നിരീശ്വരവാദ പ്രത്രയശാസ്ത്രങ്ങള്ക്കും സെക്ഷ്വല്‍ റെവലൂഷനുകൾക്കും സൈദ്ധാന്തിക അടിത്തറ പാകിയ നാസ്തിക ദാര്‍ശനികനായ സിഗ്മെണ്ട് ഫ്രോയിഡ്, ധാര്‍മിക ബഹിഷ്കരണങ്ങളുടെയും നിയമങ്ങളുടെയും വിശിഷ്യാ, ലൈംഗിക ബഹിഷ്കരണങ്ങളുടെ ചരിത്രപരമായ ഉത്ഭവത്തെ മതത്തില്‍നിന്നും ദൈവത്തില്‍നിന്നും അടര്‍ത്തി സംസ്കാരങ്ങളുടെയും നാഗരികതകളുടെയും രൂപീകരണങ്ങളില്‍ പ്രതിഷ്ഠിച്ചുക്കൊണ്ട് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഗോത്രത്തിന്റെയും പിത്രധികാരത്തിന്റെയും ഒരു കഥ പറയുന്നുണ്ട്. അങ്ങേയറ്റം ഹിംസയും അസൂയയും നിറഞ്ഞ പിത്രധികാരം തന്റെ മക്കളെ പരസ്പരം ലൈംഗിക സംതൃപ്തി നേടുന്നതില്‍നിന്നും തടയുന്നുണ്ട്. പിതാവിനോടുള്ള ഭയത്താലും ബഹുമാനത്താലും ലൈംഗികമായി ബഹിഷ്കരിക്കപ്പെട്ട അവര്‍ ഒരു ദിവസം പിതാവിനെ കൊല്ലുകയും കുഴിച്ചുമൂടുകയും ചെയ്തു. അതോടെ അവർക്കു വിലക്കപ്പെട്ടിരുന്ന എല്ലാത്തരം ലൈംഗികമായ സുഖാസ്വാദനങ്ങളും ലഭ്യമായിത്തുടങ്ങി. ക്രമേണ പിതാവിനോടുള്ള അസൂയയും കോപവും ഒരു പരിധിവരെ കുറഞ്ഞെങ്കിലും മറ്റൊരു ഭീമമായ പ്രശ്നത്തെയാണ് അവര്‍ക്കു നേരിടേണ്ടിവന്നത്. തങ്ങളുടെ പിതാവിനെ കൊലപ്പെടുത്തിയതിലുള്ള അതിയായ കുറ്റബോധമായിരുന്നു അത്. ഈ കുറ്റബോധം പിത്രധികാരം ബഹിഷ്കരിച്ചതുപോലെത്തന്നെ ഒരു അദൃശ്യ ശക്തിയായി അവരെ സ്വയം ബഹിഷ്കരിക്കുന്നതിലേക്കു വഴിനടത്തി. അങ്ങനെയാണ് അഗമ്യഗമനത്തിന്റെ ഈ പ്രശ്നം ബഹിഷ്കരണത്തിന്റെ പുതിയ നിയമമായി മാറുന്നത്. മൃഗബലിപോലുള്ള മതകീയ ആചാരങ്ങളിലേക്കും പിതാവിന്റെ ഈ അദൃശ്യ സാന്നിധ്യം നയിക്കുന്നതായി ഫ്രോയിഡ് കരുതുന്നു.
എന്താണ് മതേതരത്വത്തിലും പോസ്റ്റ് സെക്കുലറിസത്തിലും ഫ്രോയിഡ് പറഞ്ഞ ഈ കഥയുടെ പ്രസക്തി? കൊലചെയ്യപ്പെട്ട പിത്രധികാരം മുമ്പത്തെക്കാള്‍ വളരെ ശക്തമായി ബഹിഷ്കരണത്തിന്റെ ഒരു അദൃശ്യ പ്രതീകമായി തിരിച്ചുവന്നതാണ് നാം കണ്ടത്. “ദൈവം മരിച്ചു, ഞങ്ങള്‍ കൊന്നു” എന്നിങ്ങനെയുള്ള പ്രസ്താവനകളിലൂടെ ദൈവത്തിന്റെയും മതത്തിന്റെയും അന്ത്യം രേഖപ്പെടുത്തിയ ആധുനികതയുടെ പ്രഖ്യാപനങ്ങളെ പ്രതിസന്ധിയിലാക്കി പിത്രധികാരത്തെപോലെ വളരെ ശക്തിയുള്ള അദൃശ്യ സാന്നിധ്യമായി മതവും ദൈവവും പൊതുവില്‍ തിരിച്ചു വന്നുവെന്നതാണു വസ്തുത. ദൈവശാസ്ത്രത്തിന്റെ തിരിച്ചു വരവിനെപ്പറ്റി ഗഹനമായ പഠനം നടത്തിയ കാള്‍ ഷ്മെത്തിന്റെ വീക്ഷണത്തില്‍ സമകാലിക പാശ്ചാത്യലോകം അവകാശപ്പെടുന്ന മതേതര ആധുനികത എന്ന ആശയംപോലും ഒരു മിഥ്യയാണ്. കാരണം, ആധുനിക ഭരണകൂടത്തിന്റെ എല്ലാ പ്രധാനപ്പെട്ട സങ്കല്‍പ്പങ്ങളും മതേതരവല്‍ക്കരിക്കപ്പെട്ട ദൈവശാസ്ത്ര സങ്കല്പങ്ങളാണെന്നു സ്മിത്ത് വാദിക്കുന്നു. അഥവാ, ദൈവശാസ്ത്രത്തില്‍ ദൈവം സര്വശക്തന് ആകുന്നതുപോലെ ആധുനിക ഭരണകൂടത്തില്‍ പരമാധികാരം സര്വശക്തന് എന്ന സ്ഥാനം വഹിക്കുന്നു. അതുകൊണ്ടുതന്നെ മരിച്ചുവെന്നും സ്വകാര്യവല്ക്കരിക്കപ്പെട്ടുവെന്നും മതേതരത്വം അവകാശപ്പെടുന്ന മതം പിത്രധികാരത്തെപോലെത്തന്നെ ഒരു ശക്തമായ അദൃശ്യ സാന്നിധ്യമായി തുടരുന്നുണ്ട് എന്ന് മനസ്സിലാക്കാം.
