ഭരണകൂടം നിശ്ചയിച്ചിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്നവരെ സ്റ്റേറ്റിന്റെതന്നെ വ്യവസ്ഥാപിതമായ തീരുമാനങ്ങളിലൂടെ ഒരുമിച്ചു പാർപ്പിക്കുകയും തത്തുല്യമായ നിയമങ്ങളാൽ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സമാന്തര സാമൂഹിക സംവിധാനമാണ് ജയിൽ. ജയിലിനു പുറത്തുള്ള സമൂഹത്തിന്റെ ഭരണകൂട നിയന്ത്രിത സ്വാതന്ത്ര്യങ്ങൾക്കുവേണ്ടിയാണ് ഒരാൾ ജയിലിൽ കഴിയുന്നത്. "ജയിലുകൾ ഫാക്ടറികളോടും സ്കൂളുകളോടും ബാരക്കുകളോടും ആശുപത്രികളോടും സാദൃശ്യം പുലർത്തുന്നതിലും ഇവയെല്ലാംതന്നെ തിരിച്ചു ജയിലുകളോടു സാദൃശ്യം പുലർത്തുന്നതിലും അത്ഭുതപ്പെടാനുണ്ടോ?" എന്ന് മിഷേൽ ഫൂക്കോ തന്റെ 'Discipline and Punish' എന്ന പുസ്തകത്തിലൂടെ ചോദിക്കുന്നുണ്ട്. ജയിലിനു പുറത്തുള്ള സാമൂഹികമായ ഉത്തരവാദിത്തങ്ങളിൽനിന്നും തിരക്കുകളിൽനിന്നും തടവുകാർ മുക്തരായതിനാൽ ജയിൽ ഒരു തരത്തിൽ പരിമിതമായ സ്ഥലവും എന്നാൽ ധാരാളം ഒഴിവുസമയം ലഭിക്കുന്നതുമായ ഒരു ഇടമായി മാറുന്നുണ്ട്. അതുകൊണ്ടുതന്നെ, ജയിലിനു പുറത്തുള്ളവരെക്കാൾ കൂടുതൽ വായിക്കാനും പുതിയ കാര്യങ്ങൾ ചിന്തിക്കാനുമുള്ള സാധ്യത ജയിലിനകത്തുള്ളവർക്കു ലഭിക്കുന്നു.
പൗരന്റെ വിവരങ്ങൾ അറിയാനുള്ള അവകാശവുമായി ബന്ധപ്പെട്ടാണു മറ്റു ലൈബ്രറികളെപ്പോലെ ജയിൽ ലൈബ്രറികളും പ്രവർത്തിക്കുന്നത്. എന്നാൽ, ജയിൽ ലൈബ്രറി നിയമങ്ങളും അതിന്റെ പ്രയോഗങ്ങളും ഭരണകൂടത്തിനനുസരിച്ചും ജയിലുകൾക്കനുസരിച്ചും വ്യത്യസ്തമാണ്. അന്താരാഷ്ട്ര ലൈബ്രറി സംഘടനയായ IFLAയുടെ മാർഗനിർദേശങ്ങൾ പ്രകാരം തടവുകാരുടെ സമഗ്ര വികാസത്തിനായുള്ള കേന്ദ്രങ്ങളായി നിർവചിക്കപ്പെട്ടിട്ടുള്ള ഇത്തരം ലൈബ്രറികൾ അന്തേവാസികൾക്കു വിവരങ്ങൾ അറിയാനും നിരന്തരം പഠിക്കാനുമുള്ള മൗലികാവകാശം ഉറപ്പാക്കുന്നതിനൊപ്പം വായനയിലൂടെ ഒഴിവുസമയങ്ങളെ സർഗാത്മകമാക്കി മാനസിക സമ്മർദം കുറയ്ക്കുന്നതിനും സഹായിക്കുന്നുണ്ട്. തടവുകാർക്കിടയിൽ സാക്ഷരത വളർത്താനും ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ പഠനസൗകര്യങ്ങൾ ഒരുക്കാനും സാധിക്കുന്നതിലൂടെ പുറംലോകത്തുള്ള പൊതുലൈബ്രറികൾക്കു സമാനമായ സേവനങ്ങൾ നൽകാനും ശിക്ഷാകാലാവധിക്കുശേഷം സമൂഹത്തിലേക്കു മാന്യമായി തിരികെവരാൻ ആവശ്യമായ തൊഴിൽ-നിയമ വിവരങ്ങൾ ലഭ്യമാക്കി പുനരധിവാസം സാധ്യമാക്കാനും ജയിൽ ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ട്.
