപരി അവ പഠിപ്പിക്കപ്പെടുന്ന രീതിശാസ്ത്രത്തെ ആധാരമാക്കിയുള്ള വായനകളും വ്യാഖ്യാനങ്ങളുമാണ് നാഗരികതകളെ കൂടുതൽ ജ്ഞാന പ്രാപ്തമാക്കുന്നത്. കാലോചിതവും സാന്ദർഭികവുമായ മാറ്റങ്ങളുടെ അനിവാര്യതയ്ക്കൊപ്പംതന്നെ, ജീവിത മൂല്യങ്ങളെക്കൂടി ആധാരമാക്കുന്ന ജ്ഞാനം, അറിവ് എന്ന സ്വത്വം നിലനിന്നുപോന്നിരുന്ന ആചാരങ്ങളെയും വിശ്വാസങ്ങളെയും വിലക്കി മൂല്യധിഷ്ഠിത കര്തൃത്വത്തിലേക്ക് നാഗരികതകളെ നടത്തി എന്നത് വസ്തുതയാണ്.
19-20 നൂറ്റാണ്ടുകളിലെ മധ്യത്തിൽ ലോക ക്രമത്തിൽ സംഭവിച്ച രാഷ്ട്രീയ ഭാവമാറ്റങ്ങളും അധിനിവേശങ്ങളും നിലനിന്നിരുന്ന ലോകക്രമത്തെ സാരമായി ബാധിക്കുകയും, അഭൗതികത, മതം, ദൈവം എന്നീ പ്രത്യയശാസ്ത്രങ്ങളെ കേവലം യുക്തിചിന്തയിലേക്കു പ്രതിഫലിപ്പിക്കും വഴി ജ്ഞാനധാരയില്നിന്ന് വിശുദ്ധത (sacredness) നഷ്ടമാവുകയും, ആധുനികത എന്ന ആവിർഭാവം കൂടി ഉടലെടുത്തതോടെ പഠിപ്പിക്കപ്പെട്ടിരുന്ന മൂല്യവും അറിവുകളും സംവാദ, സംവേദനശൈലിയില്നിന്നുതന്നെ ജ്ഞാനഹത്യയിലേക്ക് ആരോഗ്യകരമായി പരിണമിക്കപ്പെടുകയും ചെയ്തു. വസ്തുനിഷ്ഠതയിൽ (Objectivity) നിന്നും വ്യക്തി കേന്ദ്രീകരണത്തിലേക്കും (Individualism) രാഷ്ട്രീയ സ്വത്വ താല്പര്യങ്ങളിലേക്കുമുള്ള ആധികാരികമായ പരിണാമം കൂടിയായിരുന്നു ഈ മാറ്റം.
1978 ൽ ഫലസ്തീൻ പണ്ഡിതൻ എഡ്വാർഡ് സൈദിന്റെ ഒറിയന്റലിസം പുറത്തിറങ്ങിയതോടെ പരിണമിക്കപ്പെട്ട ജ്ഞാന ഉത്പാദന മേഖലകളെല്ലാം വിമർശിക്കപ്പെടുകയും കോളനിവല്ക്കരണ താല്പര്യങ്ങൾക്ക് എതിരായി ശബ്ദമുയരുവാനും തുടങ്ങി. യൂറോപ്യൻ സർവകലാശാലകളിൽ ഒറിയന്റലിസ്റ്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റുകൾ അപകോളനീകരണത്തിന്റെ ഫലമായി ഇസ്ലാമിക് എന്ന് പരിണമിച്ചതായി ചരിത്ര രേഖകളിൽ കാണാം. സൈദിൽ തുടങ്ങി എമ്പമ്പെ (2016), മിഗ്നോളോ (2011), മൂസാവി (2022) എന്നിവരിൽ വരെ എത്തിനിൽക്കുകയാണ് ജ്ഞാനഹത്യയുടെ അപകോളനീകരണം. ജ്ഞാന അപകോളനീകരണം, പാഠ്യപദ്ധതിയുടെ അപകോളനീകരണം(Decolonization of curriculum), ജ്ഞാന കോളനീകരണം (Epistemic coloniality), നെക്രോ പൊളിറ്റിക്സ് (Necropolitics), അധ്യാപന രീതിശാസ്ത്ര അപകോളനീകരണം (Decolonization of Pedagogy) തുടങ്ങിയവയെല്ലാം ഈ പ്രതികരണത്തിന്റെയും പ്രതിഫലനത്തിന്റെയും ബഹിർസ്ഫുരണങ്ങളാണ്.
