''അവസാനകാലത്ത് തങ്ങളെ വാഗ്ദത്ത ഭൂമിയിലേക്കാനയിക്കാന് ദൈവമൊരു മിശിഹായെ അയച്ചുതരുമെന്നും, വരദാനമായി ലഭിക്കുന്ന ആ ഭൂമിയിൽ തങ്ങളൊരു 'ദിവ്യ' ഭരണകൂടം സംസ്ഥാപിക്കുമെന്നും, ഇരുമ്പു ദണ്ഡുകൊണ്ടു ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും അധീനപ്പെടുത്താന്‍ ഈ ഭരണകൂടമായിരിക്കും തങ്ങളെ പ്രാപ്തമാക്കുകയെന്നും ബനൂ ഇസ്രയേലിലെ പ്രവാചകന്മാര് പ്രവചിച്ചിരുന്നു'', ഫലസ്തീനില്‍ ഇന്ന് അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന സയണിസ്റ്റുകളുടെ വാദമാണിത്.
തങ്ങളിപ്പോള്‍ ഫലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശം പ്രവാചക പ്രവചനങ്ങളുടെ സഫലീകരണമാണെന്നാണു സയണിസ്റ്റുകള്‍ വിശ്വസിക്കുന്നതെങ്കില്‍, ഇരുമ്പു ദണ്ഡുപയോഗിച്ചു ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും ഭരിക്കുകയെന്ന 'ദിവ്യ' ദൗത്യം ഇസ്രയേല്‍ നിര്‍ബന്ധമായും പൂര്ത്തീകരിച്ചിരിക്കുമെന്ന് അവര്‍ മതപരമായിതന്നെ വിശ്വസിക്കുന്നുണ്ടാവും. മുന്‍കാല യൂറോപ്യന്‍ കൊളോണിയല്‍ ശക്തികളുടെതിനെക്കാള് വിധ്വംസകമായ കാരിരുമ്പ് ആധിപത്യമായിരിക്കും ആ ഭരണം. അതേസമയം, ഏറെ സുരക്ഷാവലയങ്ങളോടെ ദൃഢീകരിക്കപ്പെട്ടതും.
കാലഹരണപ്പെട്ടു പോയ യൂറോപ്യന്‍ കൊളോണിയലിസത്തിനു ബദലായി പുതിയതൊന്നു നിര്‍മിച്ചെടുക്കാന്‍ ദൈവം തങ്ങളെ നിയോഗിച്ചിരിക്കുന്നുവെന്നാണ് ഈ ഇസ്രയേലി സയണിസ്റ്റുകള്‍ വിശ്വസിക്കുന്നത്. അതുവഴി അനവധി ആഫ്രിക്കന്‍ ജനങ്ങളെ കബളിപ്പിക്കാന്‍ അവര്‍ക്കു സാധിക്കുന്നു. പൂര്‍ണ മനസ്സോടെ സയണിസ്റ്റ് അധികാരത്തിനും മാര്‍ഗദര്‍ശനത്തിനും ആഫ്രിക്കക്കാരങ്ങനെ വിധേയപ്പെടുകയും ചെയ്യുന്നു. എന്നാല്‍, തങ്ങളിപ്പോഴും കോളനിവത്കൃതരാണെന്ന സത്യം അവര്‍ അറിഞ്ഞിട്ടുണ്ടായിരിക്കുകയേയില്ല.