സിനിമകളിലെ ജയിൽ ലൈബ്രറികളാകും നമ്മൾ കൂടുതൽ കാണുന്നതും അറിയുന്നതും. മറ്റു സിനിമകളെ അപേക്ഷിച്ച് ജയിൽ പശ്ചാത്തലമായി വരുന്ന സിനിമകളിലാണു ലൈബ്രറികളുടെ സാന്നിധ്യം കൂടുതൽ പ്രകടമാകുന്നത്. കേവലം പുസ്തകങ്ങളുടെ ശേഖരം എന്നതിനപ്പുറമായി തടവുകാർക്കു മാനസിക സ്വാതന്ത്ര്യം സാധ്യമാക്കുന്ന ഇടമായിട്ടും കഥാപാത്രങ്ങളുടെ രാഷ്ട്രീയ പരിവർത്തനം സാധ്യമാക്കുന്ന ഇടമായിട്ടും വിദ്യാഭ്യാസ കേന്ദ്രമായും (Education Hub) ജയിൽ അധികാരികളുടെ കടുത്ത നിയമങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ പ്രതീകമായും ജയിൽ ലൈബ്രറികൾ സിനിമകളിൽ കടന്നുവരുന്നു. ചിലപ്പോഴൊക്കെ ജയിൽച്ചാട്ടത്തിനാവശ്യമായ അറിവുകൾ നേടിയെടുക്കാനും രഹസ്യപദ്ധതികൾ ആസൂത്രണം ചെയ്യാനുമുള്ള താവളമായിട്ടും ചലചിത്രങ്ങളിൽ ജയിൽ ലൈബ്രറികൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഷോഷാങ്ക് റിഡംപ്ഷനിലെ പ്രതീക്ഷയുടെ ലൈബ്രറി മുതൽ തുടങ്ങുന്നതാണ് ഈ കുറിപ്പിലെ ലൈബ്രറിയനായ എന്റെ ജയിൽ ലൈബ്രറി ചിന്തകൾ. ഫ്രാങ്ക് ദാരാബോണ്ട് സംവിധാനം ചെയ്ത 'ദി ഷോഷാങ്ക് റിഡംപ്ഷൻ' (The Shawshank Redemption) എന്ന സിനിമ, ചെയ്യാത്ത കൊലപാതകക്കുറ്റത്തിന് ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട്, ക്രൂരമായ നിയമങ്ങളും പീഡനങ്ങളും നിറഞ്ഞ 'ഷോഷാങ്ക്' ജയിലിലെത്തുന്ന ആൻഡി ഡുഫ്രെയ്ൻ എന്ന ബാങ്ക് ഉദ്യോഗസ്ഥന്റെയും റെഡ് എന്ന തടവുകാരന്റെയും ദീർഘകാലത്തെ സൗഹൃദത്തിന്റെ കഥയാണ്. റെഡ് അവർക്കിടയിലെ സൗഹൃദവും ആൻഡിയുടെ ജീവിതവും വിവരിക്കുന്ന രീതിയിലാണ് സിനിമയുടെ നരേഷൻ. കടുത്ത നിരാശയും അടിച്ചമർത്തലുകളും നിറഞ്ഞ ജയിൽ അന്തരീക്ഷത്തിലേക്കു പുസ്തകങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സംഗീതത്തിലൂടെയും പ്രത്യാശയുടെയും സ്വാതന്ത്ര്യത്തിന്റെയും മറ്റൊരു ലോകം തുറന്നിടാൻ ലൈബ്രേറിയനായ ആൻഡിക്ക് സാധിക്കുന്നുണ്ട്. ലോകസിനിമയിലെതന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ഇതിൽ ജയിൽ ലൈബ്രറി ഒരു പ്രധാന കഥാപാത്രമായിത്തന്നെയാണ് അവതരിപ്പിക്കപ്പെടുന്നത്.
