മലബാറിലെ മുസ്ലിം സമൂഹത്തെ ഒരേ സ്വഭാവവും ഒരേ സാമൂഹിക അനുഭവങ്ങളും പങ്കിടുന്ന ഏകതാനമായ ഒരു വിഭാഗമായി അവതരിപ്പിക്കുന്ന പൊതുവായ ധാരണ ഇന്നും ശക്തമായി നിലനിൽക്കുന്നുണ്ട്. ഈ ഏകതാനവൽക്കരണത്തിനുള്ളിൽ മറഞ്ഞുകിടക്കുന്ന സാമൂഹിക വ്യത്യാസങ്ങളെ ശ്രദ്ധാപൂർവം പരിശോധിച്ചാൽ ഉൾനാടൻ മാപ്പിള മുസ്ലിം സമൂഹവും തീരദേശ മത്സ്യത്തൊഴിലാളി മുസ്ലിം സമൂഹവും തമ്മിൽ ചരിത്രപരമായി രൂപപ്പെട്ട സാമൂഹിക അകലങ്ങൾ ഇന്നും പലവിധ രൂപങ്ങളിൽ തുടരുന്നതായി കാണാം. പുസ്ലാൻ എന്നറിയപ്പെടുന്ന മത്സ്യത്തൊഴിലാളി മുസ്ലിം സമൂഹം ഇസ്ലാമിലേക്കു മതപരിവർത്തനം നടത്തിയ സമൂഹങ്ങളുടെ പിൻഗാമികളാണെന്ന ചരിത്രവ്യാഖ്യാനങ്ങൾ അവരുടെ സാമൂഹിക സ്ഥാനത്തെക്കുറിച്ചുള്ള പ്രത്യേക ധാരണകൾക്കു രൂപംനൽകിയിട്ടുണ്ട്. ഈ ചരിത്രവ്യാഖ്യാനങ്ങളോടൊപ്പം ചേർന്നുനിൽക്കുന്ന സാമൂഹിക മുൻവിധികൾ അവരുടെമേൽ താഴ്മയുടെ ഒരു മുദ്ര പതിപ്പിക്കുകയും ആ മുദ്ര കുടുംബ ബന്ധങ്ങളിലും വിവാഹ ബന്ധങ്ങളിലും മതസ്ഥാപനങ്ങളിലുമുള്ള ഇടപെടലുകളിലും ഭാഷയിലും നിത്യജീവിതത്തിലെ ഏറ്റവും സാധാരണമായ സംഭാഷണങ്ങളിലും നിരന്തരം പുനർനിർമിക്കപ്പെടുകയും ചെയ്യുന്നു. വ്യത്യസ്ത പള്ളികൾ, വിവാഹബന്ധങ്ങളിലെ അകലം, കുടുംബപാരമ്പര്യത്തെക്കുറിച്ചുള്ള പ്രത്യേക ധാരണകൾ, തൊഴിൽപരമായ വ്യത്യാസങ്ങൾ തുടങ്ങിയ സാംസ്കാരിക ആദാനാപ്രധാനങ്ങളിൽ സാമൂഹിക വിഭജനത്തിന്റെ ദൃശ്യമായ രൂപങ്ങൾ കാണാം. സമൂഹിക, സാംസ്കാരികമായ ഉപരിസൂചിത പ്രശ്നങ്ങളിൽനിന്ന് മത്സ്യഗന്ധത്തെക്കുറിച്ചുള്ള സംഭാഷണങ്ങളിലേക്കു വരുമ്പോൾ ശരീരാതീതവും അദൃശ്യവുമായ ഒരു രൂപമായി ഗന്ധം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നു മനസ്സിലാക്കാം.
