1
എല്ലാം കാണുന്ന കണ്ണുകൾപോൽ കുന്നിക്കുരുക്കൾ അവിടവിടെ പൊന്തകളിലും പുതുമഴ-മണ്ണിലും ഒളിച്ചു ചേക്കേറി. "കണ്ടുപിടിച്ചേ!" എന്ന ഒച്ചപ്പാടോടെ ഒളിച്ച 'കുന്നികണ്ണുകളെ' അവൾ ആവേശത്തോടെ പെറുക്കിക്കൂട്ടി. ശേഷം, പാവാടത്തലപ്പിൽ അതുങ്ങളെ കൂട്ടിക്കെട്ടി ഭദ്രമാക്കി. മണ്ണിനെ കാത്തുകിടക്കുന്ന കഴുമര-കെഡാവറു*പോലെ പാവാടയോരത്തെ കെട്ട് തൂങ്ങിയാടി. ആട്ടം നിലച്ചപ്പോൾ വീടെത്തിയിരിക്കുന്നു. അവയെ കടലാസിലാക്കി, പൊതിഞ്ഞു ടി.വിക്കിടയിലെ പഴുതിൽ തിരുകി സൂക്ഷിച്ചു.
പിറ്റേന്നു പാവാടത്തലയിലെ ഇലാസ്റ്റിക്കിൽ, തുമ്പ് ചേടി*വെച്ചു കൊണ്ടു നെറുകയും കുറുകെയും, സ്കൂളിലേക്ക് ഓടി. എന്നത്തെയുംപോലെ അവളുടെ വിയർപ്പുതുള്ളികൾ സ്കൂൾത്തിണ്ണയുടെ വടക്കേയറ്റം പരിശുദ്ധപ്പെടുത്താൻ മറന്നില്ല. കിതപ്പുകൾക്കിടയിൽ കുമരൻ അടുത്തു വന്നിരുന്നത് അവൾ അറിഞ്ഞുകാണില്ലായിരിക്കും. ആരുമടുത്തില്ലെന്നു കരുതി കാലത്തു വാരിയ കുന്നിക്കുരുക്കളുടെ അഴക് അളക്കുവാൻ തുടങ്ങിയതും:
"മേരിപ്പൂവേ... എനിക്കും കൂടി കൊറച്ച് തരോ?"
"അങ്ങനെ വെറുതെ തരാൻ ഒക്കൂല."
"വെറുതെ വേണ്ടേ, എന്റെ കയ്യില് ഒരു സാനോണ്ട്!"
കാപ്പിയും കാപ്പിരിയും കലങ്ങിക്കൂടിയ ഉരുളൻ കല്ലുകളെ പോക്കറ്റിന്റെ ആഴങ്ങളിൽനിന്നും കരയിലേക്കു പിടിച്ചിട്ടു. അവ കുമരന്റെ കയ്യിൽ കിടന്നു പിടച്ചു.
"പാമ്പിന്റെ മൊട്ടയാണ്. പ്യേടിക്കണ്ടടി വെഷൊള്ളതല്ല."
"എനിക്ക് പ്യേടിയൊന്നൂല്ല... എപ്പോ വിരിയും?"
"അത് പറയാൻ ഒക്കൂല. നീ വൈയൂട്ട് വീട്ടിപോയ ഒടൻതന്നെ കുഴിച്ചിടണം. എപ്പഴേലും വിരിഞ്ഞു പൊറത്ത് വരും."
വിഷമുള്ളതോ വിഷമില്ലാത്തതോ എന്നതിലുപരി വിരിഞ്ഞുവരുന്ന പാമ്പിനെ ഏതു ചേരിയിൽ ഉൾപ്പെടുത്തണം എന്നതാണ് അവളെ കുഴപ്പിച്ചത്. അമ്മൂമ്മക്കഥകളിലെ നാഗത്താന്മാരുടെകൂടെയോ അതോ പാതിരികഥയിലെ പാപിപ്പാമ്പിന്റെ കുലത്തിലോ? ചോദ്യമായിതന്നെ നിന്നു.
സ്കൂളിനോടു ചേർന്നിരിക്കുന്ന കുറ്റിപ്പൊന്തയിൽനിന്നും വട്ടയില പറിച്ചെടുത്തു ചോറും മീനും ചമ്മന്തിയും ഉടയാതെ അതിലേക്കു മാറ്റി പൊതി കെട്ടിയശേഷം പാമ്പിൻമുട്ടയെ കൈലേസിൽ പൊതിഞ്ഞുകൊണ്ടു കഴുകിയ ചോറ്റുപാത്രത്തിൽ സൂക്ഷിച്ചു. ഇരുട്ടിയാൽപ്പിന്നെ തെരുവുവിളക്കിൽ കിഴക്കുദിച്ചാലും ആളുകൾ പോകാൻ ഭയക്കുന്ന മാടൻവിളയിൽ പാമ്പിൻമുട്ടകളെ കുഴിച്ചിട്ടു.
"ആരടത്ത് ചോയിച്ചിട്ട് നീ ഇവിട കേറി നെരങ്ങണത്."
"വെറുതെ വന്ന… അമ്മൂമ്മ."
"വെറുതെ വരാൻ നിന്റെ തന്ത ഇരിക്കണ അയിന്റകത്ത്. നിന്റെ തള്ളേ പറഞ്ഞാ മതിയല്ലാ... മാടൻവെളേലാണാ പിള്ളാര അഴിച്ച് വിടണ... നിന്റെ തള്ളയൊണ്ടാടി വീട്ടില്..."
"ഓ."
"അവളെ കാണട്ട്... രണ്ടെണ്ണം കൊടുക്കണൊണ്ട്."
സാലിത്തള്ള നുള്ളിയ പാടുകൾ മേരിപ്പൂവിന്റെ കാപ്പികൈകളിൽ വെള്ളയും ചുവപ്പും ഇടകലർന്ന ചന്ദ്രക്കലകളെ ബാക്കിയാക്കി. പല്ലുകൾ കൂട്ടിത്തിരുമിക്കൊണ്ട് കുന്നിക്കാട്ടിലേക്കവൾ നടന്നു.