പാരമ്പര്യമായി നിലനിന്നിരുന്ന വ്യവഹാരങ്ങളെ ഏത് രീതിയിലാണോ പഠിപ്പിക്കപ്പെടേണ്ടത് ആ രീതിയിൽ പഠിപ്പിക്കുകയും സംശയാധിഷ്ഠിത വ്യാഖ്യാനങ്ങളുടെ (Hermeneutics of Suspicion) പ്രായോഗികതയിൽനിന്ന് ജ്ഞാനങ്ങളെ മുക്തമാക്കുകയാണ് അപകോളനീകരണം എന്നാണ് മൂസാവി പ്രതിപാദിക്കുന്നത്. പാഠ്യപദ്ധതിയെത്തന്നെ അപകോളനീകരിക്കുക എന്നതുകൊണ്ട് ഗവേഷകർ വിവക്ഷിക്കുന്നത് വ്യതിരിക്തമായതിനെ അതുപോലെ കാണാനും യൂറോപ്യൻ അധികാരത്തിൽനിന്ന് അതിനെ കടഞ്ഞെടുക്കാനുമാണ്.
അധിനിവേശ പര്യടനങ്ങളുടെ അനന്തരഫലമായി അക്കാദമിക മേഖലകളിൽ രൂപപ്പെട്ട ഇംഗ്ലീഷ് ഭാഷ ആധിപത്യം തന്നെയാണ് ഇന്നത്തെ ജ്ഞാന അപകോളനീകരണത്തിന്റെ പ്രധാന വെല്ലുവിളികളിലൊന്ന്. ലിബറൽ ചിന്തകൾക്കകത്തു മതകീയത പുലർത്തുന്ന മുസ്ലിമിനും സ്വതന്ത്രമായി ചിന്തിക്കാമെന്നും പക്ഷെ ഇസ്ലാമിക നിയമങ്ങൾക്കനുസ്യൂതമായ രീതിയാണ് അടിസ്ഥാനമാക്കേണ്ടതെന്ന് അമേരിക്കൻ ചിന്തകൻ ഹംസ യൂസുഫും പ്രതികരിക്കുന്നതായി കാണാം. ജ്ഞാന അപ്രമാദിത്യത്തിൽനിന്ന് ഇസ്ലാമിക അക്കാദമിക ധാരയെ മുക്തമാക്കാൻ അറബി ഭാഷയുടെ വ്യാപനം അനിവാര്യമാണെന്നുകൂടി അദ്ദേഹം ചേർത്തുവായിക്കുന്നു. മലേഷ്യൻ പണ്ഡിതനായ സയ്യിദ് നഖീബ് അൽ-അത്താസ് തന്റെ വിഖ്യാത കൃതിയായ The Concept of Education in Islam: A Framework for an Islamic Philosophy of Education എന്ന കൃതിയിൽ അറിവിന്റെ ഇസ്ലാമികവത്കരണത്തിന്റെ ഭാഗമായി അറബിവത്കരണത്തിന് അതിപ്രാധാന്യം നൽകുന്നത് ഇസ്ലാമിക ജ്ഞാന അപകോളനീകരണ സാധുതയോട് ചേർത്തുവായിക്കണം.
