1
നത്തോലിയും നങ്ങേലിയും
ഒരു മെയ്യാണ്.
ദൈവ “കൃപ”കൊണ്ട്
നത്തോലി മീനായി,
വഴി കടലായി,
സ്വാതന്ത്ര്യം അനന്തലോകമായി.
ദൈവകോപം!
അല്ല,
തലയിലെഴുത്ത്.
നങ്ങേലി
മനുഷ്യനായി,
പെണ്ണായി,
ആദിവാസിയായി,
“ആധി”യില്ലാത്തൊരു വാസം
സ്വപ്നമായി.
2
കൊഞ്ചിന്റെ വിലപോലും
നത്തോലിക്കു കിട്ടിയില്ല.
ചെറുതായിപ്പോയി,
ശബ്ദമില്ലാതെയായി,
മുക്കുവൻ പോക്കറിന്റെ
പൂച്ചക്കതു
നിത്യഭക്ഷണമായി,
തേടി വരുന്നൊരു
ഇരയായി.
ഒടുവിൽ,
ഗതികെടുമ്പോൾ
മാത്രം കത്തുന്ന
വിളക്കായി അത് കെട്ടു.
3
നങ്ങേലി “കാടരാണ്”
ജനസംഖ്യ “അഞ്ച്”
ഇനി ഒരു ജന്മം ജനിക്കാൻ
ശേഷിയുള്ളൊരു
ലിംഗമില്ലായിരുന്നു.
കണ്ണെത്താ ദൂരത്തൊരു
കാലനെ കാത്ത്
അവർ ഇരിക്കുന്നു.
കാട് അച്ഛനായി,
അമ്മയായി
മാറിനു ചേമ്പില മറയായി.
അവർക്കു തെരഞ്ഞെടുപ്പ്
പള്ളിപ്പെരുന്നാളാണ്,
മഹോത്സവമാണ്,
അടുപ്പത്തു ചോറ് വെന്തു!
അന്ന് ഖദറിട്ടവർ
കൈകൂപ്പി ചോറുവിളമ്പി
ഫോട്ടോയെടുത്തു പിരിഞ്ഞു.
അവരും ഒരു വിളക്കായി
‘ഗതി കെടുമ്പോൾ
മാത്രം കത്തിക്കുന്ന
വിളക്ക്.'
