പേര്ഷ്യയില്നിന്നൊരു റെയില്‍ ഹാജി
ബെര്ലിനില്നിന്നാണ് മെഹ്ദി ഖുലി ഹിദായതിന്റെ ഉന്നത വിദ്യാഭ്യാസം. പ്രശസ്ത സാഹിത്യ ചരിത്രകാരനും കൊട്ടാരം വിദൂഷകനും ഇറാന്റെ ടെലിഗ്രാഫ്-പോസ്റ്റ് ഓഫീസ് ഡയറക്ടറുമായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. പഠനശേഷം പിതാവിന്റെ പാതയില്‍ ആദ്യം ടെലിഗ്രാഫ് ഓഫീസിലും പിന്നീട് ഖാജര്‍ കൊട്ടാരത്തിലും സേവനമനുഷ്ഠിച്ചു. രാജാവ് നസീറുദ്ദീന്‍ ഷായ്ക്കുവേണ്ടി ജര്‍മന്‍ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യലായിരുന്നു പ്രധാന ജോലി. പില്ക്കാലത്ത് റിസാ ഷായുടെ കീഴില്‍ മന്ത്രിയുമായി. ലോകപരിചയവും ഉന്നതരുമായുടെ ബന്ധവും ഹിദായതിന്റെ ഹജ്ജ് യാത്രക്ക് സഹായകമായി. 1903ല്‍ മുന്‍ പ്രധാനമന്ത്രി മിര്‍സ അലി അസ്ഗര്‍ ഖാന് അതാബക്കിന്റെ ചെറുസംഘത്തോടൊപ്പമായിരുന്നു യാത്ര. വാസ്തവത്തില്‍, ഹിദായതിനും സംഘത്തിനും അതാബക്കിന് രാജ്യം വിടാനും ലോകം ചുറ്റാനുമുള്ള ഔദ്യോഗികമായ ഒഴികഴിവ് മാത്രമായിരുന്നു ഹജ്ജ്. തീവണ്ടികളും ആവിക്കപ്പലുകളും മാറിക്കയറി ശരിക്കുമൊരു ആഗോള പര്യടനമായിരുന്നു ആ യാത്ര. തെഹ്റാനില്‍നിന്ന് മോസ്കോയിലേക്കും അവിടെനിന്ന് സൈബീരിയ കടന്ന് മഞ്ചൂറിയയിലെ മുക്ദെനിലേക്കും ചൈനയിലെ ബീജിംഗിലേക്കും അവര്‍ സഞ്ചരിച്ചു. അവിടെനിന്ന് ജപ്പാനിലേക്കും വഴിയേ പസഫികിലൂടെ കപ്പല്‍ മാര്‍ഗം സാന്ഫ്രാന്സിസ്കോയിലുമെത്തി. ശേഷം ന്യൂയോര്‍ക്കില്‍നിന്ന് മറ്റൊരു കപ്പല്‍ മാര്‍ഗം ഫ്രാന്‍സിലെ ഷെര്ബോര്ഗിലെത്തി. അവിടെനിന്ന് തീവണ്ടിയില്‍ അലക്സാണ്ട്രിയയിലേക്കും ഖദീവ് റെയില്വെവഴി കെയ്റോയിലേക്കും ഒടുവില്‍ ജിദ്ദവഴി മക്കയിലേക്കും എത്തി.
1920കളുടെ അവസാനം വരെ ഇറാന് സ്വന്തമായി റെയില്‍വെ ശൃംഖലകള്‍ ഇല്ലായിരുന്നുവെങ്കിലും, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ ഇറാനിയന്‍ യാത്രക്കാര്‍ക്ക് രാജ്യത്തിന്റെ അതിര്‍ത്തികള്‍ കടന്നാലുടന്ത്തന്നെ സ്റ്റീംഷിപ്പ്-റെയില്‍ ശൃംഖലകളില്‍ പ്രവേശിക്കാമായിരുന്നു. കപ്പല്‍ മാര്‍ഗം മക്കയിലേക്കോ ട്രെയിന്‍വഴി മോസ്കോയിലേക്കോ യാത്ര ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ സമയം മൃഗപ്പുറത്ത് ഇറാന് മുറിച്ചുകടക്കാന്‍ ഹിദായതിനും സംഘത്തിനും വേണ്ടിവന്നു. കാസ്പിയന്‍ തീരത്തെ ഇറാനി തുറമുഖമായ ബന്ദറെ അന്സാലിയില്നിന്നും ബാകുവിലേക്കായിരുന്നു സമുദ്രമാര്‍ഗമുള്ള ആദ്യ യാത്ര. ഇറാനിയന്‍ ഹാജിമാര്‍ക്ക് ബാകുവെന്നാല് കരിങ്കടലിലെ ബതൂമി തുറമുഖത്തേക്കുള്ള ഇടത്താവളമായിരുന്നു. അവിടെനിന്ന് അവര്‍ക്ക് എളുപ്പത്തില്‍ ഇസ്താംബുളിലേക്കും തുടര്‍ന്ന് ജിദ്ദയിലേക്കും കപ്പല്‍ കയറാമായിരുന്നു. ഹിദായതും സംഘവും വ്യത്യസ്തമായൊരു പാതയാണ് പകരം തിരഞ്ഞെടുത്തത്. ബാകുവില്നിന്ന് അവര്‍ വടക്ക് മോസ്കോയിലേക്ക് തീവണ്ടി കയറി. രാത്രി 8.15ന് അവര്‍ മോസ്കോ പറ്റി. മോസ്കോയിലെ നാഷണല്‍ ഹോട്ടല്‍ ഹിദായതിന് നന്നേ ബോധിച്ചു. നഗരത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളില്‍ ഒന്നായാണ് അദ്ദേഹമതിനെ വിശേഷിപ്പിച്ചത്. അടുത്തിടെ തുറന്നു പ്രവര്‍ത്തനമാരംഭിച്ച ആ ഹോട്ടലിന് മുന്നില്‍ ഗംഭീരമായ ഒരു സ്ക്വയര്‍ ഉണ്ടായിരുന്നു. റെയില്‍വെയുടെ വരവ് തീവണ്ടിപ്പാളങ്ങള്‍ക്കും സ്റ്റേഷനുകള്‍ക്കും പുറമെ, വലിയ അടിസ്ഥാന സൗകര്യങ്ങളുടെയും ഹോട്ടല്‍ വിപണിയുടെയും സാധ്യതകളെ പുഷ്ടിപ്പെടുത്തി. റഷ്യന്‍ സാമ്രാജ്യത്തിലൂടെ യാത്ര ചെയ്യുന്ന ഹാജിമാര്‍ക്കുവേണ്ടി ഔദ്യോഗിക ഹാജിഖാനകളുണ്ടായിരുന്നുവെങ്കിലും മുന്‍ പ്രധാനമന്ത്രിയുടെ കൂടെയായിരുന്നതിനാല്‍ മിക്ക തീര്‍ത്ഥാടകര്‍ക്കും അന്യമായ ആഡംബരത്തോടെ യാത്ര ചെയ്യാന്‍ ഹിദായതിന് കഴിഞ്ഞു. അബ്ദുല്‍ റഷീദ് ഇബ്റാഹിമുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വൈരുധ്യം വ്യക്തമാകും.