വാസ്തവത്തില്‍, സെക്കുലറിസം സമ്പൂര്‍ണമായും മതത്തെ പൊതുവീഥിയില്നിന്നും പുറത്താക്കിയില്ല. പകരം, ആന്തരികവത്കരിക്കുകയും ദൈവശാസ്ത്ര ഘടകങ്ങളെ മനഃശാസ്ത്രത്തില്‍ ഏകീകരിക്കുകയുമാണു ചെയ്തതെന്നു പറയാം. ദൈവം മരിക്കാതെ അബോധത്തില്‍ തുടരുന്ന മനോവിശ്ലേഷന സിദ്ധാന്തമാണ് (Psycho analysis theory) ഴാക്ക് ലക്കാനും സിഗ്മണ്ട് ഫ്രോയിഡും പങ്കുവെക്കുന്നത്. ആഗോളതലത്തിലുള്ള ഈ മതത്തിന്റെ സാന്നിധ്യത്തെയാണു പോസ്റ്റ് സെക്കുലര്‍ പഠനങ്ങള്‍ തിരിച്ചറിയുന്നതും വ്യവഹാരങ്ങളിലൂടെ പ്രദര്‍ശന വിധേയമാക്കുന്നതും. അധിനിവേശ കാലഘട്ടത്തിലും അതിനുശേഷവും മുഖ്യധാരാ വ്യവഹാരങ്ങളില്‍ മതേതരത്വം ഇസ്ലാമിനെക്കുറിച്ചുള്ള വായനകളെ പുനഃപരിശോധിക്കുകയും ഒരു നിഷ്പക്ഷ വായനയെ പ്രതിനിധാനം ചെയ്തുമാണു പോസ്റ്റ് സെക്കുലറിസം ഇസ്ലാമിനകത്തു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ശീതയുദ്ധാനന്തര കാലഘട്ടത്തിലാണ് ഇസ്ലാമിനെതിരെ ഒരു മുഖ്യ രാഷ്ട്രീയ പ്രമേയമായി സെക്കുലറിസം എന്ന സംവര്‍ഗം ആഗോള സാഹചര്യത്തില്‍ വികസിക്കുന്നത്. മുതലാളിത്തത്തിന്റെ മുഖ്യ പ്രതിസ്ഥാനത്തു നിലനിന്നിരുന്ന കമ്മ്യൂണിസം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ പിന്വാങ്ങിയതോടുകൂടിയാണു 'പുതിയ അപരന്' എന്ന ലേബലില്‍ ഇസ്ലാം പൊതു വ്യവഹാരങ്ങളില്‍ കടന്നുവരുന്നത്. മുതലാളിത്ത പാശ്ചാത്യ ലോകവും ഇസ്ലാമും തമ്മിലുള്ള ആശയ ധൈഷണിക ദ്വന്ദയുദ്ധമാണു സമകാലിക ചരിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇസ്ലാമിക സമൂഹങ്ങളെ ജനാധിപത്യവല്‍ക്കരിക്കാന്‍ എന്ന പേരില്‍ യൂറോ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ നടത്തിയ ഇറാഖ്, അഫ്ഗാന് അധിനിവേശം ഇത്തരമൊരു ദ്വന്ദയുദ്ധത്തിന്റെ മൂർത്തമായ അടയാളമാണ്. ആഗോള മുസ്ലിം സമൂഹത്തെ തകര്‍ത്തെറിഞ്ഞ അധിനിവേശ രാഷ്ട്രീയം വാസ്തവത്തില്‍ നല്ല ഇസ്ലാം എന്ന ലേബലില്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ട മൃദു ഇസ്ലാമിനെ വിഭാവനം ചെയ്തത് ഇസ്ലാമിനെ അതിന്റെ പാരമ്പര്യത്തില്‍നിന്നും അടര്ത്തിനിര്ത്താനും സെക്കുലര്‍ ലിബറല്‍ ആശയങ്ങളോടുള്ള സംയോജന ശ്രമംകൂടിയായിട്ടായിരുന്നു. 'വെള്ളക്കാരന്റെ മാറാപ്പ്' എന്ന പഴയ കൊളോണിയല്‍ ന്യായീകരണത്തിന്റെ പരിവര്‍ത്തന വിധേയമാക്കപ്പെട്ട രൂപഭേദങ്ങളായാണു ‘ജനാധിപത്യവും നല്ല ഇസ്ലാമുമെ’ല്ലാം പുതിയ കോളനീകരണത്തിന്റെ ഭാഗമാകുന്നത്.