ആദ്യകാലത്തു ഷോഷാങ്ക് പ്രിസൺ ലൈബ്രറി തുരുമ്പിച്ച ഒരു പഴയ വാർഡ്രോബും കുറച്ചു കീറിയ പുസ്തകങ്ങളും മാത്രമായിരുന്നു. വൃദ്ധ തടവുകാരനായ ബ്രൂക്സ് ഹാറ്റ്ലനായിരുന്നു അമ്പതു വർഷത്തോളമായി അവിടുത്തെ ലൈബ്രേറിയൻ. അയാൾ ജയിലിന്റെയും ലൈബ്രറിയുടെയും ഇരുട്ടുപിടിച്ച മതിലുകൾക്കിടയിലെ ജീവിതവുമായി മാനസികമായും ശാരീരികമായും പൂർണമായി പൊരുത്തപ്പെട്ടുപോയിരുന്നു. ജയിൽ അധികാരികളുടെ പ്രത്യേക നിർദേശപ്രകാരം ബ്രൂക്സിന്റെ സഹായിയായിട്ടാണ് ആൻഡി ആദ്യം ഈ ലൈബ്രറിയിൽ എത്തുന്നത്. ഒടുവിൽ, അമ്പതു വർഷത്തെ തടവിനുശേഷം ബ്രൂക്സിനു പരോൾ ലഭിക്കുന്നു. എന്നാൽ, ജയിലിനു പുറത്തെ 'സ്വതന്ത്ര' ലോകവുമായി പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ അയാൾ ഒടുവിൽ ആത്മഹത്യ ചെയ്യുന്നു. ബ്രൂക്സിന്റെ വേർപാടോടെയാണ് ആൻഡിക്ക് ആ ജയിൽ ലൈബ്രറിയുടെ പൂർണ ചുമതല ലഭിക്കുന്നത്.
തുടർന്ന് ആൻഡി ജയിൽ ലൈബ്രറിയെ തടവുകാർക്ക് അടിസ്ഥാന വിദ്യാഭ്യാസ സർട്ടിഫിക്കറ്റു പരീക്ഷയ്ക്കുള്ള ഒരു പരിശീലന കേന്ദ്രമാക്കി മാറ്റിയെടുക്കുന്നു. പരീക്ഷ എഴുതിയ ഒരു തടവുകാരൻ താൻ പരാജയപ്പെടുമെന്ന നിരാശയിൽ ഉത്തരക്കടലാസ് ചുരുട്ടിയെറിഞ്ഞു പോകുമ്പോഴും ആൻഡി അത് വീണ്ടെടുത്തു പരീക്ഷാ ബോർഡിന് അയച്ചുകൊടുക്കുന്നുണ്ട്. ഒടുവിൽ ആ കഥാപാത്രം പരീക്ഷയിൽ വിജയിക്കുകയും ചെയ്യുന്നു. ലൈബ്രറിയിലെ പുസ്തകശേഖരവും സൗകര്യങ്ങളും വർധിപ്പിക്കുന്നതിനായി ജയിൽ സൂപ്രണ്ടുമായി ആൻഡി ചർച്ച നടത്തുന്നുണ്ടെങ്കിലും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു പ്രതികരണവും ഉണ്ടാകാൻ പോകുന്നില്ലെന്ന നിഷേധാത്മകമായ മറുപടിയാണു ലഭിക്കുന്നത്. എന്നാൽ അവിടെയും ആൻഡി പിന്മാറുന്നില്ല. നീണ്ട ആറുവർഷക്കാലം അധികൃതർക്ക് ആഴ്ചയിൽ ഒരു അപേക്ഷ വീതം എഴുതി അയാൾ നിരന്തരം അയച്ചുകൊണ്ടിരുന്നു. ഒടുവിൽ ലൈബ്രറി പുനരുദ്ധരിക്കാനുള്ള പുസ്തകങ്ങളും മറ്റു ഫണ്ടുകളും അനുവദിക്കാൻ ഭരണകൂടം നിർബന്ധിതരാകുന്നു. 'ആവശ്യം പരിഹരിച്ചതിനാൽ ഇനി അപേക്ഷകൾ അയക്കരുത്' എന്ന് അധികൃതർ മറുപടിക്കത്തിൽ പ്രത്യേകം ഓർമിപ്പിക്കുന്നുണ്ടെങ്കിലും ഇനിമുതൽ ആഴ്ചയിൽ രണ്ട് അപേക്ഷകൾ വീതം അയക്കുമെന്നാണ് ആൻഡി തന്റെ കൂട്ടുകാരോടു പ്രഖ്യാപിക്കുന്നത്.
