മിസൈൽ നിലംതൊടുമ്പോൾ - യഹ്യ ആശൂർ
ഒരു മിസൈൽ അതിവേഗം
എന്റെ വീടിന്റെ മേൽക്കൂരയിൽ വന്ന്
പതിക്കുമ്പോൾ,
പതന വേഗതയിൽത്തന്നെ
അതിനു കാണാം,
കാലങ്ങൾക്കു മുന്നേ
കവിൾവെക്കാനൊരു വിരിപ്പില്ലാത്ത,
ഭീതിയിൽ കുഴിച്ചെടുത്ത
ഖബറിനോട്
സ്വയം ചേർത്തുകെട്ടിയ എന്നെ!
മിസൈൽ വന്ന് വീഴുമ്പോൾ,
അവസാനമായി,
ഇത്രമാത്രം ഞാൻ പറയുന്നു:
"ഒടുക്കം,
മരണദൂതൻ വന്നിരിക്കുന്നു,
ഹാ കഷ്ടം!
മുന്നേ മരിക്കാനൊരുങ്ങിയവരെയെങ്ങനെ
മരണത്തിന് തോൽപ്പിക്കാനാകും!"
...............................................................
ഓരോ തവണ വീടുവിട്ടിറങ്ങുമ്പോഴും - ഹൈദർ അൽഗസാലി
ഓരോ തവണ വീടുവിട്ടിറങ്ങുമ്പോഴും
വീടിനോട് ഞാൻ യാത്ര പറയും
ഒരുപക്ഷെ,
ഇനിയൊരു മടക്കം
ഉണ്ടായില്ലെന്നിരിക്കാം!
യുദ്ധഭൂമിയിൽ
നിനക്കെന്നെ കാണാം,
ചേലുള്ള ചേലയിൽ
ഒരുങ്ങിയണിഞ്ഞവനെപ്പോലെ!
പുറപ്പെടാനൊരുങ്ങിയ
നവവരനെപ്പോലെ!
മരണമേ,
നിന്നെയെനിക്കൊട്ടും
ഇഷ്ടമല്ല.
ജീവിതത്തോടും നീലിമയോടുമാണ്
എന്റെ പ്രേമം.
പക്ഷെ,
എന്റെ ഭാഗധേയമെപ്പോഴും
നിന്നാൽ ഇഴ ചേർന്നു കിടക്കുന്നു.
രോഗിയാണിന്നു ഞാൻ,
എന്റെ നഗരപ്രേമമെന്നെ
വിശാദനാക്കിയിരിക്കുന്നു.
ആ നഗരം മരണമല്ലാതെ മറ്റൊന്നും
എനിക്കായി കാത്തുവെക്കുന്നില്ല,
എന്റെ മോഹവും അതുതന്നെയായിരുന്നല്ലോ!