ഓരോ യാത്രാഘട്ടത്തെയും അതീവ കൃത്യതയോടെയാണ് പേര്‍ഷ്യനിലെഴുതപ്പെട്ട തന്റെ യാത്രപുസ്തകത്തില് ഹിദായത് രേഖപ്പെടുത്തിയിരിക്കുന്നത്; പല നഗരങ്ങളിലും എത്തിച്ചേര്‍ന്ന സമയം മിനിറ്റുകൾപ്പോലും വിട്ടുപോകാതെ കുറിച്ചുവെച്ചു. ക്രെംലിന് സന്ദര്‍ശിച്ചശേഷം (നഗരചരിത്രം വിശദമായി പ്രതിപാദിക്കുന്നുണ്ട്) രാത്രി 9.40നുള്ള ട്രെയിനില്‍ സംഘം മോസ്കോയില്‍നിന്ന് യാത്രതിരിച്ചു. ട്രാന്‍സ് സൈബീരിയന്‍ റെയില്‍വെയിലൂടെ കിഴക്കോട്ട് നീങ്ങി. രാത്രിയില്‍ ആ തീവണ്ടി കടന്നുപോയത് പുല്മേടുകളിലൂടെയായിരുന്നു. ഹിദായത് ഇതിന് പേര്‍ഷ്യനില്‍ ദശ്തേ ഖിപ്ചാഖ് എന്നെഴുതി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ റഷ്യ മധ്യേഷ്യ കീഴടക്കുന്നത് വരെ ഇറാന്റെ അതിര്‍ത്തികളില്‍പ്പോലും ഭീഷണിയുയര്‍ത്തിയിരുന്ന അടിമക്കച്ചവടക്കാരായ ഗോത്രവര്‍ഗക്കാരുടെ ഓര്മകളുണര്ത്തുന്നതായിരുന്നു ആ പേര്. യുറാല്‍ പര്‍വതനിരകളിലൂടെയുള്ള യാത്ര പരാമര്‍ശിക്കവെ, തങ്ങള്‍ ഇപ്പോള്‍ യൂറോപ്പിന്റെയും ഏഷ്യയുടെയും അതിര്‍ത്തിയില്‍ എത്തിയതായി അദ്ദേഹം കുറിച്ചു. യുറാല്‍ മേഖലയിലെ പ്രധാന നഗരമായ ചെല്യാബിന്സ്കില് എത്തിയപ്പോള്‍, കര്‍ഷകരുടെ വന്‍തോതിലുള്ള കുടിയേറ്റത്തെ റെയില്‍വെ എങ്ങനെ സാധ്യമാക്കിയെന്ന് വിവരിച്ചു. 1893ല്‍ സ്റ്റേഷന് തുറന്നതിനുശേഷം പത്തു വര്‍ഷത്തിനുള്ളില്‍ ആറു ലക്ഷത്തോളം കുടിയേറ്റക്കാര്‍ ചെല്യാബിന്സ്കിലൂടെ കടന്നുപോയതായി അദ്ദേഹം രേഖപ്പെടുത്തി.