ഈ മറുപടിക്കത്തുമായി വന്ന ജയിൽ ഉദ്യോഗസ്ഥനെ തന്ത്രപൂർവം ബാത്റൂമിൽ അടച്ചിട്ടതിനുശേഷം ആൻഡി ലൈബ്രറിയിലെ മ്യൂസിക് സിസ്റ്റത്തിലൂടെ ഉച്ചത്തിൽ പാട്ടു പ്ലേ ചെയ്യുന്ന രംഗം സിനിമയിലെ ഏറ്റവും മനോഹരമായ ദൃശ്യാവിഷ്കാരങ്ങളിലൊന്നാണ്. ആ ചുരുങ്ങിയ നിമിഷങ്ങളിൽ ജയിലിന്റെ ചുവരുകൾക്കുള്ളിൽ കഴിയുന്ന ഓരോ മനുഷ്യരും ആ സംഗീതത്തിന്റെ മാസ്മരികതയിലൂടെ സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്കു മാനസികമായി പലായനം ചെയ്യുന്നു. ഈ നിയമലംഘനത്തിന്റെ പേരിൽ രണ്ടാഴ്ച്ചക്കാലം ക്രൂരമായ ഇരുട്ടുമുറി ശിക്ഷയ്ക്കു വിധിക്കപ്പെട്ടു തിരിച്ചു വരുമ്പോഴും തന്നിലൂടെ ജയിലിലെ മനുഷ്യരനുഭവിച്ച ആഹ്ലാദത്തിന്റെ സംതൃപ്തിയിലും പ്രത്യാശയിലും വിമോചനത്തിലും അങ്ങേയറ്റം വിശ്വാസമർപ്പിക്കുന്ന ആൻഡി പിന്നീട് ഈ ലൈബ്രറിക്കു 'ബ്രൂക്സ് മെമ്മോറിയൽ ലൈബ്രറി' എന്നു നാമകരണം ചെയ്യുകയും അത് തടവുകാരുടെ ജീവിതത്തെ സ്വാധീനിക്കുന്ന അങ്ങേയറ്റം ചലനാത്മകമായ ഒരു സാംസ്കാരിക കേന്ദ്രമായി മാറുകയും ചെയ്യുന്നതായിട്ടാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.
ജയിൽ ലൈബ്രറികളും കഥാപാത്ര പരിവർത്തനങ്ങളും
ജാക്വസ് ഔദിയാർ (Jacques Audiard) സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ വിഖ്യാത ഫ്രഞ്ച് ക്രൈം ഡ്രാമയാണ് 'എ പ്രോഫറ്റ്'. ഈ സിനിമയിൽ മാലിക് എന്ന കേന്ദ്ര കഥാപാത്രം ജയിലിലെത്തുമ്പോൾ നിരക്ഷരനും നിസ്സഹായനുമായ ഒരു പത്തൊമ്പതുകാരനാണ്. വായിക്കാനും എഴുതാനും അറിയാത്ത അവൻ അവിടെയുള്ള മറ്റു തടവുകാരാൽ നിരന്തരം ചൂഷണം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, ജയിലിനുള്ളിലെ വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചു മനസ്സിലാക്കുന്ന മാലിക് ജയിൽ ലൈബ്രറിയിൽ എത്തുകയും അവിടെവെച്ചു തടവുകാർക്കു വിദ്യാഭ്യാസം നൽകുന്ന അധ്യാപകനെ പരിചയപ്പെടുകയും ചെയ്യുന്നു. തുടർന്ന് ഫ്രഞ്ചു ഭാഷ എഴുതാനും വായിക്കാനും പഠിക്കുന്ന മാലിക് ലൈബ്രറിയിലെ പഠന പ്രവർത്തനങ്ങളിലൂടെ തന്റെ അറിവും ബുദ്ധിയും വികസിപ്പിക്കുന്നു. ഒടുവിൽ അവൻ ജയിലിനുള്ളിലെ തടവുകാർക്കിടയിലെ അധികാര ഘടനകളെത്തന്നെ തന്റെ വരുതിയിലാക്കുകയും പുറത്തുള്ള പല ക്രിമിനൽ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുകയും ചെയ്യുന്നുണ്ട്. മാരകമായ ആയുധങ്ങളോ കായികമായ കരുത്തോ ഉപയോഗിച്ചു നായകൻ അധികാരം പിടിച്ചെടുക്കുന്ന മറ്റു ജയിൽ സിനിമകളിൽനിന്ന് വ്യത്യസ്തമായി 'എ പ്രോഫറ്റ്' എന്ന ചിത്രത്തിൽ നായകന്റെ പരിവർത്തനം (Transformation) സാധ്യമാക്കിയിരിക്കുന്നത് ജയിൽ ലൈബ്രറിയിലെ പഠനപ്രവർത്തനങ്ങളിലൂടെയും വായനയിലൂടെയുമാണ്.