മതജ്ഞാനമെന്നതിലുപരി സ്വതന്ത്രമായി 78, 79 വർഷങ്ങൾക്കിപ്പുറവും ഇന്ത്യൻ വിദ്യാഭ്യാസ നയങ്ങൾ അധിനിവേശ ജ്ഞാനഹത്യ പ്രവണതകൾക്കു പുറകിലാണ്. ഇന്ത്യയിൽ സമകാലികമായ നടന്നുവരുന്ന സകല വിദ്യാഭ്യാസ നയങ്ങളും വിനയാന്വിതനായ അടിമയെ സൃഷ്ടിക്കുവാനുള്ള ബ്രിട്ടിഷ് അധിനിവേശ നായകൻ ലോർഡ് തോമസ് ബാബിംഗ്ടൺ മെക്കോലെയുടെ പ്രവർത്തനങ്ങളുടെ അനന്തര ഫലത്തിന്റെ ബാക്കിപത്രമാണ്. ഇവിടെ അന്ന് ജ്ഞാനഹത്യയ്ക്ക് ഇരയായ പല ശാഖകളും ഇന്നും അസ്ഥാനത്താണ്. സമകാലികതയിൽ വരെ മലബാറിലെ മുസ്ലിംകളുടെ സാക്ഷരത അളന്നിരുന്നത് മലയാള ഭാഷയുടെ മാനദണ്ഡത്തിലായിരുന്നുവെന്നും ചരിത്രത്തിലിടം നേടുകയും പൊതുവാവുകയും ചെയ്ത അറബിമലയാള ഭാഷയെ പേരിനുപോലും പരിഗണിക്കുന്നില്ല എന്നതും അപകടകരമായ നിജസ്ഥിതിയാണ്. സമീപ കാലങ്ങളിൽ നടക്കുന്ന രാഷ്ട്രീയ പ്രവണതകള്ക്കൂടി വിദ്യാഭ്യാസ നയങ്ങളെ പിന്തുടർന്നതോടെ വിദ്യാഭ്യാസം രാഷ്ട്രീയമായികൂടി ജ്ഞാനഹത്യയ്ക്ക് അടിമപ്പെട്ടു. ചരിത്രത്തെ വെള്ള പൂശലും വക്രീകരിക്കലുമെല്ലാം ഈ പ്രവണതയുടെ ആവർത്തനങ്ങളാണ്. മതങ്ങൾക്കും മൂല്യങ്ങൾക്കും വിദ്യാഭ്യാസ നയങ്ങൾക്കും വേണ്ടി ജീവൻ ബലിയാടാക്കിയ ജനാധിപത്യ രാജ്യത്താണ് ഈ വിധ ഫാഷിസ്റ്റ് ജ്ഞാനഹത്യ എന്നുകൂടി വിവക്ഷിക്കപ്പെടണം.
മാറ്റിനിർത്തപ്പെടലുകളും പാർശ്വവത്ക്കരണവും ആധുനിക അധിനിവേശത്തിന്റെ മുഖമുദ്രയായപ്പോൾ പ്രാദേശിക ജ്ഞാനധാരക്കായപ്പുറത്തേയ്ക്ക് ന്യൂനപക്ഷ സംവിധാനങ്ങളെയും മതങ്ങളെയും തല്ലിത്തലോടുന്ന സമീപനവും കാലോചിതമായി ഉടലെടുത്തു. ഇതോടെ സാംസ്കാരിക രീതിയിൽ ജ്ഞാനധാരയെ അപകോളനീകരിക്കേണ്ട അനിവാര്യത ഉയർന്നുവന്നു. മൂല്യവും മതകീയതയും ആധ്യാത്മികതയോടുകൂടെ ആധുനിക ജ്ഞാനഹത്യയ്ക്ക് അടിമപ്പെട്ടതോടെ മനുഷ്യൻ മനുഷ്യനാവാൻ മറക്കുന്നു എന്ന നിജസ്ഥിതി ആരോഗ്യകരമായി വളർന്നു. ശാന്തതയെയും മൂല്യത്തെയും തേടിയ മനുഷ്യനു സ്വീകരിക്കേണ്ടി വന്നത് വാസ്തുവത്കരിക്കപ്പെട്ട വസ്തുതകളെയായിരുന്നു. മലബാറിലെ പാരമ്പര്യ മുസ്ലിം ജ്ഞാനങ്ങൾ ആഗോള വ്യവഹാരത്തിനകത്ത് (Global Tradition) അടിപ്പെട്ടുവെന്നും അവ സമകാലികതയുടെ തീർപ്പുകൽപ്പിക്കലിന് അനുയോജ്യമാകില്ലെന്നും പുതിയ രീതിശാസ്ത്രങ്ങൾ ഉടലെടുക്കുന്നത് അനിവാര്യമാണെന്നുമുള്ള ആവിശ്യങ്ങൾ ഉയർന്നു. യഥാർഥ്യത്തിൽ ആധുനിക ജ്ഞാനഹത്യയുടെ പുതിയ തന്ത്രമായിരുന്നു ഇത്. ആധുനിക മുസ്ലിമിന്റെ ആധുനിക താഡന ജ്ഞാനധാരയിലുള്ള ആത്മവിശ്വാസം (Epistemic Confidence) നഷ്ടപ്പെട്ടു എന്ന് ജോസഫ് ലാംപാർഡ് വ്യക്തമാക്കുന്നതായി കാണാം.