കുഴിച്ചിട്ട പാമ്പിൻമുട്ടകൾ മഴയും വെയിലുംകൊണ്ട് തളിർത്തു പൂവിടും. വർഷങ്ങൾ കൊഴിഞ്ഞൊഴിയുമ്പോൾ അവ വളർന്നു കായ്കൊണ്ട മരങ്ങളാകും. മരങ്ങളുടെ തിരുമുറിവുകളിലൂടെ പാൽ തൂവും. ആയിടം റബ്ബർ കാടാകുമ്പോൾ അവിടം മാടൻവിളയായിരുന്നത് ആളുകൾ മറന്നിട്ടുണ്ടാകും. തമാശ എന്തെന്നാൽ, ആ മരങ്ങളിൽനിന്നും റബ്ബർ പാലൂറ്റി, പിഴിഞ്ഞുണക്കി, കമ്പനികളിൽ എത്തുമ്പോൾ അവരതിനെ ഉരുക്കിയുരുട്ടി റബ്ബർ പാമ്പുകൾക്കു ജന്മം നൽകും. ആറിന്റെ മറുകരയിൽ പിന്നീടുയരുന്ന വിശുദ്ധ ഗീവർഗീസ് പള്ളിയിലെ ഒരു തിരുനാൾ കാലത്തു പുണ്യാളന്റെ രൂപക്കൂടുകളിൽ കുന്തമുനയേറ്റ പാപിപ്പാമ്പുകളായി അവ അവതരിക്കും. കേവലം ചില കുന്നികുരുക്കൾക്കായി റബ്ബർ കായ്കളെ പാമ്പിൻമുട്ടയെന്നു മുദ്രകുത്തിയ കുമരന്റെ കള്ളത്തിനു കാലം കൂട്ടുനിന്നിരിക്കുന്നു. കാലം ദിവ്യത്തമുള്ള കൊല്ലനായിരിക്കണം! അവൻ പാമ്പാകേണ്ടതിനെ പാമ്പും പൂവാകേണ്ടതിനെ പൂവും ആക്കിടുന്നു.
സാലിത്തള്ളയെ പ്രാകിപ്പ്രാകി ആരുടെ കണ്ണോട്ടത്തിലും പതിയാതെ മേരിപ്പൂവ് കുറ്റിക്കാടുവഴി കുന്നിക്കാട്ടിലെത്തി. പഞ്ഞിപ്പൂപ്പൻ മേരിപ്പൂവിനുവേണ്ടി കുന്നിമണികളെ സ്വരുക്കൂട്ടിവെച്ചു. ചേറ് കുന്നികളെ മാറോടു ചേർത്തൊളിപ്പിച്ചു. തുലാമഴയിലെ ഈറനും കാത്ത് നാമ്പുകൾ സ്വപ്നംകണ്ട് അതുങ്ങൾ ഉറക്കമായിരുന്നിരിക്കണം. ഉറക്കത്തിൽനിന്ന് അവരെ തട്ടിവിളിച്ച് പഞ്ഞിപ്പൂപ്പൻ ഓരോന്നിനെയും ആറ്റിൽ കഴുകി കുളിപ്പിച്ചു. കുന്നിക്കുരുക്കൾക്കു പനി വന്നു മുളയിടാതിരിക്കാൻ ഓരോ വെള്ളത്തുള്ളികളെയും അവൾ പാവാടത്തലപ്പുകൊണ്ടു കൊന്നൊടുക്കി. പഞ്ഞിക്കായ പൊട്ടി പറന്നുല്ലസിക്കുന്നമാതിരി പഞ്ഞിപ്പൂപ്പന്റെ താടിവെള്ളകൾ കാറ്റത്തു പറന്നുയരാൻ കൊതിച്ചിരിക്കുമോ? കാണണം. താടികൂപങ്ങളെ താലോലിച്ചുകൊണ്ട് അയാൾ അവളോടായി:
"പൂവേ, ഇതെല്ലാംകൂടെ വാരിക്കൊണ്ടു നീ എന്തെരെയ്യാൻ പോണ്."
"എന്തെരെയ്യാൻ ഒക്കും!"
"എന്തര് വേണേ ചെയ്യാം... എന്ന ഇവിടേന്നുവല്ല... അങ്ങ് പറുദീസേല്... അവടെ ഒരു കുന്നിക്കുരൂന് പത്തു തങ്കത്തുട്ടു കിട്ടും. അതുവെച്ച് എന്തെര് മുട്ടായി വേണോ വാങ്ങ്ക്യാം."
"ചുമ്മാ പറയല്ല്."
"ഒള്ളത്... എന്നാ അങ്ങോട്ട് പോണോങ്കിലു കള്ളത്തരം കാണിക്കല്ല്. കാണിച്ചാ പോവാൻ ഒക്കൂല. സാലി പറഞ്ഞ് നീ മാടൻവെളേല് പോയെന്ന്. അവിടെന്നും പൊക്കൂടാ കുട്ടാ... അവ്ട പയങ്കര കൊഴപ്പോണ്."
"ഇനി പോവൂല."
"ആഹ്, അതു പോട്ട്. ഞാൻ സാലിയോടു പറഞ്ഞിട്ടൊണ്ട് ഇത് നീന്റെ അമ്മേട പറയല്ലെന്ന്. അയിനു പകരായിറ്റ് നീ ഈ കുന്നിക്കുരുവൊക്ക എനിക്കു താ... ഞായിനി അധിക കാലവില്ലാന്നാണ് ഡാക്ടറും പൂവാർ സാമീം പറഞ്ഞേ... അപ്പ ആദ്യം സൊർഗത്തിലു പോണ ഞാനായിരിരിക്കും. ഞാൻ ഇതെല്ലാങ്കൂട കൊണ്ടുപോയി സ്വർണാക്കി തരാം."
"അയ്യടാ ഇതീന്ന് ഒരെണ്ണംപോലും തരൂല. ഞാൻ പോവമ്പ തങ്കാക്കികോളാ."