ഇനി മാൽക്കമിലേക്കു വരാം. ആഫ്രോ-അമേരിക്കൻ വിപ്ലവകാരിയായ മാൽക്കം എക്സിന്റെ യഥാർഥ ജീവിതത്തെ ആസ്പദമാക്കി സ്പൈക്ക് ലീ (Spike Lee) സംവിധാനം ചെയ്ത 'മാൽക്കം എക്സ്' എന്ന സിനിമയിലും അദ്ദേഹം ലോകം മുഴുവൻ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവും ചിന്തകനും ആയി മാറുന്നതിൽ ജയിൽ ലൈബ്രറി വലിയ പങ്കു വഹിക്കുന്നുണ്ട്. തുടക്കത്തിൽ മാൽക്കം എക്സ് ലഹരിക്ക് അടിമപ്പെടുകയും പല ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത് അരാജക ജീവിതം നയിച്ച വ്യക്തിയായിരുന്നു. അതിനിടയിൽ മോഷണവുമായി ബന്ധപ്പെട്ട് അദ്ദേഹം ഒമ്പതു വർഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെടുന്നു. ജയിലിൽവെച്ചു 'നേഷൻ ഓഫ് ഇസ്ലാം' പ്രസ്ഥാനത്തിന്റെ അനുയായിയായ ഒരു സഹതടവുകാരനെ പരിചയപ്പെടുന്നതോടെ അദ്ദേഹത്തിന്റെ ജീവിതം മാറുന്നു. തുടർന്നു മാൽക്കം എക്സ് ജയിൽ ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും നിഘണ്ടുകളും വായിച്ചുതീർക്കുന്നുണ്ട്. രാത്രിയിൽ സെല്ലിലെ ലൈറ്റ് അണയ്ക്കപ്പെടുമ്പോൾ വായന തുടരാനാകാതെ അദ്ദേഹം ബുദ്ധിമുട്ടുന്ന രംഗം സിനിമയിൽ കാണാം. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന മാൽക്കം എക്സ് പിന്നീടു ലോകമറിയുന്ന നേതാവും ചിന്തകനുമായി മാറി ചരിത്രം കുറിക്കുന്നതായിട്ടാണു സിനിമയിൽ അവതരിപ്പിക്കുന്നത്.
വായനാവകാശത്തെ ഇല്ലാതാക്കുമ്പോൾ ഉണ്ടാവുന്ന പ്രതിരോധങ്ങളും സംഘർഷങ്ങളും ജയിൽ ലൈബ്രറിയുമായി ബന്ധപ്പെട്ട കാര്യത്തിലും ഉണ്ടായിട്ടുണ്ട്. ഡോൺ സീഗൽ (Don Siegel) സംവിധാനം ചെയ്തു ക്ലിന്റ് ഈസ്റ്റ്വുഡ് പ്രധാന വേഷത്തിൽ അഭിനയിച്ച 'Escape from Alcatraz' എന്ന ക്ലാസിക് പ്രിസൺ ബ്രേക്ക് ചിത്രത്തിൽ ഭരണകൂടം തടവുകാർക്കുമേൽ അടിച്ചേൽപ്പിക്കുന്ന അറിവിന്റെയും ആശയവിനിമയത്തിന്റെയും നിയന്ത്രണങ്ങളെ ശക്തമായി വിമർശിക്കുന്നുണ്ട്. തടവുകാരുടെ ചിന്താശേഷിയെയും പ്രതിരോധശേഷിയെയും ഇല്ലാതാക്കാൻ അവർക്കു ലഭിക്കുന്ന വായനയെ ജയിൽ അധികൃതർ കർശനമായി പരിമിതപ്പെടുത്തിയിരുന്നു. പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനുമുമ്പ് അവയിൽ അക്രമമോ നിയമലംഘനമോ പ്രോത്സാഹിപ്പിക്കുന്നതായി തോന്നുന്ന ഭാഗങ്ങൾ അധികൃതർ വെട്ടിമാറ്റുമായിരുന്നു. വായനയിലൂടെ മനുഷ്യർ സ്വന്തം അവകാശങ്ങളെക്കുറിച്ചു ചിന്തിക്കുമെന്നും അതു തങ്ങളുടെ ഭരണസംവിധാനത്തിനു ഭീഷണിയാകുമെന്നുമുള്ള അധികാരികളുടെ ഭീതിയാണു സിനിമയിൽ വ്യക്തമാക്കുന്നത്.