തദ്ദേശീയമായ ജ്ഞാനസത്തയെ അപകോളനിവത്കരിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ യുവജന കലോത്സവങ്ങളിൽ തദ്ദേശീയമായ കലാരൂപങ്ങൾ പ്രദർശിപ്പിക്കാൻ തീരുമാനിച്ചതും തുടക്കംകുറിച്ചതും. പക്ഷെ നവ-ലിബറൽ ലോകത്തെ അധിനിവേശ മൂല്യങ്ങൾ അവിടെയും ബാധിച്ചു. താടിയും ഖമീസും തോക്കും ഒരു പ്രതലത്തിൽ പ്രദർശിപ്പിച്ചാൽ അത് ഇസ്ലാമിക ഭീകരവാദിയുടെ പ്രതിബിംബമാണെന്ന അൽഗോരിതമിക് കൊളോണിയലിസത്തിന്റെ ധാരകൾ ഈ അപകോളനീകരണ വേദിയെയും സാരമായി ബാധിച്ചു.
അറിവെന്നാൽ "ഉറപ്പിലേക്ക് എത്തുക" (Yaqeen) എന്നതാണ് അടിസ്ഥാനമെന്ന് തന്റെ ആത്മസഞ്ചാരത്തിൽ ഇമാം ഗസാലി നിർവചിക്കുന്നതായി കാണാം. ഏതൊന്നിനെയും മനസ്സിലായ്ക്കുമ്പോഴും അതിനെക്കൂടി പേടിക്കേണ്ട മൂല്യത്തെയും ബഹുമാനത്തെയും വിവക്ഷിക്കുന്ന അദ്ദേഹം അറിവിനെ ദൈവികമായ പാതയിലേക്കാണ് സന്നിവേശിപ്പിച്ചത്. അറിവിനെയും സാഹചര്യ സന്ദര്ഭങ്ങളെയും മനുഷ്യ ശക്തിയായി (Faculty) മനസ്സിലാക്കിയും, അഭൗതികതയിലേക്കുള്ള മനുഷ്യന്റെ പ്രകൃതിപരമായ ഇണക്കത്തെയുംമടക്കത്തെയും തിരിച്ചറിഞ്ഞ മലേഷ്യൻ പണ്ഡിതൻ അത്താസ് മനുഷ്യനെ വിശേഷിപ്പിച്ചത് മനുഷ്യൻ ജീവിക്കപ്പുറമുള്ള പ്രതിഭാസമെന്നാണ്. ആ മനുഷ്യ ജ്ഞാനധാരയെ പടിഞ്ഞാറൻ ചിന്താഗതിയുടെ ജ്ഞാനഹതയിൽനിന്ന് മോചിപ്പിക്കാനാണ് ജീവിതാന്ത്യം വരെ അത്താസ് പരിശ്രമിച്ചതും. സമ്മിശ്രമല്ല (Integration), പടിഞ്ഞാറിൽനിന്നുള്ള പിന്തിരിയലാണ് (Isolation) പരിഹാരമെന്ന് തന്റെ കൃതികളുടെ ആഭിമുഖ്യത്തിൽ മരണശേഷവും അദ്ദേഹം നവ-ലോകക്രമത്തോട് സംവദിക്കുന്നു.