കഴുകിയുണക്കിയ കുന്നികളെ വാരിക്കൊണ്ടു മേരിപ്പൂവ് വീട്ടിലേക്കു പടർന്നു. വീട്ടിൽ അന്ധനായി അവശേഷിച്ച കളർ ടി.വിയുടെ പഴുതിനിടയിൽ ഒളിച്ച കുന്നി, സംഘത്തിൽ പുതിയ അംഗങ്ങളെ ചേർത്തു. ആരും കാണുന്നില്ലായെന്നു മൂന്നുവട്ടം ഉറപ്പിച്ചശേഷം ടി.വിപ്പഴുതിൽ അവയെ മറവുചെയ്തു. പാത്രങ്ങളുടെ ചിലപ്പുകളെ മറികടന്ന് അമ്മയുടെ ശബ്ദം മുറ്റത്തേക്കു നീണ്ടു.
"പൂവേ… തുണിമാറീട്ട് വാടീ. ദോശ ചുട്ട് തരാ..."
സെയിന്റ പാട്രിക്സ് പള്ളിമുറ്റത്തെ മാലാഖ രൂപങ്ങളുടെ ഓർഗണ്ടി* ചിറകുകളെ ഓർമിപ്പിക്കുംവിധം ദോശ മൊരിഞ്ഞു പരന്നിരിക്കുന്നു.
"അമ്മേ... ചെറക് ദോശ ചുടണേ..."
"ചുട്ട് തരാടി."
ചിറകുദോശകൾ കല്ലിൽ പിറന്ന് അടുക്കളമാനത്തേക്കു ചിറകടിച്ചുയർന്നശേഷം പറന്നുചെന്ന് സ്റ്റീൽ പ്ലേറ്റിൽ വിശ്രമിച്ചു. പൂവു ദോശയുടെ കുഴികളെണ്ണി ഇരിപ്പായി.
"അമ്മാ… കുന്നിക്കുരു സൊർഗത്തിലു തങ്കാവുവെന്നു പഞ്ഞിപ്പൂപ്പൻ പറയണത് ഒള്ളതാണാ?"
"ആവുവായിരിക്കും."
കേട്ടപാടെ ടി.വിയുടെ പഴുതിൽനിന്നും പൊതി വീണ്ടുമെടുത്ത് തെക്കുള്ള വിളയിലെ പേരമരത്തിനു ചുവട്ടിൽ കുരുക്കളോരോന്നായി എണ്ണിത്തുടങ്ങി. അവസാനത്തെതും എണ്ണിക്കഴിഞ്ഞപ്പോൾ തനിക്ക് എണ്ണാനറിയില്ലായെന്ന തിരിച്ചറിവോടെ അവയെ വീണ്ടും പൊതിഞ്ഞു പഞ്ഞിപ്പൂപ്പന്റെ അടുക്കൽ ചെന്നു.
താടിപ്പഞ്ഞികളെ തടവി ആസ്വദിച്ചുകൊണ്ട് ആടുകളെയെണ്ണുന്ന ഇടയന്റെ ഊറ്റത്തോടെ അയാൾ കുരുമണികളെ എണ്ണിത്തിട്ടമാക്കി. അഞ്ചോ അമ്പതോ അല്ല അഞ്ഞൂറ്റിപ്പതിമൂന്ന് കുന്നിക്കുരുക്കൾ! അങ്ങനെ വരുമ്പോൾ അയ്യായിരത്തി ഒരുനൂറ്റി മുപ്പത് തങ്കനാണയങ്ങൾ. ആയിരത്തിനു മുകളിലുള്ളതെല്ലാം പൂവിന് അനന്തമാണ്. എന്തെണ്ണിയാലും ആയിരത്തിനു മുകളിലായാൽ അത് പുണ്യാളനും മിശിഹായ്ക്കും പങ്കിടാനുള്ളതാണെന്ന് ആരും പറയാതെത്തന്നെ അവൾ വിശ്വസിച്ചു. ആയിരം കുന്നിക്കുരുക്കൾ. ആയിരം പാൽക്കട്ടികൾ. ആയിരം ഉടുപ്പുകൾ. ആയിരം ചിരികൾ. ആയിരം ഉമ്മകൾ. അത്രതന്നെ. അതുകഴിഞ്ഞ് മിച്ചം വരുന്നതൊന്നും മനുഷ്യനർഹിക്കുന്നില്ലെന്ന് അവൾ കരുതിയിട്ടുണ്ടാവണം!
കുന്നിക്കുരുവിന്റെ കണക്ക് അഞ്ഞൂറ്റിപതിമൂന്നിൽനിന്നും ആയിരത്തിലെത്തിക്കാൻ പള്ളിപ്പകലുകളുടെ ഇടവേളകളിൽ കുന്നിമരത്തിന്റെ കീഴിലെ ചേറിനെ അവൾ ചൂഴ്ന്നു. ഉണ്ണിയപ്പങ്ങളെ ആട്ടിമറിക്കുന്ന ലാഘവത്തോടെ കുന്നിക്കുരുകളെ തോണ്ടി പുറത്തെത്തിച്ചു. മണ്ണിന്റെ മാറിൽനിന്നും ഞെട്ടിയെഴുന്നേറ്റ് കുന്നിക്കണ്ണുകള് ഉറക്കച്ചടവോടെ അവളെ തുറിച്ചു നോക്കി. നോട്ടം വകവെക്കാതെ അവറ്റകളെ പെറുക്കിയെടുത്തു ചെളിക്കുപ്പായത്തെ വിരലുകൾക്കൊണ്ടു ഞെരടിക്കളഞ്ഞു.
"ആയിരെണ്ണം ആവാൻ ഇനീം കൊറേ വേണം."