കപടതന്ത്രം
തങ്ങളുടെ കൊളോണിയല്‍ അജണ്ടകളെ അതിസാമര്ഥ്യത്തോടെ മറച്ചുപിടിക്കാനായെന്നത് സയണിസ്റ്റുകള്‍ ഉറച്ചുവിശ്വസിക്കുന്ന കാര്യമാണ്. അവരുടെ കോളനിവത്കരണം പ്രത്യക്ഷത്തില്‍ പരോപകാരപ്രദവും ദയോന്മുഖവുമാണ്. ഇത്തരം പ്രത്യക്ഷ ഭാവങ്ങളിലൂടെയാണവര് എളുപ്പത്തില്‍ അധികാരമുറപ്പിച്ചുനിര്ത്തുന്നതും. പുതുതായി സ്വതന്ത്രമായ, സാമ്പത്തികമായി അത്യധികം പ്രതിസന്ധിയനുഭവിക്കുന്ന ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ മിത്രഭാവേനയുള്ള സാമ്പത്തിക സഹായ വാഗ്ദാനങ്ങളും മറ്റു ആകര്‍ഷക സമ്മാനങ്ങളും വെച്ചുനീട്ടിയാണു സയണിസ്റ്റുകള്‍ തങ്ങളുടെ 'സമര്‍ഥരായ' ഇരകളെ വശീകരിച്ചെടുക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍, ആഫ്രിക്കക്കാര്‍ നിരക്ഷരരായിരുന്ന സാഹചര്യത്തില്‍ ശൗര്യവും ഭീതിയും പടര്‍ത്തി സാമ്രാജ്യവാദികള്ക്കവരെ അനായാസം നിയന്ത്രിക്കാനായിരുന്നു. പക്ഷെ, ജ്ഞാനോദയം വന്ന ഈ സമകാലിക ലോകത്ത് ആഫ്രിക്കക്കാര്‍ ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രചാരലുപ്തമായ രീതികളിലൂടെ ഇപ്പോഴവരോടു സമീപിക്കല്‍ അസാധ്യമാണ്.
അതിനാല്‍, സാമ്രാജ്യവാദികള്ക്കു പുതിയ രീതികള്‍ ആസൂത്രണം ചെയ്യേണ്ടി വന്നു. ബലം പ്രയോഗിച്ചോ ഭയപ്പെടുത്തിയോ ആളുകളെ വിധേയരാക്കാനാവില്ലെന്നതുകൊണ്ട് ആഫ്രിക്കക്കാര്‍ സ്വമനസ്സാല്ത്തന്നെ കീഴടങ്ങുതിന് ആധുനികമായ രീതികള്‍ സ്വീകരിക്കാന്‍ സാമ്രാജ്യവാദികള്‍ നിര്‍ബന്ധിതരാണ്.
അഭിനവ സാമ്രാജ്യത്വത്തിന്റെ ഇരുപതാം നൂറ്റാണ്ടിലെ ആധുനിക ആയുധമാണു ഡോളറിസം (dollarism). ഡോളറിസ ശാസ്ത്രത്തില്‍ വ്യുൽപത്തി നേടിയവരാണു സയണിസ്റ്റുകള്‍. സമ്മാനങ്ങളും മറ്റെല്ലാ സാമ്പത്തിക-സാങ്കേതിക സഹായ വാഗ്ദാനങ്ങളുമേറ്റിവന്ന് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായി അഭിനയിക്കുന്നവരാണല്ലോ അവര്‍. പുതുതായി സ്വതന്ത്രമായ ഒട്ടേറെ ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ള സയണിസ്റ്റ് ഇസ്രയേലിന്റെ ശക്തിയും സ്വാധീനവും പതിനെട്ടാം നൂറ്റാണ്ടിലെ പാശ്ചാത്യന്‍ കോളനിക്കാരുടെതിനെക്കാള് അതിശീഘ്രവും കുലുക്കം തട്ടാത്തതുമാണ്. ഇവിടെ ഈ സയണിസ്റ്റ് കൊളോണിയലിസത്തിന് രൂപത്തിലും രീതിയിലും മാത്രമേ മാറ്റമുള്ളൂ. അതിനു പിന്നിലുള്ള ആന്തരിക ഉദ്ദേശ്യത്തിനും ലക്ഷ്യത്തിനും മാറ്റമേയില്ല.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടങ്ങളില്‍, ആഫ്രിക്കക്കാര്‍ ഇനിയൊരിക്കലും ഭയപ്പെടുത്തലിനോ ബലപ്രയോഗങ്ങള്ക്കോ കീഴ്പ്പെടുകയില്ലെന്നു യൂറോപ്യന്‍ സാമ്രാജ്യത്വവാദികള്‍ മുന്‍കൂട്ടി കണ്ടിരുന്നു. അങ്ങനെ, എന്നും ഗൂഢപദ്ധതികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഈ സാമ്രാജ്യവാദികള്ക്കു പുതിയൊരായുധം വികസിപ്പിക്കേണ്ടതുണ്ടായിരുന്നു; അതു സൂക്ഷിക്കാന്‍ പുതിയൊരു ആയുധപ്പുരയും.
