സൂഫി കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്നതിലും പുതിയ ആത്മീയ ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിലും ഹജ്ജ് നിർവഹിക്കുന്ന സാമൂഹികമായ പങ്ക് ചെറുതല്ല. ഹജ്ജ് തീർത്ഥാടകർക്കിടയിലെ പരസ്പര ഇടപെടലുകളെ മുൻനിർത്തി പൊതുവായതും സവിശേഷവുമായ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. വ്യക്തിപരമായ ആത്മീയ അനുഭൂതികൾക്കപ്പുറം, തീർത്ഥാടന പാതകൾ എങ്ങനെയാണ് വിഭിന്ന ജനവിഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും അവരുടെ സാമൂഹിക ലോകവീക്ഷണങ്ങളെ പുനഃക്രമീകരിക്കുകയും ചെയ്തതെന്നാണ് അത്തരം പഠനങ്ങളിലെ പ്രധാന വിലയിരുത്തൽ. ഇവിടെ ചില ആലോചനകൾ പ്രസക്തമാകുന്നു: ആത്മീയതയിലൂന്നിയ ഒരു തീർത്ഥാടനത്തെ എങ്ങനെയാണ് ഒരു സാമൂഹിക പ്രക്രിയയായി വിലയിരുത്താൻ സാധിക്കുക? വൈയക്തികമായ പരലോക മോക്ഷത്തിനപ്പുറം, ഹജ്ജ് എങ്ങനെയാണ് തസവ്വുഫിൽ ഒരു കൂട്ടായ അനുഷ്ഠാനമായി മാറുന്നത്?
മേൽപ്പറഞ്ഞ ചോദ്യങ്ങളെ കൃത്യമായി മനസ്സിലാക്കണമെങ്കിൽ, സൂഫി പാരമ്പര്യത്തിൽ ഹജ്ജുമായി ബന്ധപ്പെട്ടു കിടക്കുന്ന സാമൂഹിക ആചാരങ്ങളിലേക്ക് (social practices) നാം ശ്രദ്ധ തിരിക്കേണ്ടതുണ്ട്. പുണ്യഭൂമിയിലേക്കു പുറപ്പെടുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങളും യാത്രയ്ക്കിടയിലെ സവിശേഷമായ കർമ്മങ്ങളും ഇതിൽപ്പെടുന്നു. കൂടാതെ, യാത്രാമധ്യേയുള്ള വിവിധ ഇടത്താവളങ്ങളിൽവെച്ച് പ്രമുഖരായ സൂഫീവര്യന്മാരെയും പണ്ഡിതന്മാരെയും നേരിൽ കാണാനും, മഹത്തുക്കളുടെ മഖാമുകൾ സന്ദർശിക്കാനും തീർത്ഥാടകർ സമയം കണ്ടെത്തുന്നു. തങ്ങളുടെ ആത്മീയ യാത്ര സുഗമമാക്കുന്നതിനായി ഗുരുക്കന്മാരെ കണ്ട് പ്രാർഥനകൾ തേടുന്നതും ഏലസുകൾ എഴുതി വാങ്ങുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.
ഹജ്ജിന്റെ സാമൂഹിക പശ്ചാത്തലം പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്, ഭൂരിഭാഗം സൂഫി ഗ്രന്ഥങ്ങളും ഹജ്ജിനെ 'സഫർ' (secular travel) അഥവാ ലൗകികമായ യാത്ര എന്ന പൊതുസങ്കല്പത്തോട് ചേർത്തുനിർത്തുന്നു എന്നതാണ്. യാത്രയും ഹജ്ജും തമ്മിലുള്ള ഈ ആത്മബന്ധത്തെ രണ്ട് വ്യത്യസ്ത തലങ്ങളിലാണ് സൂഫികൾ അടയാളപ്പെടുത്തുന്നത്.