പിറുപിറുത്തുകൊണ്ടു പകലുകൾ കുരുക്കൾ പെറുക്കിയും രാത്രികൾ അവയെ എണ്ണിയും വീണ്ടുമെണ്ണിയും അവൾ കടത്തിവിട്ടു. ലോകം ടി.വിപ്പഴുതിലെ കുന്നിപ്പൊതിയിൽ ഒളിച്ചു ചേക്കേറി. നക്ഷത്രങ്ങളും ഗ്രഹങ്ങളും കുന്നികുരുക്കൾക്കു ചുറ്റിലും വലംവെച്ചുകൊണ്ടിരുന്നു. എണ്ണുവാനായി രാത്രിയിലെപ്പോഴോ പൊതി തുറന്നതും പുതുദിനം അതിനുള്ളിൽനിന്നും പുറത്തുചാടി. സൂര്യനോടൊപ്പം ഒരാൾ മുറ്റത്തെത്തി വാതിലിൽ കൊട്ടി.
"അമ്മാ, ആരോ വാതിലില് മുട്ടണ്."
അവർ സംശയത്തോടെ വാതിൽ തുറന്നു. കലങ്ങിയ മുഖത്തോടെ അയാൾ അവരെ നോക്കിനിന്നു.
"നിങ്ങളാ... വരണ കാര്യം പറഞ്ഞിലല്ല..."
അയാൾ ഒന്നും മിണ്ടാതെ ഒരു മൊന്ത വെള്ളമെടുത്ത് മുഖവും കൈയ്യും കഴുകിയശേഷം മറ്റൊരു മൊന്ത വെള്ളം ഒറ്റശ്വാസത്തിൽ കുടിച്ചു. ആറ്റിൽ മുങ്ങിക്കുളിച്ച് അവരുണ്ടാക്കിവെച്ച ചൂട് നിശ്വാസങ്ങൾ പുറത്തുവിടുന്ന ചെമ്പാപ്പുട്ടിനെയും കടലയെയും കൂട്ടിപ്പിടിച്ചു. പൊയിലക്കുറ്റി* നീട്ടി വലിച്ചുവിടുന്ന അപ്പനെ നോക്കി അവൾ ഇരുന്നു.
"ജോലി പോയാ?" അവർ ചോദിച്ചു.
"മ്മ്."
"എങ്ങന?"
"അവര് പറ്റിച്ചെടീ... മംഗലാപുരംവരെ മൊടക്കിയ വണ്ടിക്കൂലി വേസ്റ്റായി."
അപ്പനും അമ്മയും പുറംതിണ്ണയിലിരുന്നു നെടുവീർപ്പിടുന്നതും നോക്കി പൂവ് പൊതി തുറന്ന് എണ്ണുവാൻ തുടങ്ങി. എണ്ണം തെറ്റിച്ചുകൊണ്ട് ഇടക്കിടക്ക് അമ്മയുടെ ഏങ്ങലും അപ്പന്റെ നെടുവീർപ്പും കടന്നുപോയി. "ഇനി എന്തെരെയ്യും അണ്ണാ... സേവിയർ നാടാർട കാശ് കൊടുക്കണം. ഇല്ലേ പലിശ കൂടിക്കൂടി അങ്ങേര് ഒള്ള വീടുംകൂട കൊണ്ടുപോവും."
"എന്നാപ്പിന്ന നീയെറങ്ങി തെണ്ട്. നിന്നപ്പോലത്തന്ന ഞാനും. എനിക്കും അറിഞ്ഞൂടാ."
"നിങ്ങള് പോരെറക്കല്ല്. ഇയിന്റ പവുതി സാമർഥ്യം അവട കാണിച്ചിരുന്നെങ്കി ഇപ്പ ജോലി പോവൂലേര്ന്ന്."
പാതി വെന്ത ബീഡി അയാൾ വലിച്ചറിഞ്ഞുകൊണ്ടു കുതിച്ചെണീറ്റു. അയാൾ ഋതുക്കൾ തെറ്റിച്ചതും അവരുടെ കരണത്തു ചെമ്പൂക്കൾ വിരിഞ്ഞു.
"ഇനി വാ തൊറന്നാ കൊന്ന് കളയും കഴുവർട മോളെ... ഒണ്ടാക്കാൻ വരല്ല്."
അയാൾ അകത്തുകയറി കതകടച്ചു. ചൂളം വിളിച്ചുകൊണ്ട് ആഞ്ഞടഞ്ഞ കതകു ബാക്കിവെച്ചുപോയ കാറ്റ് പൂവിന്റെ മുടിയിഴകളെ പിടിച്ചു വലിച്ചു. തങ്ങളുടെ ചെങ്കണ്ണുകളാൽ എല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന കുന്നികൾ തിരികെ പൊതിക്കുള്ളിൽ പതുങ്ങി.
2
കിഴക്കൻ കാറ്റ് സൂര്യനെ പടിഞ്ഞാറ്റേക്കു പറത്തി. പടിഞ്ഞാറൻ വെയിൽ ആറ്റിൻ കരയിലെ ചത്തൊടുങ്ങിയ പായൽ പുതപ്പുകളെ പരിശോധിച്ചു. അവക്കിടയിൽ വെളുത്തുവീർത്ത കുമിളകൾ പൊട്ടുന്ന മൂന്നു ദിവസംമാത്രം പ്രായമുള്ള ജഡത്തെ ഒടുവിൽ കണ്ടെത്തിയിരിക്കുന്നു. നാലുമണി നേരത്തു വെയിൽ ഒന്നുകൂടി കടുപ്പിച്ചു ജഡത്തെ വിസ്തരിച്ചു. ജഡം ഒരു യുവതിയുടേതാണത്രെ! പോരാത്തതിനു യുവതിയുടെ കാലിടുക്കിൽ ഏഴുമാസം മൂപ്പുള്ള കുരുന്നിൻ തല പൊന്തിനിന്നു. വെയിൽ കാറ്റിനെ അറിയിച്ചു. കുളിക്കാൻ ആറ്റിൽ പോയവർക്കായി കാറ്റ് നാറ്റമെത്തിച്ചു കൊടുത്തു. നാറ്റത്തിന്റെ നാഥനെ തേടിയിറങ്ങിയവർക്കുമുന്നിൽ ഒന്നായി തുടരുന്ന രണ്ടു നാട്ടിൽ പ്രമുഖരായവരും അല്ലാത്തവരും ശവങ്ങൾക്കുമുന്നിൽ തിങ്ങി. തിടുക്കപ്പെട്ടിട്ട് ഇനി കാര്യമൊന്നുമില്ലാത്തതിനാൽ പൊലീസും പള്ളിയും ചായക്കും ചവയ്ക്കുമൊടുവിൽ മെല്ലെയെത്തി. ഉറ്റവർ ഒട്ടും താല്പര്യമില്ലാതെ ശവങ്ങൾ തിരിച്ചറിഞ്ഞ് ഒപ്പിട്ട് മടങ്ങി. ചെറുചാറ്റലിൽ മഷിക്കറ ഒപ്പിന്റെ വള്ളിപുള്ളികളിൽനിന്നും ഒലിച്ചു പോകാനായി വിങ്ങി. അന്നേരവും അഴുകാൻ കൂട്ടാക്കാതെ പൊക്കിൾക്കൊടി രണ്ടു ശവങ്ങളെയും ഒന്നാക്കി നിറുത്തിപ്പോന്നു. അതു പുഴുക്കളെയും പക്കി*കളെയുമകറ്റിക്കൊണ്ടു ജീവിജന്തുക്കൾ തമ്മിൽവെച്ചു നടത്തുന്ന ഊണുടമ്പടിക്കെതിരെ വിപ്ലവം നയിച്ചു.