യുറാല്‍ നിരകളില്‍നിന്ന് ഇറാനിയന്‍ സംഘം സൈബീരിയയിലേക്ക് തങ്ങളുടെ യാത്ര തുടര്‍ന്നു. ഓംസ്ക്, ടോംസ്ക് എന്നീ നഗരങ്ങളെക്കുറിച്ചും വിവരണങ്ങളുണ്ട്. ബെര്‍ലിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ഹിദായത് ഇറാന്റെ സ്വന്തം പോളിടെക്നിക് ആയ ദാറുല്‍ ഫുനൂനില്‍ അധ്യാപകനായിരുന്നു. ടോംസ്കിലും നിയമം, പ്രകൃതിശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവ പഠിക്കാന്‍ സൗകര്യമുള്ള ഒരു ദാറുല്‍ ഫുനൂന് ഉണ്ടെന്ന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. 1888ല്‍ സ്ഥാപിതമായ ടോംസ്ക് സര്വകലാശാലയെക്കുറിച്ചാണാ പ്രയോഗം. എന്നാല്‍, ടോംസ്കിനെക്കുറിച്ചും മറ്റ് സൈബീരിയന്‍ നഗരങ്ങളെക്കുറിച്ചുമുള്ള ഹിദായതിന്റെ വിവരണത്തില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം അവിടുത്തെ മുസ്ലിം ജനവിഭാഗത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലെന്നതാണ്. ഇക്കാലഘട്ടത്തില്‍ സൈബീരിയന്‍ താതാറുകളുടെ ബൗദ്ധിക ജീവിതത്തിന്റെ കേന്ദ്രമായി ടോംസ്ക് പ്രോജ്വലിച്ചു വരികയായിരുന്നു. ആദ്യ മുസ്ലിം ആനുകാലിക പ്രസിദ്ധീകരണമായ സിബിരിയ 1912ലാണ് ആരംഭിച്ചതെങ്കിലും, താതാര് ജനത വിശാലമായ മുസ്ലിം ലോകവുമായി ഗാഢമായി ബന്ധപ്പെട്ടു കിടന്നിരുന്നു. പക്ഷെ, ഹിദായതിന്റെ ഹജ്ജ് ഡയറിയിലെ ഈ മുസ്ലിം അസാന്നിധ്യം സൈബീരിയയെക്കുറിച്ച് വിവരിക്കുമ്പോള്‍ മാത്രമുള്ള പ്രത്യേകതയല്ല; മറിച്ച് മുസ്ലിം ഇതര വിഭാഗങ്ങളോടും അവരുടെ ആശയങ്ങളോടും സാങ്കേതികവിദ്യകളോടുമുള്ള അദ്ദേഹത്തിന്റെ പൊതുവായ താല്‍പ്പര്യത്തിന്റെ ഭാഗമായിരുന്നു അത്. വ്യാവസായികവല്‍ക്കരിക്കപ്പെട്ട ഹജ്ജ് വിശാലമായ മുസ്ലിം ഇതര ലോകത്തിലേക്കുള്ള ഒരു പ്രവേശന കവാടം കൂടിയായിരുന്നു.
യാത്രയുടെ അടുത്ത ഘട്ടത്തില്‍, വലുതും ചെറുതുമായ 23 പാലങ്ങളുള്ള റെയിൽവെയുടെ നിര്‍മാണ വൈഭവത്തെ പ്രശംസിച്ച് സൈബീരിയന്‍ നഗരമായ ഇര്‍കുട്സ്കിലെ തങ്ങളുടെ പുലര്‍കാല യാത്രയെ ഓര്‍ക്കുന്നുണ്ട് ഹിദായത്. ഇര്കുട്സ്കിലെത്തിയ ഇറാനിയന്‍ സംഘം അവിടെ ലഭ്യമായ ഹോട്ടലുകളെക്കുറിച്ച് അന്വേഷിച്ചു. സ്റ്റേഷന് ഹോട്ടലിന്റെ നടത്തിപ്പ് ഒരു ജര്മന്കാരനായിരുന്നുവെങ്കിലും ഒട്ടും തൃപ്തികരമല്ലായിരുന്നു. താരതമ്യേന വൃത്തിയുള്ള മറ്റൊരു ഹോട്ടല്‍ നഗരത്തിലുണ്ടെന്ന് അവര്‍ കണ്ടെത്തി. സ്റ്റേഷന് ഹോട്ടലിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഹിദായത് കൂടുതല്‍ വിവരിക്കുന്നില്ലെങ്കിലും, അന്നത്തെ സൈബീരിയന്‍ നഗരങ്ങളിലെ ശുചിത്വമില്ലായ്മയെയും മദ്യപാനത്തിന്റെ ആധിക്യത്തെയും സിഫിലിസ് പോലുള്ള പകര്ച്ചവ്യാധികളെയുംകുറിച്ച് സ്റ്റെഫാന്‍ ഡുഡൊയ്ഗ്നനെപ്പോലുള്ള ചരിത്രകാരന്മാര് സൂചിപ്പിക്കുന്നുണ്ട്.
ഉന്നതചിന്താഗതിക്കാരനായ ഈ ഇറാനിയന്‍ ഹാജിയെ ഇര്‍കുട്സ്കില്‍ ആകര്‍ഷിച്ചത് അവിടുത്തെ മ്യൂസിയമാണ്. മരം, കല്ല്, ഇരുമ്പ്, കളിമണ്ണില്‍ നിര്‍മിച്ച അഞ്ഞൂറോളം വിഗ്രഹങ്ങളും മ്യൂസിയത്തിലെ മൃഗങ്ങളുടെ മാതൃകകളും അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചു. (സൈബീരിയയില്‍നിന്ന് കണ്ടെടുത്ത പുരാതന മാമത്തുകളുടെയും മറ്റ് മൃഗങ്ങളുടെയും അവശിഷ്ടങ്ങളായിരുന്നു അവ). പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന മെഡിക്കല്‍ പഠനത്തോടുള്ള താല്‍പ്പര്യംമൂലം രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒരു അസ്ഥികൂടവും അദ്ദേഹം പരിശോധിച്ചു. കേവലം വിനോദ സന്ദര്‍ശനമല്ലെന്ന് വായനക്കാരെ ബോധ്യപ്പെടുത്താനെന്നോണം, മ്യൂസിയത്തിന്റെ രണ്ടാംനിലയില്‍ വലിയൊരു ലൈബ്രറിയും സയന്റിഫിക് സൊസൈറ്റിയും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രത്യേകം രേഖപ്പെടുത്തി. കൂടാതെ, ഇര്‍കുട്സ്കില്‍ 45 വിദ്യാലയങ്ങളുണ്ടെന്നും അതില്‍ പതിനാലെണ്ണം അനാഥര്‍ക്കും ദരിദ്രര്ക്കുംവേണ്ടിയുള്ളതാണെന്നും ഒരെണ്ണം പെണ്‍കുട്ടികള്‍ക്കായി നീക്കിവെച്ചതാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ഭക്തിനിര്‍ഭരമായ മുസ്ലിം ജീവിതാനുഭവങ്ങളിലേക്ക് ആഴ്ന്നിറങ്ങാനുള്ള ഒരു ഉപാധി എന്നതിനെക്കാള്‍, മുസ്ലിമേതരരുടെ ധാര്‍മിക നേട്ടങ്ങളെയും ഭരണരീതികളെയും വിലയിരുത്താനും പ്രശംസിക്കാനുമുള്ള ഒരു മാര്‍ഗമായിരുന്നു ഹിദായതിന് ഹജ്ജ്. ഇതര മതസ്ഥരുടെ മതകാര്യങ്ങളിലും ഈ കൗതുകം പ്രകടമാണ്. ഇര്‍കുട്സ്കില്‍ മുഖാമുഖം നിന്നിരുന്ന ഓര്‍ത്തഡോക്സ്, ലൂഥറന്‍ പള്ളികളെക്കുറിച്ച് വിവരിക്കുമ്പോള്‍, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും ജര്‍മന്‍ ലൂഥറനിസവും തമ്മിലുള്ള വിശ്വാസപരമായ വ്യത്യാസങ്ങള്‍ തന്റെ വായനക്കാര്‍ക്ക് വിശദീകരിച്ചുകൊടുക്കാനുള്ള അവസരം അദ്ദേഹം പാഴാക്കിയില്ല. ചുരുക്കത്തില്‍, വ്യാവസായിക ഹജ്ജ് എന്നത് തീര്‍ത്ഥാടകരെ മതതാരതമ്യ പഠനത്തിന്റെ രഹസ്യങ്ങളിലേക്കു നയിക്കുന്ന ഒരു കോസ്മൊപോളിറ്റന്‍ തീര്‍ത്ഥാടനമായിരുന്നു.