ഡോക് എന്ന പ്രായമായ തടവുകാരന്റെ ഏക ആശ്വാസം ചിത്രങ്ങൾ വരക്കുക എന്നതായിരുന്നു. എന്നാൽ ജയിൽ വാർഡൻ അദ്ദേഹത്തിന്റെ ആ സർഗാത്മക സ്വാതന്ത്ര്യം പെട്ടെന്നു റദ്ദാക്കുന്നു. ഇതിൽ മനംനൊന്തു ഡോക് വർക്കുഷോപ്പിൽവെച്ചു സ്വന്തം വിരലുകൾ കോടാലികൊണ്ടു വെട്ടിമുറിക്കുന്നുണ്ട്. ഭരണകൂടത്തിന്റെ ഈ കടുത്ത നിയന്ത്രണങ്ങൾക്കെതിരെ ലൈബ്രറിയെക്കൂടി പ്രയോജനപ്പെടുത്തിയാണ് ഫ്രാങ്ക് മോറിസ് പ്രതികരിക്കുന്നത്. സെല്ലുകളിലേക്കു പുസ്തകങ്ങൾ എത്തിക്കുന്ന തള്ളുവണ്ടിയുമായി വരുന്ന, തടവുകാരൻ കൂടിയായ ലൈബ്രറി അസിസ്റ്റന്റ്, ഫ്രാങ്ക് മോറിസിന് വിലക്കപ്പെട്ട മാഗസിനുകൾ എത്തിച്ചുകൊടുക്കുകയും ജയിൽചാട്ടത്തിന് അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുന്നുണ്ട്.
'പ്രിസൺ 77' എന്ന സ്പാനിഷ് ചലചിത്രത്തിലും ഇതേ സംഘർഷം കാണാം. ജയിൽപ്പുള്ളികൾക്കുമേൽ ഭരണകൂടം അടിച്ചേൽപ്പിക്കുന്ന കടുത്ത നിയന്ത്രണങ്ങളെയും അതിനെതിരെയുള്ള മനുഷ്യാവകാശ പോരാട്ടങ്ങളെയും വളരെ തീക്ഷ്ണമായി ദൃശ്യവൽക്കരിക്കുന്ന ഒന്നാണത്. സ്പെയിനിലെ ഏകാധിപത്യ ഭരണത്തിനുശേഷമുള്ള ജയിൽ പശ്ചാത്തലത്തിലാണു സിനിമ കഥ പറയുന്നത്. ജയിലിനകത്തെ ക്രൂരമായ പീഡനങ്ങൾക്കെതിരെ തടവുകാർ സംഘടിക്കുകയും ഒരു സംഘടന രൂപീകരിച്ചു തങ്ങളുടെ ന്യായമായ ആവശ്യങ്ങളും ജയിലിനകത്തെ യഥാർഥ അവസ്ഥയും പുറം ലോകത്തേക്ക് എത്തിക്കാൻ അവർക്കു സാധിക്കുകയും ചെയ്യുന്നു. തടവുകാരുടെ അവകാശങ്ങൾക്കായുള്ള ഈ കൂട്ടായ ചെറുത്തുനിൽപ്പിന്റെ കഥ പറയുന്നതിനൊപ്പംതന്നെ ജയിലിനകത്തെ തടവുകാരുടെ വായനാവകാശത്തെ ഭരണകൂടം നിയന്ത്രിക്കുന്ന അവസ്ഥയെയും സിനിമ ശക്തമായി വിമർശിക്കുന്നു. സിനിമയിൽ സംവിധായകൻ ജയിൽ ലൈബ്രറി ഒരിടത്തും ദൃശ്യവൽക്കരിക്കുന്നില്ല എന്നത് ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്. തടവുകാരുടെ വായനാവകാശത്തെ ഭരണകൂടം എത്രത്തോളം ഭയത്തോടെയാണു നിയന്ത്രിക്കുന്നത് എന്നതിന്റെ ശക്തമായ തെളിവാണ് ജയിൽ ലൈബ്രറിയുടെ ഈ അഭാവം.