വാസ്തവത്തില്‍, അയുക്തി നിറഞ്ഞ മതസമൂഹങ്ങളെന്നും ബുദ്ധിമോശം കൈവന്ന ലോകമെന്നും വിളിക്കപ്പെട്ടിരുന്ന അധിനിവിഷ്ട സമൂഹങ്ങളില്‍നിന്നും ഉയര്‍ന്നുവന്ന ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങള്‍ 1970കളില്‍ രാഷ്ട്രീയ വിപ്ലവങ്ങള്‍ക്കു നേതൃത്വം നല്കിയതോടുകൂടി മതം സമൂഹത്തില്‍ വഹിക്കുന്ന കര്‍ത്തവ്യത്തിന്റെ പ്രാധിനിത്യം ആഗോളതലത്തില്‍ തിരിച്ചറിയപ്പെടുകയാണുണ്ടായത്. ഈ ചരിത്ര ഘട്ടത്തെ 'മതത്തിന്റെ മടങ്ങിവരവ്' എന്നാണ് പല ഗവേഷകരും ചിന്തകരും വിശേഷിപ്പിച്ചത്. ഈ തിരിച്ചുവരവ് പാശ്ചാത്യ, മതേതരത്വ ലോകത്തു വ്യാപകമാക്കിയ ഉത്കണ്ഠയും ഭീതിയും സെക്കുലറിസം ഇസ്ലാമിനെതിരെ മുഖ്യരാഷ്ട്രീയ പ്രമേയമായി വികസിക്കുന്നതിലേക്ക് അത്ര പ്രകടമല്ലാത്ത കാരണമായി വര്‍ത്തിച്ചിട്ടുണ്ട്. പൊതു വ്യവഹാരങ്ങളുടെ ഭാഗമായിത്തീര്‍ന്ന ഈ ഭീതിയും ഉത്കണ്ഠയും കോളനിയാനന്തര കാലഘട്ടത്തിലെ ഇസ്ലാം ഭീതിയുടെ മുഖ്യ സ്രോതസ്സായിരുന്നു. ഇസ്ലാമിക ലോകം പാശ്ചാത്യ ലോകം എന്നിങ്ങനെയുള്ള നാഗരികതകളുടെ സംഘര്‍ഷം, കാപ്പിറ്റലിസം, കമ്മ്യൂണിസം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളുടെ സംഘര്‍ഷത്തെ റീപ്ലേസ് ചെയ്തിരിക്കുന്നുവെന്ന സാമുവല്‍ പി. ഹണ്ടിങ്ടണിന്റെ 'നാഗരികതകളുടെ സംഘര്‍ഷം' (Clash of Civilizations) പോലെയുള്ള വ്യവഹാരങ്ങള്‍ തൊണ്ണൂറുകളില്‍ത്തന്നെ ഇസ്ലാമിനെ പാശ്ചാത്യ ലോകത്തിന്റെ മുഖ്യധാരാ പ്രതിസ്ഥാനത്തു നിര്‍ത്തിയിരുന്നു. തുടര്‍ന്ന് 9/11നുശേഷം ഭീമമായ സ്വാധീനമാണു ഹണ്ടിങ്ടണിന്റെ ആശയങ്ങള്‍ക്കു പാശ്ചാത്യ ലോകത്തു ലഭിച്ചത്. ഫ്രാന്‍സിലെ ശിരോവസ്ത്ര നിരോധന നിയമങ്ങള്‍, അമേരിക്കയിലെ ആന്റി ടെറര്‍ നിയമങ്ങള്‍ തുടങ്ങിയവ വ്യവഹാരിക തലത്തില്‍നിന്നു രാഷ്ട്രീയതലത്തിലേക്കു വ്യാപിച്ച ഇസ്ലാം ഭീതിയുടെ പ്രത്യാഘാതങ്ങളുടെ പ്രതിഫലനമാണ്. ഇത്തരമൊരു ആഗോള സാഹചര്യത്തിലാണു പോസ്റ്റ് സെക്കുലറിസം എന്ന സംവര്‍ഗം അക്കാദമിക തലങ്ങളില്‍ ഒരു അത്യാവശ്യമായി വികസിക്കുന്നതും ഇസ്ലാമിനെക്കുറിച്ചുള്ള മതേതരത്വ വായനകളെ പുനര്‍വിചിന്തനം നടത്തുന്നതും.
പോസ്റ്റ് സെക്കുലറിസവും മതത്തെക്കുറിച്ചുള്ള പുതുവായനകളും
2001 ഒക്ടോബറില്‍ ഹെബര്‍മാസ് നടത്തിയ വിജ്ഞാനവും വെളിച്ചവും എന്ന പ്രസംഗത്തിലാണ് ആദ്യമായി പോസ്റ്റ് സെക്കുലറിസം എന്ന സംവര്‍ഗം കടന്നുവരുന്നത്. സെക്കുലറിസത്തിന് ഇസ്ലാമിക ലോകവുമായി ഉള്ള സംവാദത്തിന്റെ സാധ്യത തുറക്കുന്ന ഒരു പദമായാണു ഹെബര്‍മാസ് പോസ്റ്റ് സെക്കുലറിസം എന്ന സംജ്ഞയെ യൂറോപ്യന്‍ സാഹചര്യത്തില്‍ അഭിമുഖീകരിക്കുന്നത്. മതം സമൂഹത്തില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചു സംസാരിക്കാന്‍ സെക്കുലര്‍ എന്ന ജ്ഞാനശാസ്ത്രത്തിനുള്ള പരിമിതിയാണു പോസ്റ്റ് സെക്കുലര്‍ എന്ന സംവര്‍ഗത്തെ അത്യാവശ്യമാക്കുന്നത് എന്ന് ആന്റ്രി യാകസ്റ്റെല്ലും നിരീക്ഷിക്കുന്നുണ്ട്. പോസ്റ്റ് സെക്കുലറിസത്തിനു നല്കാവുന്നതില് ഏറ്റവും സാധ്യതകൂടിയ നിര്‍വചനമാണ് ഈ നിരീക്ഷണം. അഥവാ, മതവും സെക്കുലറിസവും ഒന്നു മറ്റൊന്നിനുമേലെ വരുന്ന രീതിയില്‍ സമൂഹത്തെക്കുറിച്ചു നടത്തിയ അവകാശവാദങ്ങളെയും ചിത്രീകരണങ്ങളെയും പുതിയ ചരിത്രഘടനയില് പുനര്‍വിചിന്തനം നടത്താനുള്ള ശ്രമമാണു പോസ്റ്റ് സെക്കുലറിസം. സെക്കുലറിസം എന്ന ജ്ഞാനശാസ്ത്ര രാഷ്ട്രീയ വ്യവഹാരം പാശ്ചാത്യ ലോകത്ത് ഈ കാലമത്രയും നിര്‍മിച്ച വിഘടന കാഴ്ചപ്പാടുകളുടെ പൊളിച്ചെഴുത്തുകൂടിയാണു പോസ്റ്റ് സെക്കുലറിസത്തിന്റെ ലക്ഷ്യം.