മൈനസ് 21 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്ന കോച്ചുന്ന തണുപ്പില്‍ മരവിച്ച ശരീരവുമായി ഹോട്ടലില്‍നിന്ന് സ്റ്റേഷനിലേക്ക് നീങ്ങിയ ഇറാനിയന്‍ സംഘം, മഞ്ചൂറിയ ലക്ഷ്യമാക്കി വീണ്ടും ട്രാന്‍സ് സൈബീരിയന്‍ റെയില്‍വെയില്‍ യാത്രതിരിച്ചു. യാത്രപഥത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ ഘട്ടത്തില്‍, സൈബീരിയയുടെയും റെയില്‍വെയുടെയും സമീപകാല ചരിത്രത്തെക്കുറിച്ചുള്ള വസ്തുതകള്‍ അദ്ദേഹം തന്റെ ഡയറിയില്‍ ക്രോഡീകരിച്ചു. സൈബീരിയയിലെ സമൃദ്ധമായ ജലം, വനം, ധാതുസമ്പത്ത് എന്നിവ റഷ്യക്കാര്‍ക്ക് എത്രത്തോളം സാമ്പത്തികോന്നതി നല്‍കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1891ല്‍ സാര്‍ നിക്കോളാസ് രണ്ടാമന് റെയില്‍വെയ്ക്ക് തറക്കല്ലിട്ടതിനെക്കുറിച്ച് വിവരിക്കുമ്പോള്‍, ഇറാന്റെ ഖാജര്‍ ഭരണാധികാരികള്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ കാണിക്കുന്ന താല്പ്പര്യക്കുറവുമായി അദ്ദേഹം അതിനെ പരോക്ഷമായി താരതമ്യം ചെയ്യുന്നുണ്ടായിരുന്നു. (യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഹിദായത് ഇറാന്റെ ഭരണഘടനാ വിപ്ലവത്തില്‍ പ്രധാന പങ്കുവഹിച്ചു എന്നത് ഇവിടെ പ്രസക്തമാണ്). റെയില്‍വെ എന്ന അത്ഭുതം ഹിദായതിനെ വല്ലാതെ ആകര്‍ഷിച്ചു; അതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട നിരവധി സ്ഥിതിവിവരക്കണക്കുകള്‍ അദ്ദേഹം കുറിച്ചുവെച്ചു.
മുമ്പ് ഇറാന്റെ ടെലിഗ്രാഫ് സര്‍വീസില്‍ ജോലി ചെയ്തിരുന്നതിനാല്‍, ആഗോള വിനിമയ സൗകര്യങ്ങളുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താന്‍ ഹിദായതിന് വലിയ താല്പ്പര്യമായിരുന്നു. ഇര്കുട്സ്കില്നിന്ന് ബീജിംഗ് വരെയുള്ള യാത്രയിലുടനീളം ഓരോ ദേശത്തുനിന്നും അദ്ദേഹം പോസ്റ്റ്കാര്‍ഡുകള്‍ അയച്ചുകൊണ്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ആഗോള റെയില്‍വെ നിര്‍മാണം കൊണ്ടുവന്ന വിനിമയ വിപ്ലവത്തിന്റെ ഭാഗമായിരുന്നു ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ഈ തപാല്‍ സംവിധാനം. റെയില്‍വെ സ്റ്റേഷനുകള്‍ പലപ്പോഴും ടെലിഗ്രാഫ് സ്റ്റേഷനുകള്‍ കൂടിയായിരുന്നതിനാല്‍, ഇടയ്ക്കൊക്കെ തെഹ്റാനിലേക്ക് ടെലിഗ്രാഫുകള്‍ അയക്കാനും അദ്ദേഹം ഈ അവസരം ഉപയോഗപ്പെടുത്തി. വ്യവസായ യുഗത്തിന് ഒരു തലമുറമുമ്പുള്ള ഹാജിമാര്‍ക്ക് അചിന്ത്യമായ ഒന്നായിരുന്നു ഇത്തരം തത്സമയ സമ്പര്‍ക്ക സാധ്യതകള്‍.
