തോടുമുറിച്ച്
അമ്മായീടെ പെരേക്കോടുമ്പോ
കൊട്ടിക്കയറുന്ന ദഫിന്റെ
മുറുക്കം
അക്കരെന്നു
കൈപിടിക്കും.
കൊട്ടുകാണാനോടുന്നു;
ഇസ്തിരിപ്പെട്ടികൾ
കുത്തനെ നിർത്തിയിട്ടു
രണ്ടു കൈകൾ,
ചായകൂട്ടുന്ന
വീതനയിലെ വെമ്പൽ.
ഉടുത്തു തീരാത്ത
ഡബിൾ മുണ്ടിന്റെ കരകാണാ കനൽ.
ആടിക്കൊണ്ടിരുന്ന
ചാരുകസേരയുടെ ദ്രുതനൃത്തം.
അടക്കപെറുക്കുകയായിരുന്ന
കൈകളിലെ ചുളിവ്.
നബിയെക്കാണും
വെയിലു നിക്കാനൊഴിവില്ലാ മുറ്റത്തെ
ആൾത്തിരക്കിൽ
ദൂരേക്കു നോക്കിനിൽക്കുന്നോരുടെ കണ്ണുകളിൽ.
അറ്റത്തൂന്ന്
കൊട്ടിവരുന്നൊള്ളൂ.
ഒരു മൂലേന്ന്
ഏന്തിവലിഞ്ഞു നോക്കുമ്പോ കാണാം
ആയിരം തട്ടങ്ങളിൽ
പുറന്തിരിഞ്ഞുനിൽപ്പൂ കിനാപ്പാടം.
കാഴ്ചയിലേക്കു
കൊട്ടിക്കയറുന്നു
മദ്ഹ്, മാപ്പിളപ്പാട്ട്, ഖസീദകൾ.
വരിവരിയായൊഴുകുന്നു റാലി,
നന്ദിപ്പാട്ടു കെട്ടി
വിയർത്തൊലിച്ചു
ശ്വാസമെടുക്കുന്നു അനൌൺസ് വണ്ടി.
കണ്ണുനെറച്ച് പിഴിഞ്ഞ
നന്നാരിയുടെ ഞരമ്പിലിരിപ്പൂ
പെറ്റുതീർന്ന
വയറുകൾ
ഒരറ്റത്തൂന്നു കൊട്ടിത്തുടങ്ങുന്നു.
കുട്ടിയായി,
അരപ്പൊട്ടനായി
ദഫ് കൊട്ടുകാരുടെ താളത്തടത്തിൽ
പാളിനോക്കിയ
മദ്രസച്ചെക്കന്റെ നെഞ്ച്.
പിസ്ത പാർന്ന ഗ്ലാസുകൾ നീട്ടി
ദഫുകാർക്കു നേരുന്ന
ജലാശയങ്ങൾ മുറിച്ചുകടന്നു
വൈകിയെങ്കിലും
വീട്ടിലെത്തുമ്പോൾ
കല്ലിച്ചു കിടക്കുന്നു
കാലിൽ, നെഞ്ചിൽ:
നടന്നുതീരാത്ത ദൂരത്തിന്റെ ഒപ്പ്,
ഒരു കുഞ്ഞു മുടന്ത്.