മതവും മതേതരത്വവും തമ്മിലുള്ള മേല്‍-കീഴ് ബന്ധമാണു നീണ്ടകാല ചരിത്രത്തിന്റെ യാഥാസ്ഥിതികത. കോളനിയാനന്തര കാലഘട്ടത്തിന്റെ ആഗോള സാഹചര്യത്തിലെ മുസ്ലിം കുടിയേറ്റ പ്രതിസന്ധിയില്‍, സാംസ്കാരിക മത വൈവിധ്യമുള്ള കുടിയേറ്റ മുസ്ലിംകളെ ഉള്‍ക്കൊള്ളാന്‍ യൂറോപ്യന്‍ സ്ഥാപനങ്ങള്‍ക്കു കഴിയുമോ എന്ന ചോദ്യത്തെക്കാള്‍ മുസ്ലിം സമുദായങ്ങള്‍ക്കു യൂറോപ്പില്‍ അലിഞ്ഞുചേരാന്‍ കഴിയുമോ എന്നതിനാണ് ആധിപത്യം കിട്ടിയത്. ഇസ്ലാമിനെ യൂറോപ്പ് ഉള്‍ക്കൊള്ളണമെങ്കില്‍ യൂറോപ്പിന്റെ സെകുലര്‍ പാരമ്പര്യത്തെ ഇസ്ലാം ഒരിക്കലും തരംതാഴ്ത്തി കാണരുതെന്നതായിരുന്നു മതത്തിനുമേല്‍ അധീശത്വം സ്ഥാപിച്ചിരുന്ന സെക്കുലറിസത്തിന്റെ നിലപാട്. സെക്കുലറിസവും മതവും വിശിഷ്യാ, ഇസ്ലാമും തമ്മിലുള്ള മേല്‍-കീഴ് ബന്ധത്തെ നിരാകരിക്കുന്ന സമീപനമാണ് ഇന്നത്തെ പോസ്റ്റ് സെക്കുലര്‍ സംവാദങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നത്.
സെക്കുലര്‍, സെക്കുലറിസം, സെക്കുലറൈസേഷന്‍ എന്നിങ്ങനെ മൂന്നു രീതിയിലാണു പോസ്റ്റ് സെക്കുലര്‍ സമീപനങ്ങളില്‍ സെക്കുലറിസത്തെക്കുറിച്ചു പരാമർശിക്കപ്പെടുന്നത്. സെക്കുലര്‍ എന്നത് ഒരു ജ്ഞാനശാസ്ത്ര പദമാണ്. പതിമൂന്നാം നൂറ്റാണ്ടിലെ സെന്റ് അഗസ്റ്റിന്റെ പഠനത്തിലാണു ലാറ്റിന്‍ ഭാഷയില്‍ സെക്കുലര്‍ എന്ന പദം ആദ്യം കടന്നുവരുന്നത്. സെക്കുലര്‍ എന്ന പദത്തിലൂടെ ചര്‍ച്ചിനു പുറത്തുള്ള ലോകത്തെയായിരുന്നു സൂചിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍, സെക്കുലറിസത്തിനും സെക്കുലറൈസേഷനും വിപരീതമായി ക്രൈസ്തവ ലോകത്തിനകത്തുതന്നെ സാധ്യമായ ഒന്നായിരുന്നു സെക്കുലര്‍ എന്നത്. പക്ഷെ, സെക്കുലറിസത്തിന് ഒരു രാഷ്ട്രീയ മുഖമാണ് ഉള്ളത്. സെക്കുലറിസത്തെ സംബന്ധിച്ചിടത്തോളം വ്യത്യസ്ത നിര്‍വചനങ്ങളും വീക്ഷണങ്ങളുമാണു ചരിത്രകാരന്മാരും ചിന്തകരും പ്രതിപാദിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയില്‍ ഞങ്ങള്‍ നിരീശ്വരവാദികള്‍ അല്ല സെക്കുലറിസ്റ്റുകള്‍ ആണെന്നാണ് പല ഇംഗ്ലീഷ് സ്വതന്ത്ര ചിന്തകരുടെയും അവകാശവാദം. അത് അടിസ്ഥാനമാക്കി സെക്കുലറിസം നാസ്തികത അല്ല എന്നാണ് ഒവാമിർ അന്‍ജും വാദിക്കുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പിലെ മതയുദ്ധങ്ങളുടെ കാലഘട്ടത്തിലും പിന്നീടു കൊളോണിയല്‍ കാലഘട്ടത്തിലും സെക്കുലറിസം ദൈവശാസ്ത്രത്തിന്റെ അടിത്തറയില്‍നിന്ന് വിമോചിതമാവുകയും സാര്‍വത്രികമായി വികസിക്കുകയും ചെയ്തുവെന്നാണു ജോണ്‍ വല്ലാഹ് സ്കോട്ട് നിരീക്ഷിക്കുന്നത്. എന്നിരുന്നാലും, സെക്കുലറിസത്തെ പ്രധാനമായും ദൈവശാസ്ത്രത്തില്‍നിന്ന് വിമോചിതമാക്കിയ ഫ്രഞ്ചു വിപ്ലവം എന്ന ചരിത്ര സംഭവത്തിനു പക്ഷെ അധികാരത്തിന്റെ ദൈവശാസ്ത്രത്തെ മറികടക്കാന്‍ സാധിച്ചിരുന്നില്ല. ഹിംസ തീര്‍ച്ചയായും ഈ അനിശ്ചിതത്വം മറികടക്കാനുള്ള വഴിയായിരുന്നു. ഇസ്ലാമിനുമേല്‍ മുദ്രകുത്തുന്ന സെക്കുലര്‍ വ്യവഹാരത്തിന്റെതന്നെ ആരംഭത്തിലാണു ടെററിസം എന്ന വാക്കിന്റെതന്നെ തുടക്കം കുറിക്കപ്പെടുന്നത്.