സിനിമയിലെ ഏറ്റവും പ്രതീകാത്മകവും വിപ്ലവകരവുമായ ഒരു രംഗം ഈ ആശയത്തിന് അടിവരയിടുന്നുണ്ട്. ജയിൽ സംഘടനയുടെ പ്രവർത്തകനായ പ്രായമായ ഒരു കഥാപാത്രത്തിന്റെ പുസ്തകങ്ങൾ ജയിൽ അധികൃതർ കണ്ടുകെട്ടി ജയിലിനുള്ളിൽവെച്ചു പരസ്യമായി കത്തിക്കുന്ന ഒരു രംഗമുണ്ട്. പുസ്തകങ്ങൾ കത്തിയെരിയുമ്പോൾ ആ കഥാപാത്രം പുഞ്ചിരിയോടെ "അവരതൊക്കെ കത്തിച്ചു നശിപ്പിച്ചാലും ആ പുസ്തകങ്ങളിലുണ്ടായിരുന്നതെല്ലാം എന്റെ ഹൃദയത്തിലുണ്ട്" എന്നു സഹതടവുകാരോടു പറയുന്നുണ്ട്. കടലാസുകളെ കത്തിച്ചുകളയാൻ ഭരണകൂടത്തിനു കഴിഞ്ഞേക്കും. പക്ഷെ, ഒരു മനുഷ്യൻ സ്വാംശീകരിച്ച ആശയങ്ങളെയോ അയാളുടെ ചിന്തകളെയോ തടവിലാക്കാനോ നശിപ്പിക്കാനോ ഒരു ഏകാധിപത്യത്തിനും കഴിയില്ല എന്ന വിപ്ലവകരമായ പ്രഖ്യാപനമാണ് ഈ രംഗം. ഇതേ രംഗത്തിൽത്തന്നെ, ആ പുസ്തകങ്ങൾക്കിടയിൽ അയാൾ ഒളിപ്പിച്ചുവെച്ചിരുന്ന ഹഷിഷ് കത്തുമ്പോൾ ഉണ്ടാകുന്ന മണം ജയിലിലാകെ പടരുന്നതും ആ സമയത്തു മറ്റു തടവുകാർ തങ്ങളുടെ സെല്ലുകളിൽ ഇരുന്നു "വിപ്ലവം വിജയിക്കട്ടെ" എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുന്നതും കാണാം.
ഇന്ത്യൻ സിനിമകളിലെ ജയിൽ ലൈബ്രറികൾ
ഹൻസൽ മേഹ്ത സംവിധാനം ചെയ്ത 'ഷാഹിദ്' (2012) എന്ന സിനിമയിൽ യു.എ.പി.എ (UAPA) ചുമത്തി ജയിലിലടയ്ക്കപ്പെടുന്ന ഷാഹിദ് എന്ന കേന്ദ്ര കഥാപാത്രം പുസ്തകവുമായി സെല്ലിലൂടെ നടന്നുവരുമ്പോൾ അധ്യാപകനായിരുന്ന ഒരു തടവുകാരനെ പരിചയപ്പെടുന്നുണ്ട്. അദ്ദേഹം ഷാഹിദിന് പഠിക്കാൻ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതും ജയിലിനകത്തിരുന്നു ക്ലാസുകളെടുക്കുന്നതുമൊക്കെ ഈ ചിത്രത്തിൽ കാണിക്കുന്നുണ്ടെങ്കിലും ജയിൽ ലൈബ്രറിയുടെ സാന്നിധ്യം എവിടെയും കാണിക്കുന്നില്ല. മലയാളത്തിൽ മമ്മൂട്ടി അഭിനയിച്ച 'മുന്നറിയിപ്പ്', 'മതിലുകൾ' എന്നീ സിനിമകളിൽ കഥാപാത്രങ്ങൾ ജയിലിനുള്ളിലിരുന്ന് എഴുതുന്നത് കാണിക്കുന്നുണ്ടെങ്കിലും അവിടെയും ജയിൽ ലൈബ്രറി എന്നൊരു ഇടം അവതരിപ്പിക്കപ്പെടുന്നില്ല.