ഡോളറിസം
ഇരുപതാം നൂറ്റാണ്ടിലെ സാമ്രാജ്യത്വത്തിന്റെ ഒന്നാം നമ്പര്‍ ആയുധമാണ് സയണിസ്റ്റ് ഡോളറിസം. അതിന്റെ സുപ്രധാന സൂക്ഷിപ്പു കേന്ദ്രങ്ങളിലൊന്ന് ഇസ്രയേലാണ്. എന്നും ഗൂഢനീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമ്രാജ്യവാദികള്‍ തന്ത്രപ്രധാനമായ ഒരിടത്താണ് ഇസ്രയേലിനെ സ്ഥാപിച്ചത്. അവിടവര്ക്കു ഭൂമിശാസ്ത്രപരമായി അറബുലോകത്തെ വിഭജിക്കാന്‍ കഴിഞ്ഞു. ആഫ്രിക്കന്‍ നേതാക്കന്മാര്ക്കിടയിലേക്കു നുഴഞ്ഞുകയറി അനൈക്യത്തിന്റെ വിത്തു പാകാനും ആഫ്രിക്കക്കാരെ ഏഷ്യക്കാര്‍ക്കെതിരെ തിരിച്ചുവിടാനും സാധിച്ചു.
ഫലസ്തീനിലെ ഇസ്രയേല്‍ അധിനിവേശംമൂലം അറബുലോകത്തിനു യുദ്ധസജ്ജീകരണങ്ങളുടെ ഭാഗമായി ബില്യൺ കണക്കിനു ഡോളറുകള്‍ ചെലവാക്കേണ്ടി വന്നു. തന്മൂലം അടുത്തായി സ്വാതന്ത്ര്യം നേടിയ അറബുരാഷ്ട്രങ്ങള്ക്കു തങ്ങളുടെ രാജ്യത്തെ സാമ്പത്തിക ശാക്തീകരണത്തിലും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെയായി.
അറബുരാഷ്ട്രങ്ങളിലെ തരംതാണ ജീവിത നിലവാരത്തെ പ്രയോജനപ്പെടുത്തി ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നതിന് അറബ് നേതാക്കന്മാര് ബൗദ്ധികമായും സാങ്കേതികമായും അയോഗ്യരാണെന്നു വരുത്തിത്തീര്‍ക്കാനുള്ള പ്രോപഗണ്ടകളെയാണു സയണിസ്റ്റുകള്‍ ആഫ്രിക്കക്കാര്‍ക്കിടയില്‍ നിര്‍വഹിച്ചുകൊണ്ടിരുന്നത്. അവരുടെ പരോക്ഷമായ പ്രലോഭനങ്ങളില്‍ വശംവതരായി ആഫ്രിക്കക്കാര്‍ അറബികളില്‍നിന്ന് അകലുകയും സാമ്പത്തികാഭിവൃദ്ധി നേടാനും സാങ്കേതിക സഹായങ്ങള്‍ ഉറപ്പുവരുത്താനും ഇസ്രയേലിനോടടുക്കുകയും ചെയ്തു.
''പക്ഷിയുടെ ചിറക് അവര്‍ ദുർബലപ്പെടുത്തുന്നു. എന്നിട്ട് തങ്ങളെപ്പോലെയതിനു ദ്രുതമായി പറക്കാനാവാത്തതിനെ ചൊല്ലി അപലപിക്കുകയും ചെയ്യുന്നു.”
സാമ്രാജ്യ വാദികളുടെ പ്രത്യക്ഷ ഭാവങ്ങളെന്നും നല്ലതായിരിക്കും. എന്നാല്‍, സയണിസ്റ്റു ക്യാപിറ്റലിസ്റ്റു ഗൂഢാലോചനമൂലംതന്നെ സാമ്പത്തിക സ്ഥിതി അശക്തമായിക്കിടക്കുന്ന പുതുതായി സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങളോടാണവര് മത്സരിക്കുന്നത് എന്നതുകൊണ്ടുമാത്രമാണത്. നീതിയുക്തമായ മത്സരങ്ങള്ക്കുമുമ്പില് നിവർന്നുനില്ക്കാന് അവര്ക്കൊരിക്കലുമാവില്ല. അതുകൊണ്ടു സോഷ്യലിസത്തിനു കീഴില്‍ ആഫ്രിക്കന്‍ അറബ് ഐക്യത്തിനുവേണ്ടിയുള്ള ജമാല്‍ അബ്ദുന്നാസറിന്റെ ആഹ്വാനത്തെ അവര്‍ ഭീതിയോടെ നോക്കിക്കാണുന്നു.
മിശിഹാ
തങ്ങളെ വാഗ്ദത്ത ഭൂമിയിലേക്കു നയിക്കാന്‍ മിശിഹാ എഴുന്നള്ളുമെന്നും ഇസ്രയേലിന്റെ നിലവിലെ ഫലസ്തീന് അധിനിവേശം മുന്‍കാല പ്രവാചകന്മാരുടെ പ്രവചനങ്ങളുടെ പൂര്ത്തീകരണമാണെന്നുമുള്ള സയണിസ്റ്റുകളുടെ 'മതകീയ' വാദം ശരിയാണെങ്കില്‍ എവിടെയാണു പ്രസ്തുത വിശേഷണങ്ങളുള്ള ആ മിശിഹാ? അമേരിക്കയുടെ മധ്യസ്ഥനായി വര്‍ത്തിച്ചിരുന്ന റാല്‍ഫ് ബുന്ചെയാണ് അധിനിവിഷ്ഠ ഫലസ്തീന് കൈവശപ്പെടുത്താന്‍ സയണിസ്റ്റുകളുമായി കൂടിയാലോചന നടത്തിയിരുന്നത്. ഈ റാല്‍ഫ് ആണോ സയണിസത്തിന്റെ മിശിഹാ? ഇനി അദ്ദേഹമല്ലെങ്കില്‍, മിശിഹാ ഇതുവരെ വന്നിട്ടില്ലെങ്കില്‍, മിശിഹായ്ക്കുമുമ്പേതന്നെ അവരെന്താണു ഫലസ്തീനില്‍ ചെയ്തുകൊണ്ടിരിക്കുന്നത്?
ഫലസ്തീനില്‍ അക്രമമഴിച്ചു വിടാന്‍ സയണിസ്റ്റുകള്ക്കെന്തെങ്കിലും നിയമദത്തമോ ധാര്‍മികമോ ആയ അവകാശമുണ്ടോ? കേവലം ആയിരത്തോളം വര്ഷങ്ങള്മുമ്പു തങ്ങളുടെ പ്രപിതാക്കന്മാര് അവിടെ ജീവിച്ചിരുന്നുവെന്ന 'മതകീയ' വാദം അടിസ്ഥാനപ്പെടുത്തി അറബു പൗരന്മാരെ സ്വന്തം തട്ടകങ്ങളില്‍നിന്ന് ആട്ടിയോടിക്കുന്നതിനും അവരുടെ സ്വത്തു കൈയടക്കുന്നതിനും വല്ല ന്യായവുമുണ്ടോ സയണിസ്റ്റുകള്‍ക്ക്? വെറും ആയിരം വര്‍ഷം മുമ്പാണ് സ്പെയിനില്‍ മൂറുകള്‍ അധിവസിച്ചിരുന്നത്. യൂറോപ്യന്‍ സയണിസ്റ്റുകള്‍ ഫലസ്തീനില്‍ നമ്മുടെ അറബു സഹോദരന്മാരോടു ചെയ്തപോലെ ഐബീരിയന്‍ ഉപദ്വീപില്ചെന്ന് അക്രമം നടത്തിയും അവിടത്തെ സ്പാനിഷ് പൗരന്മാരെ നാടുകടത്തിയും സ്പെയിന് നിലനിന്നിരുന്നിടത്തു പുതിയൊരു മൊറോക്കന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ മൂറുകള്‍ക്ക് അവകാശമുണ്ടോ?
ചുരുക്കത്തില്‍, ഇസ്രയേല്‍ ഫലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തെ സാധൂകരിക്കാന്‍ സയണിസ്റ്റുകള്‍ നിരത്തുന്ന വാദഗതികള്‍ക്കു ബൗദ്ധികമോ നിയമദത്തമോ ആയ ഒരു അടിസ്ഥാനവും ചരിത്രത്തിലില്ല; അവരുടെ മതത്തിന്റെ ചരിത്രത്തില്ത്തന്നെയില്ല.
എവിടെയാണ് അവരുടെ മിശിഹാ?