ഗന്ധത്തെക്കുറിച്ചുള്ള സാമൂഹിക സങ്കൽപ്പങ്ങൾ എങ്ങനെ നിർമിക്കപ്പെടുന്നു എന്ന് മനസ്സിലാക്കാൻ മത്സ്യമാർക്കറ്റിലെ ലേലരീതിയെക്കുറിച്ചു നടത്തിയ ലേഖകന്റെ ഫീൽഡ് നിരീക്ഷണങ്ങൾ ഏറെ സഹായകമാകുമെന്ന് തോന്നുന്നു. പുലർച്ചെ കടപ്പുറത്തു നടക്കുന്ന മത്സ്യലേലത്തിൽ ഓരോ കൊട്ടയിലുമുള്ള മത്സ്യത്തിന്റെ വില നിർണയിക്കുന്നതിനായി അതിന്റെ ഭാരം, കാഴ്ച, പുതുമ, ഗുണനിലവാരം എന്നിവ പ്രധാനമായും പരിഗണിക്കപ്പെടുന്നുണ്ട്. ചില സാഹചര്യങ്ങളിൽ ചെമ്മീൻ പഴകിയിരിക്കുന്നതായി തോന്നുകയും അതിന്റെ ഗന്ധം ഗുണനിലവാരത്തിലെ കുറവിന്റെ സൂചനയായി വിലയിരുത്തപ്പെടുകയും ചെയ്യുന്ന പ്രവണത വാങ്ങാൻ വരുന്ന ജനങ്ങളുടെ ഇടയിലുണ്ട്. ഉദാഹരണത്തിന്, ഇവിടെ ചെമ്മീനിന്റെ മണം ഒരു വസ്തുവിലാണുള്ളത്. ആ വസ്തുവിൽനിന്ന് അനുഭവപ്പെടുന്ന ഗന്ധം പിന്നീട് മനുഷ്യശരീരത്തിലേക്കും കുടുംബത്തിലേക്കും ഗ്രാമത്തിലേക്കും ഒടുവിൽ ഒരു സമുദായത്തിന്റെ മുഴുവൻ സാമൂഹിക വ്യക്തിത്വത്തിലേക്കും മാറ്റിവെക്കപ്പെടുന്ന ഘട്ടത്തിലാണു ഗന്ധത്തിനു സാമൂഹിക രാഷ്ട്രീയത്തിന്റെ സ്വഭാവം ലഭിക്കുന്നത്. പഴകിയ മത്സ്യത്തിന്റെ ഗന്ധം മത്സ്യത്തൊഴിലാളിയുടെ ശരീരത്തിനും കുടുംബത്തിനും താമസസ്ഥലത്തിനും തുടർന്ന് ആ സമൂഹത്തിലെ മുഴുവൻ അംഗങ്ങൾക്കും സ്ഥിരമായി ചേർന്നുനിൽക്കുന്ന ഒരു സ്വഭാവമാണെന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്ന ഈ പ്രക്രിയ ജൈവാനുഭവത്തെ സാമൂഹിക തിരിച്ചറിയലായി മാറ്റുന്ന സങ്കീർണമായ രീതിയെയാണു വെളിപ്പെടുത്തുന്നത്.

തീരദേശ മുസ്ലിം സമൂഹത്തിലെ നിരവധി ആളുകൾ ഉൾനാടൻ പ്രദേശങ്ങളിലെ ആളുകളുമായി അടുത്ത ഇടപെടലുകൾ ആരംഭിച്ചതിനുശേഷമാണു തങ്ങൾക്കു മത്സ്യഗന്ധമുണ്ടെന്ന ആരോപണം ആദ്യമായി കേട്ടതെന്നു പറയുന്നത് ഈ സാമൂഹിക നിർമിതിയുടെ അടിസ്ഥാനം മനസ്സിലാക്കാൻ നമ്മെ സഹായിക്കും. സ്വന്തം ശരീരത്തിൽ സ്വയം തിരിച്ചറിയുന്ന അനുഭവമായി