ഒന്ന്, വ്യക്തിയുടെ ആത്മാവിലേക്കും മനസ്സിന്റെ ആഴങ്ങളിലേക്കുമുള്ള 'സെയ്റെ അൻഫുസി' എന്ന ആത്മപ്രയാണം. ഇതിനോട് സാദൃശ്യമുള്ള പ്രതീകാത്മകമായ നാല് ആത്മീയ ഘട്ടങ്ങളെ അവർ 'അൽ-അസ്ഫാറുൽ അർബഅ' എന്നും വിവരിക്കുന്നു. രണ്ടാമത്തെത് ഹജ്ജിന്റെ ബാഹ്യവും ദൃശ്യരൂപവുമായ 'സെയ്റെ ആഫാഖി' എന്ന ഭൗതിക യാത്രയാണ്. ഒരേസമയം ശരീരവും മനസ്സും പരമമായ ലക്ഷ്യത്തിലേക്കു നടത്തുന്ന രണ്ട് സമാന്തര യാത്രകളാണിവ. ഈ ആശയത്തെ ശരിവെക്കുകയാണ് ഇമാം അബ്ദുൽ കരീം അൽഖുശൈരി തന്റെ 'അർരിസാലതുൽ ഖുശൈരിയ്യ'യിൽ:"യാത്രകൾ പ്രധാനമായും രണ്ട് തരത്തിലുണ്ട്. ഒന്നാമത്തെത്, ഒരു ദേശത്തുനിന്ന് മറ്റൊരു ദേശത്തേക്കു ശരീരംകൊണ്ട് നടത്തുന്ന ചലനമാണ്. രണ്ടാമത്തെതാകട്ടെ, ദൈവത്തിന്റെ ഒരു വിശേഷണത്തിൽനിന്നും മറ്റൊരു വിശേഷണത്തിലേക്ക് ഹൃദയംകൊണ്ട് നടത്തുന്ന പരിവർത്തനമാണ്. ലോകത്ത് പതിനായിരക്കണക്കിന് ആളുകൾ ദേശാടനം നടത്തുന്നുണ്ടാകാം. എന്നാൽ, ഹൃദയംകൊണ്ട് യഥാർഥ യാത്ര പൂർത്തിയാക്കുന്നവർ വളരെ വിരളമാണ്."
സൂഫികൾക്ക് മറ്റിതര തീർഥാടകരോടുണ്ടായിരുന്ന സമ്പർക്കങ്ങൾ ഹജ്ജിനെ ഒരു സാമൂഹിക പ്രവർത്തനമായി (social activity) മാറ്റുന്നുണ്ട്. പല സൂഫി ഗുരുക്കന്മാരും തീർത്ഥാടകരെ ഒരുമിച്ച് അണിനിരത്തിക്കൊണ്ട് വലിയ യാത്രാസംഘങ്ങൾ രൂപീകരിക്കുകയും അവയുടെ മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്നു. തന്റെ രണ്ടാമത്തെ ഹജ്ജിൽ നാനൂറോളം അനുയായികളായിയിരുന്നു ഹല്ലാജിന്റെ യാത്രാസംഘത്തിൽ ഉണ്ടായിരുന്നതെന്ന് ഫരീദുദ്ദീൻ അത്താർ തദ്കിറതുൽ ഔലിയയിൽ രേഖപ്പെടുത്തുന്നുണ്ട്. ഒരു സൂഫി ഗുരുവിന്റെ യാത്രാസംഘത്തിൽ അണിനിരക്കുക എന്നതിനർഥം അദ്ദേഹത്തിന്റെ ചിന്താഗതികളോട് തീർത്ഥാടകർ പുലർത്തുന്ന ശക്തമായ ആഭിമുഖ്യം കൂടിയാണ്. മതാചാരങ്ങളെക്കുറിച്ചുള്ള ഗുരുവിന്റെ സവിശേഷമായ വ്യാഖ്യാനങ്ങൾ നേരിട്ട് മനസ്സിലാക്കാനും അതനുസരിച്ച് അനുഷ്ഠാനങ്ങൾ ക്രമീകരിക്കാനും ഇത്തരം യാത്രകൾ തീര്ത്ഥാടകർക്ക് അവസരം നൽകി. മരുഭൂമിയിലെ യാത്രകളിൽ സ്ഥിരം ഭീഷണിയായിരുന്ന വഴിക്കൊള്ളക്കാരിൽനിന്നും അക്രമികളിൽനിന്നും തീർത്ഥാടകർക്ക് സുരക്ഷയൊരുക്കാൻ ഗുരുക്കന്മാർ നയിച്ച കാരവനുകൾക്ക് കഴിഞ്ഞിരുന്നു. ഒരേ ലക്ഷ്യത്തിലേക്കു നീങ്ങുന്നവർക്കിടയിൽ ശക്തമായ ഐക്യബോധം ഊട്ടിയുറപ്പിക്കാനും ഈ സംഘയാത്രകൾ മുഖേന സാധ്യമായി.