അപകോളനീകരണത്തെ ജ്ഞാനഹത്യയുടെ പരിഹാരമായി എടുത്തുകാണിക്കുമ്പോൾ തന്നെയും മനുഷ്യൻ കൈവരിച്ച ശ്രദ്ധ (Attention) എന്ന അമൂല്യതയെ ഇന്ന് അൽഗോരിതംവഴി സാമ്പത്തികവത്കരിക്കപ്പെട്ടു എന്നതാണ് വസ്തുത. കേവലം ജെൻഡർ എന്നതിൽനിന്നുമാറി മനുഷ്യൻത്തന്നെ വസ്തുവത്കരിക്കപ്പെടുകയും (Objectification) മതകീയതയും ആധ്യാത്മികതയും പ്രത്യായശാസ്ത്രത്തിലേ ഇല്ല എന്ന പ്രവണത പൊതുവത്കരിക്കപ്പെടുകയും ചെയ്തു. മറക്കപ്പെടേണ്ടത് മറക്കപ്പെടുമ്പോൾ അധിനിവേശം പ്രാദേശികതയെ ഭയപ്പെടുന്നു എന്ന് ഫ്രാൻസ് ഫാനൻ വിവക്ഷിച്ചത് ഇക്കാരണത്താലാണ്. ഫാനന് കൊളോണിയലിസത്തെ കേവലം അധിനിവേശ പ്രക്രിയയിൽ ഒതുക്കാൻ കഴിയാത്തതിന്റെ പ്രധാന ഹേതുക്കളിൽ ഒന്ന് അവ ജ്ഞാനധാരയെ സാരമായി ബാധിക്കുന്നു എന്നതുതന്നെയാണ്. മാനവികതയെയും മനുഷ്യത്വത്തെയും അറിവിനോട് ചേർത്ത് നരഹത്യ ചെയ്ത അധിനിവേശ ചരിത്രത്തിന്റെ പരിഹാരമായി ഫാനൻ പ്രതിപാദിക്കുന്നത് ഒരു പുതിയ മാനവികതയുടെ (New Humanism) സൃഷ്ടിപ്പ് അനിവാര്യമാണെന്നാണ് (The Wretched of the Earth 1961). സംക്ഷിപ്തത്തിൽ മനുഷ്യനെ മനുഷ്യനായി കാണാനും ജീവിക്കാനും ജ്ഞാനഹത്യ മറപ്പിച്ചു എന്ന് ചുരുക്കം. സംവാദ, സംവേദനങ്ങളും പ്രതിവാദങ്ങളിലും ജ്ഞാനധാരയെ കണ്ടെത്തിയിരുന്ന സാമുദായിക അന്തരീക്ഷം ജ്ഞാനഹത്യയുടെ അനന്തരമായി നഷ്ടപ്പെട്ടു എന്ന നിജസ്ഥിതിയിലാണ് ഹബെർമാസിന്റെ പൊതുമണ്ഡലവും (Public Sphere) ഇസ്ലാമിന്റെ പൊതുമണ്ഡല പ്രത്യയശാസ്ത്രങ്ങളും സമൂഹത്തിൽ പ്രസക്തമാവുന്നത്. സ്റ്റേറ്റിലും സമൂഹത്തിലും ഉടലെടുക്കേണ്ട യുക്തിസഹമായ സംവാദങ്ങളാണ് പൊതുമണ്ഡലത്തിൽ പ്രതിഫലിക്കേണ്ടതെന്ന് ഹേബർമാസ് സമർഥിക്കുന്നിടത്താണ്, ഇസ്ലാമിക ജ്ഞാനധാരയുടെ അടിസ്ഥാനങ്ങളായ ശൂറ, ഇജ്മാ തുടങ്ങിയ പരിപ്രേക്ഷ്യങ്ങൾക്ക് പ്രസക്തിയേറുന്നത്. ജ്ഞാനഹത്യയുടെ പ്രവണതകളുടെ വിമർശനത്തെ കേവലം അധിനിവേശത്തിലൊതുക്കരുതെന്നും അവയിൽ പ്രതിരോധിക്കുന്നവർക്കും പങ്കുണ്ടെന്നും ഉത്തരവവാദിത്ത നിർവഹണത്തിൽ കൈവന്ന ചലനങ്ങൾക്കൂടി ഇന്നത്തെ ജ്ഞാനഹത്യാ പ്രവണതയുടെ അനുരണങ്ങളാണെന്ന് ഹാമിദ് ദബാഷിയുടെ Islamic Liberation Theology: Resisting the Empire എന്ന കൃതിയിൽനിന്നും ഗ്രഹിക്കാനാകും. ഓറിയന്റലിസ്റ്റ് ചിന്താധാരകൾ നിലനിൽക്കെതന്നെ എന്തുകൊണ്ട് തത്വത്തിലും വസ്തുതയിലും പണ്ഡിതന്മാർ (പ്രത്യേകിച്ചും ഓട്ടോമൻ പണ്ഡിതന്മാർ) വേണ്ട രീതിയിൽ പ്രതികരിച്ചില്ല അല്ലെങ്കിൽ പരാജയപ്പെട്ടു എന്നത് ഇന്നും നാഗരികത സംവാദങ്ങളിലെ ചോദ്യമാണ്. കാലോചിതമായി അധിനിവേശപരമായി ആഗോളവത്കരണംകൂടി കളത്തിലിറങ്ങിയതോടെ ധാരാളം മുസ്ലിം വിജ്ഞാന മേഖലകളും പ്രയോഗങ്ങളും സാർവലൗകികതത്വത്തിന്റെ (Cosmopolitanism) ഭാഗമായതായി കാണാം.