ഗന്ധം നിലനിൽക്കാതെ മറ്റൊരാൾ നൽകുന്ന സാമൂഹിക വ്യാഖ്യാനത്തിലൂടെയാണ് അതിന് പ്രത്യേക അർഥം ലഭിക്കുന്നത്. ഒരാൾക്ക് സ്വന്തം ശരീരത്തിൽ അനുഭവപ്പെടാത്ത ഒരു ഗന്ധം മറ്റൊരാൾ നിരന്തരം ആരോപിക്കുന്ന സാഹചര്യത്തിൽ ആ ആരോപണം ക്രമേണ സാമൂഹിക സത്യമായി രൂപപ്പെടുന്നു. മത്സ്യവ്യാപാരിയുടെ കൈയിൽനിന്നു ലഭിക്കുന്ന ബാക്കി പണത്തിനു മത്സ്യഗന്ധമുണ്ടെന്നും അതുകൊണ്ട് ആ പണം സ്വീകരിക്കാൻ ചിലർ മടിക്കുമെന്നും ഇതേ സാമൂഹിക സങ്കൽപ്പത്തിന്റെ മറ്റൊരു രൂപമാണ്. ഇവിടെ പണംപോലും ഒരു നിഷ്പക്ഷമായ വിനിമയമാധ്യമമായി നിലകൊള്ളാതെ അതുമായി ബന്ധപ്പെട്ട തൊഴിലും ശരീരവും സാമൂഹിക സ്ഥാനവും വഹിക്കുന്ന ഒരു പ്രതീകമായി മാറുന്നുണ്ട്. നിത്യജീവിതത്തിലെ ഇത്തരം ചെറിയ അനുഭവങ്ങളാണു വലിയ സാമൂഹിക അതിരുകളെ നിരന്തരം പുനർനിർമിക്കുകയും ഒരു സമൂഹത്തെ മറ്റൊരു സമൂഹത്തിൽനിന്ന് അകറ്റിനിർത്തുന്ന അദൃശ്യമായ രേഖകൾക്കു സ്ഥിരത നൽകുകയും ചെയ്യുന്നത്.
ഗന്ധത്തെ സൂചിപ്പിക്കുന്ന ഭാഷയും ഈ സാമൂഹിക രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്ന പ്രധാന ഘടകമാണ്. പുഷ്പങ്ങൾക്കും പഴങ്ങൾക്കും പച്ചക്കറികൾക്കും ഉപയോഗിക്കുന്ന ‘മണം’ എന്ന പദം മത്സ്യത്തിന്റെ കാര്യത്തിൽ ‘നാറ്റം’ എന്ന പദമായി മാറുന്നതു ഭാഷതന്നെ മൂല്യനിർണയത്തിന്റെ ഒരു സംവിധാനമായി പ്രവർത്തിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്. മത്സ്യത്തൊഴിലാളി സമൂഹം മത്സ്യത്തിന്റെ ഗന്ധത്തെ ‘മണം’ എന്നുതന്നെ വിശേഷിപ്പിക്കുന്ന സാഹചര്യത്തിൽ ഗന്ധത്തിന്റെ ജൈവസ്വഭാവത്തെക്കാൾ അതിനു സമൂഹം നൽകുന്ന അർഥമാണു പ്രധാനമാകുന്നത്. ഒരേ അനുഭവത്തിന് രണ്ടു വ്യത്യസ്ത ഭാഷകൾ രൂപപ്പെടുന്നതോടെ രണ്ടു വ്യത്യസ്ത ലോകദർശനങ്ങളും അതിനൊപ്പം രൂപപ്പെടുന്നുണ്ട്. ഉൾനാടൻ സമൂഹത്തിന്റെ ഭാഷയിൽ മത്സ്യം അസഹ്യമായ ഗന്ധത്തിന്റെ പ്രതീകമാണെങ്കിൽ തീരദേശ സമുദായത്തിനു