വ്യാഴാഴ്ചകളിൽ അസർ നമസ്കാരത്തിനുശേഷം തക്കിയക്കൽ നടക്കുന്ന അനുഷ്ഠാനമാണ് ഖാജാ ഖത്തം. കൊണ്ടോട്ടിയിൽവെച്ച് കൊല്ലങ്ങളായി നടക്കുന്ന ഈ അനുഷ്ഠാനത്തിൽ അവിചാരിതമായി പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു.


നിസ്കാരവും ഇതര ആരാധനകളും കൂട്ടമായി ചെയ്യുന്നതിനു പ്രത്യേക ശ്രേഷ്ഠതയുണ്ട് ഇസ്ലാമില്‍. പരസ്പര ഐക്യവും സഹവര്‍ത്തിത്വവും വര്‍ധിപ്പിക്കുന്നതിലും സ്വത്വബോധം വളര്‍ത്തുന്നതിലും ഇത്തരം കൂടലുകള്ക്കു ചെറുതല്ലാത്ത പങ്കുണ്ട്. ഇത് മുഹമ്മദ് ഷാ തങ്ങള്‍ തുടങ്ങിവെച്ചതാണെന്നാണ് പറയപ്പെടുന്നത്. ഇതര മജ്ലിസുകളില്നിന്നും വിപരീതമായി ഔദ്യോഗിക ക്ഷണങ്ങളൊന്നുമില്ലെന്നതാണ് ഈ മജ്ലിസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏകദേശം ഇരുപത്തിയാറു വര്‍ഷമായിട്ടും മുടങ്ങാതെ മജ്ലിസിനെത്തുന്നവരെ അവിടെ കാണാനായി.


മജ്ലിസിൽ എണ്ണം പിടിക്കുന്ന രീതിയും വളരെ വ്യത്യസ്തമാണ്. ആമുഖമായ ഫാത്തിഹക്കും ദുആക്കുംശേഷം സ്വലാത്ത് ആരംഭിക്കുന്ന നേരത്ത് കൂട്ടത്തിലുള്ള ഒരാള്‍ പോയി ഒരു തുണിസഞ്ചി കൊണ്ടുവന്നു സദസിനു നടുവില്‍ ചൊരിയുന്നു. ഒരു പ്രത്യേക മരത്തിന്റെ വിത്തുകളാണ് അതില്‍ നിറയെ. ഈ മജ്ലിസിന്റെ അത്രതന്നെ പ്രായം കല്‍പ്പിക്കപ്പെടുന്ന വിത്തുകള്‍, ഓരോന്നു വീതം കൈപിടിയിലെടുത്ത് ഓരോ സ്വലാത്ത് ചൊല്ലിക്കഴിയുമ്പോഴും തിരിച്ച് സദസിന്റെ മധ്യത്തിലേക്കു നിക്ഷേപിക്കുന്നു.


സ്വലാത്തിനുശേഷം അവിടെ വിതരണം ചെയ്യുന്ന ചീരണി പലരും കൊണ്ടുവന്ന മധുര പലഹാരങ്ങള്‍ കൂട്ടിച്ചേര്‍ത്ത പലവകയാണ്. ഇതര മതസ്ഥരും സ്വലാത്തിനു പങ്കെടുക്കാത്തവരും ചീരണി നല്‍കാനും കൈപറ്റാനും ഇവിടെ എത്തുന്നുണ്ട്. സാമൂഹിക നന്മയും മതസൗഹാര്‍ദവും വളര്‍ത്തുന്ന മജ്ലിസില്‍ യുവാക്കളും നിത്യമായി പങ്കെടുക്കുന്നുണ്ടെന്നത് തുടര്‍ന്നും മൗലിദ് നിലനില്‍ക്കുമെന്നുള്ള സൂചന നല്‍കുന്നുണ്ട്.