"ഇനീപ്പെങ്ങനാ... ഇയിന ഒന്നിച്ചാണ അതാ വേറെ കുഴീല്..."
"വോ... ഇനി കുഴീലായാന്ത് കത്തിച്ചായെന്ത്. തീരാവൊള്ളത് തീർന്ന്."
"ആ... അല്ലെങ്കിലും ചവത്തിനെന്തിര് ചങ്ക്രാന്തി! പാവത്ത്ങ്ങള ശവംപോലും വീട്ട്കാര് കൊണ്ട്പോയില്ല. ഇതുങ്ങളക്ക നോക്കിക്കോ പുഴുത്തു ചാവും."
കണ്ടുനിന്നവർ മൂക്കു പൊത്തിയും കണ്ണുകൾ തുടച്ചും കാഴ്ച്ച ആസ്വദിച്ചു.
"അല്ലാത പിന്ന. ഓടെമ്പ്രാനേ… ആര്ക്കും ഇങ്ങനെ വര്ത്തല്ലേ..."
അകലെയുള്ള മരച്ചില്ലയിലെ പഴമായി പാകമാകാൻ തിടുക്കംകൂട്ടുംപോലെ പൂവ് ചില്ലയിൽ തൂങ്ങിക്കിടന്നുകൊണ്ട് സംഭവസ്ഥലം വീക്ഷിച്ചു. ഞെട്ടിയും കരഞ്ഞും നെഞ്ചത്തു കൈവെച്ചു സ്വയം സമാധാനിക്കുന്ന അമ്മയെ കണ്ട് പൂവൊന്നു വിരണ്ടു. അവർ വെറുതെ തിരിഞ്ഞു നോക്കിയതും പൂവ് മരത്തിനുമുകളിൽ തലയെത്തി നോക്കുന്നത് കണ്ടിട്ടായിരിക്കണം സാരിത്തലപ്പ് അരയിൽ തിരുകി പൂവിന്റെയടുക്കലേക്കു കുതറി.
"നിന്റൂട ഇവട വരാൻ ആര് പറഞ്ഞ..."
പൂവ് മരച്ചില്ലയിൽനിന്നും തൂങ്ങിച്ചാടി വീട്ടിലേക്ക് ഇഴഞ്ഞും ഓടിയും പാഞ്ഞു.
"ഞാൻ വീട്ടീലോട്ടു വരട്ട്. തരണോണ്ട് നെനക്ക്."
അവളുടെ പിറകെ പാതി ദൂരം ഓടിയശേഷം അവർ കിതച്ചുനിന്നു.
പൊലീസുകാർ ശവങ്ങളെ പേപ്പറുകളാക്കി മാറ്റി. പോസ്റ്റ്മാർട്ടം ചെയ്ത സർജൻ പൊക്കിൾ കൊടിയറ്റു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. അയാൾ ജീവിതത്തിൽ ചെയ്തുവെച്ച പല ശരികളിലെ പെരുംശരിയായി അതു നിലകൊള്ളും. തീർച്ച! പിറ്റേന്നു വിശുദ്ധ പാത്രിക്കോസ് പള്ളിപ്പാതിരിയുടെ ഉള്ളൊന്നാടിയെങ്കിലും വടിവൊത്ത കുപ്പായത്തിൽ ചുളിവ് വീഴാതിരിക്കാൻ അവരെ തെമ്മാടിക്കുഴിയിലേക്കുതന്നെ എടുപ്പാൻ തീരുമാനംകൊണ്ടു. എന്നിരുന്നാലും കർമങ്ങൾക്കു മുടക്കം വരുത്താൻ ഉള്ളിൽ മിച്ചമുണ്ടായിരുന്ന ആത്മം അയാളെ അനുവദിച്ചില്ല.
"ഈ അമ്മയെയും കുഞ്ഞിനെയും സ്വർഗസ്ഥനായ പിതാവിന്റെയടുക്കലേക്കു നയിക്കേണമേയെന്നു വിശുദ്ധ പാത്രിക്കോസിനോട് അപേക്ഷിച്ചുകൊള്ളുന്നു. സ്വർഗത്തിലേക്കുള്ള പരീക്ഷകൾ നിറഞ്ഞ പാതയിലും ഇവരെ ഒന്നാക്കി നിറുത്തുവാൻ വിശുദ്ധ മാർഗരറ്റിനോടും സ്തുതിച്ചുകൊള്ളുന്നു."
പിടിമണ്ണിൽ മനഃപൂർവം തന്റെ അരുമയായ കൊന്തയും ചേർത്തുകൊണ്ടു പാതിരി കുഴിയിൽ വിതറി. ചുറ്റും കൂടിനിന്നവരും പെട്ടിക്കുള്ളിലുള്ളവരെ ഉണർത്താതെ പൂഴി വിതറി.