ജീവിതത്തിന്റെയും അധ്വാനത്തിന്റെയും ഉപജീവനത്തിന്റെയും കടലുമായി ചേർന്നുനിൽക്കുന്ന ദൈനംദിന വ്യവഹാരങ്ങളുടെയും ഭാഗമാണ്. കുട്ടികളെ ശാസിക്കുന്ന നിത്യജീവിത സാഹചര്യങ്ങളിലും ഈ സാമൂഹിക സങ്കൽപ്പങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. കളിച്ചുവന്നു വിയർപ്പിൽ നനഞ്ഞ കുട്ടികളോടു “പുസ്ലാനെപ്പോലെ മണക്കണ്ട് നിന്നെ, പോയി കുള്ച്ചാ” എന്നാണ് ഉമ്മമാർ പറയാറുള്ളത്. ശരീര ശുചിത്വത്തെക്കുറിച്ചുള്ള നിർദേശം നൽകുന്നതിനുപുറമെ ഒരു പ്രത്യേക സമൂഹത്തെ അശുദ്ധിയുടെ പ്രതീകമായി കുട്ടിയുടെ മനസ്സിൽ പതിപ്പിക്കുകയാണ് സത്യത്തിൽ ഇത്തരം ശാസനകൾ ചെയ്യുന്നത്. കുടുംബത്തിനുള്ളിൽ സ്വാഭാവികമായ തമാശയോ ശാസനയോ ആയി തോന്നിയാലും അവയുടെ സാമൂഹിക ഫലം വളരെ ആഴത്തിലുള്ളതാണെന്ന് എനിക്ക് തോന്നുന്നു. ഒരു സമൂഹത്തെക്കുറിച്ചുള്ള മുൻവിധികൾ വലിയ രാഷ്ട്രീയ പ്രസംഗങ്ങളിലൂടെയും ഔദ്യോഗിക സ്ഥാപനങ്ങളിലൂടെയും മാത്രമല്ല കൈമാറപ്പെടുന്നത്. അതിനുപുറമെ, വീടിന്റെ അകത്തളങ്ങളിൽ പറയപ്പെടുന്ന സാധാരണ വാക്കുകളിലൂടെയും കുട്ടികളെ ശാസിക്കുന്ന സംഭാഷണങ്ങളിലൂടെയും ബന്ധുക്കൾ തമ്മിലുള്ള തമാശകളിലൂടെയും ഇത്തരം സാമൂഹിക അപരവൽക്കരണങ്ങൾ വരും തലമുറകളിലേക്കു കൈമാറുന്നുണ്ട്.
ഗന്ധത്തെ സാമൂഹിക അതിരുകളുടെ അടയാളമാക്കി മാറ്റുന്ന പ്രക്രിയ നിത്യജീവിതത്തിലെ സംഭാഷണങ്ങളിൽമാത്രം പരിമിതപ്പെടുന്നില്ല. മതപരമായ ശുചിത്വധാരണകളെ അതിനോടൊപ്പം ചേർത്ത് ഈ സാമൂഹിക മുൻവിധികൾക്കു കൂടുതൽ നൈതികമായ സാധുത നൽകാനുള്ള ശ്രമങ്ങളും ഇതോടൊപ്പം രൂപപ്പെടുന്നുണ്ട്. തീരദേശ മുസ്ലിം സമൂഹത്തെക്കുറിച്ചുള്ള നിരവധി വിമർശനങ്ങൾ അവരുടെ ജീവിതരീതികളും മതപരമായ അനുഷ്ഠാനങ്ങളും വസ്ത്രധാരണ രീതികളും ശരീര പരിചരണരീതികളും ശുചിത്വബോധവും ഇസ്ലാമിക മാനദണ്ഡങ്ങൾക്ക് അനുസൃതമല്ലെന്ന ധാരണകളോടെയാണ് അവതരിപ്പിക്കപ്പെടുന്നത്. കൃത്യമായി