സൈബീരിയയുടെ കിഴക്കേ അറ്റത്തുവെച്ച്, ട്രാന്‍സ് സൈബീരിയന്‍ റെയില്‍വെ സൗത്ത് മഞ്ചൂറിയ റെയില്‍വെയുമായി സന്ധിക്കുന്നു. ചൈനയിലെ നിരവധി പ്രദേശങ്ങളെ യൂറേഷ്യന്‍ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിച്ച ഈ പുതിയ പാത ഉപയോഗിച്ച ആദ്യകാല യാത്രക്കാരില്‍ ഒരാളായിരുന്നു ഹിദായതും സംഘവും. പുതിയ റെയില്വെകളോടുള്ള തന്റെ അഭിനിവേശം പിന്തുടര്ന്ന് ഹിദായത് സൗത്ത് മഞ്ചൂറിയ റെയില്‍വെയുടെ നിര്‍മാണത്തെക്കുറിച്ച് ഒരു ലഘുവിവരണംതന്നെ തയ്യാറാക്കി. ചെലവ്, നിര്‍മാണരീതി, ചൈനയ്ക്ക് അതിന്റെ പൂര്‍ണാവകാശം തിരികെ ലഭിക്കാന്‍ എത്ര കാലമെടുക്കും തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം അതില്‍ വിശദീകരിച്ചു. 1927നും 1938നും ഇടയില്‍ ഇറാന്റെ ആദ്യത്തെ റെയില്‍വെ നിര്മിക്കപ്പെട്ടപ്പോള്, അത് ജര്‍മന്‍, അമേരിക്കന്‍ കമ്പനികളുടെ വിദേശ സഹായത്തോടെയാണ് നിര്‍വഹിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്.
മെഹ്ദി ഖുലി ഹിദായതിന്റെയും സംഘത്തിന്റെയും ട്രാന്‍സ് സൈബീരിയന്‍ യാത്ര അവരുടെ ആഗോള ഹജ്ജ് പര്യടനത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. യാത്രയുടെ അടുത്ത ഘട്ടം അവരെ മുക്ദെന് (ഷെന്യാങ്), പോര്‍ട്ട് ആര്‍തര്‍, ഷാങ്ഹായ്, ബീജിംഗ് എന്നിവിടങ്ങളിലേക്ക് എത്തിച്ചു. ഈ യാത്രയിലുടനീളം അവര്‍ കൂടുതല്‍ മുസ്ലിം ഇതര വ്യക്തികളുമായി ഇടപഴകി. മുക്ദെനിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ഫ്രഞ്ച് ഭാഷയില്‍ സംസാരിച്ച രണ്ട് യുവ റഷ്യന്‍ ബിരുദധാരികള്മുതല് പോര്‍ട്ട് ആര്തറില്നിന്നുള്ള കപ്പല്‍ യാത്രയില്‍ കണ്ടുമുട്ടിയ ഇംഗ്ലീഷ് വനിതവരെ ഇതില്‍ ഉള്‍പ്പെടുന്നു. നിര്‍ത്താതെയുള്ള ഫോട്ടോ എടുക്കല്‍ കണ്ടപ്പോള്‍ ആ സ്ത്രീ ചാര ആയിരിക്കുമെന്നുപോലും ഹിദായത് സംശയിച്ചു. പോര്‍ട്ട് ആര്‍തറില്‍ റഷ്യ-ജപ്പാന് യുദ്ധം പൊട്ടിപ്പുറപ്പെട്ട ഘട്ടത്തിലായിരുന്നു ഇറാനിയന്‍ സംഘത്തിന്റെ സന്ദര്‍ശനം. രക്ഷപ്പെട്ടെങ്കിലും അവരുടെ സാഹസികത അവസാനിച്ചില്ല. ജപ്പാന്, അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങള്‍ ചുറ്റിക്കറങ്ങിയശേഷം, ഈജിപ്തിലൂടെയുള്ള ട്രെയിന്‍ യാത്രയ്ക്ക് ഒടുവിലാണ് അവര്‍ പഴയ ദാറുല്‍ ഇസ്ലാമിലേക്ക് തിരിച്ചെത്തിയതും പിന്നീട് മക്കയിലെത്തുന്നതും. പറഞ്ഞുവരുമ്പോള്‍, ഹജ്ജ് തന്നെയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷെ, ആവിക്കപ്പലുകളിലും തീവണ്ടികളിലും കയറിയെത്തിയ ആ യാത്ര മുന്‍കാല ഹജ്ജുകളില്നിന്ന് തികച്ചും വിഭിന്നമായിരുന്നുവെന്ന് മാത്രം.
