വിയർപ്പുരുക്കി,
പൊന്ന് കൂട്ടി,
ഇളയോളെ കെട്ടിച്ചയച്ച്,
ഖാദറാക്ക
ഹജ്ജിന്റെ കിനാവിലേക്കു
ഹിജ്റ പോയി.
ഇണയും തുണയുമായവർ,
ഓലെ ലോകം
ഒറ്റക്കുടിലിൽ
ജന്നത്തോളം വലുതാക്കി.
കുഞ്ഞിക്കാലു
കനവു കണ്ടുറങ്ങിയ
ഓള്ടെ അടിവയറു തെറ്റി,
മുടി നരച്ചു തുടങ്ങി.
കാത്തിരിപ്പിന്റെ പ്രായം
കൂടിയതല്ലാതെ,
ഒരു പച്ചമാങ്ങയും
ഓളെ നാവിനെ നൊണപ്പിച്ചില്ല,
ഒരു കുങ്കുമവും
പാലിൽ മുഖം വരച്ചില്ല.
വന്നു വന്ന്,
നാട്ടാരും വീട്ടാരും
കണ്ണിറുക്കി,
മോണ കാട്ടി,
അടക്കം പറഞ്ഞോണ്ടിരുന്നു:
"ആരെ കലത്തിലാണ്
വെള്ളം വറ്റിയത് ?"
അയൽപക്കത്തെ കല്യാണത്തലേന്നു,
കൂടെപ്പഠിച്ചോരെല്ലാം
രണ്ടും മൂന്നും പെറ്റ്
ഒക്കത്തും മടിയിലുമിരുത്തി,
ഉമ്മ വെച്ചു
കൊഞ്ചിക്കുമ്പോ;
കനലില്ലാത്തൊരു ബിരിയാണിച്ചെമ്പ്
ഓളെയുള്ളിൽ
തിളച്ചു മറിഞ്ഞു.
ഉമ്മറപ്പടിയിലിരുന്നു,
സുബഹിക്കത്തെ കട്ടൻ ചായ
ആറ്റിക്കുടിക്കുമ്പോ;
വരമ്പു ചാടി,
പറമ്പിലൂടെ
മദ്രസയിലേക്കു പായുന്ന
പൊടിയരിക്കുരുന്നുകളെ കണ്ട്,
വേദനയുടെ വാതിൽപ്പടി,
കണ്ണീരിൽ കുതിർന്നു പുതഞ്ഞു.
ചെലവു കുടിയിലെത്തിയ
മൊല്ലാക്കയാണ്,
പെറാത്തോളും
ബുർദ പാടിപ്പാടി
പെറ്റിട്ടുണ്ടെന്നു മന്ത്രിച്ചൊടുത്തത്.
അന്നു തൊട്ട്,
വെള്ളിയാഴ്ച്ച രാവിന്റെ
നിലാപ്പെയ്ത്തിൽ,
'അമിൻത ദക്കുറി'
പാടിത്തുടങ്ങി.
പതിയെപ്പതിയെ
വെളിച്ചം പൂത്തു,
സുഗന്ധം പരന്നു.
ആകാശത്ത് അമ്പിളിമാമനും
മിന്നൊളിയാനും
സലാം ചൊല്ലിയ
റബീഉൽ അവ്വലിലെ പാതിരാക്ക്,
അൽ മദീന ആശുപത്രിയിൽ
'അൽ അമീൻ'
പാൽക്കണ്ണുമായെത്തി,
ഖാദറാക്ക വല്യുപ്പയായി.
ആണ്ടുകൾക്കിപ്പുറം,
ഇന്നലെയും വട്ടത്തിലിരുന്ന്,
ഏടുകൾ
മദ്ഹ് പാടിയപ്പൊ;
കുഞ്ഞനമീനും
മേളത്തിൽ ദഫ് കൊട്ടി.