നമസ്കരിക്കാത്തവർ, ശരിയായ രീതിയിൽ വസ്ത്രധാരണം പാലിക്കാത്തവർ, ഉച്ചത്തിൽ സംസാരിക്കുന്നവർ, വസ്ത്രങ്ങൾ ശരിയായ രീതിയിൽ കഴുകാത്തവർ തുടങ്ങിയ ആരോപണങ്ങൾ പരസ്പരം ചേർന്നുനിൽക്കുകയും മത്സ്യഗന്ധത്തെ ശരീരത്തിൽനിന്നുള്ള ഒരു ഗന്ധമായിമാത്രം കാണാതെ മതപരമായ അപൂർണതയുടെയും സാംസ്കാരിക പിന്നാക്കാവസ്ഥയുടെയും സൂചനയായി അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി ഗന്ധത്തെക്കുറിച്ചുള്ള സംഭാഷണം ശുചിത്വത്തെക്കുറിച്ചുള്ള ചർച്ചയായി മാറുകയും ശുചിത്വത്തെക്കുറിച്ചുള്ള ചർച്ച സാമൂഹിക മേൽക്കോയ്മ പ്രകടിപ്പിക്കുന്ന ഭാഷയായി പ്രവർത്തിക്കുകയും ചെയ്യുന്നു. കാഴ്ചയുടെ അടിസ്ഥാനത്തിൽ ശുചിത്വമുള്ളവരായി അംഗീകരിക്കപ്പെട്ട അതേ ആളുകൾ ഗന്ധത്തിന്റെ അടിസ്ഥാനത്തിൽ താഴ്ന്നവരായി തുടരുന്നുവെന്ന ധാരണയാണ് ഇവിടെയുള്ളത്. ഒന്ന് ചിന്തിച്ചാൽ, ഇവിടെ ശുചിത്വത്തിന്റെ യഥാർഥ മാനദണ്ഡം ശരീരത്തിന്റെ വൃത്തിയോ വീടിന്റെ വൃത്തിയോ ആയിത്തീരാതെ മുൻകൂട്ടി നിർമിക്കപ്പെട്ട സാമൂഹിക സങ്കൽപ്പമായി മാറുന്നതായി മനസ്സിലാക്കാം. ഒരു സമൂഹത്തിന് ഒരിക്കൽ ഗന്ധത്തിന്റെ മുദ്ര പതിഞ്ഞുകഴിഞ്ഞാൽ യാഥാർഥ്യത്തിലെ ശുചിത്വവും വ്യക്തിപരമായ വൃത്തിയും ആ മുദ്ര നീക്കം ചെയ്യാൻ പര്യാപ്തമാകാതെ പോകുന്നു.

ഇസ്ലാമിക ഫിഖ്ഹിലെ ഒഴുകുന്ന വെള്ളത്തിലൂടെയുള്ള ശുദ്ധീകരണത്തെക്കുറിച്ചുള്ള ആശയങ്ങളും ഇത്തരം സാമൂഹിക വ്യാഖ്യാനങ്ങളുടെ ഭാഗമായി പുനർവായിക്കപ്പെടുന്നുണ്ട്. തീരദേശ ജനങ്ങൾ വസ്ത്രങ്ങൾ ശരിയായ രീതിയിൽ കഴുകുന്നില്ലെന്നും അതുകൊണ്ടാണു മത്സ്യഗന്ധം നിലനിൽക്കുന്നതെന്നും പറയുന്ന വാദം മതപരമായ ആശയങ്ങളെ ഒരു പ്രത്യേക സമൂഹത്തെ താഴ്ന്നവരായി അവതരിപ്പിക്കുന്ന സാമൂഹിക ഉപകരണമായി ഉപയോഗിക്കുന്ന രീതിയെ വ്യക്തമാക്കുന്നുണ്ട്. പുറമെ നോക്കിയാൽ ഇത് ശുചിത്വത്തിന്റെ സാങ്കേതിക ചർച്ചയായി തോന്നിയാലും അതിന്റെ ആഴത്തിലുള്ള പ്രവർത്തനം