അബ്ദുല്‍ റഷീദ് ഇബ്റാഹിമെന്ന സൈബീരിയന്‍ ഹാജി
ആഢംബരപ്രിയനും ശാസ്ത്രകുതുകിയുമായ മെഹ്ദി ഖുലി ഹിദായത്തില്നിന്നും തികച്ചും വ്യത്യസ്തമായ വ്യക്തിത്വമാണ് അബ്ദുല്‍ റഷീദ് ഇബ്റാഹീമിന്റെത്. 1857ല്‍ സൈബീരിയന്‍ നഗരമായ താരയില്‍ ജനിച്ച അദ്ദേഹം ബുഖാറയില്നിന്നും സൈബീരിയയിലേക്ക് കുടിയേറിയ ഒരു ഉസ്ബെക് കുടുംബപശ്ചാത്തലമുള്ളയാളായിരുന്നു. ബുഖാറയില്നിന്നുള്ള തങ്ങളുടെ പാരമ്പര്യം കാരണം ബുഹാര്ലിക് എന്നറിയപ്പെട്ടിരുന്ന സൈബീരിയന്‍ ഉസ്ബെക് വംശജനായിരുന്നിട്ടും, അബ്ദുല്‍ റഷീദിന് സ്വയം വിശേഷിപ്പിക്കാനിഷ്ടം റഷ്യന്‍ തുര്ക്കെന്നോ, താതാര് എന്നോ ആയിരുന്നു. റഷ്യന്‍ സാമ്രാജ്യത്തിനുള്ളില്‍ കൂടുതല്‍ സുസ്ഥിരമായ സ്ഥാനമുള്ള വോള്‍ഗ താതാറുകളിലേക്ക് അദ്ദേഹം സ്വയം ചേര്‍ത്തുവെക്കുകയായിരുന്നു. സൂഫിസത്തില്‍ ആകൃഷ്ടനായിരുന്ന അബ്ദുല്‍ റഷീദ്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഓട്ടോമന്‍ സാമ്രാജ്യത്തില്‍നിന്ന് പ്രചരിച്ചിരുന്ന പുതിയ അച്ചടി മാസികകളുമായി നിരന്തരം ഇടപഴകിയിരുന്ന സൈബീരിയന്‍ സൂഫി ഉലമാക്കളുടെ പിന്‍ഗാമിയായിരുന്നു. മഹാ സഞ്ചാരപ്രിയനായിരുന്ന അദ്ദേഹം, ട്രാന്‍സ് സൈബീരിയന്‍ റെയില്വെവഴിയുള്ള തന്റെ സുദീര്‍ഘമായ ഹജ്ജ് യാത്രയ്ക്കുമുമ്പുതന്നെ കസാന്‍, ഓറന്‍ബര്‍ഗ്, ഇസ്താംബുള്‍, മദീന എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പില്ക്കാലത്ത് ഈജിപ്തും ജര്‍മനിയും സന്ദര്‍ശിച്ച അദ്ദേഹം 1904ല്‍ ജപ്പാനില്‍വെച്ചാണ് അന്തരിച്ചത്. 1909 ഡിസംബര്‍ മാസത്തെ ഹജ്ജില്‍ അവസാനിക്കുന്ന സുദീര്‍ഘമായ യാത്ര ആരംഭിക്കുന്നത് 1908ലെ വേനല്‍ക്കാലത്ത് തന്റെ ജന്മനാടായ താരയില്നിന്നാണെന്ന് ഇസ്താംബുളില്‍നിന്ന് പ്രസിദ്ധീകരിച്ച തന്റെ തുര്‍ക്കിഷ് യാത്രാവിവരണത്തില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
താതാറുകളുടെ ആത്മീയ കേന്ദ്രമായ കസാന്‍ സന്ദര്‍ശിച്ചശേഷം, അബ്ദുല്‍ റഷീദ് ഇയാകിംസ്കി കമ്പനിയുടെ ഒരു ആവിക്കപ്പലില്‍ ഉഫയിലേക്ക് തിരിച്ചു. പ്രസ്തുത യാത്രയില്‍ മുസ്ലിം സഹയാത്രികരുണ്ടായിരുന്നു കൂടെ. കസാനിലെ മസ്ജിദുകളും മിനാരങ്ങളും വിട്ടുപോരുന്നതിലെ വിഷമം വിവരിക്കുന്ന അദ്ദേഹം, ആവിക്കപ്പലില്‍ മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നല്കാന് ഒരു താതാര് ഇമാം ഉണ്ടായിരുന്നുവെന്നതുതന്നെ സന്തോഷിപ്പിച്ചതായി രേഖപ്പെടുത്തുന്നു. ആവിക്കപ്പലില്‍ ഫസ്റ്റ് ക്ലാസ് ക്യാബിനിലായിരുന്നു യാത്രയെങ്കില്‍, ഉഫയില്നിന്ന് ചെല്യാബിന്സ്കിലേക്കുള്ള യാത്രയില്‍ തീവണ്ടിയില്‍ സെക്കന്‍ഡ് ക്ലാസ് ടിക്കറ്റാണ് എടുത്തത്. ഇത് അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതിയിലെ മാറ്റങ്ങളെക്കൂടി സൂചിപ്പിക്കുന്നുണ്ട്. ട്രാന്‍സ് സൈബീരിയന്‍ റെയില്‍വെയിലൂടെ അബ്ദുല്‍ റഷീദ് നടത്തിയ യാത്രകളിലുടനീളം നടന്ന മുസ്ലിം ഇതര വിഭാഗങ്ങളുമായുള്ള നിരവധി കൂടിക്കാഴ്ചകള്‍ യാത്രാവിവരണത്തില്‍ കാണാം. ഉഫയില്നിന്ന് തന്റെ കമ്പാര്‍ട്ടുമെന്റില്‍ കൂടെയുണ്ടായിരുന്ന ഒരാളെ അദ്ദേഹം ആദ്യം റഷ്യന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്തു; പ്രതികരണമൊന്നും ലഭിക്കാതായപ്പോള്‍ ഫ്രഞ്ചില്‍ സംസാരിച്ചു. സഹയാത്രികന് അതിനോട് പ്രതികരിച്ചു. അബ്ദുല്‍ റഷീദിന് ഫ്രഞ്ച് വശമില്ലാതിരുന്നിട്ടും, ആ സഹയാത്രികന് തന്റെ പക്കലുള്ള റഷ്യന്‍-ഫ്രഞ്ച് നിഘണ്ടു ഉപയോഗിച്ച് അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിച്ചുകൊണ്ടേയിരുന്നു. പിന്നീട് ഇവര്‍ക്കൊപ്പം മൂന്നാമതൊരാള്ക്കൂടി ചേരുകയുണ്ടായി; ഒരു ഓസ്ട്രിയക്കാരന്. അദ്ദേഹത്തിന് ഫ്രഞ്ചോ റഷ്യനോ അറിയില്ലായിരുന്നു. ഏതൊക്കെയോ മാധ്യമങ്ങളില്‍ സംവേദനം നടത്തി മൂന്ന് പേരും ചെല്യാബിന്‍സ്ക് വരെ തുടര്‍ന്നു.