ജ്ഞാനഹത്യ എന്ന പ്രവണതയെ അധിനിവേശം ചികഞ്ഞെടുത്തതാണെങ്കിലും രാഷ്ട്രീയതയും അധികാരവും അതിനെ കൂടുതൽ അപകടമാക്കുകയും മൂല്യവിച്ഛേത സിദ്ധാന്തങ്ങളിലേക്ക് (Absolute Nihilism) എത്തിക്കുകയും ചെയ്തു. മതങ്ങളെയും വിശ്വാസങ്ങളെയും രാഷ്ട്രീയവത്കരിച്ച് അധിനിവേശം ജ്ഞാനഹത്യയിലേക്ക് നയിച്ചപ്പോൾ ഇസ്ലാമിക ലോകത്തെ ഒറ്റപ്പെടുത്തുകയും പ്രത്യയശാസ്ത്രങ്ങളിലൂടെ പരാജയപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് ഭാഗികമായി വിജയിക്കുകയും ചെയ്തു. അപകോളനീകരണം കേവല മുക്തി എന്നതിലുപരി ജനാധിപത്യവത്കരണം, സംവേദനം, പ്രബുദ്ധത എന്നീ രീതിയിലേ കൈവരിക്കാനാകൂ എന്ന ഇതിവൃത്തത്തിലേക്കാണ് ആധുനിക ജ്ഞാനഹത്യ സമൂഹത്തെയും സമുദായങ്ങളെയും എത്തിച്ചിരിക്കുന്നത്. ആധ്യാത്മിക ധാരയിൽ വരെ ഇടപെട്ട ജ്ഞാനഹത്യ, അവ കൂടെയില്ലെങ്കിൽ മനുഷ്യൻ എന്ന സത്തതന്നെ നഷ്ടപ്പെടും എന്ന വലിയ സൂചനയാണ് നൽകിക്കൊണ്ടിരിക്കുന്നത്. ചുരുക്കത്തിൽ, ഇത്രയും തിരിച്ചടികൾ നേരിട്ട സാഹചര്യത്തിൽ, ഏതൊരു കോളനിവിരുദ്ധ പോരാട്ടത്തിനും മുമ്പ് സ്വന്തം ചിന്തകളെയും സ്വത്വത്തെയും കോളനിമുക്തമാക്കുക (Decolonization of Being) എന്നതിനാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടത്.
REFERENCES:
Gamliel, O., & Davies, J. R. (2026). Decolonial pedagogies and South Asian studies: Knowledge production, erasure and recovery in higher education.
Hallaq, W. B. (2018). Restating Orientalism: A critique of modern knowledge. Columbia University Press.
al-Attas, S. M. N. (1980). The concept of education in Islam: A framework for an Islamic philosophy of education. Muslim Youth Movement of Malaysia (ABIM)
Nasr, S. H. (1989). Knowledge and the sacred. State University of New York Press. Santos, B. de S. (2014).
Epistemologies of the South: Justice against epistemicide. Paradigm Publishers.
Quijano, A. (2000). Coloniality of power, Eurocentrism, and Latin America. Nepantla: Views from South, 1(3), 533–580.