ഒരു വിഭാഗം ആളുകളെ സ്ഥിരമായി അപൂർണരും പിന്നാക്കക്കാരുമായി ചിത്രീകരിക്കുന്ന പ്രതീകാത്മക രാഷ്ട്രീയത്തിലാണ്. പശ്ചിമ ബംഗാളിലെ മുസ്ലിം സമൂഹത്തെക്കുറിച്ചുള്ള മുൻകാല പഠനങ്ങളിൽ ശുചിത്വത്തെക്കുറിച്ചുള്ള വിവരണങ്ങൾ സാമൂഹിക പദവിയെ സംരക്ഷിക്കുന്നതിനും വ്യത്യാസങ്ങളെ ന്യായീകരിക്കുന്നതിനുമായി ഉപയോഗിക്കപ്പെടുന്നതായി കാണാം. ഈ സാമൂഹിക രാഷ്ട്രീയം സ്ഥലനാമങ്ങളിലേക്കും വ്യാപിക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. ഒരുകാലത്ത് ഉണക്കമത്സ്യം സംസ്കരിച്ചിരുന്ന പ്രദേശങ്ങൾ ഇന്നും ദുർഗന്ധവുമായി ബന്ധപ്പെട്ട സ്ഥലങ്ങളായി ഓർമിക്കപ്പെടുന്ന സാഹചര്യത്തിൽ ആ പ്രദേശങ്ങളുടെ പഴയ പേരുകൾ ഉപേക്ഷിച്ച് ‘ന്യൂ ബീച്ച്’, ‘സദം ബീച്ച്’, ‘ബദം ബീച്ച്’ തുടങ്ങിയ പുതിയ പേരുകൾ സ്വീകരിക്കുന്ന പ്രവണത വെറും ഭാഷാപരമായ മാറ്റമായി കാണാനാകില്ലെന്നാണ് എന്റെ പക്ഷം. അപമാനത്തിന്റെ ചരിത്രത്തിൽനിന്നും തൊഴിൽപരമായ പഴയ തിരിച്ചറിയലുകളിൽനിന്നും അകന്നുനിൽക്കാനുള്ള ഒരു സാമൂഹിക ശ്രമമായും ഇതിനെ വായിക്കാനാകും. ഒരേ സ്ഥലത്തെ ഒരു കുട്ടി മത്സ്യം വാങ്ങാൻ പോകുന്ന ഇടമായി ‘കടപ്പുറം’ എന്നും കടൽ കാണാൻ പോകുന്ന വിനോദസ്ഥലമായി ‘ബീച്ച്’ എന്നും വിളിക്കുന്നതിൽ ഭൂമിശാസ്ത്രത്തിന്റെ രണ്ടു വ്യത്യസ്ത സാംസ്കാരിക അർഥങ്ങൾ കാണാം. ഒരു പേര് അധ്വാനത്തെയും മത്സ്യവ്യാപാരത്തെയും ദാരിദ്ര്യത്തെയും മത്സ്യഗന്ധത്തെയും ഓർമിപ്പിക്കുമ്പോൾ മറ്റൊരു പേര് വിനോദസഞ്ചാരത്തെയും ആധുനികതയെയും ആഗോള സാംസ്കാരിക സങ്കൽപ്പങ്ങളെയും സൂചിപ്പിക്കുന്നു. തീർത്തും വിരോദാഭാസമാണ് കാര്യം!