2004ൽ പുറത്തിറങ്ങിയ 'കേരള ഹൗസ് വിൽപ്പനയ്ക്ക്' എന്ന ചിത്രത്തിൽ, ജയിൽശിക്ഷ കഴിഞ്ഞിറങ്ങുന്ന കൊച്ചിൻ ഹനീഫയുടെ കഥാപാത്രത്തെക്കൊണ്ടു ശത്രുക്കളെ ഒതുക്കാൻ നരേന്ദ്ര പ്രസാദിന്റെ കഥാപാത്രം കാത്തിരിക്കുന്നുണ്ട്. എന്നാൽ ജയിലിൽവെച്ചു മഹാത്മാഗാന്ധിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' വായിച്ചു താൻ അഹിംസാവാദിയായെന്നാണ് കൊച്ചിൻ ഹനീഫയുടെ കഥാപാത്രം തിരിച്ചെത്തുമ്പോൾ പറയുന്നത്. സിനിമയിലെ ഈ തമാശയെ അന്വർഥമാക്കുന്ന രീതിയിൽ കേരളത്തിലെ ജയിൽ ലൈബ്രറികളിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നത് ഈ പുസ്തകമാണെന്ന് വിയ്യൂർ ജയിലിലെ ലൈബ്രേറിയൻ യുനെസ്കോയോട് (UNESCO) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ സിനിമകൾക്ക് ആവശ്യമായ നാടകീയത (Drama) നൽകാൻ ജയിൽ ലൈബ്രറികൾക്കു കഴിയാറില്ല എന്നത് ഒരു വസ്തുതയാണ്. ഇന്ത്യൻ ജയിൽ സിനിമകൾ സാധാരണയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അക്രമം, അഴിമതി, ജയിൽ ചാട്ടത്തിനുള്ള ശ്രമങ്ങൾ, വൈകാരികമായ പോരാട്ടങ്ങൾ എന്നിവയിലാണ്. കൂടാതെ, ഇത്തരം സിനിമകൾ പലപ്പോഴും തടവുകാരുടെ അവകാശങ്ങൾക്കോ അവരുടെ മാനസിക പരിവർത്തനത്തിനോ (Rehabilitation) പ്രാധാന്യം നൽകുന്നില്ലെന്നു മനസ്സിലാക്കാം.
ജയിൽ ലൈബ്രറികളുടെ സിനിമാവിഷ്കാരങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് വിദ്യാഭ്യാസം, വിവരങ്ങൾ, വിനോദം എന്നിവ നൽകുന്നതിലും തടവുകാർക്കിടയിലെ സാക്ഷരത നിലവാരം മെച്ചപ്പെടുത്തുന്നതിലും ജയിൽ ലൈബ്രറികൾക്കുള്ള പങ്കും സാധ്യതകളുമാണ്. ജയിൽ ലൈബ്രറികളുടെ ചാലനാത്മകമായ പ്രവർത്തനങ്ങൾ തികച്ചും പരിവർത്തനാത്മകവും ദൂരവ്യപകമായ ഫലങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നതുമാണ്. തടവുകാരെ പുനരധിവസിപ്പിക്കാനും സമൂഹത്തിലേക്കു തിരികെ കൊണ്ടുവരാനുമുള്ള സാമൂഹിക കടമകൾ ജയിലുകൾ നിറവേറ്റണമെങ്കിൽ അവ തടവുകാരുടെ വിവരങ്ങൾക്കും വിദ്യാഭ്യാസത്തിനുമുള്ള മൗലികാവകാശത്തെ തടസ്സപ്പെടുത്തരുത്. തടവുകാർക്ക് അവരുടെ ജീവിതത്തെക്കുറിച്ചു ചിന്തിക്കാനും മാനസിക സമ്മർദ്ദം, വിഷാദം എന്നിവ ഇല്ലാതാക്കാനും അവരിൽ ഉത്തരവാദിത്ത ബോധം, സഹാനുഭൂതി, ആശയവിനിമയശേഷി, ആത്മാഭിമാനം എന്നിവ വർധിപ്പിക്കാനും കാഴ്ച്ചപ്പാടുകൾ വികസിപ്പിക്കാനും വിപുലീകരിക്കാനും സഹായിക്കുന്ന വായനയുടെയും സാക്ഷരതാ പ്രവർത്തനത്തിന്റെയും പരിവർത്തന സാധ്യത ജയിൽ ലൈബ്രറികൾക്കുണ്ട്. അതുകൊണ്ടു ജയിൽ ലൈബ്രറിയിലേക്ക് എല്ലാ തടവുകാർക്കും പ്രവേഷനമുണ്ടെന്നും അത് ആകർഷകമാണെന്നും കൃത്യമായ ഫണ്ടും പരിശീലനവും ലഭിച്ച ലൈബ്രറി ജീവനക്കാരുണ്ടെന്നും ഉറപ്പുവരുത്തേണ്ടതു ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