ഫ്രഞ്ചു വിപ്ലവാനന്തരം ടെററിസ്റ്റ് എന്ന ലേബലിനെ സ്വന്തം അസ്ഥിത്വമായി സൂക്ഷിക്കുന്ന ജേക്കോബയിനുകള് നടത്തിയ 'ലെ ടെറര്‍' എന്ന അഴിഞ്ഞാട്ടമാണു സെക്കുലര്‍ ഹിംസയുടെ തുടക്കം. സമൂഹം പതുക്കെ മതത്തില്‍നിന്നും മതേതരത്വത്തിലേക്കു പരിവര്‍ത്തനം നടത്തുന്നുവെന്ന മാക്സ് വെബറിന്റെ വീക്ഷണമാണു സെക്കുലറൈസേഷന്‍. എന്നാല്‍, പ്രസ്തുത ചിന്താ വ്യവസ്ഥയുടെ പിന്മുറക്കാരായി കടന്നുവന്ന പലരും ഈ കാഴ്ചപ്പാടിനെ പുനർവിചിന്തനം നടത്തുകയും സമകാലിക സാഹചര്യാടിസ്ഥാനത്തിൽ അതിനെ നിരാകരിക്കുകയും ചെയ്യുന്നതു മതം സമൂഹത്തില്‍ വഹിക്കുന്ന പങ്കിനെകുറിച്ചുള്ള പുതിയ ധാരണകളുടെ അടിസ്ഥാനത്തിലാണ്. പോസ്റ്റ് സെക്കുലറിസവും അത് സാധ്യമാക്കിയ പരിവര്‍ത്തനങ്ങളെയും വായിക്കുമ്പോള്‍ തലാല്‍ അസദിന്റെ വായനകളും പ്രധാനപ്പെട്ടതാണ്. തന്റെ പഠനങ്ങളെ പോസ്റ്റ് സെക്കുലര്‍ പഠനങ്ങളെന്നോ താന്‍ ഒരു പോസ്റ്റ് സെക്കുലറിസ്റ്റ് ആണെന്നോ ഉള്ള അവകാശവാദം അസദ് ഉന്നയിക്കുന്നില്ലെങ്കിലും പോസ്റ്റ് സെക്കുലര്‍ ഇസ്ലാമിന് ഒരു വ്യക്തത ഉണ്ടാക്കിയതിൽ തലാല്‍ അസദിനു നിസ്തുലമായ പങ്കുണ്ട്. മതത്തിന്റെ വംശാവലി (Genealogies of religion) എന്ന തന്റെ പഠനത്തില്‍ മിഷേല്‍ ഫൂക്കോയുടെ ജീനിയോളജി എന്ന ആശയത്തില്‍നിന്നും മതത്തിന്റെ വംശാവലിയെക്കുറിച്ചു പഠനം നടത്തുന്ന അസദ് ഇക്കാലമത്രയും മതേതരത്വ വ്യവഹാരങ്ങള്‍ മതത്തിനു നല്കിപ്പോന്ന നിര്‍വചനങ്ങളെ നിരാകരിക്കുകയും അതിനെ മതത്തിനുമേലുള്ള സെക്കുലറിസത്തിന്റെ അധീശത്വ സ്വഭാവമായും തിരിച്ചറിയുന്നുമുണ്ട്.
പോസ്റ്റ് സെക്കുലറിസം എന്ന സംജ്ഞ ഒരര്‍ഥത്തില്‍ മതേതരത്വം നിര്‍മിക്കുന്ന മതത്തെകുറിച്ചുള്ള ധാരണകളെ വിമര്‍ശിക്കാനുള്ള രാഷ്ട്രീയ അവകാശത്തിനുവേണ്ടി നിലകൊള്ളുന്നൊരു പ്രത്യയശാസ്ത്രമാണ്. ഹിംസയുടെ ഉറവിടം, വിമര്‍ശനത്തിന്റെ അഭാവം, ചലനാത്മകമില്ലായ്മ എന്നിങ്ങനെ മതത്തിനെതിരായി സ്ഥാപിക്കപ്പെട്ട മതേതരത്വ വ്യവഹാരങ്ങളുടെ നിര്മികളെ പോസ്റ്റ് സെക്കുലര്‍ പഠനങ്ങള്‍ പുനര്‍വായന നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ സാമൂഹ്യ പ്രശ്നങ്ങളും മതത്തിന്റെ ഉത്തരവാദിത്തമായും അതിന്റെ പരിഹാര സാധ്യത സെക്കുലറിസത്തില്മാത്രമായും പ്രതിഷ്ഠിക്കുന്ന സെക്കുലര്‍ ആഖ്യാനങ്ങളെയാണു പോസ്റ്റ് സെക്കുലറിസം വെല്ലുവിളിക്കുന്നത്. മതേതര വ്യവഹാരങ്ങള്‍ നിര്‍മിച്ചെടുത്ത മതങ്ങള്‍ കൂടുതല്‍ സംഘര്‍ഷം ഉണ്ടാക്കുമ്പോൾ മതേതരത്വം കുറച്ചു സംഘര്‍ഷം ഉണ്ടാക്കുന്നു എന്ന സമവാക്യത്തെ പോസ്റ്റ് സെക്കുലര്‍ പഠനങ്ങള്‍ പ്രശ്ന വിധേയമാക്കുന്നുണ്ട്. ഫാഷിസം, നാസിസം, കൊളോണിയലിസം, മുതലാളിത്ത സാമ്രാജ്യത്വം, കമ്മ്യൂണിസം തുടങ്ങി മതേതര യൂറോപ്യന്‍ ഹിംസകളുടെ അളവില്‍ ഇസ്ലാം എന്ന പേരില്‍പ്പോലും നടക്കുന്ന ഹിംസകളുടെ അനുഭവം ലോകത്തിനില്ല. ഒരു പരിധികൂടി കടന്ന് 'മത ഹിംസ' എന്നത് ഒരു മതേതര നിര്‍മിതിയാണ് എന്നാണ് വില്യം കവനോ അഭിപ്രായപ്പെടുന്നത്. ഹിംസയെ മതത്തിന്റെമാത്രം സവിശേഷതയായി പറഞ്ഞുവെക്കുന്ന സെക്കുലര്‍ വ്യവഹാരങ്ങളെ നിരാകരിച്ചുക്കൊണ്ടു ലോകത്തു നടക്കുന്ന ഹിംസകളുടെ കാര്യത്തില്‍ മത/മതേതരത്വ ഹൈബ്രിഡിറ്റിയാണു കവനോ പറഞ്ഞുവെക്കുന്നത്.