ഗന്ധവുമായി ബന്ധപ്പെട്ട് എന്നെ പിടിച്ചുലക്കിയ മറ്റൊരു ആശയങ്ങളിലൊന്നാണ് ‘ഗൾഫ് മണം’. കേരളത്തിലെ ഗൾഫ് കുടിയേറ്റത്തെ സാമ്പത്തിക പുരോഗതിയുടെ ചരിത്രമായിമാത്രം വായിക്കാൻ കഴിയാത്തതിന്റെ കാരണം അതിനൊപ്പം പുതിയ സാംസ്കാരിക ഗന്ധങ്ങളും സാമൂഹിക ബഹുമതികളും നാട്ടിലേക്കു മടങ്ങിവരുന്നുവെന്ന വസ്തുതയിലാണ്. വിദേശത്തു ജോലി ചെയ്യുന്ന ഒരാൾ നാട്ടിലെത്തുന്ന സമയത്ത് അയാളുടെ പെട്ടിയിൽ സോപ്പ്, അത്തർ, ചോക്ലേറ്റ്, ഈന്തപ്പഴം, പിസ്ത തുടങ്ങിയ വസ്തുക്കൾ ഉണ്ടാകും. ഈ വസ്തുക്കൾ ഉപയോഗപ്രദമായ സാധനങ്ങളായിമാത്രം നിലനിൽക്കാതെ ഒരു പുതിയ ജീവിതശൈലിയുടെയും വിദേശാനുഭവത്തിന്റെയും സാമ്പത്തിക പുരോഗതിയുടെയും പ്രതീകങ്ങളായി മാറുന്നു. ആ പെട്ടി തുറക്കുന്ന നിമിഷത്തിൽ വീട്ടിനുള്ളിൽ പരക്കുന്ന ഗന്ധം കുടുംബത്തിന്റെ സാമൂഹിക നില ഉയർന്നുവെന്ന അനുഭവം സൃഷ്ടിക്കുന്നുണ്ട്. ഗൾഫ് സോപ്പും ഗൾഫ് അത്തറും ബന്ധുക്കൾക്കു സമ്മാനമായി വിതരണം ചെയ്യപ്പെടുന്ന ഘട്ടത്തിൽ ആ ഗന്ധം സാമൂഹിക മൂലധനമായി പല വീടുകളിലേക്കും വ്യാപിക്കുന്നു. ഇവിടെ മത്സ്യപ്പെട്ടിയും ഗൾഫു പെട്ടിയുംതമ്മിലുള്ള താരതമ്യം ഗന്ധത്തിന്റെ സാമൂഹിക രാഷ്ട്രീയത്തെ കൂടുതൽ വ്യക്തമായി തുറന്നുകാട്ടുന്നു. മത്സ്യപ്പെട്ടി ദിവസേനയുള്ള അധ്വാനത്തിന്റെയും കടലുമായി ബന്ധപ്പെട്ട പരമ്പരാഗത തൊഴിലിന്റെയും ശരീരാധിഷ്ഠിതമായ ഉപജീവനത്തിന്റെയും അടയാളമായി വായിക്കപ്പെടുന്നു. ഗൾഫു പെട്ടി ആധുനികതയുടെയും സാമ്പത്തിക മുന്നേറ്റത്തിന്റെയും വിദേശാനുഭവത്തിന്റെയും ആഗോള ബന്ധങ്ങളുടെയും പ്രതീകമായി മാറുന്നു. മത്സ്യഗന്ധം ശരീരത്തിൽനിന്നു മായാത്ത ഒരു അടയാളമായി അവതരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഗൾഫിൽനിന്നു വരുന്ന സുഗന്ധം ശരീരത്തെ പുതുക്കി നിർമിക്കുകയും സാമൂഹിക നില ഉയർത്തുകയും ചെയ്യുന്ന ശക്തിയായി മനസ്സിലാക്കപ്പെടുന്നു. ഒരു ഗന്ധം താഴ്മയുടെ പ്രതീകമായി മാറുകയും മറ്റൊരു ഗന്ധം ബഹുമതിയുടെ അടയാളമായി മാറുകയും ചെയ്യുന്ന ഈ വ്യത്യാസം ഗന്ധം സ്വാഭാവികമായ അനുഭവമായി നിലനിൽക്കാതെ സാമൂഹിക അർഥങ്ങളാൽ നിർമിക്കപ്പെടുന്ന ഒരു സംവിധാനമാണെന്നു വ്യക്തമാക്കുന്നുണ്ട്.