സെമിത്തേരിപ്പറമ്പിൽ ഉറുമ്പുവരികളെ ചവിട്ടിക്കൊണ്ടു പെണ്ണുങ്ങൾ കടന്നുപോയി. അക്കൂട്ടത്തിൽ പൂവിനെ പണ്ട് താൻ ആശുപത്രിയിൽ എത്തുന്നവഴി പ്രസവിച്ച കാര്യം ഓർത്തുകൊണ്ട് രാജം വീട്ടിലേക്കു നടന്നു. തോളിലെ തുവർത്തു നേരെയാക്കിക്കൊണ്ട് സാലിത്തള്ള അവരോടായി: "എടി രാജം, നിന്റെ മോള് ആ മാടൻവെളേലാണു കെടന്നു കറങ്ങണത്. സൂശിച്ചോ... വല്ലോം പറ്റിയ പറഞ്ഞിട്ടു കാര്യയില്ല."
"വോ എന്തിര് പറ്റാൻ ചേച്ചി... മാടൻ തമ്പുരാൻ തന്നല്ലേ. പിള്ളേരു കാണിക്കണേക്ക തമ്പുരാൻ പൊറുത്തോളും."
"ഓ നിന്ന വേണം അടിക്കാൻ ആദ്യം. നോക്കിക്കോ അവസാനം മാടൻ പിടിച്ചാ പിന്ന കെടന്ന് കാലിട്ടടിക്കല്ല്. ഞാൻ പറയാൻ ഒള്ളത് പറഞ്ഞ്."
തുറിച്ചുനോക്കി പിറുപിറുത്തുകൊണ്ടു തള്ള അവരുടെ അടുക്കൽനിന്നും മാറിനടന്നു. ബാക്കിയുള്ളവർ രഹസ്യമായി ഓരോന്നായി സാലിത്തള്ളയുടെ കൂടോത്ര ചരിത്രത്തെപ്പറ്റി വിശകലനം നടത്തി.
"എടി രാജം, നിന്റെ കെട്ടിയോൻ തിരിച്ച് പോയല്ലേ…"
"ഇല്ലേച്ചി, അങ്ങേര് ഇന്നാള് വന്നയല്ലെ ഒള്ളു..."
രാജത്തിന്റെ ഉറപ്പുകണ്ട് ആശങ്കയോടെ ചുറ്റുമുള്ളവർ തമ്മിൽത്തമ്മിൽ നോക്കി.
"അയ്ശെരി, അവൻ ദോണ്ട ആരുടേം മിണ്ടാത്ത ബസ്സീ കയറി പോയീന്ന്. ബെന്നിയണ്ണൻ കൊറച്ചുമുന്ന എന്റൂട പറഞ്ഞയാ!"
"യെപ്പ പോയീന്ന്. എന്റൂട ഒരു വാക്ക് ആ മൻഷൻ പറഞ്ഞിലല്ലാ..."
"അവനിപ്പഴും ഒണ്ടാടി കൊഴപ്പം."
"ഇത്രേം നാള് ഒരു കൊഴപ്പോം ഇല്ലേര്ന്ന്. മംഗലാപുരത്തൊള്ള ജോലി പോയി. അയിനേഷം വീണ്ടും പിരിവെട്ടിയ കണക്കാണ്."
സാരിത്തലപ്പ് ഉച്ചിയിൽ മറച്ചുപിടിച്ചുകൊണ്ടു രാജം വെയിലിനോടു പൊരുതി. പോകുംവഴി തന്റെ ആൺപിറന്നവന്റെ കുലത്തിൽപ്പെട്ടവർ പല തലമുറകളിലായി മാവിലും കാവിലും കുരിശടികളിലും റെയിൽവരികളിലുമെല്ലാം ചത്തൊടുങ്ങി നിന്നതു കക്കി പുറത്തേക്കുവന്നു.
"നീ സൂഷിച്ചോളീ. നിന്റ കെട്ടിയോന്റെ കുടുംബത്തി ഇതോടണൊണ്ട്. യെപ്പ വേണേ അവനും സ്വയംകൊല്ലിയാവാം!" എന്ന പൂവാർ സാമിയുടെ കട്ടായം അവരുടെ തൊണ്ടയിടുക്കിൽ തികട്ടി വന്നു. ഇന്നലെ ആറ്റിൻ കരയിൽ ക്ഷണിക്കാതെയെത്തിയ മരണമണം മെല്ലെ കെട്ടിയവനെക്കുറിച്ചുള്ള ഓർമകൾക്കു മുകളിൽ ഇടിവെട്ടി പെയ്തു. അവർ പോലുമറിയാതെ സാരിത്തുമ്പ് അവരുടെ മൂക്കു പൊത്തിച്ചു.
3
ഉച്ചനേരത്തെ സ്കൂൾ മണിയടി കാക്കാൻ നിൽക്കാതെ പിള്ളേർ ചോറ്റുപാത്രം മേശയുടെ അടിയറയിൽ ഒളിച്ചുപിടിച്ചു. തലേന്നു മാവിന്റെ മുകളിൽ കയറി താൻ ആറ്റിൻ കരയിൽകണ്ട കാര്യങ്ങൾ വീമ്പു പറയാൻ തുടങ്ങുമ്പോഴേക്കും ചോക്കുകൾ പൂവിന്റെ മുടിയിൽ ഉടക്കിക്കൊളുത്തി.
"മേരിപ്പൂ... നല്ലത് അങ്ങോട്ട് തരാൻ എനിക്കറിയാൻ മേലാത്തൊണ്ടല്ല. ഞാൻ കൈവെച്ചാ നിനക്കൊന്നും ജീവൻ ബാക്കി കാണത്തില്ല. പത്തു വയസേ ഒള്ളൂ. എന്നാലും അഹങ്കാരത്തിനു കുറവില്ല. നീ ശെരിക്കും എവിടെത്തയാടി?"
മാഷിന്റെ തിളച്ചാടുന്ന തലയിൽ ഒട്ടിയിരിക്കാൻ ചോക്കിൻ പൊടികൾ പാടുപെട്ടു. അയാളുടെ ഓരോ തലകുലുക്കത്തിലും അവ സൂപ്പർഫാസ്റ്റിലെ വിരഹസഞ്ചാരികളെപ്പോലെ കൊളുത്തിനിന്നു.