ഹിംസ ആധാരമാക്കിയുള്ള ഇത്തരം സെക്കുലര്‍ ലിബറല്‍ ആഖ്യാനങ്ങള്‍ ഇസ്ലാമിനകത്തു കാര്യമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമായിട്ടുണ്ട്. ഇസ്ലാമിലേക്കുമാത്രമായി പ്രതിഷ്ഠിക്കുന്ന ഈ സാമ്രാജ്യത്വ നിര്‍മിതിയെ മുസ്ലിംകളിലെ പല ലിബറല്‍ സെക്കുലറിസ്റ്റുകളും ഏറ്റെടുക്കുകയും ഇസ്ലാമിനെ അതിന്റെ പാരമ്പര്യ സത്തയില്‍നിന്നും വേര്‍പ്പെടുത്തി ഹിംസാത്മക ഇസ്ലാമിനെ മതേതര ഇസ്ലാമായി പരിഷ്കരിക്കുന്നതിനുള്ള സാമ്പത്തികവും പ്രത്യയശാസ്ത്രപരവുമായ സഹായങ്ങള്‍ തേടുന്നതായും സബാ മഹ്മൂദ് നിരീക്ഷിക്കുന്നുണ്ട്.
ക്രിസ്റ്റ്യാനിറ്റിയില്നിന്നും വിഭിന്നമായി സെക്കുലറിസത്തിനു കീഴ്പ്പെടാതെ നിലനില്‍ക്കുന്ന ഇസ്ലാമിനെ മതേതരത്വവല്ക്കരിക്കേണ്ടത് ഇസ്ലാം അല്ലാത്ത എല്ലാ സെക്കുലര്‍ മോഡേണ്‍ സംവിധാനങ്ങളുടെയും അജണ്ടകളുടെ ഭാഗമാണ്. ഇസ്ലാമിനെ പരിഷ്കരിക്കാനുള്ള ലിബറല്‍, സെക്കുലര്‍ മുസ്ലിംകളുടെ മുറവിളികള്‍ക്ക് ബുഷ് ഗവണ്മെന്റും ക്രിസ്ത്യന്‍ വലതുപക്ഷവും സയണിസ്റ്റു ലോബിയും അവരുടേതായ നേട്ടങ്ങള്‍ക്കുവേണ്ടി സാമ്പത്തികവും പ്രത്യയശാസ്ത്രപരവുമായ സഹായങ്ങള്‍ നല്കി. മതേതരത്വത്തെയും അതിന്റെ വ്യവഹാരങ്ങളെയും വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റ് സെക്കുലര്‍ പഠനങ്ങളുടെ കടന്നുവരവ് ഇത്തരം നീഗൂഢതകൾക്കെതിരെ ആശ്വാസമാണെങ്കിലും കൃത്യമായ രാഷ്ട്രീയ പദ്ധതിയുടെ സാന്നിധ്യം ഇസ്ലാമിന്റെ നിലനില്‍പ്പിനു നിര്‍ണായകമാണ്. 9/11 കാലഘട്ടത്തിലെ പ്രധാന വാദം ഇസ്ലാം മാത്രമാണ് ആഗോള ഹിംസയുടെ മുഖ്യ സ്രോതസ്സ് എന്നതായിരുന്നു.
സ്റ്റേറ്റിന്റെ വയലന്‍സിനെ നീതീകരിച്ചുക്കൊണ്ടും അവയല്ലാത്തതിനെ വിശിഷ്യാ ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന ഹിംസകള്‍ എതിര്ക്കപ്പെടേണ്ടതുമാണെന്ന വ്യവഹാരങ്ങളെ തലാല്‍ അസദ് തന്റെ പഠനങ്ങളില്‍ കാര്യമായി വിമര്‍ശിക്കുന്നുണ്ട്. On suicide bombing എന്ന തന്റെ പഠനത്തില്‍, സ്റ്റേറ്റ് നിര്‍മിക്കുന്ന വയലൻസിന്റെ പകുതിപോലുമില്ലാത്ത മതത്തിന്റെ പേരിലുള്ള ഹിംസകളെക്കുറിച്ച് അസ്വസ്ഥപ്പെടുത്തുന്ന ധാരണകളെ നിര്‍മിക്കുന്നതിലൂടെ സെക്കുലര്‍ വ്യവഹാരങ്ങള്‍ സ്റ്റേറ്റിന്റെ വയലന്‍സിനെ ഇരുളിൽ അടക്കുകയാണു ചെയ്യുന്നത്. അതിലുപരി, ദേശ രാഷ്ട്രങ്ങളുടെ കൊളോണിയൽ അധിനിവേശങ്ങളെല്ലാംതന്നെ ന്യായീകരിക്കപ്പെടുന്നത് ഇസ്ലാമിനെതിരെ ഭീകരതയെകുറിച്ചു തീസിസ് നിർമിക്കുന്നതിലൂടെയുമാണ്.