അദ്ധ്യാത്മിക ഗുരുക്കന്മാരുമായും മറ്റിതര തീര്ത്ഥാടകരുമായും (other people) ആഴത്തിലുള്ള ആത്മബന്ധങ്ങൾക്കും (ṣuḥba) സൗഹൃദങ്ങൾക്കും വഴിയൊരുക്കുന്ന ഒന്നാണ് ഹജ്ജ്. ഈയൊരു കാരണത്താലാണ്, ഹജ്ജ് കർമങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾക്ക് തൊട്ടുപിന്നാലെ അവരുമായുള്ള ആശയവിനിമയങ്ങളെയും സാമൂഹിക ഇടപെടലുകളെയുംകുറിച്ച് പ്രതിപാദിക്കാൻ ഭൂരിഭാഗം സൂഫി ഗ്രന്ഥകാരന്മാർ താല്പര്യം കാണിച്ചത്. യാത്രയിലായിരിക്കുമ്പോഴും നാട്ടിലായിരിക്കുമ്പോഴും പാലിക്കേണ്ട മര്യാദകൾ (ādāb-e safar va ḥaẓar), കൂട്ടായ്മകളിലെ മര്യാദകൾ (ādāb-e hamneshini va ṣoḥbat) തുടങ്ങിയവയെകുറിച്ചുള്ള ചർച്ചകളിലൂടെ സൂഫികൾ പറയാൻ ശ്രമിക്കുന്നത് ഹജ്ജ് കർമങ്ങളുടെ സാമൂഹിക തലങ്ങളെയാണ്. അബൂ നസ്ർ അസ്സർറാജിന്റെ 'അൽ-ലുമഅ് ഫീ തസവ്വുഫ്' എന്ന ഗ്രന്ഥത്തിൽ ഹജ്ജിനെക്കുറിച്ചുള്ള അധ്യായത്തിനു തൊട്ടുടനെ ഉൾപ്പെടുത്തിയിരിക്കുന്നത് 'ഫുഖറാക്കൾ (സൂഫി സാധകർ) മറ്റുള്ളവരോട് പുലർത്തേണ്ട മര്യാദകളും യാത്രയിലും നാട്ടിലായിരിക്കുമ്പോഴുമുള്ള നിയമങ്ങളുമാണ്'; (ādāb-e raftār-e fogharā bā ham va aḥkām-e safar va ḥaẓar). അതിനുശേഷമാണ് ശൈഖ്- മുരീദ് ബന്ധം, സമാ, സൂഫിയുടെ ദൈനംദിന ജീവിതക്രമങ്ങൾ എന്നിവയെകുറിച്ചുള്ള സുഹ്ബതിന്റെ അധ്യായം വരുന്നത്.
സൂഫി പാരമ്പര്യത്തിന്റെ സാംസ്കാരിക പശ്ചാത്തലവും സാമൂഹിക വിനിമയങ്ങളും പൂർണമായി ഉൾക്കൊള്ളാൻ, വിശുദ്ധ മണ്ണിൽ അവർ കാത്തുസൂക്ഷിച്ച മര്യാദകളെക്കൂടി വിശകലനവിധേയമാക്കേണ്ടതുണ്ട്. ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രബിന്ദുവായ മക്കയിലെ താമസം, സൂഫി ഗുരുക്കന്മാർക്കും സാധകർക്കും തങ്ങളുടെ ആത്മീയ ശൃംഖല വിപുലമാക്കാനും ആശയപ്രചാരണത്തിനും വഴിതുറന്നു. തീർത്ഥാടന കേന്ദ്രമെന്ന പദവിക്കപ്പുറം, ഭരണാധികാരികൾ, പണ്ഡിതന്മാർ, മശാഇഖുകൾ, ശിഷ്യന്മാർ, സാധാരണക്കാർ എന്നിവർ പരസ്പരം കണ്ടുമുട്ടുകയും സംവദിക്കുകയും ചെയ്യുന്ന സജീവമായ സാമൂഹിക വേദിയായി മക്ക മാറി. സൂഫി ജീവചരിത്ര ഗ്രന്ഥങ്ങളായ 'തദ്കിറകളിൽ' ഇത്തരം ചരിത്രപരമായ കൂടിക്കാഴ്ചകൾ ധാരാളമായി രേഖപ്പെടുത്തിയിട്ടുണ്ട്. മക്കയിൽവെച്ച് ഫുദൈലുബ്നു ഇയാദ് പ്രമുഖ പണ്ഡിതനായ അബൂഹനീഫയുമായി ദൈവശാസ്ത്ര ചർച്ചകളിൽ ഏർപ്പെട്ടതും ഫുളൈൽ തങ്ങളുടെ സഹവാസത്തിലൂടെ ആത്മീയ വെളിച്ചം തേടിയ ഇബ്റാഹിം അദ്ഹം, സുഫ്യാനുസ്സൗരിയെപ്പോലുള്ള സൂഫികളെ അവിടെവെച്ച് കണ്ടുമുട്ടിയതും ഇത്തരത്തിലുള്ള സാമൂഹിക ഇടപെടലുകളുടെ തെളിവാണ്.