"ആറിന്റവ്ട്ന്ന് വലത്തോട്ടു പോണം മാഷേ..."
ചൂണ്ടുവിരൽക്കൊണ്ടു ചോക്കിൻ കഷ്ണങ്ങളെ തോണ്ടിക്കളഞ്ഞ് അവൾ മുടി തേകി വെടിപ്പാക്കി. ഒച്ച പൊന്തിച്ചിട്ടും കണ്ണിടറാത്തവളെക്കണ്ട് ചങ്ങനാശ്ശേരിക്കു തെക്കുള്ളതെല്ലാം വെടക്കാണെന്ന് ഏലിയാ മാഷ് ഒന്നുകൂടി ഊട്ടിയുറപ്പിച്ചു.
"ഓ... നീയാ മേരി രാജത്തിന്റെ മോളല്ലേടി... നിന്റെ തള്ളയെയും ഞാൻ തന്നാ പഠിപ്പിച്ചെ. നീയും പഠിപ്പു മതിയാക്കി അവളെപ്പോലെ കണ്ട വട്ടന്റെകൂടെ പോകാൻ തന്നാണോ പരിപാടി. മ്മ്... അല്ലേലും മത്തൻ കുരുത്താ കുമ്പളം കാക്കത്തില്ലാലോ..."
മാഷു പറഞ്ഞതു പകുതിയിലേറെയും പിടികിട്ടാതെ അന്തിച്ചു നിൽക്കുമ്പോഴും അമ്മയുടെ മുഴുപ്പേര് ആദ്യമായി ഒരാൾ വിളിച്ചു കേട്ടതുകൊണ്ടുള്ള കൗതുകം അവളെ പിടികൂടി. കുന്നിക്കാട്ടിൽ ചെല്ലുമ്പോൾ പഞ്ഞിപ്പൂപ്പൻ കുന്നിക്കുരുക്കൾ നായാടിപ്പിടിക്കുകയായിരുന്നു. അയാൾ പഞ്ഞിരോമങ്ങൾ തേകികൊണ്ടു കുന്നിക്കുരു തിന്നു ചത്ത കുട്ടികളുള്ള പ്രേതകഥകൾ പറഞ്ഞു പൂവിനെ വാടിച്ചു. വാട്ടം തട്ടിയിട്ടും തലേന്ന് ആറ് പെറ്റിട്ട ശവങ്ങളെക്കുറിച്ചവൾ അയാളോടു ചോദിക്കാതിരുന്നില്ല.
"നീ അതും ആലോയിച്ചോണ്ടിരിക്കയാണാ മക്കളെ... മരിച്ചവരെപ്പറ്റി ഒന്നും പറഞ്ഞൂടാ... പറഞ്ഞാ അവര് സ്വർഗത്തീ എത്തൂല. അവര് പൊക്കോണ്ടിരിക്കമ്പഴാരിക്കും നമ്മള് മിണ്ടണത്. അപ്പ അവര്ക്ക് തിരിച്ചുവരേണ്ടി വരും. മൻസിലായാ..."
"അവരെപ്പഴെത്തും. അതുകഴിഞ്ഞു മിണ്ടാലാ..."
"അതു പറയാൻ ഒക്കൂല. ഓരോത്തര്ക്കും ഓരോ സമയോണ്. നമ്മളു നല്ലതു ചെയ്താ പെട്ടെന്നെത്തും."
വാരിയ കുന്നികുരുക്കൾ കൈവെള്ളയിൽ വലംവെച്ചുകൊണ്ടിരുന്നു. അതിൽ കേടുവന്നവയെ പഞ്ഞിപ്പൂപ്പൻ പരിശോധിച്ചു.
"ഇത് അയ്യം മക്കളെ..."
അയാൾ അവയെ പൊന്തക്കാട്ടിലേക്കു വലിച്ചെറിഞ്ഞു. പൊന്തകളിൽ അവ മുള കാത്തിരിപ്പായി.
പാതിരായ്ക്കു കുടിച്ചു ലക്കുകെട്ട നിലാവു കുഴഞ്ഞു വളയപ്പരുവമായി. വീടിനുപുറത്തു കുശുകുശുപ്പും അനക്കങ്ങളും കേട്ട് ഉറക്കത്തിൽനിന്നും ഞെട്ടിവിടർന്ന പൂവ് കുന്നിക്കുരു വിഴുങ്ങി ചത്ത കുട്ടിപ്പിശാചുക്കളാണതെന്ന് ഉറപ്പിച്ചു. കുരിശുവരച്ചും സ്തുതി പറഞ്ഞും പുതപ്പുകൊണ്ടു രോമക്കുറ്റികൾപോലും മറച്ചും പേടിയകറ്റി. എന്നാൽ, ഭർത്താവു തിരികെവന്നതായിരിക്കുമെന്നു കരുതിയ രാജം ജനൽ തുറന്നു സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ പരതി. ദൂരെയുള്ള ആറിന്റെയൊച്ചയല്ലാതെ ഒന്നും കേൾക്കാനില്ല. സ്ട്രീറ്റ് ലൈറ്റിനെ പ്രാർഥിച്ചു മരിക്കുന്ന ഈയൽക്കൂട്ടമല്ലാതെ ചുറ്റിലെങ്ങും ജീവന്റെ തെളിവ് അവശേഷിക്കുന്നുമില്ല. ജനൽ കുറ്റിയിട്ടു പുതച്ചുകിടന്നശേഷം അവർ പൂവിനോടു മാടനെയും ജപത്തിൽ കൊള്ളിക്കാൻ പറഞ്ഞു. അവളുടെ ലുത്തീനിയ*കളിൽ മാടനും മിശിഹായും തമ്മിൽ സലാംവെച്ചു.