വിമര്‍ശനത്തെയും യുക്തിചിന്തയെയും മതേതരത്വത്തിന്റെ ഭാഗമായിമാത്രം കുത്തകവല്ക്കരിച്ചും മതത്തെ പലപ്പോഴും വിമര്‍ശനാത്മക ചിന്തയും യുക്തിയും കൈമോശം വന്ന വിമര്‍ശന വസ്തുവായും ചിത്രീകരിക്കുന്ന സെക്കുലര്‍ ജ്ഞാന വ്യവഹാരങ്ങളെ പുതിയകാലത്തെ പോസ്റ്റ് സെക്കുലര്‍ പഠനങ്ങള്‍ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. വിമര്‍ശനത്തെ മുഖ്യമായും ജ്ഞാനോദയത്തിലേക്കും ഇമ്മാനുവല്‍ കാന്റ്, ഹെഗല്‍, കാള്‍ മാര്‍ക്സ് തുടങ്ങിയ മതേതര ചിന്തകരിലേക്കും ഏകീകരിക്കുകയാണു മതേതരത്വ വ്യവഹാരങ്ങള്‍ ചെയ്യുന്നത്. പുതിയ കാലത്തെ സല്മാന് റുഷ്ദി വിവാദവും 1979ലെ റുഷ്ദിക്കെതിരെയുള്ള ഖുമൈനിയുടെ ഫത്വയുമെല്ലാം ആഗോളതലത്തില്‍ ഇസ്ലാമിന്റെ വിമര്‍ശനവുമായി ബന്ധപ്പെട്ട മതേതരത്വ ആഖ്യാനങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. റിലീജിയന്‍ ആസ് ക്രിറ്റിക്ക് എന്ന തന്റെ പഠനത്തില്‍ ഇത്തരം സെക്കുലര്‍ വ്യാവഹാരിക നിര്‍മിതികള്‍ക്കെതിരെ ഒരു പോസ്റ്റ് സെക്കുലര്‍ വിമര്‍ശനം ഉയര്‍ത്തിയ ചിന്തകനാണ് ഇര്ഫാന് അഹ്മദ്. ഇസ്ലാമിനെ ഒരു വിമര്‍ശന അഭാവ കേന്ദ്രമായിക്കാണുന്നതിനെ ചരിത്രപരമായി വ്യക്തമില്ലാത്തതും കൊളോണിയല്‍ ജ്ഞാനശാസ്ത്രത്തിനകത്തു രൂപപ്പെട്ടതുമായിട്ടാണ് ഇര്ഫാന് അഹ്മദ് വിലയിരുത്തുന്നത്. ഇസ്ലാമിന് അതിന്റെതായ വിമര്‍ശന പാരമ്പര്യമുണ്ട്. കേവലം ദിവ്യത്വത്തില്‍ ഊന്നിയ ഒരു മതസംഹിത എന്നതിലപ്പുറം ഒരു പൂര്‍ണമായ സാമൂഹിക സംവിധാനമാണ് ഇസ്ലാം.
അടിസ്ഥാന തത്വങ്ങളില്‍നിന്ന് വ്യതിചലിക്കാതെ പുതിയ സംഭവ വികാസങ്ങളില്‍ ഇസ്ലാമിക പണ്ഡിതര്‍ നടത്തുന്ന ചര്‍ച്ചകളും സംവാദങ്ങളുമാണ് ഇസ്ലാമിക നിയമസംഹിതകളെ വികസിപ്പിച്ചെടുക്കുന്നത്. ഏറ്റവും കൂടുതല്‍ മഹത്വം കല്‍പ്പിക്കപ്പെടുന്ന ഇജ്തിഹാദുപോലോത്ത പ്രക്രിയകളെക്കുറിച്ച് ഒന്നുമറിയാത്തവരാണ് വാസ്തവത്തില്‍ ഇസ്ലാമില്‍ വിമര്‍ശനമില്ല എന്ന് വാദിക്കുന്നത്. അബുല്‍ കലാം ആസാദിനെ ഉദ്ധരിക്കുന്ന ഇര്ഫാന് അഹ്മദ് മതത്തിന്റെ ചരിത്രംതന്നെ ഈ പറയുന്ന സെക്കുലര്‍ നിര്‍മിതികള്‍ക്ക് എതിരാണെന്നാണു വാദിക്കുന്നത്. പ്രവാചകന് മുഹമ്മദ് നബി ആ കാലത്തെ സമൂഹത്തിന്റെ ആന്തരിക ബാഹ്യ വിമര്‍ശകനായാണ് അവതരിപ്പിക്കപ്പെടുന്നത്. വിമര്‍ശനത്തെ കുത്തകവല്ക്കരിക്കുന്ന സെക്കുലര്‍ വ്യവഹാരങ്ങള്‍ക്കെതിരെ ഇത്തരമൊരു ജ്ഞാനശാസ്ത്ര തിരിച്ചറിവാണു പോസ്റ്റ് സെക്കുലറിസം ഇസ്ലാമിക പഠനങ്ങള്ക്കകത്തു സാധ്യമാക്കുന്നത്. വിമര്‍ശനത്തിന്റെ വംശാവലിയെ യൂറോപ്യന്‍ വ്യവസ്ഥയ്ക്കു പുറത്ത് സാധ്യമാക്കുംവിധം നിര്‍മിക്കാനുള്ള ഒരു അപകോളനീകരണ പ്രോജക്റ്റാണ് ഇര്ഫാന് അഹ്മദിന്റെ പഠനം.
