വീട്ടിലെ ഉറുമ്പുകളെപ്പോലെ
ഉപ്പുപ്പയും ഇപ്പോൾ ഉറങ്ങാറില്ല.
അവർ
സംഘം ചേർന്ന്
ഉപ്പുപ്പയുടെ പള്ളി
പൊളിച്ചു കളഞ്ഞു.
(സംഘത്തിൽ ഞങ്ങളുടെ
വളർത്തു-
പൂച്ചയുമുണ്ടായിരുന്നു.
കഴിഞ്ഞ ജന്മത്തിൽ ഞാൻ
ഹിറ്റ്ലറുടെ വളർത്തുനായയായിരുന്നു
എന്ന് പ്രഖ്യാപിച്ചു പൊടുന്നനെ അവൻ.)
“ഒരു പള്ളി മാത്രമല്ലേ പോയുള്ളൂ”
എന്ന് സമാധാനിച്ചു
പലരും.
എന്നിട്ടും ഉമ്മുമ്മ നിലവിളിച്ചു:
പള്ളി പോയപ്പോൾ
പള്ളിയിലെ ബാങ്ക് വിളി പോയി.
'ഹയ്യ അല സ്വലാ' എന്ന് വിളിക്കുമ്പോൾ
തൊണ്ടയിടറിയിരുന്ന
പള്ളിയിലെ മൊല്ലാക്ക പോയി.
പള്ളിയോട് ചേർന്നുള്ള മദ്റസ പോയി.
മദ്റസ പോയപ്പോൾ
അവിടെ പഠിച്ചിരുന്ന
മജീദും സുഹ്റയും പോയി.
അതോടെ
മജീദിന്റെ ചാമ്പമരവും
സുഹ്റയുടെ മൈലാഞ്ചിച്ചെടിയും പോയി.
ചാമ്പമരത്തിൽ കെട്ടിയിരുന്ന
മൂസാക്കുട്ടി എന്ന് വിളിപ്പേരുള്ള
ഞങ്ങളുടെ ആട് പോയി.
“മൂസാക്കുട്ടിക്ക്
നല്ലത് വരുത്തണേ റബ്ബേ”
എന്ന
ഉമ്മുമ്മയുടെ പ്രാർഥന പോയി.
പ്രാർഥിക്കാൻ വടക്കേ മുറിയിൽ
ഉമ്മുമ്മ സൂക്ഷിച്ചുവെച്ചിരുന്ന
വലിയ അക്ഷരങ്ങളുള്ള ഖുർആൻ പോയി.
നേർച്ച നേരാൻ
ഉമ്മുമ്മ
ഖുർആന്റെ ഇടയിൽ
വച്ചിരുന്ന
രണ്ട് പത്തുരൂപാ നോട്ടുകൾ പോയി.
നോട്ടിലെ ഗാന്ധി പോയി.
വടക്കേ മുറിയോട് ചേർന്നുള്ള
തോട് പോയി.
തോട്ടിൽ ഉമ്മുമ്മ വളർത്തിയിരുന്ന
റഹ്മാനെന്നും റഹീമെന്നും പേരുള്ള
രണ്ട് മീനുകൾ പോയി...
“ഉപ്പുപ്പയുടെ
പള്ളി പോയപ്പോൾ
ഞങ്ങളുതന്നെയാണു പോയത്”
എന്നു വിലപിക്കുന്നുണ്ട് ഉമ്മുമ്മ.
“മജീദും സുഹ്റയും മടങ്ങിവരും”
എന്ന് സമാധാനിക്കുന്നുമുണ്ട്.
എന്നിട്ടും
“ഒരു പള്ളിയല്ലേ പോയുള്ളൂ”
എന്ന ചിലരുടെ ആശ്വാസവാക്കുകളാണ്
സഹിക്കാനാവാത്തത്!