ലളിതമായൊരു സന്ദർശനത്തിനപ്പുറം, മക്കയിലെ ദീർഘകാല താമസം പ്രവാചകന്റെ ജീവിതചര്യകളെയും ധാർമികതയെയും പുനരാവിഷ്കരിക്കാനും ആത്മീയ പ്രചോദനം ഉൾക്കൊള്ളാനുമുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായിരുന്നു. ഈ വ്യക്തിപരമായ ആത്മീയ നേട്ടങ്ങൾ പിൽക്കാലത്ത് സമൂഹത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുകയുണ്ടായി. 1731ൽ മക്കയിലുണ്ടായ ആത്മീയ അനുഭവങ്ങളെക്കുറിച്ച് 'ഫുയൂദുൽ ഹറമൈൻ' എന്ന ഗ്രന്ഥത്തിൽ ഷാ വലിയുല്ലാഹ് ദഹ്ലവി വ്യക്തമാക്കുന്നുണ്ട്. മക്കയിൽവെച്ച് പ്രവാചകന്റെ ആത്മീയ സത്തയുമായി ബന്ധപ്പെടാനും, പ്രവാചകൻ തന്നെ 'ഖാഇമുസ്സമാൻ' (കാലത്തിന്റെ സംരക്ഷകൻ) ആയി നിയോഗിച്ചതായും അദ്ദേഹത്തിന് ദർശനമുണ്ടായി. മക്കയിലെ ഭൗതിക സാന്നിധ്യവും കഅ്ബ സന്ദർശനവുമെല്ലാം ഈ ആത്മീയ പദവിക്ക് സമൂഹത്തിൽ വലിയ ആധികാരികത നൽകുകയും പതിനെട്ടാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാനത്തിന് നേതൃത്വം നൽകിയ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വമായി അദ്ദേഹത്തെ മാറ്റിയെടുക്കുകയും ചെയ്തു.
സൂഫികളുടെ പ്രധാനപ്പെട്ട ആത്മീയ അനുഷ്ഠാനങ്ങളിലൊന്നാണ് മശാഇഖരുടെ മഖ്ബറകൾ സന്ദർശിക്കുന്ന ‘സിയാറത്ത്’ കർമം. ഹജ്ജ് ആരംഭിക്കുന്നതിനുമുമ്പുതന്നെ ചെയ്യേണ്ട അനിവാര്യ കടമയായാണിത്. 'ഔലിയാഅ്' (അല്ലാഹുവിന്റെ സുഹൃത്തുക്കൾ) എന്ന് വിളിക്കപ്പെടുന്ന ഈ ആത്മീയ ഗുരുക്കന്മാരോട് ആദരവ് പ്രകടിപ്പിക്കുന്നതിലൂടെ ഹജ്ജെന്ന പുണ്യയാത്ര ധന്യമാകുന്നു. ഇതോടൊപ്പം ദിക്ർ മജ്ലിസുകൾ, സമാ പോലുള്ള സംഘടിതമായ ആചാരങ്ങളുടെ വേദിയാകുകയാണ് ദർഗകൾ. എന്നാൽ, മക്കയിലേക്കുള്ള ഹജ്ജ് തീർഥാടനത്തിൽനിന്ന് സാമൂഹിക തലത്തിലും പ്രയോഗത്തിലും തികച്ചും വ്യത്യസ്തമാണ് സിയാറത്ത്. സാമ്പത്തിക പ്രയാസങ്ങൾ കാരണം ഹജ്ജിന് പോകാൻ കഴിയാത്ത സാധാരണക്കാർക്ക് ഏറ്റവും എളുപ്പത്തിൽ പ്രാപ്യമായ ഒരു ആത്മീയ ബദലാണിത്. ഹജ്ജിനെപ്പോലെ ഏകീകൃത സ്വഭാവമോ നിശ്ചിത സമയപരിധികളോ ഇല്ലാത്തതിനാൽ, വ്യത്യസ്ത പ്രാദേശിക സംസ്കാരങ്ങൾക്കും ഓരോ ത്വരീഖത്തുകൾക്കും (ആത്മീയ സരണികൾ) അനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളാൻ പാകത്തിൽ സിയാറത്ത് രീതികൾ കൂടുതൽ അയവുള്ളതായിരുന്നു. ദർഗകളിലും സത്രങ്ങളിലും വരുന്ന ഹാജിമാരുടെ സംഘങ്ങളെ ഹജ്ജിന് പോകാൻ സാധിക്കാത്തവർ കണ്ടുമുട്ടുമായിരുന്നു. ദൈവത്തിനും തങ്ങൾക്കുമിടയിലെ മധ്യസ്ഥരായി ഹാജിമാർ കണക്കാക്കപ്പെട്ടിരുന്നതിനാൽ, അവരുമായുള്ള കൂടിക്കാഴ്ചകൾ ലൗകിക ജീവിതത്തിലെ ആകുലതകളിൽനിന്ന് മോചനമേകാനും വ്യക്തിപരമായ പ്രശ്നങ്ങൾക്ക് ആശ്വാസം കണ്ടെത്താനും സാധാരണക്കാരെ സഹായിച്ചിരുന്നു.
വിവിധ മുസ്ലിം പ്രദേശങ്ങളിൽനിന്നുള്ള തീർത്ഥാടകർക്കും സഞ്ചാരികൾക്കും പരസ്പരം ഇടപഴകാനുള്ള പ്രധാന ആശയവിനിമയ കേന്ദ്രങ്ങളായി ദർഗകൾ പരിണമിച്ചു. മക്കയെന്ന ഇസ്ലാമിക കേന്ദ്രവുമായി ഹജ്ജുവഴി ബന്ധിപ്പിക്കപ്പെട്ടിരുന്ന, വിദൂരങ്ങളായ സ്ഥലങ്ങളെ തമ്മിൽ കോർത്തിണക്കുന്ന ഒരു പാലമായി അവ നിലകൊണ്ടു. ഇത്തരത്തിലുള്ള സമ്പർക്കങ്ങൾ ഇസ്ലാമിനെക്കുറിച്ചുള്ള വൈവിധ്യമാർന്ന കാഴ്ചപ്പാടുകളെ സമന്വയിപ്പിക്കാൻ സഹായിക്കുകയും അത് വിദ്യാഭ്യാസപരവും പ്രബോധനപരവുമായ തലങ്ങളിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. എന്നിരുന്നാലും, സിയാറത്തും മഖ്ബറകളോടുള്ള ആദരവും മുസ്ലിംകൾക്കിടയിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമായിട്ടുണ്ട്. ആത്മീയ ഉന്മാദം പകരുന്ന സംഗീതവും നൃത്തവും നിറഞ്ഞ സൂഫി ആചാരങ്ങളെ ശരീഅത് നിയമങ്ങൾ കർശനമായി പിന്തുടരുന്നവർ ‘ബിദ്അത്’ (inadmissible innovation) ആയിട്ടാണ് കണ്ടത്. അതിനാൽ, മക്കയിലേക്കുള്ള തീർത്ഥാടനത്തെക്കാൾ സിയാറത്ത് ജനപ്രിയമായി മാറുന്നത് യാഥാസ്ഥിതിക മതവിശ്വാസത്തിനു ഭീഷണിയാണെന്ന് ഇത്തരം ശരീഅത് അനുയായികൾ വിലയിരുത്തി.