പിറ്റേന്നു ദോശ മൊരിയുന്ന താളത്തിനീരടിയായി അമ്മയുടെ വിങ്ങലുകൾ അടുക്കള വട്ടത്തിൽ റോന്തുചുറ്റി. മൂക്കിലെ വഴുവഴുപ്പും കണ്ണീരും താടിമുനയിൽ കണ്ടുമുട്ടി കൈകൊടുത്തു. അവയൊന്നായി ദോശക്കല്ലിൽ കുതിച്ചു കുമിളകളിട്ടു. കുമിളകൾ കല്ലിന്റെ ചൂടിൽ നെട്ടോട്ടമോടി. ഒടുക്കം ആവിയായി പ്രേതരൂപംകൊണ്ടു. ആവി വിയർപ്പായി രാജത്തിന്റെ നെഞ്ചിൽ അള്ളിപ്പിടിച്ചുകൊണ്ടു മൂന്നു മുട്ട്. ട്ടപ്പ് ട്ടപ്പ് ട്ടപ്പ്... മുട്ടുകേട്ട് നെഞ്ചു തുറന്നതും പുഴുവരിക്കുന്ന റോസാകമ്പുകൾ മാത്രം മിച്ചം! അവർ കണ്ണു തുടച്ചും താലിക്കൂർപ്പു കടിച്ചും കെട്ടിയവന്റെ കാശ് ഒളിക്കുന്ന ഇടങ്ങൾ പരിശോധിച്ചു. എങ്ങും വിളങ്ങാത്ത കാശിനെയോർത്തു വീണ്ടുംവീണ്ടും തലയിലടിച്ചു സ്വയം ശപിച്ചു.
"കാശില്ലാത്തവള കൂത്തിച്ചിയാക്കും നാട്ട്കാര്."
പിറുപിറുത്തുകൊണ്ടു ടി.വിയുടെ പഴുതിൽ പരതി. കയ്യിൽ തട്ടിയ പൊതി ആകാംക്ഷയോടെ അവർ പുറത്തേക്കെടുത്തു തുറന്നതും അതിനുള്ളിലെ കുന്നിക്കുരുകൾ അവരെ നോക്കി പരിഹസിച്ചു ചിരിച്ചു. പൊതിയും കുന്നിക്കുരുകളും അലറിപ്പറന്നു. രാജം വെറിയൂറിക്കൊണ്ടു മേരിപ്പൂവിന്റെ ഇതളുകളെ ചതച്ചു. എല്ലാം കാണുന്ന ദൈവക്കണ്ണുകളായി കുന്നികൾ നിശ്ശബ്ദരായി നിന്നു. കലങ്ങിയ കണ്ണുകളുമായി പൂവ് തന്റെ കുന്നിക്കുട്ടന്മാരെ നോവിക്കാതെ പെറുക്കിക്കൂട്ടി. അവയോരോന്നിനെയും അവൾ മാറിമാറി തടവി. ഓരോ കുന്നിയും ഓരോ ലോകമാണത്രെ! അതിലെല്ലാത്തിലും അവളും അമ്മയുമപ്പനും ഒന്നിച്ചുണ്ട്. എല്ലാത്തിലും അപ്പനും ചിരിക്കാൻ കഴിയുന്നുണ്ട്. അമ്മയ്ക്ക് ഉറങ്ങാൻ പറ്റുന്നുണ്ട്. എന്നാൽ, അലമാരിക്കടിയിലെ ഇരുട്ടിലേക്കു തെന്നിക്കയറിയ ഒരേയൊരു കുന്നിക്കുരു വെട്ടം ബാക്കിവെച്ചുപോയ നക്ഷത്രക്കലകൾക്കിടയിൽ നിലകൊണ്ടു. അതിൽ അപ്പൻ ചിരിച്ചില്ല. അമ്മ ഉറങ്ങിയില്ല. അലമാരിക്കടിയിൽ ഇരമ്പുന്ന ഇരുമ്പിൻ തണുപ്പിൽ ആ കുന്നിമാത്രം ശൂന്യതയെ വലംവെച്ചു. അതിലെ മേരിപ്പൂവ് താൻ സ്വരൂപിച്ച ആയിരം കുന്നിമണിയുമായി പറുദീസയിലേക്കു പര്യടനത്തിനൊരുങ്ങി. "കാശില്ലാത്തവളെ കൂത്തിച്ചിയാക്കും നാട്ട്കാര്." എന്ന എട്ടു കോണിലെയും മുഴക്കം കാതുകളെ ചൂഴ്ന്നു. ആറിൽ പിറന്ന ശവങ്ങൾ പറുദീസയിലേക്കെത്താൻ സ്വീകരിച്ച പട്ടുപാതയിലൂടെ അവളും നടന്നു. അതിന്റെ തണുപ്പ് ഇളംചങ്കിൽ നിറഞ്ഞു പിടയുന്നതിനിടയിൽ എപ്പോഴോ കുന്നിക്കുട്ടന്മാർക്കു തങ്കത്തിളക്കം വരുന്നതവൾ കണ്ടുകാണണം.
പൂവിന്റെ വാശിക്കു വഴങ്ങിയ ആറിനു പറുദീസയിലെത്തേണ്ടിവന്നു. അവിടെ അവൾ കുന്നിമരമായി വിരിഞ്ഞു കാണണം. മരത്തിനുകീഴിൽ അവളുടെ സ്വയംകൊല്ലിപൂർവികർ വിശ്രമിക്കുമായിരിക്കും! വേനലിൽ പൂക്കൾ വിരിഞ്ഞു നിറയുമ്പോൾ കാലം തലകുത്തി ചിരിച്ചുകാണണം. അതെ, കാലമൊരു ദിവ്യൻ കൊല്ലൻ തന്നെ... അവൻ പൂവാകേണ്ടതിനെ ഒടുവിൽ പൂവാക്കിയിരിക്കുന്നു!
-------------------------------------------------------------------------------------------
കെഡാവർ- ശവം
ചേടിവെക്കുക- തിരുകി വെക്കുക
ഓർഗണ്ടി- നൈലോൺ തുണി
പൊയിലക്കുറ്റി- പുകയിലക്കുറ്റി
പക്കി- പ്രാണികൾ
ലുത്തീനിയ- പ്രാർഥന
