സീസൺ മാസത്തിൽ
ലാഭം നോക്കാതെ
ചെമ്പ് ബെക്കുമ്പൊ,
അടിഗെക്കാരൻ -
ഔകർച്ചാന്റെ മെൻസിൽ
ഇശ്ഖ് തെള്ക്കും.
ബെക്ക്ന്നെ പണിയൊന്നും
ഇല്ലാത്ത മോന്തിക്ക്,
ഔല് കൊയച്ച്, ബയക്കാഉം കൂട്ടി,
ഉമ്മാന്റെ ഉള്ളിലുമൊരു -
പിര്സെത്തിന്റെ ബിര്ന്ന്.
ഉസ്താദ് ബെര്ന്നേന് മുന്നെ
മൗലിദിന്റെ ഏടിനെ
മജ്ലിസിൽ പൊന്തിച്ച് ഇര്ത്തും.
മഹബ്ബത്ത് കെടാത്തൊരു
ഊദോത്തിരി കത്തിക്കും.
സലാംബൈത്തും കൈഞ്ഞ്
മൻഖൂസിലെത്തുമ്പോൾ,
പൊരേല് മദീന മണക്കും.
മക്കയിലൊരു പൊരേല് -
മുത്ത് ജനിച്ചതിന്റെ ഖിസ്സ പരക്കും.
രിവായത്ത് രണ്ടിൽ
വിലാദത്തിൻ്റെ ബള്ളമാനമുദിക്കും.
'ബെളി' ബെര്ന്നെ നേരത്തിന്
മർഹബ നേരാൻ എൺച്ച് നിക്കും.
"മർഹബാ യാ നൂറ ഐനി..."
ഉസ്താദോത്ത് തീരുന്നതും നോക്കി,
പുള്ളർ - മുസ്വലാത്തിനായി
കാത്തിരിക്കും,
ഇശ്ഖിന്റെ കൂറ്റ്
മഅ്ഷൂഖിനെ കേപ്പിക്കും.
ദുആ സിയാറത്തിലും
നല്ല സകറാത്തിലും
നാളെ ശഫാഅത്തിലുമെത്തുമ്പോൾ
കുച്ചിൽത്തെ കണ്ണുകൾ
കര്ച്ചിലിലെത്തും.
അവസാനം,
എല്ലാരുമെൺചിറ്റ്
'ആരമ്പപ്പൂവായ' ചെല്ലും,
കേരളത്തിൽ നിന്ന് - കടല് വഴി
ആശിഖീങ്ങളുടെ കപ്പലോടും.
ഉപ്പ -
മാസങ്ങളായിറ്റ് എട്ത് ബെച്ചെ
പൈസ കൊണ്ട്,
ഇല്ലാത്തോറെ പോരെലും
ഇള്ളോറെ പൊലെ
മൗലിദ് കയ്യും.
മൗലിദിന്റന്ന്
പൊരേല് പൊൽസ് നൊറയും.
ബറ്റാത്ത പൊൽസ്.