ദർഗകൾക്കൊപ്പംതന്നെ മദ്റസകളും സൂഫി ഖാൻഖാഹുകളും സജീവമായ സാമൂഹിക-സാംസ്കാരിക കേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്നു. തീർത്ഥാടകർക്ക് താമസിക്കാനും വിശ്രമിക്കാനുമുള്ള ഇടങ്ങളായിരുന്നു ഖാൻഖാഹ് എന്ന സൂഫി സത്രങ്ങൾ. സാധാരണക്കാർ, വ്യാപാരികൾ, പ്രമുഖർ, സൈനികർ തുടങ്ങി സമൂഹത്തിലെ വിവിധ തട്ടുകളിലുള്ള ശിഷ്യഗണങ്ങളാൽ സമ്പന്നമായിരുന്ന സൂഫി ഖാൻഖാഹുകൾ പ്രാദേശിക സൂഫി പാരമ്പര്യങ്ങളെ അടുത്തറിയാൻ യാത്രികർക്ക് (sufi travelers) അവസരമൊരുക്കുകയുണ്ടായി. ഖാൻഖാഹുകളിൽ ഒത്തുചേരുന്ന സൂഫി വര്യന്മാരും യാത്രികരും അവിടുത്തെ ദിക്ർ സദസ്സുകളിൽ പങ്കാളികളാവുകയോ അവരുടെ തനതായ ശൈലിയിൽ ആത്മീയ സദസ്സുകൾക്ക് (dhikr) നേതൃത്വം നൽകുകയോ പതിവായിരുന്നു.
മക്കയിലേക്കുള്ള യാത്രാമധ്യേ നിഷാപൂരിലെ ഒരു ഖാൻഖാഹിൽവെച്ച് മുഹമ്മദ് ബിൻ ഫദ്ലുൽ ബൽഖി ഒരു മജ്ലിസ് സംഘടിപ്പിച്ചതായി അബ്ദുർറഹ്മാൻ ജാമി രേഖപ്പെടുത്തുന്നുണ്ട്.
പ്രമുഖ ഗുരുക്കന്മാരുമായി സംവദിക്കാനും അവരിൽനിന്ന് അനുഗ്രഹങ്ങൾ സ്വീകരിക്കാനും സാധിച്ചത് യാത്രികരായ സൂഫികളുടെ ആത്മീയ പ്രയാണത്തിന് വലിയ കരുത്താണ് പകർന്നുനൽകിയത്. വൈവിധ്യമാർന്ന സൂഫിധാരകൾ തങ്ങളുടെ ദൗത്യങ്ങളും ചിന്തകളും പരസ്പരം പങ്കുവെച്ചതോടെ, സുപ്രധാനമായ സാമൂഹിക ജ്ഞാനകൈമാറ്റത്തിന് (social performance of mystical worldviews) ഈ ഖാൻഖാഹുകൾ സാക്ഷിയായി. മാത്രവുമല്ല, ഇത്തരം ആത്മീയ സമ്പർക്കങ്ങൾ പല സാധകരെയും ഒരു പ്രത്യേക സൂഫി സരണിയിലേക്ക് (ത്വരീഖത്) ആകർഷിക്കുകയും അവരുടെ അനുയായികളുടെ വൃത്തം വിപുലമാക്കാൻ സഹായിക്കുകയും ചെയ്തു. ബാഗ്ദാദിലെ ശിഹാബുദ്ദീൻ സുഹ്റവർദിയുടെ ഖാൻഖാഹിലെ താമസത്തിനുശേഷം അദ്ദേഹത്തിന്റെ ത്വരീഖത്തിൽ ചേരുകയും പ്രമുഖ ശിഷ്യനായി മാറുകയും ചെയ്ത ബഹാഉദ്ദീൻ സകരിയ്യാ മുൽതാനിയുടെ അനുഭവം ഈ സാമൂഹിക സ്വാധീനത്തെയാണ് അടയാളപ്പെടുത്തുന്നത്. സൂഫി പാരമ്പര്യത്തിൽ, സാമൂഹിക ഇടപെടലുകളിലൂടെ ആത്മീയ പുരോഗതി നേടാനുള്ള ഏറ്റവും ഉദാത്തമായ മാർഗ്മാണ് 'സേവനം' അഥവാ ഖിദ്മ. സൃഷ്ടികളോടുള്ള സേവനം (ഖിദ്മ ബിൽ ഖൽഖ്) യഥാർഥത്തിൽ ദൈവത്തോടുള്ള ആരാധന തന്നെയാണ് (ഖിദ്മ ബി അല്ലാഹ്) എന്നാണ് സൂഫി ദർശനം. ഹജ്ജ് യാത്രയ്ക്കായി കാരവനുകളിൽ സഞ്ചരിക്കുമ്പോഴും മദ്റസകളിലോ ഖാൻഖാഹുകളിലോ താമസിക്കുമ്പോഴും ഒരു സാധകന് ഖിദ്മ ചെയ്യാനുള്ള വിപുലമായ അവസരങ്ങൾ കൈവരുന്നു. സഹയാത്രികർക്ക് വിശ്രമസ്ഥലമൊരുക്കുക, ഭക്ഷണം നൽകുക, വസ്ത്രങ്ങളും ചെരുപ്പുകളും വൃത്തിയാക്കുക, അവരുടെ മൃഗങ്ങളെ പരിചരിക്കുക തുടങ്ങിയ പ്രായോഗിക കാര്യങ്ങളിലൂടെയാണ് ഈ സേവനം പ്രാവർത്തികമാക്കുന്നത്.
