നീയെന്റെ ഊര്
ചോദിക്കുമ്പോൾ
ഞാൻ മുറിവെന്ന
ജന്മസിദ്ധി കാണിക്കുന്നു.
കാരണം,
പേരുപറയുന്ന മുഴക്കം
നിനക്ക് വെറും
മിഥ്യയായിരിക്കും.
ശേഷം,
നീ നിന്നിലേക്ക് മടങ്ങുന്നു
ഊണിനുശേഷം
ഉച്ചമയക്കത്തിലേക്കും.
ഉമ്മുകുൽസൂമിന്റെ
പാട്ടുകേട്ട് ഞാനലക്കുന്നു.
കാമുകൻ പാനം ചെയ്ത
കത്തുന്ന വീഞ്ഞിനെക്കുറിച്ചുള്ള
ആ വരികളിലൂന്നിയൂന്നി
ഞാനൊരു പുതുപുലരി
കിനാവ് കണ്ടു.
നീയെന്റെ ഉള്ളിലെ
ധൂമങ്ങളെ നോക്കി
ആർത്തു ചിരിക്കുന്നു.
മാടപ്രാവുകൾ പോലെ
ഞങ്ങൾ നഗരങ്ങളിലലയുമ്പോഴും
മണ്മറഞ്ഞ അതേ
മുഖളങ്ങളിലേയ്ക്കു തന്നെ
മടങ്ങിയെത്തുന്നു.
എങ്കിലും നന്ദി,
അൽപ്പമെങ്കിലും
ഓർക്കപ്പെടുന്നതിന്,
മറക്കാതിരിക്കുന്നതിന്.
വിവർത്തനം: അഫ്സൽ തിരൂർക്കാട്