ഓംസ്കില്നിന്ന് ടോംസ്കിലേക്കുള്ള ട്രാന്‍സ് സൈബീരിയന്‍ റെയില്‍വെയുടെ അടുത്ത ഘട്ടത്തില്‍, തന്റെ പക്കലുണ്ടായിരുന്ന പത്രങ്ങളെല്ലാം വായിച്ചു തീര്‍ന്നപ്പോള്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യനാരംഭിച്ചുവദ്ദേഹം. സ്വാഭാവികമായും ഇത് മറ്റു യാത്രക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചു. വൈകാതെതന്നെ പോളണ്ടിലെ ലോഡ്സില്നിന്നുള്ള ഒരു വ്യാപാരിയുമായി അബ്ദുല്‍ റഷീദ് സംഭാഷണത്തിലേര്‍പ്പെട്ടു. മെഹ്ദി ഖുലി ഹിദായതിന്റെ അനുഭവങ്ങളെ അനുസ്മരിപ്പിക്കുംവിധം, ആ സംഭാഷണം ക്രിസ്ത്യന്‍-മുസ്ലിം വിശ്വാസപ്രമാണങ്ങള്‍ തമ്മിലുള്ള താരതമ്യത്തിലേക്കു നീങ്ങി. ത്രിയേകത്വവിശ്വാസത്തിന്റെ യുക്തിരാഹിത്യത്തെക്കുറിച്ചാണ് അബ്ദുല്‍ റഷീദ് വാദിച്ചത്. അല്പസമയത്തിനുശേഷം, മിഖായ്ലോഫ് എന്ന് റഷ്യന്‍ പേരില്‍ സ്വയം പരിചയപ്പെടുത്തിയ ഒരു ഏഷ്യക്കാരന് അവരുടെ സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ടുമെന്റിലേക്ക് കടന്നുവന്നു. സംസാരത്തിനിടയില്‍ താന്‍ സൈബീരിയയിലെ ആദിമ ഗോത്രവര്‍ഗമായ യാഖൂത് വംശജനാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത് അവരുടെ പൂര്‍വികര്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് വിശ്വാസത്തിലേക്കു മാറുന്നതിനുമുമ്പുണ്ടായിരുന്ന ഷാമനിസ്റ്റിക്, ബുദ്ധിസ്റ്റ് വിശ്വാസങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്കു നയിച്ചു. യൂറേഷ്യയുടെ മധ്യത്തിലൂടെ നീങ്ങുന്ന കോസ്മോപൊളിറ്റന്‍ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ ദീര്‍ഘനേരം ഒരേ ഇടത്തില്‍ കഴിയേണ്ടി വന്ന തീര്‍ത്ഥാടകര്‍ക്ക്, മുസ്ലിം ഇതര വിഭാഗങ്ങളുമായി ഇത്തരത്തില്‍ ഗഹനമായ ഇടപെടലുകള്‍ നടത്താന്‍ റെയില്‍ ഹജ്ജ് മുഖേന സാധ്യമായി.
റെയില്പ്പാളങ്ങളവസാനിക്കുന്ന വ്ലാഡിവോസ്റ്റോക്കില്‍ എത്തിയ അബ്ദുല്‍ റഷീദ്, അവിടെ റെയില്‍വെ പോര്‍ട്ടര്‍മാരായി ജോലി ചെയ്തിരുന്ന ദരിദ്രരായ കൊറിയക്കാര്ക്കൊപ്പമാണ് സമയം ചിലവഴിച്ചത്. അവരുടെ ദുരവസ്ഥയില്‍ സഹതാപം തോന്നിയ അദ്ദേഹം, തന്റെ ബാഗ് ചുമന്നതിന് ഒരാള്‍ക്ക് അര്‍ഹതപ്പെട്ടതിലും അധികം പണം നല്‍കുകയും അവരുടെ ദാരിദ്ര്യത്തിന്റെ മൂലകാരണങ്ങളെക്കുറിച്ച് റഷ്യന്‍ ഭാഷയില്‍ ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി അവിടെവെച്ച് റൊമാനിയക്കാരനായ ഹരാലംബുവിനെ അദ്ദേഹം കണ്ടുമുട്ടി; മുമ്പ് ഒഡേസയിലെ ജയിലില്‍ സഹതടവുകാരായിരുന്നു ഇരുവരും. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നുള്ള യാത്രക്കാരെ ഒന്നിപ്പിച്ച ട്രാന്‍സ് സൈബീരിയന്‍ റെയില്‍വേയിലെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളില്‍ ഒരു ചെറിയ ശതമാനം മാത്രമായിരുന്നു അബ്ദുല്‍ റഷീദ് കണ്ടുമുട്ടിയ ഈ മനുഷ്യര്‍. മിന്നസോട്ടയില്‍നിന്നുള്ള സ്കോട്ടിഷ് എന്‍ജിനീയര്‍ പീറ്റര്‍ കോപ്ലാന്ഡിനെപ്പോലുള്ളവരും ഇതേ പാതയിലൂടെ സഞ്ചരിച്ചിരുന്നു. മോസ്കോയ്ക്കും വ്ലാഡിവോസ്റ്റോക്കിനുമിടയിലുള്ള ആ തീവണ്ടിയാത്രയില്‍ ആരെയും കണ്ടുമുട്ടാമെന്ന് റെയില്‍ ഹാജിമാര്‍ മനസ്സിലാക്കി.