ഈ ബാഹ്യമായ പ്രവർത്തനങ്ങൾ മനുഷ്യന്റെ ആന്തരിക മണ്ഡലത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. പശ്ചാത്താപം (തൗബ), പാപശുദ്ധീകരണം, ക്ഷമ (സബർ) എന്നിവയിലൂടെ മനസ്സിനെ പാകപ്പെടുത്തുന്ന ഖിദ്മ, വ്യക്തികളിലെ വിവേചന മനോഭാവത്തെ ഇല്ലാതാക്കുകയും മനുഷ്യരെല്ലാവരും സമന്മാരാണെന്ന ബോധ്യം വളർത്തുകയും ചെയ്യുന്നു. പദവികളോ സമ്പത്തോ ലിംഗഭേദമോ നോക്കാതെ, ഗുരുവിനെയും ശിഷ്യനെയും ധനികനെയും ദരിദ്രനെയുമെല്ലാം ഒരുപോലെ പരിഗണിക്കാൻ ഈ ധാർമിക പ്രവൃത്തി സാധകനെ പ്രാപ്തനാക്കുന്നുണ്ട്. ഈ സേവന മനഃസ്ഥിതി ഹജ്ജ് യാത്രയിൽ മാത്രം ഒതുങ്ങുന്നതല്ലെങ്കിലും, മക്കയിലേക്കുള്ള പ്രയാണത്തിനിടയിൽ പ്രമുഖരായ സൂഫി ഗുരുക്കന്മാർ ഖിദ്മ ചെയ്തതിന്റെ ഒട്ടനവധി ചരിത്രങ്ങൾ സൂഫി സാഹിത്യത്തിൽ കാണാം. സൂഫിവര്യന്മാരെ സന്ദർശിക്കുന്നതും അവർക്ക് സേവനം ചെയ്യുന്നതും ആത്മീയ പാതയിലെ അനിവാര്യമായ കടമയാണെന്ന് അബുൽ ഹുസൈൻ ബിൻ ജഹ്സം നിരീക്ഷിക്കുന്നു. ഹജ്ജിനായി ഒന്നിച്ചുചേരുന്ന മുസ്ലിം സമൂഹത്തിൽ (ഉമ്മത്ത്) സമാധാനവും ഐക്യവും വളർത്തുകയായിരുന്നു ഈ സമർപ്പണത്തിന്റെ ആത്യന്തിക ലക്ഷ്യം. ജലാലുദ്ദീൻ റൂമിയുടെ പ്രശസ്തമായ വരികൾ ഈയൊരു ചിന്തയെ തന്നെയാണ് അടിവരയിടുന്നത്:"ബാഹ്യമായ കഅബയെ വലംവെക്കാൻ ഹജ്ജ് നമ്മോട് കൽപ്പിക്കുന്നു,
അതിലൂടെ മറ്റൊരാളുടെ മനസ്സിന് ശാന്തി കൈവരട്ടെ.
നഗ്നപാദനായി നീ ആയിരം വട്ടം കഅബയെ വലംവെച്ചാലും,
ആരുടെയെങ്കിലും ഹൃദയം നീ വേദനിപ്പിച്ചാൽ നിന്റെ ഹജ്ജ് സ്വീകരിക്കപ്പെടുകയില്ല."
റൂമി പറഞ്ഞതുപോലെ, സഹജീവികളുടെ വികാരങ്ങളെയും അവകാശങ്ങളെയും ആദരിക്കുന്നതിലാണ് യഥാർഥ 'ഖിദ്മ' കുടികൊള്ളുന്നത്. മനുഷ്യനിലെ അഹങ്കാരവും സ്വാർഥതയും ഇല്ലാതാക്കുന്ന ഈ സേവന മനസ്സ്, തീർത്ഥാടകർക്കിടയിലെ ആശയവിനിമയവും ആത്മബന്ധവും കൂടുതൽ ദൃഢമാക്കാൻ സഹായിക്കുന്നു.