വാസ്തവത്തില്‍ പോസ്റ്റ് സെക്കുലറിസം എന്ന സംവര്‍ഗം മതേതരത്വത്തിന്റെ വിമര്‍ശനത്തിനായി നിലകൊള്ളേണ്ടതുണ്ട്. കാരണം, സെക്കുലറിസത്തിന്റെ അധികാരത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളുടെ അഭാവം പലപ്പോഴും മതത്തെ ഒരു ആരോപണ സ്ഥലമായി മാറ്റുന്നുണ്ട്. ഈ തന്ത്രത്തിൽ വിമര്‍ശനങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള ശേഷിയും അധികാരവുമാണു സെക്കുലറിസം പ്രകടമാക്കുന്നത്.
2001നുശേഷമാണു ലിംഗസമത്വവും ഫെമിനിസവും സെക്കുലറിസത്തിന്റെ ഭാഗമാകുന്നതും ലിംഗത്തെക്കുറിച്ചും സ്ത്രീകളെക്കുറിച്ചുമുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാടുകളെ പ്രതിസ്ഥാനത്തു നിർത്തുന്നതും. സെക്കുലര്‍ സ്റ്റേറ്റുകളെല്ലാംതന്നെ ഫെമിനിസത്തെ പിന്തുണക്കുകയും ഇസ്ലാമിനെ വിമർശന വിധേയമാക്കുകയും ചെയ്യാൻ ആരംഭിച്ചു. എന്നാല്‍, ഫെമിനിസവും ലിംഗ സമത്വവും നല്ല ബന്ധമല്ല നൂറ്റാണ്ടുകളുടെ സെക്കുലര്‍ ചരിത്രത്തില്‍ പുലര്‍ത്തിയിരുന്നത്. ഫ്രഞ്ചു വിപ്ലവത്തോടെ മുഖ്യധാരാ പൊതുവില്‍ വികസിച്ച മതേതരത്വം വര്‍ഗ ശ്രേണീകരത്തെ തകര്‍ത്തെങ്കിലും ആണ്കോയ്മയെ അതിന്റെ സവിശേഷ സാഹചര്യത്തില്‍ നിലനിര്‍ത്തിയിരുന്നു. ‘Declaration of right of man and citizen’ എന്നായിരുന്നു ഫ്രഞ്ചു വിപ്ലവത്തിന്റെ പ്രകടന പത്രികപോലും. ഇതിനെതിരെ ഒളിബെ ഡി ഗോഗ്സെ ‘Declaration of rights of woman and citizen’ പുറത്തിറക്കി പ്രതിഷേധിച്ചെങ്കിലും അതെല്ലാം വോട്ടവകാശത്തിനും തുല്യ വേതനത്തിനും യൂറോപ്പിലെ സെക്കുലര്‍ ഭരണകൂടങ്ങള്‍ക്കു കീഴില്‍ സ്ത്രീകള്‍ നടത്തിയ നൂറ്റാണ്ടുകളുടെ പ്രതിഷേധങ്ങള്പ്പോലെ ഒന്നു മാത്രമായി.
ലിംഗ സമത്വത്തിനെതിരായി ആണ്കോയ്മയെ നിലനിർത്തിയ മതേതരത്വം പുതിയ സാഹചര്യത്തില്‍ ഇസ്ലാമിനെതിരായി ലിംഗ സമത്വത്തെ കൂട്ടുപിടിച്ചതു കപടതയാണ്. മതേതരത്വത്തിന്റെ ഈ ഒരു വിരോധാഭാസം ലിംഗ സമത്വത്തിലെ സമത്വത്തെ എങ്ങനെ നിര്‍വചിക്കാം എന്നതിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഒടുവില്‍, എന്താണോ 'ഇസ്ലാം' അല്ലാത്തത് അതാണ് ലിംഗസമത്വം എന്ന കേവല നിര്വചനത്തിലേക്കാണു മതേതരത്വ വ്യവഹാരങ്ങള്‍ എത്തിച്ചേർന്നത്. വാസ്തവത്തില്‍, യൂറോപ്പിന്റെമാത്രം അനുഭവത്തില്‍നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് അത്തരം ധാരണകൾ. എന്നാല്‍, യൂറോപ്പിന്റെ ചരിത്രത്തെ സര്‍വ ലൗകിക ചരിത്രമായി പ്രതിഷ്ഠിക്കുന്ന മതേതരത്വ വ്യവഹാരങ്ങളെ ഇസ്ലാമിക പരിസരത്തുനിന്നും വിമര്‍ശന വിധേയമാക്കേണ്ടതുണ്ട്. ക്രിസ്റ്റ്യാനിറ്റിയിൽനിന്നും വ്യത്യസ്തമായി ദൈവിക ലൗകിക-സംയോജനം ഇസ്ലാമിന്റെ ദൈവശാസ്ത്രാശയങ്ങള്ക്ക് അന്യമായതിനാല്ത്തന്നെ ചര്‍ച്ച്-സ്റ്റേറ്റ് ദ്വന്ദം ഇസ്ലാമിനകത്തു നിലനില്ക്കുന്നില്ല. അഥവാ, മതേതരത്വം പാശ്ചാത്യ ലോക ക്രമത്തില്‍ അത്യാവശ്യമാണെന്ന നിര്‍ണയ വാദത്തിന് ഇസ്ലാമില്‍ സ്ഥാനമില്ല. ചുരുക്കത്തില്‍, മതേതരത്വവും ഇസ്ലാമും തമ്മിലുള്ള ഈ പ്രശ്നപരിസരമാണ് ആധുനികതയുടെ സവിശേഷ സാഹചര്യത്തില്‍ മതേതരത്വം ഇസ്ലാമിനെ പ്രശ്നവല്‍ക്കരിക്കുന്നതും ആദ്യകാലത്തു മതേതരത്വത്തിന്റെതന്നെ പ്രശ്നമായിരുന്ന ലിംഗ സമത്വത്തെയും സ്ത്രീയെയും ഇസ്ലാമിനെതിരെ പുതിയ സാഹചര്യത്തില്‍ വികസിപ്പിച്ചെടുക്കുന്നതും.