ട്രാന്‍സ് സൈബീരിയന്‍ റെയില്‍വെ അവസാനിച്ചെങ്കിലും അബ്ദുല്‍ റഷീദിന്റെ യാത്ര തീര്‍ന്നില്ല. മക്കയിലെത്തുന്നതിനുമുമ്പ് അദ്ദേഹം ജാപ്പനീസ് ആവിക്കപ്പലുകളിലും തീവണ്ടികളിലും യാത്ര ചെയ്തു. റഷ്യന്‍ തീവണ്ടികളുമായി അദ്ദേഹം അവയെ കൃത്യമായി താരതമ്യം ചെയ്യുകയും യൂറോപ്യന്‍, ജാപ്പനീസ് യാത്രികര്‍ക്കൊപ്പം സഹയാത്ര നടത്തുകയും ചെയ്തു. ജപ്പാനില്‍നിന്ന് കൊറിയയിലേക്കും, പിന്നീട് ബീജിംഗില്‍ ഒരു മാസത്തോളം അറബി ഭാഷ പഠിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ഷാങ്ഹായില്‍നിന്ന് ഏഷ്യ എന്ന ബ്രിട്ടീഷ് ആവിക്കപ്പലില്‍ ഹോങ്കോംഗ്, സിംഗപ്പൂര്‍, ബോംബെവഴി അദ്ദേഹം യാത്ര തുടര്‍ന്നു. ഏഷ്യ മുഴുക്കെ പടര്‍ന്ന ഈ യാത്രയില്‍ മുസ്ലിം ഇതരരെ മാത്രമല്ല, സവിശേഷവും വൈജാത്യവുമായ വീക്ഷണങ്ങളുള്ള മുസ്ലിംകളെയും അദ്ദേഹം കണ്ടുമുട്ടി.
ഹോങ്കോംങില്നിന്നുള്ള കപ്പല്‍ യാത്രയില്‍ ശിയാ-സുന്നി ഭിന്നതയെക്കുറിച്ച് തര്‍ക്കിച്ച ഒരു ഇറാനിയെയും, സിംഗപ്പൂരില്‍വെച്ച് ഇസ്ലാമിക ഐക്യത്തെക്കുറിച്ച് ആവേശത്തോടെ സംസാരിച്ച ഇന്ത്യന്‍ ബോറ മുസ്ലിമിനെയും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. മക്കയിലെത്തുമ്പോള്‍ അബ്ദുല്‍ റഷീദിനെ അനുഗമിച്ച് ജാപ്പനീസ് പുതുമുസ്ലിമായ യമാവോക്ക ഉമര്‍ എഫന്ദിയുമുണ്ടായിരുന്നു. ലോകത്തിന്റെ വിവിധദേശങ്ങളെ സന്ദര്‍ശിക്കുകയും ജപ്പാനിലെ ഏഷ്യയുടെ സ്വതന്ത്രമായ ആധുനികവല്‍ക്കരണത്തിന് സാക്ഷിയായതിനുംശേഷം, മക്ക കാണുകയെന്നാല്‍ അബ്ദുല്‍ റഷീദിനെ സംബന്ധിച്ചിടത്തോളം നൈരാശ്യകരമായ അനുഭവമായിരുന്നു. മക്കയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വളരെ കൂടുതലായിരുന്നു, അടിസ്ഥാന സൗകര്യങ്ങളാവട്ടെ പരിമിതമായിരുന്നു. പരിതാപകരമായിരുന്നു അവയുടെ സ്ഥിതി. വേണ്ടത്ര ശൗച്യാലയങ്ങള്‍ പോലുമില്ലാതിരുന്നതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് മലമൂത്രവിസര്ജ്ജ്യങ്ങള്ക്കിടയിലൂടെ നടക്കേണ്ടി വന്നു. ഒടുവില്‍ യമാവോക്ക ഉമറിന് കടുത്ത രോഗം ബാധിച്ചപ്പോള്‍, പുതിയ ഹിജാസ് റെയില്വെവഴിയാണ് അവര്‍ രക്ഷപ്പെട്ടത്.
ഈ യാത്രകളും അനുബന്ധ അനുഭവങ്ങളും അതാതു വ്യക്തികളെ ആവി യുഗത്തിലെ ഇസ്ലാമിനെയും ഇസ്ലാമിക ജീവിതരീതികളെയും കുറിച്ചുള്ള കേവല ധാരണകളെ ലഘൂകരിക്കാന്‍ സഹായിച്ചു. മിക്ക തീര്‍ത്ഥാടകരും കടന്നുപോയിരുന്നത് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൂടെയോ ഭരണപ്രദേശങ്ങളിലൂടെയോ ആയിരുന്നില്ല; മുസ്ലിം ഇതരര്‍ ഭരിക്കുന്ന, ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാത്ത ആശയങ്ങളും സാങ്കേതികവിദ്യകളും രാഷ്ട്രീയ രൂപങ്ങളും നിലനില്‍ക്കുന്ന പുതിയ തരം നഗരങ്ങളിലൂടെയായിരുന്നു. അബ്ദുല്‍ റഷീദ് ഇബ്റാഹിമിന്റെ യാത്രവിവരണം വ്യക്തമാക്കുന്നതുപോലെ, യാത്രയിലുടനീളം കണ്ട ആധുനികവും സുസംഘടിതവുമായ നഗരങ്ങളും യാത്രയുടെ ഒടുവില്‍ കണ്ട രോഗപ്പകര്‍ച്ചാ സാധ്യതകളേറിയ അവികസിതമായ പുണ്യനഗരവും തമ്മിലുള്ള വൈരുധ്യം തീര്‍ത്ഥാടകര്‍ക്ക് വേദനാജനകമായ ഒരു അനുഭവമായിരുന്നിരിക്കണം. ഭൗതികാര്‍ഥത്തില്‍ ആവിക്കപ്പലുകളിലും തീവണ്ടികളിലുമുള്ള ഹജ്ജ് സുഗമമവും സുഖദവുമായ യാത്ര പ്രദാനം ചെയ്തെങ്കിലും, മനഃശാസ്ത്രപരവും ആത്മീയവുമായ തലങ്ങളില്‍ അത് തീര്‍ഥാടകര്‍ക്കു മുന്നില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തി. മെഹ്ദി ഖുലി ഹിദായതിനെപ്പോലുള്ള തീര്ത്ഥാടകര്ക്കാവട്ടെ, ഹജ്ജ് എന്നത് ഇസ്ലാമിന് അപ്പുറമുള്ള ഒരു ലോകത്തെ കണ്ടെത്താനുള്ള ഉപാധിയുമായി.