ഈ വിശകലനത്തെ കൂടുതൽ ആഴത്തിലാക്കുന്ന പ്രധാന സൈദ്ധാന്തിക ചട്ടക്കൂടാണു ജോഹന്നസ് ഫാബിയൻ മുന്നോട്ടുവെച്ച ‘Denial of Coevalness’ എന്ന ആശയം. ഒരു സമൂഹത്തെ ചരിത്രപരമായി പിന്നിലാണെന്നു ചിത്രീകരിക്കുകയും മറ്റൊരു സമൂഹത്തെ ഭാവിയിലേക്കുള്ള യാത്രക്കാരായി അവതരിപ്പിക്കുകയും ചെയ്യുന്ന രീതി സാമൂഹിക മേൽക്കോയ്മയുടെ പ്രധാന സങ്കേതമായി ഫാബിയൻ വിശകലനം ചെയ്യുന്നുണ്ട് . മത്സ്യഗന്ധം പഴയ സമ്പദ്വ്യവസ്ഥയുടെയും പരമ്പരാഗത ജീവിതരീതിയുടെയും അധ്വാനാധിഷ്ഠിത തൊഴിലിന്റെയും പ്രതീകമായി വായിക്കപ്പെടുന്ന സാഹചര്യത്തിൽ ഗൾഫു മണം ഭാവിയുടെയും പുരോഗതിയുടെയും സാമ്പത്തിക വിജയത്തിന്റെയും ചിഹ്നമായി രൂപപ്പെടുന്നു. ഇതുവഴി തീരദേശ സമൂഹം സമകാലിക ജീവിതത്തിൽ സജീവമായി നിലകൊള്ളുന്ന ഒരു സമൂഹമാണെന്ന യാഥാർഥ്യം മറഞ്ഞുപോകുകയും അവർ ഭൂതകാലത്തിൽ കുടുങ്ങിക്കിടക്കുന്നവരാണെന്ന സാംസ്കാരിക ചിത്രം നിർമിക്കപ്പെടുകയും ചെയ്യുന്നു. ഒരേ കാലഘട്ടത്തിൽ ജീവിക്കുന്ന രണ്ടു സമൂഹങ്ങളെ വ്യത്യസ്ത ചരിത്രകാലങ്ങളിൽ നിലകൊള്ളുന്നവരായി കാണുന്ന പ്രസ്തുത രീതിയാണു സാമൂഹിക അകലത്തിനു സാംസ്കാരിക അടിത്തറ നൽകുന്നത്.

ഇന്ദ്രിയങ്ങളുടെ സാമൂഹിക ശ്രേണീകരണവും ഈ സാഹചര്യത്തിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കാഴ്ചയെ ഉയർന്ന ഇന്ദ്രിയമായും ഗന്ധത്തെ താഴ്ന്ന ഇന്ദ്രിയമായും പരിഗണിച്ച പാശ്ചാത്യ ദാർശനിക പാരമ്പര്യങ്ങളുമായി മലബാറിലെ സാമൂഹിക ബന്ധങ്ങളെ ബന്ധിപ്പിച്ചുനോക്കിയാൽ സാമൂഹിക പദവിയും ഇന്ദ്രിയാനുഭവങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമായി മനസ്സിലാക്കാം. ഉൾനാടൻ മുസ്ലിം സമൂഹം ലോകം കണ്ടവരാണെന്ന അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിൽ തീരദേശ സമൂഹം മത്സ്യഗന്ധവുമായി ബന്ധിപ്പിക്കപ്പെടുന്നതാണ്. കാഴ്ചയുടെ ലോകം പുരോഗതിയുടെയും യാത്രയുടെയും ആധുനികതയുടെയും പ്രതീകമായി ഉയർത്തപ്പെടുകയും ഗന്ധത്തിന്റെ ലോകം ശരീരാധിഷ്ഠിതമായ അധ്വാനത്തിന്റെയും പിന്നാക്കാവസ്ഥയുടെയും അടയാളമായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇന്ദ്രിയങ്ങളുടെ ശ്രേണീകരണം സാമൂഹിക ശ്രേണീകരണത്തിനും അടിത്തറയാകുന്നതും ഇവിടെയാണ്. മത്സ്യഗന്ധത്തെ ഒരു പ്രത്യേക ശരീരഗുണമായി കാണുന്ന ധാരണയെ ചോദ്യം ചെയ്യുമെന്ന പ്രത്യാശയിലാണ് ഈ പഠനത്തിനു ഞാൻ മുതിരുന്നത്. ഗന്ധം സാമൂഹിക ബന്ധങ്ങളിലൂടെ നിർമിക്കപ്പെടുന്ന ഒരു അർഥ സംവിധാനമാണെന്നും ആ അർഥ സംവിധാനം തീരദേശ മുസ്ലിം സമൂഹത്തെക്കുറിച്ചുള്ള മുൻവിധികളെ തലമുറകളിലേക്കു കൈമാറുന്നുവെന്നും ഞാൻ മനസ്സിലാക്കി.
